Thursday, September 4, 2008

എന്റെ വഴിത്തിരിവ്






















മലയാളത്തിലെ ശ്രദ്ധേയമായ ആത്മകഥകളില്‍ ഒന്നാണ്‌ യശ:ശരീരനായ പൊന്‍‌കുന്നം വര്‍ക്കിയുടെ 'എന്റെ വഴിത്തിരിവ് '.വിവാദം സൃഷ്ടിച്ച ഈ കൃതി ഏറെക്കാലം ലഭ്യമായിരുന്നില്ല.1961-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ രണ്ടാം പതിപ്പിറങ്ങുന്നത് 2008-ല്‍ ആണ്‌.
ഭക്തി നിറഞ്ഞ ഒരു കുടുംബാന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്ന പൊന്‍‌കുന്നം വര്‍ക്കി പിന്നീട് പുരോഹിതന്‍‌മാരുടെയും പള്ളിമതത്തിന്റെയും എതിരാളിയായി മാറി.ചൂഷണത്തിന്റേയും സ്വാര്‍ഥതയുടേയും കേന്ദ്രമായ പള്ളിമതത്തിന്‌ യേശുകൃസ്തുവുമായി ബന്ധമൊന്നുമില്ലെന്ന് പൊന്‍‌കുന്നം വര്‍‌ക്കി കരുതി.തന്റെ സാഹിത്യജീവിതത്തിലൂടെയും സാമൂഹ്യജീവിതത്തിലൂടെയും മതപൗരോഹിത്യത്തിനെതിരെ നിരന്തരം പോരാടിയ വര്‍ക്കിയെ മതമേധാവികള്‍ നിരന്തരം ദ്രോഹിച്ചു.സ്വതന്ത്രചിന്തയ്ക്കു വേണ്ടിയുള്ള തന്റെ പോരാട്ടത്തിലെ വഴിത്തിരിവുകളും അതിന്റെ പശ്ചാത്തലവും നമുക്കു വേണ്ടി വര്‍‌ക്കി വിവരിക്കുന്നു.
വര്‍ക്കിക്ക് ആറു വയസ്സു മാത്രമുള്ളപ്പോള്‍ വര്‍ക്കിയുടെ അമ്മ വിധവയായി.വര്‍ക്കിയേയും മൂന്നു വയസ്സു മാത്രമുണ്ടായിരുന്ന അനുജനേയും വളര്‍ത്തേണ്ട ചുമതല അമ്മയുടേതായി.കടുത്ത മതവിശ്വാസിയായിരുന്നു അമ്മ.മതപരമായ കാര്യങ്ങളെല്ലാം അനുഷ്ടിച്ചിരുന്നു അവര്‍.കുട്ടികളെക്കൊണ്ടും അവ അനുഷ്ടിപ്പിക്കുകയും ചെയ്തു.
പള്ളിമുറികളിലെ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ ഇടവകയിലെ എല്ലാ കുട്ടികളും നിര്‍ബന്ധിതരായിരുന്നു.ഒരിക്കല്‍ ക്ലാസ്സില്‍ സംശയം ചോദിച്ച വര്‍ക്കിയോട് വികാരിയച്ചന്‍ വല്ലാതെ ക്ഷോഭിച്ചു.പക്ഷെ തന്റെ തെറ്റെന്തെന്ന് വര്‍ക്കിക്ക് മനസ്സിലായതുമില്ല.
ക്രിസ്തുമസ് ദിവസം കൃസ്തീയകുടുംബത്തിന്‌ ആഹ്ലാദത്തിന്റെ ദിവസമാണ്‌.വെളുപ്പാന്‍ കാലത്ത് പള്ളിയില്‍ പോകണം.പള്ളിയില്‍ നിന്ന് വന്നു കഴിഞ്ഞ് ആഘോഷങ്ങള്‍ തുടങ്ങുന്നു.വര്‍ക്കിയെ അമ്മ പള്ളിയിലേക്ക് പറഞ്ഞയച്ചു.വര്‍ക്കി പള്ളിയിലെത്തിയപ്പോഴേക്കും പുരോഹിതന്‍ കര്‍മ്മങ്ങള്‍ ആരംഭിച്ചിരുന്നു.മേശപ്പുറത്ത് ഒരു പശുത്തൊഴുത്തിന്റെ മാതൃക ഉണ്ടാക്കിയിരുന്നു.അതിനുള്ളില്‍ ഉണ്ണി‌യേശുവിന്റെ രൂപവും.പുല്‍‌ക്കൂട്ടിലെ ശിശുവിനെ കാണിച്ച് അച്ചന്‍ പ്രസംഗിക്കുന്നു.പ്രസംഗത്തിന്റെ സ്വാധീനശക്തി വഴി പുല്‍‌ത്തൊഴുത്തില്‍ കിടന്ന പാവ ഉണ്ണി യേശുവാണെന്നും കന്യകാമറിയം പ്രസവിച്ചതാണെന്നും വര്‍ക്കി വിശ്വസിച്ചു.ദൈവം ആണോ പെണ്ണോ എന്ന് വര്‍ക്കിക്ക് കലശലായ സംശയമായി.ആ സംശയം മുമ്പു തന്നെ ഉള്ളതാണ്‌.മറ്റുള്ളവര്‍ കുമ്പസരിക്കാനിരിക്കുമ്പോള്‍,അച്ചന്‍ കുമ്പസാരക്കൂട്ടിലുമിരിക്കുമ്പോള്‍ കുട്ടിയായ വര്‍ക്കി സംശയം തീര്‍ത്തു കളയാമെന്നു കരുതി.ബാലനായ വര്‍ക്കി യേശുവിന്റെ മേലുണ്ടായിരുന്ന പട്ടു കഷണം നീക്കി നോക്കി.വര്‍ക്കിയുടെ കഷ്ടകാലത്തിന്‌ കുമ്പസാരക്കൂട്ടിലിരുന്ന കത്തനാര്‍ ഇതു കണ്ടു.വര്‍ക്കിയെ ശിക്ഷിക്കുകയും വാതില്‍ക്കലേക്ക് പിടിച്ചെറിയുകയും അപമാനിക്കുകയുമൊക്കെ ചെയ്തു.വര്‍ക്കിയുടെ ഹൃദയത്തില്‍ പുരോഹിതനെതിരെ ധാരണയുയര്‍ന്ന ആദ്യസംഭവം അതായിരുന്നു.

