'' അത് പിന്നെ നായക്കുട്ടിയെ പോറ്റിയാൽ അത് ചിലപ്പോൾ നിങ്ങളെ കടിക്കില്ലേ ?"
എന്റെ ചോദ്യം തെറ്റിപ്പോയോ എന്ന് തോന്നി .
വയനാട്ടിലെ ഒരു സുഹൃത്താണ് . സുഹൃത്ത് എന്ന് പറയുന്നില്ല . ഒരു പരിചയക്കാരൻ . ഒരു ചെറുപ്പക്കാരൻ . ആൾ ഇപ്പോൾ നാട് വിട്ട് ദുബായിയിൽ ജോലി ചെയ്യുന്നു .
നമ്മളിൽ ചിലർ നായകളെ പോറ്റുന്നു . ചിലർക്ക് പൂച്ചയാണ്.ചിലർ തത്തകളെ . ചിലർ പ്രാവുകളെ .
പക്ഷെ, വയനാട്ടിലെ ഈ ചെറുപ്പക്കാരൻ പോറ്റുന്നത് സർപ്പങ്ങളെയാണ് . ഉഗ്രവിഷമുള്ള രണ്ട് അണലി പാമ്പുകളെ . അവയ്ക്ക് ചങ്ങാതി പേരുകളും ഇട്ടിരുന്നു . കണ്ണൻ എന്നോ സീത എന്നോ ഒക്കെ .
പാമ്പുകളെ പരിപാലിക്കുന്ന കാര്യം കേട്ടപ്പോൾ മേലുടുമ്പിച്ചു . ആ പരിഭ്രമത്തിൽ ആണ് ഞാൻ ചോദിച്ചത് . ഇത് കടിക്കില്ലേ ?
അപ്പോഴാണ് നായകുട്ടിയുടെ കാര്യം .
പിന്നൊന്നും ചോദിക്കാനില്ലാതെ ഞാൻ നിശബ്ദനായി .
അപ്പോൾ അയാൾ പറഞ്ഞു . ശ്രദ്ധിക്കണം . ചിലപ്പോൾ ഒക്കെ വലിയ വീര്യം കാണിക്കും . ഞാൻ സാധാരണ ചെയ്യുന്ന ഒരു പണിയുണ്ട് .
രാവിലെ ഇവർക്ക് ശൗര്യം കുറച്ച് കൂടുതലായിരിക്കും . ഒരു നീണ്ട വടി എടുക്കും . അത് വെച്ച് ഒന്ന് കുത്തും . വലിയ ശൗര്യത്തിലാണല്ലോ . ആഞ്ഞു കൊത്തും . പിന്നെ ഒരു അഞ്ചു മിനിറ്റ് . പിന്നെയും ഒരു കുത്ത് . അപ്പോഴും കൊത്തും . പക്ഷെ , ഊർജം കുറച്ച് കുറവായിരിക്കും .
അത് പോലെ അഞ്ച് മിനിറ്റ് കാത്തിരുന്ന് ഒരിക്കൽ കൂടി കുത്തും . അപ്പോഴും പാമ്പ് കൊത്തും . പക്ഷെ , അതിനു ശേഷം ചങ്ങാതി വളരെ ശാന്തനായിരിക്കും . ചുമ്മാ കിടക്കുകയെ ഉള്ളൂ . പിന്നെ ഒരു പ്രശ്നവുമില്ല.
മനുഷ്യൻ മറ്റു ജീവികളെ ഒതുക്കാൻ ചെയ്യുന്ന അതേ തന്ത്രങ്ങൾ തന്നെയാണ് മറ്റ് മനുഷ്യരെ ഒതുക്കാൻ ചെയ്യുന്നത് എന്ന് തോന്നാറുണ്ട് .( സർവീസിലെ കാര്യങ്ങൾ പറഞ്ഞതല്ല)
No comments:
Post a Comment