Thursday, August 30, 2018

പൊറോട്ട

 " ഒരു പൂരി "

വേഗത്തിൽ നടന്നു വന്ന് , ആ തട്ട് കടയുടെ മുന്നിൽ പെട്ടെന്ന്  നിന്ന് അയാൾ  പറഞ്ഞു.

ഉണ്ടുവണ്ടിക്കാരനും  അയാളുടെ  രണ്ട് സഹായികളുമാണ് അവിടെയുള്ളത്  . പൊറോട്ട ,വെള്ളപ്പം,ചപ്പാത്തി ,പുട്ട് ,  പിന്നെ ചിക്കൻ ,ബീഫ് , പച്ചക്കറി  ഇവയെല്ലാമുണ്ട്  .

സഹായി ,ഒരു ഹിന്ദിക്കാരൻ പയ്യൻ , ഒരു പ്‌ളേറ്റെടുത്ത്  ചൂടുവെള്ളത്തിൽ  നന്നായികഴുകി ,ഒരു വിശുദ്ധവസ്തു  കൈകാര്യം ചെയ്യുന്നത് പോലെ , ഒരു  ചൂട് പൂരിയെടുത്ത് , അതിലിട്ട്  അയാൾക്ക് ശ്രദ്ധാപൂർവം കൊടുത്തു..

"   "ഒരു ലേശം ചാറ് " -  പ്ളേറ്റ് നീട്ടി അയാൾ പറഞ്ഞു.

ഹിന്ദിക്കാരൻ പയ്യന്  അത് മനസ്സിലായില്ലെന്ന് തോന്നുന്നു.

" ഇവിടെ ചാറൊന്നുംതരില്ല - ഒരു കടലക്കറിക്ക്  പതിനാറു രൂപയെ ഉള്ളൂ " -തോർത്തുമുണ്ട്  തലയിൽ കെട്ടിയ മുതലാളിയാണ്  പറഞ്ഞത്..

 "ആകെ പത്ത് രൂപയെ    എന്റടുത്ത്    ഉള്ളൂ "- പൂരി വാങ്ങിയ ആൾ വിഷണ്ണനായി.

" കുറച്ച് ബീഫിന്റെ  ചാറു തരട്ടെ-"  മറ്റൊരാളാണ് . പൊറോട്ടയും ബീഫ് കറിയും വാങ്ങുന്നു.
അയാൾ ബീഫിന്റെ കറിയും കുറച്ച്  കഷണങ്ങളും  പൂരിയുടെ മോളിലേക്ക് പാർന്നു.

ചൂടാറുന്നതിനു മുമ്പ് തന്നെ അയാൾ  അത് കഴിക്കാൻ തുടങ്ങി.

സമയം അർദ്ധ രാത്രിയോടടുക്കുന്നു.
മെഡിക്കൽ കോളേജിനടുത്ത്  രാത്രിയായാൽ  പൊട്ടി മുളക്കുന്ന തട്ടുകടകളൊന്നിന്റെ അടുത്ത്  ഞാൻ  കട്ടൻ ചായ കുടിക്കാൻ പോയതായിരുന്നു.. ചായ കുടിച്ചിട്ടു വേണം  ഉറങ്ങാൻ .
ഞാൻ ചായ കുടിച്ച്   നിർത്തുമ്പോഴേക്കും  പൂരിക്കാരൻ അത് കഴിച്ച് കഴിഞ്ഞിരുന്നു.

"നിങ്ങള് പൊയ്ക്കോ , പൈസ ഞാൻ കൊടുത്തോളാ- " ബീഫും പൊറോട്ടയും തട്ടുന്ന ചേട്ടൻ അയാളോട് പറഞ്ഞു.

പിന്നീട് അയാൾ വേഗത്തിൽ  കേഷ്വാലിറ്റിയുടെ  ഭാഗത്തേക്ക്  നടന്നു. ആരുടെയോ കൂട്ടിരിപ്പുകാരനായിരിക്കും ..


നോട്ട്  നിരോധിച്ചതിന്റെ  പിറ്റേ ദിവസമായിരുന്നു ഇത് . നോട്ട് നിരോധനവുമായി ഇതിനെന്തെങ്കിലും  ബന്ധമുണ്ടോ  എന്ന് എനിക്ക്  മനസിലായില്ല. പക്ഷെ, അയാളുടെ  കൈയിലാകെ പത്ത് രൂപയെ  ഉള്ളൂ ..


പിന്നീടുള്ള  കുറെ ദിവസം ആളുകൾ റോഡിൽ  അങ്കലാപ്പ് പിടിച്ച്  നടക്കുന്നതാണ്  കണ്ടത്. ആളുകളുടെ  കൈയിൽ പണമില്ല. ആശുപത്രിയിൽ  കിടക്കുന്ന ആൾക്ക്  ബക്കറ്റും തോർത്തുമുണ്ടും  വാങ്ങണം.ഡോക്ടർ  പുറത്തേക്ക്  എഴുതിയ മരുന്ന് വാങ്ങണം .ലാബിൽ ടെസ്റ്റ് ചെയ്യാൻ പോകണം . കഴിക്കാനുള്ള ഭക്ഷണം  വാങ്ങണം.പക്ഷെ ,കൈയിൽ പണമില്ല.

ചിലർ  എ ടി എം കൗണ്ടർ  തപ്പി നടക്കുകയായിരുന്നു. കഷ്ടപ്പെട്ട്  കൗണ്ടർ കണ്ട് പിടിച്ചാൽ തന്നെ  അവിടെ നിന്ന് പൈസ കിട്ടില്ല .

ഈ ദുരിതങ്ങളെല്ലാം  സഹിച്ച് കൊണ്ടിരിക്കുമ്പോഴും   എല്ലാം നല്ലതിനാണെന്ന  വിശ്വാസം പലർക്കുമുണ്ടായിരുന്നു. കള്ളപ്പണക്കാരെ  ഒതുക്കുമെന്ന്  തന്നെ പലരുംകരുതി.

ഇതിന്റെ  ഉടമസ്ഥന്  ഇത്ര രൂപ ഞാൻ വാഗ്ദാനം ചെയ്യുന്നു  എന്ന്  റിസർവ്   ബാങ്ക്  ഗവർണർ  എഴുതി ഒപ്പിട്ട നോട്ടുകൾ  ഒരു രാത്രി  കഴിഞ്ഞ്  സൂര്യനുദിക്കുമ്പോഴേക്കും  വെറുംകടലാസ്  കഷ്ണങ്ങളായി മാറി.
സ്വന്തം  കറൻസിയുടെ  വിശ്വാസ്യത തകർക്കരുതെന്ന്  പലവിദഗ്ദരും അന്നേ  അഭിപ്രായപ്പെടുന്നുണ്ടായിരുന്നു.


ഇക്കണോമിക്സ്  അറിയില്ല. പക്ഷെ,ഇതെല്ലാം  എന്തിനായിരുന്നെന്ന്  ഇപ്പോൾ ഒരു പിടിയും കിട്ടുന്നില്ല.



No comments: