Friday, October 24, 2014

ASTRONOMY CLUB

ആകാശത്തെ നക്ഷത്രങ്ങളെ ഭരണിയിലടച്ച്‌ 

ഉപ്പിലിടാമെന്ന് ഭ്രമിച്ചവരാണ്‌ ഫേസ്ബുക്കിലെ 

കവികൾ.എനിക്ക്‌ അത്തരം 

വിഭ്രമകൽപനകളൊന്നും ഒരിക്കലും 

ഉണ്ടായിരുന്നില്ല. പക്ഷെ,കുട്ടിക്കാലത്തെ 

കൗതുകങ്ങളായിരുന്നു നക്ഷത്രങ്ങൾ.

ആകാശത്ത്‌ ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളുടെ 

വക്കുകൾ കൂട്ടിക്കെട്ടി എങ്ങനെ രൂപങ്ങളാക്കമെന്ന് 

ചിന്തിച്ച്‌ ഒരു സ്കൂൾ വിദ്യാർത്ഥിയായിരിക്കെ പല 
രാത്രികൾ ടെറസിന്റെ മുകളിൽ കിടന്നിട്ടുണ്ട്‌. 

പക്ഷെ,പുസ്തകങ്ങളിൽ പറയുന്ന രൂപങ്ങളൊന്നും 

എനിക്ക്‌ ഒരിക്കലും കിട്ടിയിട്ടില്ല. പകരം 

യക്ഷികളേയും ചെകുത്താന്മാരേയുമാണ്‌ എനിക്ക്‌ 

മാനത്ത്‌ കാണാൻ കഴിഞ്ഞത്‌.

കുട്ടിക്കാലത്തെ എല്ലാ കൗതുകങ്ങളേയും പോലെ 

അതും പിന്നീട്‌ ഒടുങ്ങി.എല്ലാ താൽപര്യങ്ങളുടേയും 
ശവപ്പറമ്പുകളാണല്ലോ നമ്മുടെ സ്കൂളുകൾ.

വളരെക്കാലങ്ങൾക്കു ശേഷം 

വിദ്യാലയജീവിതമൊക്കെ കഴിഞ്ഞ്‌ ഒറ്റു 

ഡോക്റ്ററായി ജോലി ചെയ്യാൻ തുടങ്ങിയതിനു 

ശേഷമാണ്‌ നക്ഷത്രങ്ങളെ വീണ്ടും സ്നേഹിക്കാൻ 

തുടങ്ങിയത്‌.

കോഴിക്കോട്ട്‌ മേഖലാ ശാസ്ത്രകേന്ദ്രത്തിൽ ഒരു 

അസ്റ്റ്രോണമി ക്ലബ്ബ്‌ രൂപീകരിക്കുന്നുവെന്ന് 

പത്രത്തിൽ വായിച്ച ഉടൻ അവിടെ പോകാൻ 

പ്രേരിപ്പിച്ചത്‌ ഈ താൽപര്യമാകാം. 

പക്ഷെ,അപ്പോഴേക്കും കാമറയുമായി 

സ്നേഹത്തിലായിക്കഴിഞ്ഞിരുന്ന എനിക്ക്‌ 

ലെൻസുകളോടും പ്രകാശശാസ്ത്രന്ത്തോടുമുള്ള 

താൽപര്യവും അതിനു കാരണമായിരുന്നു.

അടുത്ത ആഴ്ച ചേർന്ന ആദ്യത്തെ മീറ്റിങ്ങിൽ 

ചെന്നപ്പോൾ 'ഡോക്റ്റർമ്മാർക്കെന്താ 

അസ്റ്റ്രോണമിയിൽ കാര്യം' എന്നൊരു ചോദ്യം ഞാൻ 

പ്രതീക്ഷിച്ചിരുന്നു. പക്ഷെ, ഒരു ഗൈനകോളജിസ്റ്റും 

ഒരു സർജ്ജനും മീറ്റിങ്ങിനു വന്നിരുന്നു. അന്ന് 

കുതിരവട്ടത്താണ്‌ ജോലി ചെയ്തിരുന്നത്‌ എന്നത്‌ 

ആരെങ്കിലും ഇതുമായി കൂട്ടി വായിക്കുമോയെന്നും 

പേടിച്ചിരുന്നു.

