ഭാരതത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രി ആയിരുന്ന ലാൽ ബഹാദൂർ ശാസ്ത്രി അന്തരിച്ചത് താഷ്‌കന്റിൽ വെച്ചായിരുന്നു . പാക്കിസ്ഥാനുമായുള്ള യുദ്ധസമയത്ത് അവരുമായി സമാധാന ഉടമ്പടി ഒപ്പിടാനായാണ് ശാസ്ത്രിജി അവിടെയെത്തിയത്. അന്ന് സോവിയറ്റു യൂണിയന്റെ ഭാഗമായിരുന്നു താഷ്കണ്ട് . ഉസ്‌ബകിസ്ഥാന്റെ തലസ്ഥാന നഗരമാണ് ഇത്.. 1966 ജനുവരി പത്തിന് വൈകിട്ട് താഷ്കന്റ് ഉടമ്പടി എന്ന വെടി നിർത്തൽ രേഖയിൽ ഇന്ത്യൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ പ്രസിഡന്റും ഒപ്പിട്ടു.രാത്രി ഭക്ഷണം കഴിഞ്ഞു കിടന്ന ശാസ്ത്രിജി , കുറച്ച് മണിക്കൂർ കഴിഞ്ഞപ്പോൾ തളർന്നു വീഴുകയും മരണപ്പെടുകയും ചെയ്തു. ഭക്ഷണം തയ്യാറാക്കിയവരും വിളമ്പിയവരും അറസ്റ്റിലായി . ശാസ്ത്രിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് ഡോക്ടർമാർ വിധിയെഴുതിയതിനാൽ അറസ്റ്റിലായവരെ ഉടൻ വിട്ടയച്ചു . ശാസ്ത്രിജിയുടെ മൃതശരീരം പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. പക്ഷെ, പിന്നീട് ഒരു പാട് വിവാദങ്ങളും സംശയങ്ങളും ശാസ്ത്രിയുടെ മരണത്തെപ്പറ്റി ഉയർന്നു. ശാസ്ത്രിയുടെ മരണം കൊലപാതകമാണെന്ന് ആരോപണമുയർന്നു. പാകിസ്താനാണ് അദ്ദേഹത്തെ കൊന്നത് , അമേരിക്കയാണ് കൊന്നത് , സോവിയറ്റു റഷ്യയാണ് , ഇന്ദിരാഗാന്ധിയാണ് പുറകിൽ എന്നൊക്കെ ആരോപണം ഉയർന്നു .
പ്രധാനമന്ത്രിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം പരിശോധനക്ക് വിധേയമാക്കാത്തത് ആണ് ഇത്രയും വിവാദങ്ങൾ ഉണ്ടാകാൻ കാരണമായത്. പ്രധാനമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രധാനപ്പെട്ട ആളുകൾ ഉണ്ടാകും.
പക്ഷെ, നമ്മുടെ നാട്ടിലെ ആശുപത്രികളിൽ , മരിച്ച നിലയിൽ ആശുപത്രിയിൽ കൊണ്ട് വരുന്നത് ഡോക്ടർമാർക്ക് ഒരു തലവേദനയാണ് .പലപ്പോഴും മൃതദേഹം പോസ്റ്റ് മോർട്ടം പരിശോധന ഒഴിവാക്കി മൃതശരീരം വിട്ടു കൊടുക്കാൻ ശക്തമായ സമ്മർദ്ദത്തിനു ഡോക്ടർമാർ വിധേയരാകാറുണ്ട്. സത്യത്തിൽ പോലീസ് ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇങ്ങനെയൊരു സംഭവമേ ഇല്ല, വീട്ടിൽ വെച്ച് സ്വാഭാവികമായി മരിച്ചതാണ് , എന്ന കളവിൽ എത്രയോ മൃതദേഹങ്ങൾ വിട്ടുകൊടുക്കപ്പെടുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ഡോക്ടർമാർ കുരുക്കിൽ പെടാനുള്ള സാധ്യത ഏറെയാണ് .
No comments:
Post a Comment