Friday, August 21, 2015

PURDAH

അന്നവിടെ വെയിറ്റിങ്ങ്‌ ഷെഡ്‌ വന്നിട്ടില്ല.കുറേക്കാലം മുന്നെയാണ്‌...കോഴിക്കോട്ടേക്കു പോകാന്‍ ഞാന്‍ അവിടെ ബസ് കാത്തു നില്‍ക്കുകയാണ്...ഒരു സ്കൂളും കുറച്ച്‌ കടകളുമാണ്‌ അവിടെയുള്ളത്‌.
ബസ്‌ സ്റ്റോപ്പിൽ പർദ്ദ ധരിച്ച ഒരു യുവതി കൂടെയുണ്ട്‌.കുറച്ചധികം നേരമായി ബസ്‌ വന്നിട്ടെന്നു തോന്നുന്നു. അവരാകെ മടുത്ത മട്ടുണ്ട്‌.
സാധാരണ പത്തു മിനിട്ടിൽ ഒരു ബസ്‌ വെച്ച്‌ അവിടെ വരാറുണ്ട്‌. അന്നു പക്ഷെ പത്തിരുപത്‌ മിനിട്ടായിട്ടും ബസ്സ്‌ ഒന്നും കാണുന്നില്ല.
അങ്ങനെ നിൽക്കുമ്പോൾ ബസ്സിന്റെ ഒച്ച കേട്ടു. സമാധാ...നമായി. ബസ്‌ കണ്ടപ്പോൾ നല്ല തിരക്കുണ്ടെന്നു തോന്നി. കാണാൻ ആ ബസ്‌ എനിക്കത്ര ഇഷ്ടപ്പെട്ടതുമില്ല. ഉടനെ അടുത്ത ബസ്‌ വരും. അതിൽ പോകാം. ഞാൻ കൈ കാട്ടിയില്ല.ആരും ഇറങ്ങാനുമില്ലായിരുന്നെന്നു തോന്നുന്നു. ബസ്സ്‌ അവിടെ നിർത്തിയതുമില്ല.
അവിടെ നിന്നിരുന്ന പർദ്ദാധാരി യുവതിയുടെ മുഖമിരുണ്ടു. മുഖത്ത്‌ കാർമേഘം വന്നു നിറഞ്ഞു.
അവർ എന്നെ നോക്കി പറഞ്ഞു-"നിങ്ങൾ നല്ല പണിയാണ്‌ കാണിച്ചത്‌."
ഞാൻ അന്തം വിട്ടു. കുരുത്തക്കേടുകൾ റോഡിൽ വെച്ച്‌ കാണിക്കാത്ത ഒരാളാണ്‌ ഞാൻ.

അവർ തുടർന്നു പറഞ്ഞു-"ഞാൻ കുറച്ചു നേരമായി ഇവിടെ നിൽക്കുന്നു.അത്യാവശ്യമായി ആശുപത്രിയിലേക്ക്‌ പോകുകയായിരുന്നു. ബസ്സിന്‌ നിങ്ങളു കൈ കാണിക്കുമെന്നു വിചാരിച്ചു. ഞാൻ കൈ കാണിച്ചതുമില്ല. കൈ കാട്ടിയാൽ നിർത്താത്ത ബസ്സുകാരാണ്‌..പിന്നെ കൈ കാണിക്കാതെ ഇവിടെ നിർത്തുമോ?"
എന്തായാലും അടുത്ത ബസ്‌ ഉടനെ വന്നത്‌ കൊണ്ട്‌ കൂടുതലൊന്നും കേൾക്കേണ്ടി വന്നില്ല.
ചെയ്യേണ്ട കാര്യം സമയത്തു ചെയ്യാത്തതു കൊണ്ട്‌ അലങ്കോലമായതിന്‌ മറ്റൊരാളെ കുറ്റപ്പെടുത്തുന്നത്‌ കഴിഞ്ഞ ദിവസം കണ്ടു. അപ്പോൾ എനിക്ക്‌ ആ പർദ്ദ ഓർമ്മ വന്നു.
ലോകം ഇങ്ങനെയാണെന്നു തോന്നുന്നു. മനുഷ്യർ ലോകത്തെവിടെയാണെങ്കിലും ഇങ്ങനെയൊക്കെയാണെന്നു തോന്നുന്നു. ഞാനും ചില സമയം ഇങ്ങനെയൊക്കെയാണ്‌

No comments: