Friday, October 24, 2014

ഓടമംഗളം

പഴയ കൂട്ടുകാരെ വീണ്ടും കണ്ടു മുട്ടുന്നത്‌ ഫേസ്ബുക്കിൽ നിന്നാണെന്ന് ഒരാൾ പറയുന്നതു കേട്ടു . പഴയ ചങ്ങാതിമാരെ എവിടെ വെച്ചും കണ്ടു മുട്ടാമെന്നാണ്‌ എന്റെ അനുഭവം.
കുറച്ചു നാൾ മുമ്പ്‌,ഒരു ഞായറാഴ്ച, കോഴിക്കോട്ട്‌ മിഠായിത്തെരുവിലൂടെ നടക്കുമ്പോൾ , എന്റെ പഴയ സ്കൂൾ കൂട്റ്റുകാരനുണ്ട്‌ തെരുവു കച്ചവടം നടത്തുന്നു.
കച്ചവടം നടത്തുന്നത്‌ കവുങ്ങിൻ തൈകളാണ്‌.നല്ല ആരോഗ്യമുള്ള കവുങ്ങിൻ തൈകൾ.
പണ്ടുണ്ടായിരുന്ന അതേ പ്രസന്നത അവനിപ്പോഴും നില നിർത്തുന്നു. കണ്ടു മുട്ടിയതിൽ സന്തോഷം തോന്നി.
വൈകിട്ട്‌ വീട്ടിൽ പോകുമ്പോൾ ബസ്സിലും അവനുണ്ടായിരുന്നു.
ഞാൻ അവനോട്‌ പറഞ്ഞു: നിനക്കിതാണ്‌ പരിപാടിയെന്ന് അറിയില്ലായിരുന്നു, നീ കട നടത്തുകയാണെന്നാണ്‌ കേട്ടിരുന്നത്‌.
അവൻ പറഞ്ഞു:"ഞ്ഞാനും ഏട്ടനും കൂടെ കട നടത്തുകയാണ്‌.പക്ഷെ,കവുങ്ങോ,തെങ്ങോ,മാങ്ങയോ ഒന്നും കച്ചവടം നടത്തുന്നില്ല:.
അവൻ പറഞ്ഞു: ഒരു തോട്ടിന്റെ വക്കത്താണ്‌ എന്റെ വീടെന്ന് അറിയാമല്ലോ'
എനിക്കത്‌ നന്നായി അറിയാമായിരുന്നു..ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ പല വട്ടം അവന്റെ വീട്ടിൽ പോയിട്ടുണ്ട്‌.
-ഞ്ഞങ്ങളുടെ ഗ്രാമത്തിന്റെ നടുക്കുകൂടെ ഒരു ചെറിയ തോട്‌ ഒഴുകുന്നുണ്ട്‌..കുന്നിൻമുകളിൽ നിന്നിറങ്ങി മഴക്കാലത്ത്‌ അലറിപ്പാഞ്ഞൊഴുകുന്ന ഒരു തോട്‌. വേനൽക്കാലത്ത്‌ വറ്റി വരണ്ടു കിടക്കും..കുറേ കൈത്തോടുകളെ ഏറ്റു വാങ്ങി കുറച്ചപ്പുറം അത്‌ പുഴയിൽ ചെന്നു ചേരും.
പിന്നീട്‌ അവൻ കവുങ്ങു കച്ചവടത്തെപ്പറ്റി പറഞ്ഞു.
- പുതുമഴയത്ത്‌,ആദ്യത്തെ നാലഞ്ചു ദിവസം, ആദ്യത്തെ വെള്ളപ്പൊക്കമൊക്കെയുണ്ടാകുമ്പോൾ തോട്ടിലൂടെ ഒരു പാട്‌ സാധനങ്ങൾ ഒഴുകി വരും.. തേങ്ങ,മാങ്ങ,അണ്ടി,വിറക്‌ ഒക്കെ ഒഴുക്കിലുണ്ടാകും.
ചങ്ങാതി,തോട്ടിനു കുറുകെയുള്ള മരപ്പാലത്തിൽ കയറി ചില സാമഗ്രികളുപയോഗിച്ച്‌ ഒഴുകി വരുന്നതെല്ലാം കോരിയെടുക്കും.. ചിലപ്പോഴൊക്കെ വെള്ളത്തിൽ മുങ്ങിത്തപ്പുകയും ചെയ്യും.
ഒരിക്കൽ അങ്ങനെ മുങ്ങിത്തപ്പിയപ്പോൾ ഒരു കൂടോത്രം കൈയിൽ വന്നു പെട്ടതും പറഞ്ഞു..കൈയിൽ തടഞ്ഞത്‌ ഒരു കുടമാണ്‌,വായ തുണി കൊണ്ട്‌ മൂടിക്കെട്ടി , ഉള്ളിൽ എന്തൊക്കെയോ നിറച്ച്‌.
അന്ന് അമ്പലത്തിൽ പോയി ഒരു പൂജ കഴിച്ചു.
-- ഇങ്ങനെ വൈകുന്നേരം വരെ കോരിയെടുക്കുന്നവ വൈകിട്ട്‌ വേർ തിരിക്കും.അതിനു ശേഷം തേങ്ങയും അടക്കയുമൊക്കെ കടയിൽ കൊണ്ടു പോയി വിൽക്കും.വിറക്‌ അടുപ്പു കത്തിക്കാനെടുക്കും..മാങ്ങകൾ തിന്നുകയും അണ്ടികൾ കുഴിച്ചിടുകയും ചെയ്യും.
--പക്ഷെ,ഇക്കൊല്ലത്തെ മഴയുടെ പ്രത്യേകത കാരണം ഒഴുകി വന്ന പല അടക്കകളും മുളച്ചവയായിരുന്നു..
ചങ്ങാതി ഇതെല്ലാം പല കവറുകളിലാക്കി,മണ്ണു നിറച്ച്‌,കുറച്ചു വളവുമിട്ട്‌,കവുങ്ങിൻ തൈകളാക്കി മാറ്റി.അതിനു ശേഷം കോഴിക്കോട്‌ നഗരത്തിലെ തെരുവുകളിൽ കൊണ്ടു പോയി വിറ്റു..ഇത്‌ മലമുകളിൽ നിന്നുള്ളതാണെന്നും നല്ല ഉൽപാദനശേഷിയുള്ളതാണെന്നും ഒക്കെ ആളുകളോടു പറഞ്ഞു.
കവറുകളിലാക്കിയ കവുങ്ങിൻ തൈകളുമായി മിഠായിത്തെരുവിൽ വിൽപ്പനക്കെത്തിയ അവന്റെ ചുറ്റും ആളു കൂടി..ഒരാൾ പറഞ്ഞു'നല്ല ആരോഗ്യമുള്ള തൈകൾ,ഏതാണ്‌ ഇനം?'.
"ഓടമംഗളം"-- പെട്ടെന്നു വായിൽ വന്ന ഒരു പേർ അവൻ പറഞ്ഞു.
ഓടയിൽ കൂടെ ഒഴുകി വന്ന മംഗളത്തിനു പടിയ പേർ അതു തന്നെയല്ലേ എന്നാണ്‌ അവന്റെ ചോദ്യം.
സംഭവം നന്നായി ത്തന്നെ വിറ്റു പോയി.ഓടമംഗളം കവുങ്ങിൻ തൈ അന്വേഷിച്ച്‌ പിന്നീടും ആളുകൾ വന്നിരുന്നുവത്രെ.
എനിക്കു കിട്ടിയ പാഠം അതല്ല, തോട്ടിൽ നിന്നും ,പുഴയിൽ നിന്നും,കടലിൽ നിന്നുമൊക്കെ ആശയങ്ങൾ നേടുന്നവൻ തെരുവിൽ കച്ചവടം നടത്തുന്നു.. വെറും പാഠപുസ്തകം മാത്രം പഠിക്കുന്നവർ ഡോക്റ്റർ ആകുന്നു...

2 comments:

Cv Thankappan said...

എല്ലാറ്റിനും ഓരോയോഗം ഡോക്ടര്‍.
ആശംസകള്‍

സുധി അറയ്ക്കൽ said...

തലേവര പോരാ.അതാ കാരണം.