Sunday, August 9, 2015

ഇറക്കുമതി ചെയ്ത നഗ്നസുന്ദരി

പണ്ട്‌ പണ്ടൊരു ദിവസം ,സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ ,ഒരു ദിവസം മാതൃഭൂമി പത്രത്തിൽ കൗതുകകരമായ ഒരു വാർത്ത കാണുന്നു. വലിയൊരു വാർത്തയാണ്‌.'ഇറക്കുമതി ചെയ്ത നഗ്നസുന്ദരി' എന്നാണ്‌ വാർത്തയുടെ തലക്കെട്ട്‌.
വാർത്തയുടെ കൂടെ ഒരു പടം കൊടുത്തിട്ടുണ്ട്‌. പക്ഷെ,പടത്തിന്‌ പ്രത്യേകരൂപമൊന്നുമില്ല. കഞ്ഞിവെള്ളത്തിൽ നീലം കലക്കിയതു പോലെ കിടക്കുന്നേയുള്ളൂ.
പടത്തിനകത്ത്‌ ചെറിയൊരു വട്ടം ഉണ്ട്‌. ഒരു ഹീറോ പെന്നിന്റെ ടോപ്പ്‌ വൃത്തത്തിൽ കമഴ്ത്തി വെച്ചാൽ അതിൽ ഒരു നഗ്നസുന്ദരിയുടെ രൂപം കാണാം.. ഇതാണ്‌ വാർത്ത. വ...
ിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ഇത്തരം ചിത്രങ്ങൾ വിദ്യാലയങ്ങളിൽ പ്രചരിക്കുന്നുവെന്നും.
സത്യത്തിൽ ഇതു കണ്ടപ്പോൾ കൗതുകമാണ്‌ തോന്നിയത്‌.മറ്റൊന്നുമല്ല. എന്തായാലും സംഭവം കാണണം. എന്റെ കൈയിൽ ഹീറോ പെന്നില്ല. അടുത്തിരിക്കുന്ന കൂട്ടുകാരനോട്‌ പറഞ്ഞു. അവന്റെ കൈയിലുമില്ല. മാഷുടെ കൈയിലുണ്ട്‌. ചോദിക്കാൻ ധൈര്യവുമില്ല.
ഉച്ചക്ക്‌ ബെല്ലടിച്ച സമയം ചങ്ങാതി എവിടെ നിന്നോ ഒരു ഹീറോ പെനും സംഘടിപ്പിച്ചു വന്നു. കീശയിൽ ഹീറോ പെന്നും കുത്തി നടക്കുന്ന ഒരു ചേട്ടനോട്‌ ഹീറോ പെന്നിന്റെ ടോപ്പ്‌ കടം തരാമോ എന്നു ചോദിച്ചെന്നും അഞ്ചു മിനിട്ട്‌ കൊണ്ട്‌ തിരിച്ചു കൊടുക്കാമെന്ന് പറഞ്ഞുവെന്നും ടോപ്പ്‌ മാത്രമായി തരില്ലെന്നു ചേട്ടൻ പറഞ്ഞുവെന്നും പെന്നു മുഴുവനായി കൊടുത്തുവെന്നും ആണ്‌ കൂട്ടുകാരൻ പറഞ്ഞത്‌.
പെന്ന് വൃത്തത്തിൽ കുത്തി രണ്ടു പേരും നഗ്നസുന്ദരിയെ ദർശ്ശിച്ചു. ഇതിലെന്താണ്‌ വലിയ കാര്യം എന്നാണ്‌ തോന്നിയത്‌.
കുറേക്കാലത്തിനു ശേഷം ഇന്റർനെറ്റ്‌ വന്നു. ഫേസ്ബുക്കും വാട്സാപ്പും വന്നു.പക്ഷെ,നിരോധനങ്ങളുടെ പോക്ക്‌ കണ്ട്‌ നമ്മൾ ഹീറോ പെന്നിന്റെ ടോപ്പിലേക്ക്‌ തിരിച്ചു പോകുമെന്ന് തോന്നുന്നു.
എല്ലാം നിരോധിച്ചു കൊണ്ടിരിക്കുന്നവരുടെ തലയിലുള്ളതെന്തെന്ന് നമുക്ക്‌ മനസിലാക്കാം. പക്ഷെ,നിരോധനങ്ങളെ അനുകൂലിച്ചു കൊണ്ടിരിക്കുന്നവരുടെ തലയിലുള്ളതെന്തെന്ന് ഒട്ടും മനസിലാകുന്നില്ല.
പോർണ്ണോഗ്രഫി കാണാനുള്ള അവകാശത്തെപ്പറ്റി പറയുകയല്ല . പക്ഷെ,ജനാധിപത്യം പക്വത പ്രാപിക്കുന്നത്‌ നിരോധനങ്ങളിലൂടെയാണെന്ന് കരുതുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ടെന്നത്‌ നിർഭാഗ്യകരമാണ്‌..

No comments: