Sunday, October 8, 2017

VACCINES

  മുമ്പ് ഞാൻ ജോലി ചെയ്തിരുന്ന പി എച് സി കാടിന്റെ നടുക്കായിരുന്നു . ആ സ്ഥലത്തെ ജനങ്ങളിൽ വലിയൊരു വിഭാഗം ആദിവാസി വിഭാഗങ്ങളിൽ പെട്ടവർ ആയിരുന്നു.വടക്കേ വയനാട്ടിലെ അപ്പപ്പാറയിലായിരുന്നു പി എച് സി.  അവിടെ ജോലിയിലായിരുന്ന അഞ്ചു വർഷങ്ങളിൽ തിരുനെല്ലി പഞ്ചായത്തിലുള്ള എല്ലാ  ആദിവാസി കുടിലുകളിലും  ഞാൻ ഒരിക്കലെങ്കിലും പോയിട്ടുണ്ട് . പനവല്ലി ഭാഗത്ത് ചില കോളനികൾ ഒഴിച്ച്. അന്നൊക്കെ ഫീൽഡിൽ നടക്കുന്ന  മിക്ക ക്യാമ്പുകൾക്കും ഞാൻ തന്നെയാണ്  പോകാറുണ്ടായിരുന്നത് .  .അന്നൊക്കെ ഫീൽഡിൽ നടക്കുന്ന  മിക്ക ക്യാമ്പുകൾക്കും ഞാൻ തന്നെയാണ്  പോകാറുണ്ടായിരുന്നത് . സത്യം പറഞ്ഞാൽ    അത് ജോലിയിലുള്ള  ആത്മാർത്ഥത കൊണ്ടായിരുന്നില്ല.  ആദിവാസി സ്നേഹം മൂലവുമായിരുന്നില്ല. കാടും മേടും കുന്നുകളും കയറിയിറങ്ങാൻ   എനിക്ക് വലിയഇഷ്ടമായിരുന്നു .അതിനാൽ ഇത്തരം ജോലികൾ ഞാൻ സന്തോഷത്തോടെ ചെയ്തു. ആദിവാസികൾ എങ്ങനെ  ജീവിക്കുന്നു എന്ന് എനിക്ക് പെട്ടെന്ന് മനസിലാക്കാൻ  പറ്റി. പക്ഷെ, ആദിവാസികൾ  എങ്ങനെ ചിന്തിക്കുന്നു എന്ന് മനസിലാക്കാൻ പാടായിരുന്നു.
ട്രൈബൽ ക്യാമ്പുകൾ , ട്രൈബൽ ഡിപ്പാർട്ട്മെന്റ് , ഫോറസ്ററ് ഡിപ്പാർട്ട്മെന്റ് , പോലീസ്  ഇവരൊക്കെ നടത്തുന്ന കാമ്പുകൾക്ക്  ഞാൻ നിരന്തരം പോയിക്കൊണ്ടിരുന്നു.
ഇതിനിടയിൽത്തന്നെ ആനകളുടെയും മയിലുകളുടെയും  മാനുകളുടെയും ഫോട്ടോ എടുത്തു.കൂടെ പക്ഷി നിരീക്ഷണവും നടത്തി. നഗര ജീവിതത്തിലെ സൗകര്യങ്ങൾ പലതുമില്ലെങ്കിലും സന്തോഷകരമായിരുന്നു  ആ ദിനങ്ങൾ . അതെല്ലാം കൊഴിഞ്ഞു പോയി ..മറ്റൊരു കാമ്പ് വാക്സിനേഷനെടുക്കാത്ത  കുട്ടികളുടെ വീടുകൾ തേടിയുള്ള യാത്രയായിരുന്നു. അവിടെ പോയി  അമ്മമാരെ ഉദ്ബോധിപ്പിക്കണം. കുറച്ച് കഴിഞ്ഞപ്പോൾ മനസിലായി. വാക്സിനേഷനോടുള്ള എതിർപ്പ് പലപ്പോഴും ശരിക്കുമുള്ള എതിർപ്പൊന്നുമല്ല.