പിന്നീട് നാട്ടില്‍ ഒരു നാടകസംഘം വന്നു.നാട്ടില്‍ നാടകം കളിക്കാന്‍ തുടങ്ങി.നാടകം കൃസ്ത്യാനികള്‍ കാണരുതെന്ന് വികാരി വിലക്കു കല്‍‌പ്പിച്ചു.സംഗീതവും നാടകവുമൊക്കെ തീവ്രമായി ഇഷ്ടപ്പെട്ടിരുന്ന വര്‍ക്കി രഹസ്യമായി നാടകത്തിനു പോയി.പക്ഷെ ചാരന്‍‌മാര്‍ വഴി അച്ചന്‍ ഇതറിഞ്ഞു.വര്‍ക്കിയെ പള്ളിമുറിയിലേക്ക് വിളിപ്പിച്ചു.കഠിനമായി ശകാരിക്കുകയും ശിക്ഷ വിധിക്കുകയും ചെയ്തു.കുരിശ് പിടിച്ച് കുര്‍ബാന കാണുക,ഇതാണ്‌ ശിക്ഷ.അവജ്ഞ,വിവരക്കേട്,കോപം,ധിക്കാരം മുതലായവയുടെയൊക്കെ സംഗമമാണ്‌ വൈദികരെന്ന ധാരണ വര്‍ക്കിക്കുണ്ടായി.

വര്‍ക്കി പള്ളിയില്‍ പോകുന്നതിന്‌ മടി കാണിക്കാന്‍ തുടങ്ങി.അന്ധമായ ഭക്തി സ്വതന്ത്ര ചിന്തയ്ക്കെതിരാണെന്ന് വര്‍ക്കി മനസ്സിലാക്കി.തീവ്രവിശ്വാസിയായിരുന്ന അമ്മയ്ക്ക് സങ്കടമായെങ്കിലും വര്‍ക്കി യുക്തിയുടെ മാര്‍ഗത്തില്‍ ചരിക്കാന്‍ തുടങ്ങി.വൃത്തി കെട്ട ആചാരങ്ങളേയും ചൂഷണത്തേയും വര്‍ക്കി എതിര്‍ക്കാന്‍ തുടങ്ങി.നാട്ടില്‍ വസൂരി പടര്‍ന്നു പിടിക്കവെ,നാട്ടിലെ കത്തോലിക്കരെല്ലാം പൂജ നടത്താന്‍ പോയപ്പോള്‍ വര്‍ക്കി പോയത് വാക്സിനേറ്റ് ചെയ്യിക്കാനാണ്‌.
പുരോഹിതന്‍‌മാരെ കൂടുതല്‍ അടുത്തറിയാനിടയായത് ഒരു മാനേജ്‌മെന്റ് സ്കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുമ്പോഴാണ്‌.വൈദികരുടെ അധികാരപ്രമത്തത,പണക്കൊതി,അറിവു കുറവ്,സുഖാസക്തി മുതലായ കാര്യങ്ങളെപ്പറ്റി അടുത്തറിയാന്‍ വര്‍ക്കിക്ക് അവസരം കിട്ടിയത് അപ്പോഴാണ്‌.തങ്ങളുടെ വഴിയില്‍ നിന്ന് അകന്നു പോയിക്കൊണ്ടിരുന്ന കുഞ്ഞാടിനെ പിരിച്ചു വിടാന്‍ തന്നെ മാനേജരച്ചന്‍ തീരുമാനിച്ചു.പക്ഷെ,അതു നടപ്പാക്കാന്‍ പറ്റുന്നതിനു മുമ്പു തന്നെ അച്ചന്‍ സ്ഥലം മാറ്റമായിപ്പോയി.പുതുതായി വന്ന അച്ചന്‍ പണത്തെ മാത്രം ശ്രദ്ധിക്കുന്ന കൂട്ടത്തിലായിരുന്നു.പണപ്പെട്ടിയില്‍ പണം കൂട്ടി വെക്കുകയായിരുന്നു അച്ചന്റെ ഹോബി.ഒരിക്കല്‍ അച്ചന്‍ കൂട്ടി വെച്ച പണം കളവു പോയി.അച്ചന്‍ ഇതറിഞ്ഞ് ബോധരഹിതനായി വീണു.നെടിയില്‍ ഒരു മുറിവു പറ്റി.അനുയായികള്‍ ചേര്‍ന്ന് അച്ചനെ ശുശ്രൂഷിച്ചു.
ഇതിനെ ആധാരമാക്കി പൊന്‍‌കുന്നം വര്‍ക്കിയായി മാറിയ വര്‍ക്കി ഒരു കഥയെഴുതി..ശത്രുക്കള്‍ മുള്‍‌മൂടി തറക്കയാല്‍ രക്തമൊഴുകുന്ന നെറ്റിച്ചെരിവോടു കൂടിയ ക്രിസ്തുവും,പണം കള്ളന്‍ കൊണ്ടു പോയതറിഞ്ഞ് ബോധം കെട്ടു വീണ്‌ നെറ്റിയില്‍ കൂടി ചോരയൊലിപ്പിച്ചു കിടക്കുന്ന പുരോഹിതനും.കഥ കോളിളക്കമുണ്ടാക്കി.
വര്‍ക്കിയുടെ കഥകളിലും ചിന്താഗതികളിലുമൊക്കെ കൃസ്ത്യാനിക്ക് ചേരാത്ത ഭാവങ്ങള്‍ തിങ്ങി നില്‍ക്കുന്നതു കണ്ട് പുരോഹിതന്‍‌മാര്‍ വര്‍ക്കിക്കെതിരെ ഗൂഢാലോചന നടത്തിക്കൊണ്ടിരുന്നു.പള്ളിമതത്തെ വര്‍ക്കി ശക്തമായി ചോദ്യം ചെയ്യാന്‍ തുടങ്ങി.കൃസ്തുവില്‍ നിന്ന് നമുക്ക് കൃസ്തുമതം മനസ്സിലാക്കാം.പക്ഷെ പുരോഹിതന്‍‌മാര്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത് പണത്തിന്റെ മതമാണ്‌.പണമില്ലാത്തവന്‌ അവിടെ സ്ഥാനമില്ല..മറ്റുള്ളവര്‍ക്ക് സ്വര്‍ഗരാജ്യം വാഗ്‌ദാനം ചെയ്യുന്ന അച്ചന്‍‌മാര്‍ സുഖഭോഗങ്ങളില്‍ മുഴുകി ജീവിക്കുന്നു.
വര്‍ക്കിക്ക് പക്ഷെ,അധികകാലം സ്കൂളില്‍ തുടരേണ്ടി വന്നില്ല.പുരോഹിതനും കന്യാസ്ത്രീയുമായുള്ള അവിഹിതബന്ധം നേരിട്ടു കാണേണ്ടി വന്ന വര്‍ക്കിക്ക് ഉദ്യോഗമുപേക്ഷിച്ച് സ്ഥലം വിടേണ്ടി വന്നു.
പക്ഷെ,പുരോഹിതന്റെ കാലടികള്‍ ഇടറുന്നതില്‍ അത്‌ഭുതത്തിന്‌ വകയില്ലെന്ന് വര്‍ക്കി പറയുന്നു.ഇടറത്തക്ക ഒരു സാഹചര്യത്തില്‍ നിര്‍‌ത്തിയ ശേഷം ഇടര്‍ച്ചയെപ്പറ്റി അത്‌ഭുതപ്പെടുന്നതില്‍ കാര്യമൊന്നുമില്ല.
മാന്യമായ സ്ഥാനം,ഇടവകയിലെ ആത്മീയകാര്യത്തിന്റെ പരമാധികാരി,നല്ല വരുമാനം,എന്തു കൊണ്ടും മെച്ചപ്പെട്ട ആഹാരരീതി‌-വര്‍ക്കി പറയുന്നു,"കുര്‍ബാന കഴിഞ്ഞു വന്നാലുടനെ പാല്,മുട്ട,തിന്നാന്‍ കൊള്ളാവുന്ന ഒന്നു രണ്ടു തരം പലഹാരം,ഏത്തപ്പഴം ഇങ്ങനെയാണ്‌ ആദ്യാഹാരം.അതിനു മുമ്പ് കുര്‍ബാനയുടെ സമയത്ത് ക്രിസ്തുവിന്റെ രക്തം എന്നു സങ്കല്‍‌പ്പിച്ച് ഒന്നാം തരം കുറെ വീഞ്ഞും കുടിക്കാന്‍ സാധിക്കുന്നു.ഉച്ചയ്ക്ക് പന്ത്രണ്ടിനും ഒന്നിനും ഇടയ്ക്ക് വിസ്തരിച്ചുള്ള ഊണായി.ഒന്നുകില്‍ കോഴി,അഥവാ താറാവ്.ഇതു രണ്ടുമല്ലെങ്കില്‍ ഏതെങ്കിലും ഇറച്ചി,മീന്‍,മുട്ട ഇതൊക്കെ അതിന്റെ മാറാത്ത ഘടകങ്ങളായിരിക്കും.കോഴിയെ ഒരു പ്രത്യേകതരത്തില്‍ പുഴുങ്ങിത്തിന്നുന്നതാണ്‌ കൂടുതല്‍ ഇഷ്ടം.നാലു മണിക്ക് ലഘുതരം പലഹാരങ്ങള്‍,പഴവര്‍ഗങ്ങള്‍ ഇവയോടുകൂടിയ ചായ,വൈകീട്ട് സുഭിക്ഷമായ അത്താഴം.കിടക്കാന്‍ നേരത്ത് ചൂടുപാലും.ചിലര്‍ക്ക് പാലു നിര്‍ബന്ധമില്ല.അവര്‍ അത്താഴത്തിനു മുമ്പ് ഗൗരവമായ വല്ലതും കുടിക്കുകയായി".
ഇത്തരം വികാരജനകമായ ആഹാരരീതിയും സുഖകരമായ ജീവിതവും ശീലിക്കുന്ന വൈദികന്‍ സ്ത്രീകളെ കൂടുതല്‍ സമയം പള്ളിയിലേക്ക് ക്ഷണിക്കുന്നതില്‍ അദ്‌ഭുതമൊന്നുമില്ലെന്നാണ്‌ പൊന്‍‌കുന്നം വര്‍ക്കി പറയുന്നത്.

ഉദ്യോഗം വിട്ടതിനു ശേഷം വര്‍ക്കി ക്രിസ്തുമതത്തെപ്പറ്റിയും പുരോഹിതന്‍‌മാരുടെ ജീവിതത്തെപ്പറ്റിയും കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു.പള്ളിമതത്തെ കൂടുതല്‍ കൂടുതല്‍ വര്‍ക്കി എതിര്‍ക്കാന്‍ തുടങ്ങി.കത്തോലിക്കാ മതവിശ്വാസത്തില്‍ നിന്നും വര്‍ക്കി അകന്നകന്ന് പോയി.വര്‍ക്കിയെ തിരുത്തുവാനുള്ള ശ്രമങ്ങള്‍ ഉണ്ടായി.തീവ്രവിശ്വാസിയായിരുന്ന അമ്മ വര്‍ക്കിയെയോര്‍ത്ത് ദു:ഖിച്ചു.പക്ഷെ,പുരോഹിത മേധാവിത്വത്തെ അംഗീകരിക്കാന്‍ വര്‍ക്കി തയ്യാറായിരുന്നില്ല.വഴിപാടുകള്‍,നേര്‍ച്ചകള്‍ തുടങ്ങിയ സാമ്പത്തിക ചൂഷണങ്ങളെ അദ്ദേഹം നിരുല്‍‌സാഹപ്പെടുത്തി.പണം ദൈവത്തിന്റെ ഏറ്റവും വലിയ അയോഗ്യതയാണെന്ന് വര്‍ക്കി പ്രചരിപ്പിച്ചു.പുരോഹിതമതത്തിന്റെ ചൂഷണങ്ങള്‍ തുറന്നു കാണിച്ചു കൊണ്ട് പൊന്‍‌കുന്നം വര്‍ക്കി കൂടുതല്‍ കൂടുതല്‍ കഥകളെഴുതിയപ്പോള്‍,തങ്ങളുടെ ഉറച്ച സംഘടനാസം‌വിധാനമുപയോഗിച്ച് പള്ളിക്കാര്‍ അദ്ദേഹത്തെ പല വിധത്തില്‍ ഉപദ്രവിക്കാന്‍ തുടങ്ങി.
പൊന്‍‌കുന്നം വര്‍ക്കിയെ സഭ ദൈവവിരോധിയായി പ്രഖ്യാപിച്ചു.മകന്‍ ദൈവനിഷേധം കാണിച്ചതിന്‌ വര്‍ക്കിയുടെ അമ്മയെ പള്ളിക്കുറ്റത്തില്‍ നിര്‍ത്തി.വര്‍ക്കിയുടെ പ്രണയത്തെപ്പോലും വൈദികര്‍ തകര്‍ത്തിട്ടു.വര്‍ക്കിയുടെ കൃതികള്‍ വായിക്കരുതെന്ന് കല്‍‌പ്പിച്ചു.ഒരു പാഠപുസ്തകമാക്കിയിരുന്ന 'തിരുമുല്‍‌ക്കാഴ്‌ച' എന്ന ഗ്രന്ഥത്തിനു നേരെ അവര്‍ ഉറഞ്ഞു തുള്ളി.അത് പിന്‍‌വലിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി.പുസ്തകത്തിലെ വിവാദ വിഷയങ്ങള്‍ തിരുത്തണമെന്നൊക്കെ ആവശ്യപ്പെട്ട് ചില മതേതരക്കാരും രംഗത്തു വന്നു.മുന്‍ പിന്‍ ബന്ധമില്ലാതെ കൃതിയില്‍ നിന്നും കുറേ വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് ,അവ പൊക്കിക്കാണിച്ച് ശക്തമായ പ്രചരണമാണ്‌ നടത്തിയത്.അവസാനം ആ പാഠപുസ്തകം നിര്‍ബന്ധിതമല്ലാതാക്കി ഗവണ്‍‌മെന്റ് തലയൂരി.വര്‍ക്കിയെ പിരിച്ചു വിടാന്‍ തീരുമാനിച്ചത് മഹാകവി ഉള്ളൂര്‍ ഇടപെട്ട് ഒഴിവാക്കി.
പള്ളിയുടെ ആള്‍ക്കാരും പൊന്‍‌കുന്നം വര്‍ക്കിയുമായുള്ള നിരന്തരപോരാട്ടത്തിന്റെ കഥയാണ്‌ പുസ്തകത്തിന്റെ മുഖ്യഭാഗം.ശാരീരികവും മാനസികവുമായ വളരെയധികം ആക്രമണങ്ങള്‍ വര്‍ക്കിക്ക് നേരിടേണ്ടി വന്നു.ജയില്‍‌വാസമുള്‍പ്പെടെയനുഭവിച്ചപ്പോഴും തന്റെ ആശയങ്ങളില്‍ തെല്ലിട വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല.
സംഭവബഹുലവും ദീര്‍ഘവുമായ ജീവിതത്തിനു ശേഷം 2004 ല്‍ പൊന്‍‌കുന്നം വര്‍ക്കി ഈ ലോകത്തോട് വിട വാങ്ങി.പള്ളിയുടെ യുദ്ധം പൊന്‍‌കുന്നം വര്‍ക്കിയുടെ മൃതദേഹത്തോടു വരെയുണ്ടായി.കോട്ടയത്തെ നവലോകം പ്രവര്‍ത്തകരും മുന്‍‌മന്ത്രി ടി.കെ.രാമകൃഷ്ണനുമൊക്കെ ചേര്‍ന്ന് അവിടെ വൈദികരെ നേരിട്ട കഥ പുസ്തകത്തിന്റെ വിപുലമായ അനുബന്ധത്തില്‍..
പൊന്‍‌കുന്നം വര്‍ക്കിയുമായുള്ള ഒരു അഭിമുഖം ഉള്‍പ്പെടെ ദീര്‍ഘമായ ഒരു അനുബന്ധവും ഈ പുസ്തകത്തിനുണ്ട്..

9 comments:

മൂര്‍ത്തി said...

നന്ദി...
ഈ പോസ്റ്റിന്റെ താഴെ കുറെ സ്പെയ്‌സ് കിടക്കുന്നു. എഡിറ്റ് മോഡില്‍ പോയി പുസ്തകത്തിനുണ്ട്. എന്നതിനു ശേഷം കഴ്‌സര്‍ കൊണ്ട് വെച്ച് കുറച്ച് ഡിലിറ്റ് അടിച്ചാല്‍ അത് പോയിക്കിട്ടും.

ശ്രീ said...

ഇത്രയും വിശദമായ വിവരണത്തിനു നന്ദി മാഷേ.

അനില്‍@ബ്ലോഗ് // anil said...

മനോഹരമായ വിവരണം.
വിശറിക്കു കാറ്റുവേണ്ടെന്നു കണ്ടെത്തിയ പ്രതിഭയെക്കുറിച്ചു നല്‍കിയ വിവരങ്ങള്‍ക്കു നന്ദി.

anushka said...

മൂര്‍ത്തിക്ക് നന്ദി.പറഞ്ഞതു പോലെ ചെയ്തു.
ശ്രീ ക്കും അനിലിനും നന്ദി.ഇത്തരമൊരു പോസ്റ്റിന്‌ തെറിവിളിയാണ്‌ പ്രതീക്ഷിച്ചത്.

smitha adharsh said...

നീണ്ട വിവരണം ആണല്ലോ?
കൊള്ളാം കേട്ടോ.

siva // ശിവ said...

ഇങ്ങനെ സുന്ദരമായ ഒരു വായനയ്ക്ക് അവസരം തന്നതിന് ഒരുപാട് നന്ദി...

kichu / കിച്ചു said...

ഇപ്പൊഴാണ് കണ്ടത്.

നല്ല വിവരണം. വര്‍ക്കിയെപ്പറ്റി കൂടുതലറിയാന്‍ പ്രേരണയായി.

Anonymous said...

Thanks for a such a valuable information....

anushka said...

http://www.dcbooks.com/blog/ponkunnam-varkeydc-books-dc-books-blo/