കേരളം കാണാനിറങ്ങുന്ന വിദേശികള്‍, വാഹനം റോഡിലെ കുഴികളില്‍ ചാടുമ്പോഴെല്ലാം ദൈവത്തെ വിളിച്ചു പോകുന്നതു കൊണ്ടാണ് ഈ നാട് ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്നത് എന്ന് ഒരു കന്യാസ്ത്രീ തമാശ പറയുന്നത് കേട്ടിട്ടുണ്ട്.ഇടതു മുന്നണി കേരളം ഭരിക്കുമ്പോള്‍ കന്യാസ്ത്രീക്ക് തമാശ വരുന്നു.
മന്ത്രി പിണറായി വിജയനല്ല,ഇരുട്ടായി വിജയനാണെന്നും ഈ കന്യാസ്ത്രീ തമാശ പറയുന്നത് കേട്ടിരുന്നു.
ദൈവത്തിന്റെ സ്വന്തം നാടു തന്നെയാണ് കേരളമെന്ന് ഇവിടം വിടുന്ന നിമിഷം നമുക്ക് മനസ്സിലാകുന്നു.പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തില്‍ അനുഗ്രഹീതമായ കേരളത്തില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അനവധിയുണ്ട്.ആയിരക്കണക്കിന് സഞ്ചാരികള്‍ അത്തരം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നു.
പക്ഷെ,ഇതിനെക്കാളൊക്കെ സുന്ദരമായ പ്രദേശങ്ങള്‍ കേരളത്തിലുണ്ട്.ഒരു പക്ഷെ,എത്തിപ്പെടാനുള്ള ബുദ്ധിമുട്ടു കാരണമോ ,ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിക്കാത്തതു കാരണമോ ആളുകള്‍ അധികമെത്താത്ത സ്ഥലങ്ങള്‍.
അത്തരം ചില സ്ഥലങ്ങള്‍ എനിക്ക് കാണാന്‍ ഭാഗ്യം കിട്ടിയിരുന്നു.അതില്‍ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത സ്ഥലമാണ് നിലമ്പൂരിലെ മാഞ്ചീരിക്കാട്.ദൈവം സ്വന്തം കരങ്ങള്‍ കൊണ്ട് സൃഷ്ടിച്ച സ്ഥലമെന്നു പറയാം-ഒരു പക്ഷെ,ജോലിത്തിരക്കിനിടയില്‍ വിശ്രമിക്കാന്‍ സൃഷ്ടിച്ചത്.ഇത്ര രമണീയമായ ഒരു സ്ഥലം കണ്ടിട്ടില്ല.
ഈ സ്ഥലം കാണുന്നതിന് എനിക്ക് അവസരം തന്നത് പള്‍സ് പോളിയോ പരിപാടി ആണ്.ഒരു ഡിസംബര്‍ മാസമായിരുന്നു അത്.കാട്ടിനുള്ളില്‍ ഇങ്ങനെയൊരു സ്ഥലമുണ്ട്,പള്‍സ് പോളിയോ നടത്താന്‍ വരുന്നോ എന്ന് നിലമ്പൂര്‍ കരുളായിയിലെ മെഡിക്കല്‍ ഓഫീസറും എന്റെ സുഹൃത്തുമായ ഡോ.രാജീവ് വിളിച്ചു ചോദിച്ചപ്പോള്‍ തീരുമാനമെടുക്കാന്‍ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.കാടെന്നു പറഞ്ഞാല്‍ എനിക്ക് അന്നും ഇന്നും ആവേശമാണ്.
രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു ,കുളിച്ച് കാപ്പി കുടിച്ച് പുറപ്പെട്ടു നിന്നു.ഡിസംബര്‍ മാസമായിരുന്നെങ്കിലും തലേ ദിവസം പെയ്ത ഒരു ചെറുമഴയില്‍ നിലമാകെ നനഞ്ഞു കുതിര്‍ന്നിരുന്നു.വലിയ തണുപ്പൊന്നുമുണ്ടായിരുന്നില്ല താനും.ഒമ്പതു മണിയായപ്പോള്‍ ജീപ്പെത്തി.ഒരു പഴഞ്ചന്‍ ജീപ്പ്.ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്പക്‍റ്റര്‍മാരും ഹെല്‍ത്ത് നഴ്സുമാരുമെല്ലാം ജീപ്പില്‍ കയറി.എന്റെ മനസ്സിലെ ആഗ്രഹമറിഞ്ഞെന്നപോലെ എനിക്ക് സൈഡ് സീറ്റ് തന്നു.ജീപ്പ് സ്റ്റാര്‍ട്ടാകാത്തതിനാല്‍ തള്ളി സ്റ്റാര്‍ട്ടാക്കേണ്ടി വന്നു.കാട്ടിനുള്ളില്‍ പോകേണ്ട ജീപ്പു തന്നെ.
കുറച്ചു ദൂരം ടാറിട്ട റോഡിലൂടെ ഓടിയ വണ്ടി ഒരു മണ്‍പാതയിലേക്ക് കയറി.കണ്ണൂരുകാരനായ ഹെല്‍ത്ത് ഇന്‍സ്പക്റ്റര്‍ തന്റെ നാട്ടിലെ മാര്‍ക്സിസ്റ്റ്-ആര്.എസ്.എസ് സംഘര്‍ഷത്തെപ്പറ്റി പറയാന്‍ തുടങ്ങി.സംഭാഷണം പതുക്കെ ചൂട് പിടിച്ച് വരാന്‍ തുടങ്ങുകയായിരുന്നു.
വിജനമായ പാതയിലേക്ക് ജീപ്പ് കടന്നു.ചില സ്ഥലങ്ങളില്‍ മാത്രം ചില കുടിലുകള്‍ ഉണ്ട്.കുറച്ചു കഴിഞ്ഞപ്പോള്‍ മരങ്ങള്‍ മാത്രമായി.കാട് എത്തിക്കഴിഞ്ഞിരിക്കുന്നു.കാട്ടിനുള്ളില്‍ മനുഷ്യനെ ഉപദ്രവിക്കുന്ന ജീവികള്‍ കുറവാണെന്നായിരുന്നു എന്റെ ധാരണ.പക്ഷെ കാട്ടിലെത്തിയ ഉടന്‍ തന്നെ ഒരു തരം പ്രാണികളെ വല്ലാതെ കാണാന്‍ തുടങ്ങി.ഒരു തരം ഈച്ചകള്‍ നമ്മെ പൊതിഞ്ഞ് വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു.കുറച്ചു ദൂരം ഓടിയപ്പോള്‍ പ്രാണികള്‍ അപ്രത്യക്ഷമായി.
എവിടെയോ വെച്ച് ജീപ്പ് മല കയറാന്‍ തുടങ്ങി.ഒരു ജീപ്പിനു മാത്രം പോകാവുന്ന വീതിയാണ് മിക്ക സ്ഥലത്തും.ബ്രിട്ടീഷുകാരനുണ്ടാക്കിയ റോഡാണ്,ഒലിച്ചു പോകില്ല-ആരോ അഭിപ്രായപ്പെട്ടു.സായിപ്പ് പോയിക്കഴിഞ്ഞിട്ട് കാലം കുറേ ആയെങ്കിലും പലര്‍ക്കും വെള്ളക്കാരനോട് ആരാധനയാണ്.ബ്രിട്ടീഷുകാരന് നാടു ഭരിച്ചിരുന്നില്ലെങ്കില്‍ നീയൊക്കെ ഒരു തോര്‍ത്തു മുണ്ടുമുടുത്ത് തോട്ടിന്റെ കരയില്‍ ചൂണ്ടലിട്ടിരിക്കുന്നുണ്ടാകുമെന്ന് പറഞ്ഞ ഒരു സുഹൃത്തിനെയോര്‍ക്കുന്നു.
എന്തായാലും റോഡ് അത്ര നല്ലതൊന്നുമായിരുന്നില്ല.ജീപ്പ് കുറച്ചു പ്രയാസപ്പെട്ടു തന്നെയാണ് മുന്നോട്ട് പോയിക്കൊണ്ടിരുന്നത്.വളവുകളും തിരിവുകളും കൂടുതലായി വന്നു കൊണ്ടിരുന്നു.കാട് കൂടുതല്‍ കനത്തതായി മാറിത്തുടങ്ങിയിരുന്നു.മലഞ്ചരിവിലൂടെയുള്ള റോഡ് ഭീതിജനകവും ഒപ്പം ആവേശകരവുമാണ്.ചില ഭാഗങ്ങളിലെ അഗാധമായ കൊക്കയിലേക്ക് നോക്കുമ്പോള്‍ മനസ്സിലെ വികാരമെന്തെന്ന് പറയാന്‍ വയ്യ,തീര്‍ച്ചയായും അത് ഭീതിയുടേത് മാത്രമല്ല.
മലമുകളിലേക്ക് ജീപ്പ് കയറിക്കൊണ്ടിരിക്കെ ആരോ ഒരാള്‍ ആനയെപ്പറ്റി പറയാന്‍ തുടങ്ങി.കുറച്ചു ദിവസം മുമ്പ് പെയ്ത മഴയില്‍ മുളയ്ക്ക് തളിരുകളുണ്ടായിട്ടുണ്ടെന്നും ഇഷ്ടഭക്ഷണമായ അത് തിന്നാന്‍ ആനയിറങ്ങിയിട്ടുണ്ടാകാമെന്നുമായിരുന്നു ഒരാളുടെ അഭിപ്രായം.ഒരു വളവു തിരിഞ്ഞപ്പോള്‍ ആനക്കൂട്ടത്തിനു മുമ്പില്‍ പെട്ട താന്‍ ജീപ്പ് വേഗത്തില്‍ പുറകോട്ടോടിച്ച് രക്ഷപ്പെട്ട കഥ ഡ്രൈവറും പറയുന്നുണ്ടായിരുന്നു.വളവു തിരിഞ്ഞു വരുന്നത് നേരെ ആനക്കൂട്ടത്തിലേക്കാകും.ഒരു വശത്ത് കൊക്കയാണെന്നതു കൂടി ഓര്‍ത്തു.'ആ വളവിലാന,ഈ വളവിലാന,എല്ലാ വളവിലുമാനകള് 'എന്നായിരുന്നു ഒരു ഹെല്‍ത് ഇന്‍സ്പെക്റ്ററുടെ അനുഭവവിവരണം.റോഡ് കൂടുതല്‍ കടുത്തതായിക്കൊണ്ടിരിക്കെ,വളവുകള്‍ കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കെ,ഒരു വളവു കഴിഞ്ഞയുടനെ ആനയുടെ മണം വരുന്നതായി ഞങ്ങള്‍ക്ക് തോന്നി.എല്ലാവരും നിശ്ശബ്ദരായിരുന്നു.ആനകളെ കാണാന്‍ വേണ്ടി മാത്രം കാട്ടിലേക്ക് യാത്ര നടത്തിയിട്ടുള്ള ഞാന്‍ ആന വരരുതേ എന്നു പ്രാര്ഥിക്കുകയായിരുന്നു.ആനയടുത്തെങ്ങോയുണ്ടെന്നു തന്നെ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു നാട്ടുകാരന് യുവാവ് പറയുന്നുണ്ടായിരുന്നു.പക്ഷെ,മാര്‍ഗതടസമുണ്ടാക്കാന്‍ ആനയൊന്നും വന്നില്ല.കുറച്ചു നേരം കൂടി യാത്ര ചെയ്തപ്പോള്‍ കാടിന്റെ കട്ടി അല്‍പ്പമൊന്നു കുറഞ്ഞു.ഒരു പുഴയൊഴുകുന്ന ശബ്ദം കുറച്ചു നേരമായി കേള്‍ക്കുന്നുണ്ടായിരുന്നു.കുറച്ചൊരു താഴ്ന്ന സ്ഥലത്ത്,ഒരു അരുവിയുടെ കരയില്‍ ജീപ്പ് എത്തി.അവിടെ കുറച്ച് കെട്ടിടങ്ങളുണ്ടായിരുന്നു.ഒരു സൊസൈറ്റിയുടെ കെട്ടിടത്തിലാണ് ഞങ്ങള്‍ ക്യാമ്പ് ചെയ്തത്.കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ മുകളില്‍ കുടിലുകള്‍ കെട്ടിയിരിക്കുന്നതു കണ്ടു.
അധികം പേരൊന്നും അവിടെ വന്നിരുന്നില്ല.ആദിവാസി വിഭാഗങ്ങളില്‍ പെട്ട ആളുകള്‍ ആണ് അവിടെ ഉണ്ടായിരുന്നത്.ഞാന്‍ ഏറ്റവും ശ്രദ്ധിച്ച കാര്യം ഇവരുടെയെല്ലാം കാലുകള്‍ വളരെ ശക്തവും വലുതുമാണെന്നാണ്.കാല്പാദത്തിന്റെ വലുപ്പം നമ്മുടെയൊക്കെ പാദത്തിന്റെ ഇരട്ടി വരും.ആദ്യത്തെയാളെ കണ്ടപ്പോള്‍ ഞാന്‍ കരുതിയത് അയാള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണെന്നാണ്.സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവര്ക്കും അങ്ങനെയാണെന്ന് പിന്നീട് മനസ്സിലായി.നമ്മള് ടാറിട്ട റോഡില്‍ നടക്കുന്ന ലാഘവത്തോടെയാണ് അവര്‍ വഴു വഴുപ്പുള്ള പാറകളില്‍ നടക്കുന്നത്.ഒരു ടീച്ചറെ പരിചയപ്പെട്ടു.ടീച്ചര്‍ കിലോമീറ്ററുകള്‍ നടന്ന് കാട്ടിലെ ഏകാധ്യാപക വിദ്യാലയത്തില്‍ പഠിപ്പിക്കുന്നു.ആദരവ് തോന്നിപ്പോയി.മണിക്കൂറുകള്‍ അവിടെ ചെലവഴിച്ചു.വെള്ളത്തിലിറങ്ങി.തണുപ്പറിഞ്ഞു.നാട്ടില്‍ ഇല്ലാത്ത ശുദ്ധവായു ശ്വസിച്ചു.തിരിച്ചു വന്നപ്പോള്‍ ഒരാനക്കൂട്ടത്തെ വളരെ ദൂരെ വെച്ച് കാണാനിടയായി.എന്റെ കൈയില്‍ ബൈനോക്കുലര്‍ ഉണ്ടായിരുന്നു.
ചോലനായ്ക്കര്‍ ആണ് ഇവിടെയുള്ള നിവാസികള്‍.നിലമ്പൂര്‍ വനമേഖലയില്‍ പലയിടത്തായാണ് ചോലനായ്ക്കര്‍ എന്ന ആദിവാസി വിഭാഗം താമസിക്കുന്നത്.മലമുകളിലെ ഗുഹകളില്‍ താമസിച്ചിരുന്ന ഇവര്‍ ഏഷ്യയിലെ ഏക ഗുഹാ മനുഷ്യ ഗോത്രക്കാരാണ്.
44 ചോലനായ്ക്കകുടുംബങ്ങള്‍ ആണ് ഇവിടെയുള്ളതെന്നാണ് ഗവണ്മെന്റിന്റെ കണക്ക്.ആകെ 186 പേര്.വനവിഭവങ്ങള്‍ ശേഖരിച്ചാണ് ചോലനായ്ക്കര്‍ ഉപജീവനം കഴിക്കുന്നത്.ഒരു സമിതി ആദിവാസികളില്‍ നിന്ന് വനവിഭവങ്ങള്‍ ശേഖരിക്കുന്നു.ആഴ്ചയിലൊരിക്കല്‍ മലയിറങ്ങി വന്ന് അവര്‍ കാട്ടു തേന്‍,ഇഞ്ചി,ഏലം തുടങ്ങിയ വനവിഭവങ്ങള്‍ കൈമാറ്റം ചെയ്യുകയും പകരം അരി തുടങ്ങിയ സാധങ്ങളുമായി മടങ്ങുകയും ചെയ്യുന്നു.മൂപ്പന് എന്നറിയപ്പെടുന്ന ഒരാളാണ് വിഭവങ്ങള്‍ ശേഖരിച്ച് പുറം ലോകത്തെത്തിക്കുന്നത്.നാട്ടില്‍ ഇത്തരം സാധങ്ങളുടെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ചോലനായ്ക്കര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന വില കിട്ടുന്നുണ്ടോയെന്ന് സംശയമാണ്.
ഇവിടെ ഒരു തരം നബാര്‍ഡ് സമ്പ്രദായമാണെന്ന് ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അഭിപ്രായപ്പെടുന്നതു കേട്ടു. നമ്മുടെ നായനാരുടെ നാട്ടുകാരനായ അയാള്‍ക്ക് ബാര്‍ട്ടര്‍ സമ്പ്രദായമെന്ന് ഉദ്ദേശിച്ചത് നാവു വഴുതിയതാണ് എന്ന് മനസ്സിലായത് പിന്നീടാണ്.
വനവിഭവങ്ങള്‍ സമൃദ്ധമായിരുന്ന കാലത്ത് ചോലനായ്ക്കര്‍ പട്ടിണിയറിഞ്ഞിരുന്നില്ല.നാട്ടിലെ മനുഷ്യര്‍ കാട് കൈയേറ്റം ചെയ്യുകയും റബ്ബര്‍,ഇഞ്ചി തുടങ്ങിയവ നട്ടു വളര്‍ത്തുകയും അതിനെ കൃഷി എന്നു വിളിക്കുകയും ചെയ്തപ്പോള്‍ കാട്ടിന്റെ വലുപ്പം കുറഞ്ഞു.വനവിഭവങ്ങള്‍ കുറയുകയും കാട്ടിലെ താമസക്കാര്‍ പട്ടിണിയാകുകയും ചെയ്തു.പ്രത്യേകിച്ച് വനവിഭവങ്ങള്‍ കിട്ടാതാകുന്ന മഴക്കാലത്ത് അവര്‍ കടുത്ത ദാരിദ്ര്യമനുഭവിക്കുന്നു.ചോലനായ്ക്കരുടെ ദുരിതപൂര്‍ണമായ ജീവിതത്തെക്കുറിച്ച് പത്രങ്ങളിലൊക്കെ പല തരം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.വാര്‍ത്തകള്‍ക്ക് നിറം പിടിപ്പിക്കലില്‍ മിടുക്കരായ നമ്മുടെ പത്രപ്രവര്‍ത്തകര്‍ ആദിവാസി സ്ത്രീകള്‍ മാറു മറക്കാത്തതില്‍ വരെ വേവലാതിപ്പെട്ടു.ഇവര്‍ക്ക് വീടുകളില്ലാതാണ് പ്രധാന പ്രശ്നമെന്ന് കരുതിയ സര്‍ക്കാര്‍ ഇവര്‍ക്ക് പുഴയുടെ വക്കത്ത് വീടുകള്‍ കെട്ടിക്കൊടുത്തു.ഇത്തരം വീടുകളുമായി പൊരുത്തപ്പെടാനാകാതെ മിക്കവാറും ചോലനായ്ക്കര്‍ അവരുടെ യഥാര്‍ഥ ആവാസസ്ഥലത്തേക്ക് തിരിച്ചു പോകുകയായിരുന്നു.കാട്ടിലെ ആദിവാസികളുടെ താമസം തങ്ങളുടെ താല്പര്യങ്ങള്ക്കെതിരാണെന്ന് കരുതിയവരും ഭവനമാറ്റ പരിപാടിക്കു പുറകിലുണ്ടായിരുന്നു.എന്തായാലും അഞ്ചാറ് കുടുംബങ്ങള്‍ ഒഴികെ മറ്റെല്ലാവരും മടങ്ങിപ്പോയി.
കാലവര്‍ഷം കരാളരൂപം പൂണ്ട ഒരു ദിവസം ആനകള്‍ പുഴക്കരയിലെ വീടുകള്‍ക്ക് ചുറ്റുമെത്തി.മനുഷ്യര്‍ വീടുകളില്‍ സുഖമായി ഉറങ്ങിക്കിടക്കുമ്പോള്‍ ആനക്കൂട്ടം വീടുകള്‍ ആക്രമിച്ചു.കണ്ണില്‍ കണ്ടതെല്ലാം അവര്‍ തകര്‍ത്തു തരിപ്പണമാക്കി.പിന്നീട് സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തത് കോണ്‍ക്രീറ്റ് വീടുകളായിരുന്നു.തങ്ങളുടെ ഇഷ്ടസ്ഥലം കയ്യേറിയവര്‍ക്കെതിരെ ആനകളുടെ ചെറുത്തുനില്‍പ്പ് പിന്നീടുമുണ്ടായി.അതിന്റെ ഫലമായുണ്ടായ വിചിത്രകാഴ്ചയാണ് കോണ്‍ക്രീറ്റ് വീടുകള്‍ക്ക് മുകളിലെ കുടിലുകള്‍.
ചോലനായ്ക്കരിലെ പത്താം തരം പാസായ ഒരേയൊരു യുവാവിന് ഗവണ്മെന്റ് ജോലി കൊടുത്തു.ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിലായിരുന്നു ജോലി.അതുമായി പൊരുത്തപ്പെടാനാകാതെ ബാലന് എന്ന ആ ചെറുപ്പക്കാരന് കാട്ടിലേക്കു തന്നെ മടങ്ങി.
റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത ഒരു ചോലനായ്ക്കനേയും കണ്ടു.ആദിവാസി വിഭാഗങ്ങളില്‍ പെട്ടവരെ റിപബ്ലിക് ദിനപരേഡില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ കേരളത്തില്‍ നിന്ന് ചോലനായ്ക്കദമ്പതികളെയാണ് അതിന് തെരഞ്ഞെടുത്തത്.ചെല്ലന് എന്നു പേരുള്ള യുവാവും ഭാര്യയും ഒരു ബന്ധുവും കൂടി ഒന്നാം ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ രാജ്യതലസ്ഥാനത്തെത്തുകയും പ്രൗഢഗംഭീരമായ റിപ്പബ്ലിക് ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തു.ചോലനായ്ക്കസമൂഹത്തിനിതുകൊണ്ടെന്തു കാര്യമെന്ന ചോദ്യത്തിനുത്തരമില്ല.ചോലനായ്ക്കന്‍ വീണ്ടും ചോലനായ്ക്കന്‍ തന്നെ.
നിലമ്പൂരില്‍ ജനിച്ചു വളര്‍ന്ന മാന്ത്രികന് ഗോപിനാഥ് മുതുകാടിന്റെ ആത്മകഥയിലെ ഒരു ഭാഗമാണ് ഈ സ്ഥലത്തിനെ വീണ്ടും ഓര്‍മ്മിപ്പിച്ചത്.ഓര്‍മ്മകളുടെ മാന്ത്രിക സ്പര്‍ശമെന്ന തന്റെ കൃതിയില്‍ നിലമ്പൂരിന്റെ ചരിത്രം പറയുമ്പോള്‍ മുതുകാട് പറയുന്നു:
''ഈ പ്രദേശങ്ങള്‍ നെല്‍കൃഷിക്ക് അത്യുത്തമമെന്ന് കണ്ടെത്തിയ കര്‍ഷകര്‍ കൊടും ചൂടിനെയും പേമാരിയേയും അവഗണിച്ച് കാടിനോട് പട വെട്ടി.ചോലനായ്ക്കന്‍മാരായിരുന്നു വനാന്തരങ്ങളിലെ ആദിവാസികള്‍.ഭീമന് പാറക്കെട്ടുകളുടെ മുകളില്‍നിന്ന് വല്യ കല്ലുകള്‍ ഉരുട്ടി വിട്ടു കൊണ്ടാണ് കാട്ടുമനുഷ്യര്‍ കര്‍ഷകരോട് പ്രതികാരം ചെയ്തിരുന്നത്.കൃഷിഭൂമി വെട്ടിപ്പിടിക്കാന്‍ ചെന്ന മനുഷ്യര്‍ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് ഈ ചോലനായ്ക്കന്‍മാരെയായിരുന്നു.സാവധാനം അവരെയും മിത്രമാക്കാന്‍ കൃഷിക്കാര്‍ തന്ത്രം മെനഞ്ഞെടുത്തു.വെറ്റിലയും പുകയിലയും വാറ്റുചാരായവും പാരിതോഷികമായി ലഭിച്ചു തുടങ്ങിയതോടെ കാട്ടു മനുഷ്യന് കര്‍ഷകരോടടുത്തു.അതോടെ മരവുരി ഉരിഞ്ഞു മാറ്റി വസ്ത്രകഷണങ്ങള്‍ കൊണ്ട് അവര്‍ നാണം മറച്ചു തുടങ്ങി".
ആരാണ് കാടന്‍?
12 comments:
ഓര്‍മ്മയില്‍ നിന്ന് എടുത്തെഴുതുന്നതാണ്.വസ്തുതാപരമായ തെറ്റുകള്‍ കണ്ടേക്കാമെന്ന് മുന്നറിയിപ്പ് തരുന്നു.ബ്ലോഗെന്ന സാധനം അന്ന് വിദൂരസ്വപ്നങ്ങളില്‍ പോലുമില്ലായിരുന്നല്ലോ.
ഘടനാപരമായും സാഹിത്യപരമായും തെറ്റുകളുണ്ടാക്കാം.ഒന്നര വര്‍ഷം മുമ്പ് ബ്ലോഗ് തുടങ്ങുന്നതിനു മുമ്പ് ഒരു വരി പോലും എഴുതിയിട്ടില്ലാത്ത ആളാണ് ഞാന്‍.
i liked your view on this.
awesome description about the forest n their lives.
except one thing..
at the beginin u said like a sister who jokes only when left party is at the govt.
its nt like that. whoever is at the govt if one person is making jokes about hem, its perfectly their point of view. not the entire community's. Also not everyone of these sister's jokes about left party govt.
ANyway keep posting..
also avoid these kind of things..
കമന്റിനു നന്ദി.എന്റെ വ്യക്തിപരമായ അഭിപ്രായം തന്നെയാണ് അത്.പലപ്പോഴും കന്യാസ്ത്രീകളുമായും വൈദികരുമായും കൃസ്ത്യന്‍ മിഷനറിമാരുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിട്ടുണ്ട്.അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളോട് യോജിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു.പക്ഷെ,അവരുടെ കമ്യൂണിസ്റ്റ് വിരുദ്ധ സ്വഭാവം വളരെ വ്യക്തമായി എപ്പോഴും കാണാന്‍ കഴിയുന്നു.അതില്‍ തെറ്റുണ്ടെന്ന് പറയുന്നില്ല.പക്ഷെ,പലപ്പോഴും അത് ഒരു ഇടുങ്ങിയ മനസ്സില്‍ നിന്ന് വരുന്നതെന്ന് തോന്നിയിട്ടുണ്ട്.
കന്യാസ്ത്രീ മഠത്തിനു പുറത്തുള്ള ലോകവുമായി അടുത്തിടപഴകാത്തതു കൊണ്ടും മറ്റൊന്നും വായിക്കാത്തതു കൊണ്ടും ആയിരിക്കാമത്.
എന്റെ പോസ്റ്റ് കന്യാസ്ത്രീകളെപ്പറ്റിയായിരുന്നില്ലെന്നും ഓര്‍ക്കുക.വിഷയത്തിലേക്ക് കടക്കാന്‍ വേണ്ടിയാണ് ആ വിഷയം എടുത്തിട്ടത്.മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാണ് പറയുന്നതെങ്കില്‍ ആ പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറാണ്.
രാജേഷ്, ഈ യാത്രാവിവരണം വളരെ ഇഷ്ടമായി. (ഓഫ്: നാട്ടുകാരുടെയൊക്കെ ആഗ്രഹത്തിനനുസരിച്ച് പോസ്റ്റു തിരുത്താനിരുന്നാല്‍ പിന്നെ അതിനേ നേരം കാണൂ.)
thank you,Manikkan
നല്ല വായന നൽകി.
നന്ദി.
Dear Frind,
Great description! Use Saraswathi to help poeple, not hurt even in sligtest way. I guess you are left-leaing person. Pinarayi is synomymous with controversy; you could have avoided him in this beautiful blog. Give respect to opinion expressed by all people, we are living in free and democratic country.
And about the colonial age (Read Brithsh) the people of Malabar owe a lot to them. They were the rulers who gave admitance all to school which were once meant exclusively for upper caste.
You might know that a century ago in Southern Travncore, lower caste women were not allowed to cover their breasts and adding insult to injury, they had to pay 'mulakkaram' to the great Maharaja.
Most historians put the 'Temple Entry Proclamation' as the jewel in the crown of Balaramavarma, but in reality it was a soap given to hindus (lower caste) to avoid the tricky siuation of Travancore becoming a Christian State with a Hindu Raja.
I might have gone out of context in writing the comment, if so please remove it after reading.
I thank you for your sincere feeback on my comments. The variety makes life so beautiful. So opinions do vary.
good description the tragedy is such isolated places of natural beuty are fast disappearing
The greatest problem in India is that of Aadivaasis It seems nobody knows what to do .True that the forests belong to them and they to the forests .But is it fair that they should be left in stone age conditions?
Post a Comment