പലപ്പോഴുമുള്ള പ്രശ്‍നം കുട്ടിക്ക് പനി പിടിക്കുമോയെന്ന പേടിയാണ് . കുഞ്ഞു വേദനിച്ച് കരഞ്ഞു കൊണ്ടിരിക്കുമോ എന്ന വേവലാതിയാണ് . കുട്ടിക്ക് സുഖമില്ലാതായാൽ വൈദ്യസഹായം കിട്ടുമോ എന്ന ആശങ്കയാണ് . കുട്ടിക്ക് സുഖമില്ലെങ്കിൽ പിന്നെ പണിക്കു പോകാൻ.  പറ്റില്ല. ചിലപ്പോൾ   മുഴുപ്പട്ടിണിയാകും .   കുത്തി വെപ്പിലും പ്രാധാന്യമുള്ള ചിലതുണ്ടാകും .   മല മുകളിലെ ഒരു കുടിലിലെത്തിയപ്പോൾ ഒരു സ്ത്രീ പറഞ്ഞു -  വരാൻ സമയം കിട്ടാഞ്ഞിട്ടാണ് . ഒരു ചെറിയ കുണ്ടിൽ നിന്നാണ് അവർ വെള്ളമെടുക്കുന്നത്. വെള്ളം നിറയുന്നതും കാത്തിരിക്കണം . ഒരു പാട് പേരുണ്ടാകും . വെള്ളക്കുണ്ടിനു ചുറ്റും.. ആശുപത്രിക്കു വരാൻ സമയം കിട്ടിയില്ല.  .ഒരിക്കൽ ഒരു ജെ പി എച് എൻ  എന്നോട്  വന്നു പറഞ്ഞു -   കുന്നിൻ മുകളിലെ ഒരു കുടിലിലെ ചെറുപ്പക്കാരൻ തന്റെ കുട്ടിക്ക്  വാക്സിനേഷൻ എടുക്കാൻ എന്ത് പറഞ്ഞിട്ടും സമ്മതിക്കുന്നില്ല.  അവർ നല്ലൊരു ജെ പി എച് എൻ ആയിരുന്നു.  വളരെ ആത്മാർത്ഥമായി  ജോലി ചെയ്യുന്ന ഒരാൾ . കുത്തിവെപ്പെടുപ്പിക്കാൻ  അവർ എല്ലാ ശ്രമങ്ങളും നടത്തിക്കാണും..   പിറ്റേന്ന് രാവിലെ ജീപ്പിൽ അവരെയും കൂട്ടി പുറപ്പെട്ടു.  മറ്റൊരു നഴ്‌സും കൂടെയുണ്ടായിരുന്നു. ജീപ്പ് താഴെ നിർത്തി ഞങ്ങൾ മുകളിലേക്ക് കയറിപ്പോയി. ഒരു ചെറിയ കുടിലിനു മുന്നിലാണ് എത്തിയത്. ഒരു മുറിയെ ഉള്ളുവെന്ന് തോന്നുന്നു. അങ്ങേയറ്റത്ത് അരി തിളപ്പിക്കുന്നത് നോക്കിയാൽ കാണാം.  സിസ്റ്റർ അയാളെ പേര് പറഞ്ഞു വിളിച്ചു. പിന്നെ കാണുന്നത് വേറെ കാഴ്ചയാണ് . രണ്ട് നഴ്‌സുമാരും പുറത്തേക്ക് പായുന്നു. അയാൾ അടുപ്പിൽ നിന്നും ഒരു വിറകു കൊള്ളിയെടുത്ത് അവരുടെ പുറകെ ഓടിയതാണ് . എനിക്ക് പേടിയൊന്നും തോന്നിയില്ല.. കാരണം  എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പെട്ടെന്ന് മനസിലായില്ല. മനസിലാകുമ്പോഴേക്കും അയാൾ ഒതുങ്ങിയിരുന്നു. ഞാൻ മുറ്റത്ത് കൂടെ പറന്നു പോയ ഒരു നാകമോഹൻ മൈനയെ നോക്കുകയായിരുന്നു.


ഇനി ഇതും പറഞ്ഞു ഇങ്ങോട്ട് കേറിപ്പോകരുത് . അയാൾ അലറി. അതെ പടി ഉള്ളിലേക്ക് കയറിപോകുകയും ചെയ്തു .
എന്തോ , കുറച്ച് നാൾ കഴിഞ്ഞ്  അയാൾ കുട്ടിക്ക് കുത്തിവെപ്പ് എടുത്തുവെന്ന് ജെ പി എച് എൻ വന്ന് സന്തോഷത്തോടെ പറഞ്ഞു..
പറഞ്ഞു വന്നത് ഇത്രയേയുള്ളൂ .. വാക്സിൻ റെസിസ്റ്റൻസിനു പുറകിൽ വലിയ സൈദ്ധാന്തികപ്രശ്നങ്ങളൊന്നുമുണ്ടാകണമെന്നില്ല. അങ്ങോട്ട് പോയി സംസാരിച്ചാൽ പലരെയും ബോധ്യപ്പെടുത്താനും പറ്റും.
 

 ഒരിക്കൽ പി എച് സി യിൽ ഏജ് സർട്ടിഫിക്കറ്റിന്‌ വന്ന  ഒരു ഹസ്സൻ കുത്തി വെപ്പ് വിരുദ്ധനാണെന്ന് എനിക്ക് ഓർമ്മ വന്നു. കിട്ടിയ അവസരം വെച്ച്  ഞാൻ ബോധവൽക്കരണം നടത്താൻ നോക്കിയതാണ് . പക്ഷെ അയാളും ഞാനും തമ്മിൽ ഉടക്കായി. സർട്ടിഫിക്കറ്റു മറ്റെവിടുന്നെങ്കിലും  വാങ്ങാമെന്ന് പറഞ്ഞ് അയാൾ പോയി. എന്നെ സ്ഥലം മാറ്റിക്കുമെന്നും ഭീഷണിപ്പെടുത്തി.
കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുക എന്നതാണ്  വാക്സിൻ
 വിമുഖത കുറക്കാൻ പ്രായോഗികമായി നല്ലൊരു വഴി.   പ്രതിരോധ  കുത്തിവെപ്പുകൾ    എടുക്കാത്ത കുട്ടികളെ താൻ പരിശോധിക്കില്ല എന്ന് പ്രഖ്യാപിച്ച ശിശുരോഗ വിദഗ്ധനെ അറിയാം..Friday, September 22, 2017

ഭൂമിയെ പൊക്കാം

" ഇരിക്കുവാൻ ഒരു ഇരിപ്പിടവും ,  പൊക്കുവാൻ ഒരു വലിയ ഉത്തോലകവും തരൂ.. ഞാൻ ഭൂമിയെ പൊക്കാം " -  ആർക്കിമിഡീസ്

ആർക്കമിഡീസ് അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന എനിക്കറിയില്ല.

പക്ഷെ മാഷ് പണ്ട് അത് പറഞ്ഞപ്പോൾ  ഭൂമിയെ പൊക്കാൻ പറ്റുമെന്ന് എന്റെ കൂട്ടുകാരൻ ആത്മാർത്ഥമായി  വിശ്വസിച്ചു. കാരണം ആർക്കിമിഡീസ് ആണ് പറഞ്ഞത് . ആർക്കിമിഡീസ് പറഞ്ഞത് ശരിയായിരിക്കും. ആർക്കിമിഡീസിന് തെറ്റു പറ്റില്ല.

പിന്നീട് എനിക്ക് മനസിലായി. ആൽബർട്ട് ഐൻസ്റ്റീൻ  തെറ്റു പറയില്ലെന്ന് വിശ്വസിക്കുന്നവരും , മഹാത്മാ ഗാന്ധി പറയുന്നത് മുഴുവൻ ശരിയായിരിക്കുമെന്ന് കരുതുന്നവരും , അംബേദ്‌കർ ശരി മാത്രം പറഞ്ഞയാളാണെന്ന് കരുതുന്നവരും , വ്ളാഡിമിർ ലെനിനെപ്പറ്റി  അങ്ങനെ കരുതുന്നവരും, അങ്ങനെ പല പല മഹാത്മാക്കളെ കണ്ണുമടച്ച്  ഉൾക്കൊള്ളുന്നവരും  ധാരാളം ഈ ലോകത്ത് വസിക്കുന്നു.

 പത്മഭൂഷൺ പി കെ വാര്യർ  പറയുന്നത് ശരിയല്ലെന്ന് പറയാൻ  ഈ പയ്യൻ ആര് എന്ന കൂട്ടുകാരന്റെ കമന്റ്  വായിച്ചപ്പോൾ  ഭൂമിയെ പൊക്കാൻ പറ്റുമെന്ന ആർക്കിമിഡീസ് വചനം കണ്ണുമടച്ച്  വിശ്വസിച്ച കുട്ടിയെ ഓർമ്മ വന്നു

മുഴുവൻ വായിച്ചപ്പോൾ മനസിലായി , വാര്യർ സാർ തെറ്റു പറയില്ലെന്ന്  വിശ്വസിക്കുന്ന ആരാധകർ ധാരാളമുണ്ട് .നമ്മൾ തുടങ്ങുന്നത് മതഗ്രന്ഥ്ങ്ങളിൽ നിന്നാണല്ലോ .. മതഗ്രന്ഥ്ങ്ങൾ  കണ്ണുമടച്ച്  വിശ്വസിക്കാനാണ്  നമ്മൾ ശീലിച്ചിരിക്കുന്നത് ..

"ആരും പറഞ്ഞത് കൊണ്ടല്ല " എന്ന വചനം ആരും ഓർക്കാറില്ല എന്നു തോന്നുന്നു ..

Thursday, June 22, 2017

COREX

കുറച്ച് ഹൌസ് സർജൻമാർ വട്ടം കൂടിയിരുന്നു കാര്യമായി എന്തോ ചെയ്യുമ്പോഴാണ് ഒരു മെഡിക്കൽ റെപ്രസന്റേറ്റീവ് അങ്ങോട്ട് ഇടിച്ച് കയറിയത്. അയാൾ ചെറുപ്പമായിരുന്നു. പുതിയ ആളുമാണെന്ന് തോന്നി .
തിരക്കിലായതിനാലോ അതോ അതിക്രമിച്ച് കയറിയത് ഇഷ്ടപ്പെടാത്തതിനാലോ എന്തോ ഡോക്ടർമാർ അയാളെ കാര്യമാക്കുന്നില്ല. പക്ഷെ, ആ ചെറുപ്പക്കാരൻ തനിക്ക് പറയാനുള്ളതെല്ലാം പറയുന്നുണ്ട് ,
മഴക്കാലമാണ് . ചുമക്സ് എന്ന കഫ് സിറപ്പാണ് അയാൾക്ക് വിറ്റഴിക്കേണ്ടത് . അയാൾ എല്ലാം പറയുന്നുണ്ട് . അതിന്റെ കോമ്പിനേഷൻ , അളവ് , വില, എല്ലാം. അവസാനം അയാൾ പറഞ്ഞു - ' ചുമക്സ് കഫ് സിറപ്പ് , ഓർത്തിരിക്കാൻ വളരെ എളുപ്പമാണ് ഡോക്ടർ , ചുമക്ക് ചുമക്സ് , അങ്ങനെ മനസിലിരുത്തിയാൽ മതി'..
ആകെ മുഷിഞ്ഞിരുന്ന ഒരു ഹൌസ് സർജൻ തിരിച്ചടിച്ചു - ' കോരക്സ് കഫ് സിറപ്പ് ആണ് ഞങ്ങളുടെ ബ്രാൻഡ് .. കൊരക്ക് കോറക്സ് , അതാണ് ഞങ്ങളുടെ മുദ്രാവാക്യം..'
കോഴിക്കോട്ടുകാർ ചുമയ്ക്കാറില്ല, കുരയ്ക്കാറേയുള്ളൂ...