ആദ്യയോഗത്തിന്‌ ഒരു പാട്‌ പേർ വന്നിരുന്നു. 

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ചില നേതാക്കൾ 

ഉണ്ടായിരുന്നു.നഗരത്തിലെ ഉദ്യോഗസ്ഥർ 

ഉണ്ടായിരുന്നു. അധ്യാപകർ ഉണ്ടായിരുന്നു. 

എഞ്ചിനീയറിങ്ങ്‌ കഴിഞ്ഞവരും എഞ്ചിനീയറിങ്ങ്‌ 

പഠിക്കുന്നവരും ഉണ്ടായിരുന്നു. ഒരു അഭിഭാഷകൻ 

ഉണ്ടായിരുന്നു. രണ്ട്‌ 

കെട്ടിടനിർമ്മാണതൊഴിലാളികൾ ഉണ്ടായിരുന്നു. 

ഭാരതീയ വിദ്യാഭവൻ സ്കൂളിലെ കുട്ടികൾ 

ഉണ്ടായിരുന്നു.. പറക്കുന്ന കുട്ടികൾ- ആ പാരാ 

ഗ്ലൈഡിങ്ങ്‌ താരങ്ങൾ- ഉണ്ടായിരുന്നു.

ഇവരെയൊന്നും കൂടാതെ രണ്ടു ജ്യോതിഷികളും 

ഉണ്ടായിരുന്നു.

ജ്യോതിഷം നമ്മുടെ വിഷയമല്ല, ജ്യോതി 

ശാസ്ത്രമാണ്‌ നമ്മുടെ വിഷയമെന്ന് ആമുഖമായി 

തന്നെ പറഞ്ഞിരുന്നു. പക്ഷെ,ജ്യോതിഷികൾ 

പിന്നീടുള്ള യോഗങ്ങ്ബ്ഗൾക്കും വന്നിരുന്നു.
എല്ലാ രണ്ടാം ശനിയും വൈകുന്നേരം അസ്റ്റ്രോണമി ക്ലബ്ബിന്റെ മീറ്റിങ്ങ്‌ ഉണ്ടായിരുന്നു. ഞായറാഴ്ചകളിൽ ക്ലാസുകളുടെ ഒരു പരമ്പര ഉണ്ടായിരുന്നു. ക്ലാസുകൾ പൂർത്തിയാക്കിയവർക്ക്‌ സർട്ടിഫിക്കറ്റ്‌ നൽകിയിരുന്നു.. ജ്യോതിഷിമാർ ഈ സർട്ടിഫിക്കറ്റുകളുമായി പോയി.ആപേക്ഷികതാ സിദ്ധാന്തങ്ങളെപ്പറ്റിയൊക്കെ ക്ലാസ്‌ ഉണ്ടായിരുന്നു.

മേഘങ്ങൾ തുണച്ച സന്ധ്യകളിൽ ടെലസ്കോപ്പ്‌ ഉപയോഗിച്ച്‌ വാനനിരീക്ഷണം നടത്തി. കടപ്പുറത്ത്‌ പൊതുജനങ്ങളെ ദൂരദർശ്ശിനിക്കുഴലിലൂടെ ആകാശം കാണിച്ചു കൊടുത്തു. ഗ്രഹങ്ങളേയും നക്ഷത്രങ്ങളെയും പറ്റി പഠിപ്പിച്ചു കൊടുത്തു.
ഒഴിവു ദിനങ്ങളിൽ ടെലസ്കോപ്പിന്റെ ശാസ്ത്രവും ചെറിയ ടെലസ്കോപ്പുകൾ ഉണ്ടാക്കുന്നതും പഠിപ്പിച്ചു.
വാനനിരീക്ഷണകേന്ദ്രങ്ങളിലേക്ക്‌ പഠനപര്യടൻ നടത്തി. ദൂരെയുള്ള കോളേജുകളിൽ രാത്രി ക്യാമ്പ്‌ നടത്തി വിദ്യാർത്ഥികളെ വാനനിരീക്ഷണം പഠിപ്പിച്ചു കൊടുത്തു.
വിവിധമേഖലകളിലെ പ്രഗൽഭർ വന്ന് ക്ലാസുകൾ എടുത്തിരുന്നു.ബ്ലോഗിങ്ങിനെപ്പറ്റിയും നവീനമാധ്യമങ്ങളെപ്പറ്റിയും ജോസഫ്‌ ആന്റണി സാർ വന്ന് ക്ലാസ്‌ എടുത്തിരുന്നു.
ക്ലബ്ബിന്റെ ഒരു സജീവ അംഗമായിരുന്ന അഭിഭാഷകന്റെ പ്രിയപ്പെട്ട വിഷയം പറക്കും തളികകളായിരുന്നു. രാത്രി ഉറക്കമൊഴിഞ്ഞിരുന്ന് അദ്ദേഹം പറക്കും തളികകളെ തേടി. ജീവന്റെ തുടിപ്പുകൾ മഹാപ്രപഞ്ചത്തിലെ മറ്റിടങ്ങളിലും ഉണ്ടാകുമെന്നും അവിടങ്ങളിലുള്ള ജീവികൾ നമ്മെക്കാൾ വികസിതരാണെങ്കിൽ അവർ നമ്മെ തേടി വരുമെന്നും അദ്ദേഹം വിശ്വസിച്ചു. ഈ അന്വേഷണത്തിനിടക്കു തന്നെ അദ്ദേഹം അന്തരിച്ചു.
കെട്ടിടനിർമ്മാണതൊഴിലാളിയായിരുന്ന ഒരംഗം ഭവൻസിലെ കുട്ടികൾ ഇംഗ്ലീഷ്‌ പറയുന്നത്‌ കേട്ട്‌ ഇവിടെയെല്ലാവരും ഇംഗ്ലീഷാണ്‌ പറയുന്നത്‌ എന്നു പറഞ്ഞ്‌ പിണങ്ങിപ്പോയി.
മറ്റൊരു നിർമ്മാണത്തൊഴിലാളി പരിഷത്തിന്റെ സജീവപ്രവർത്തകനായിരുന്നു. അദ്ദേഹത്തിനു വിഷയത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്നു. അദ്ദേഹം ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു.
ഒരംഗം ഈ വിഷയത്തിൽ ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിച്ചിരുന്നു.
കോഴിക്കോട്ടായിരുന്നപ്പോൾ ഞാൻ ക്ലബ്ബിന്റെ മിക്ക പരിപാടിക്കും പോകുമായിരുന്നു. വയനാട്ടിലെത്തിയപ്പോൾ അതു നിന്നു.അടുത്ത ദിവസം വീണ്ടും അവിടെ പോയിരുന്നു. ക്ലബ്ബ്‌ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു. ധാരാളം പ്രവർത്തനങ്ങൾ നടത്തുന്നു.
കോഴിക്കോട്ട്‌ റീജ്യണൽ സയൻസ്‌ സെന്ററിനെപ്പറ്റിയും പ്ലാനറ്റേറിയത്തെപ്പറ്റിയും ധാരാളം ലേഖനങ്ങൾ ബ്ലോഗിലും ഫേസ്ബുക്കിലുമൊക്കെ വന്നിരുന്നു...പക്ഷെ,അതിലൊന്നിലും അസ്റ്റ്രൊണമി ക്ലബ്ബിനെപ്പറ്റി ഒന്നും എഴുതിയത്‌ കണ്ടില്ല..

2 comments:

Cv Thankappan said...

ക്ലബ് അംഗങ്ങളില്‍ ആരെങ്കിലും പോസ്റ്റിടേണ്ടതായിരുന്നു.
ആശംസകള്‍

. said...

this is a copy of my facebook post.
thanks for the comment