Thursday, April 3, 2008

ടി.വി ക്കെതിരെ നാല് ന്യായങ്ങള്‍






പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ ജെറി മാന്‍ഡറുടെ FOUR ARGUMENTS FOR ELIMINATION OF T.V എന്ന കൃതിയുടെ സംക്ഷേപമാണ്‌ ടി വിക്കെതിരെ നാലു ന്യായങ്ങള്‍ എന്ന പുസ്തകം. സാങ്കേതികവിദ്യകള്‍ നിഷ്‌പക്ഷമാണെന്നും നല്ലതിനോ തീയതിനോ ഉപയോഗിക്കാവുന്ന ഒരു നിഷ്‌പക്ഷ സാങ്കേതികവിദ്യയാണ് ടെലിവിഷന്റേതെന്നുമ്മുള്ള ധാരണ ഈ പുസ്തകം ചോദ്യം ചെയ്യുന്നു.ഈ മാധ്യമവുമായുള്ള നമ്മുടെ ബന്ധമാണ്‌ അതിലൂടെ പ്രേഷണം ചെയ്യപ്പെടുന്ന പരിപാടിയേക്കാള്‍ അപകടകാരിയെന്ന്‌ മാന്‍‌ഡര്‍ കണ്ടെത്തുന്നു.
പത്രപ്രവര്‍ത്തകയായ കബനി ആണ്‌ ഈ പുസ്തകം വിവര്‍‌ത്തനം ചെയ്തിരിക്കുന്നത്.
ഗ്രന്ഥകാരനായ ജെറി മാന്‍ഡര്‍ പരസ്യനിര്‍മ്മാണ രംഗത്ത് അനേകവര്‍‌ഷങ്ങള്‍ ചെലവഴിച്ച വ്യക്തിയാണ്‌.അപ്പോഴുണ്ടായ അനുഭവങ്ങളാണ്‌ ഈ പുസ്തകത്തിന്റെ പിന്‍‌ബലം.മനുഷ്യന്റെ ഹൃദയത്തിലേക്കുള്ള വഴി അവന്റെ തലയിലൂടെയായതുകൊണ്ട്‌ സ്വപ്നത്തില്‍ പോലും കാണാനാവാത്ത പ്രവൃത്തികള്‍ മാധ്യമം എന്ന മാന്ത്രികന്‌ മനുഷ്യനേക്കൊണ്ട്‌ ചെയ്യിക്കാനാകുമെന്ന്‌ മാന്‍ഡര്‍ മനസ്സിലാക്കി.ടെലിവിഷനും പരസ്യങ്ങളും ഏതാണ്ടെല്ലാ ബഹുജനമാധ്യമങ്ങളും അവയുടെ ആത്യന്തികമായ ഉപയോഗമെന്തെന്നും ഫലമെന്തെന്നും മുന്‍‌കൂട്ടി തീരുമാനിച്ചിട്ടുള്ളതാണ്‌.പ്രശസ്തമായ ഒരു സ്ഥാപനത്തില്‍ സുഖസമൃദ്‌ധമായ ഒരു ജീവിതം നയിച്ചു കൊണ്ടിരിക്കുമ്പോളാണ്‌ മാന്‍ഡര്‍ മാധ്യമങ്ങളുടെ പൊള്ളത്തരങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്.വിയറ്റ്‌നാം യുദ്ധവിരുദ്ധസമരങ്ങളില്‍ പങ്കെടുത്ത മാന്‍ഡര്‍ സാമൂഹ്യസംഘടനകളുടെ മാധ്യമ ഉപദേശകനായി പ്രവര്‍‌ത്തിച്ചു.മാധ്യമങ്ങള്‍ വാര്‍ത്തകളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ അപാകതകള്‍ ഉണ്ടെന്ന്‌ മാന്‍ഡര്‍ക്ക്‌ കൂടുതല്‍ ബോധ്യമാകാന്‍ തുടങ്ങി.ലാഭം കൊയ്യാന്‍ വരുന്നവര്‍ പത്രത്തിന്റെ മുന്‍ പേജില്‍ സ്ഥാനം നേടുന്നതും വ്യക്തിഗതതാല്‍‌പര്യങ്ങള്‍ പൊതുതാല്‍‌പര്യങ്ങളെ തോല്‍‌പ്പിക്കുന്നതും കണ്ട മാന്‍ഡര്‍ പരസ്യനിര്‍‌മ്മാതാവെന്ന നിലയില്‍ താനും ഇത്തരം കീഴ് മേല്‍ മറിക്കലിന്‌ ഉപകരണമാവുകയാണെന്ന്‌ തിരിച്ചറിഞ്ഞു.ഈ സാഹചര്യത്തിലാണ്‌ അദ്ദേഹം ടെലിവിഷന്റെ സ്വാധീനത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്.ടെലിവിഷന്‍ തരുന്നതൊന്നും യഥാര്‍ഥ അനുഭവമല്ലെന്നും പ്രത്യേകതരത്തില്‍ പാകപ്പെടുത്തിയ അനുഭവങ്ങളാണെന്നും ഇതിനു വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കപ്പെടുന്നുണ്ടെന്നും അവ തങ്ങളെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ടെന്നും മിക്കപേരും തിരിച്ചറിഞ്ഞില്ല.
ജെറി മാന്‍ഡര്‍ ടെലിവിഷനെതിരെ തന്റെ നാലു വാദങ്ങള്‍ ഇങ്ങനെ അവതരിപ്പിക്കുന്നു.ഒന്ന് :ടി.വി.നമ്മെ പ്രാഥമിക അനുഭവങ്ങളുടെയും അനുഭൂതികളുടേയും ലോകത്തുനിന്ന്‌ വെട്ടിമാറ്റുകയും നമ്മെ കൃത്രിമമായ ഒരു ലോകത്തേക്കു നയിക്കുകയും ചെയ്യുന്നു.നാം പൊള്ളമനുഷ്യരായി മാറുന്നു.കാണികളെന്ന നിലയില്‍ നാം വെറും ബാഹ്യാകാശയാത്രികര്‍. രണ്ട്‌:ടി.വി. കാണികളുടെ അനുഭവങ്ങളെ കൊളണീകരിക്കുന്നു.ഈ യന്ത്രം കോര്‍‌പറേറ്റ് ആധിപത്യത്തിലാകുന്നത് ആകസ്മികമല്ല.സാങ്കേതികവും സാമ്പത്തികവുമായ ഗൂഢാലോചനയുടെ സൃഷ്‌ടിയാണിത്‌. മൂന്ന് : ടി.വി. കാണികളെ ശാരീരികവും മാനസികവുമായി ദുര്‍‌ബലരും വിധേയരുമാക്കുന്നു.ഏകാധിപത്യത്തിന്‌ എളുപ്പം കീഴടക്കാവുന്ന ഘടനയാണ്‌ ടി.വി ക്കുള്ളത്. പ്രതികരണമില്ലാത്ത വെറും കാണികളേയാണ്‌ അത് സൃഷ്‌ടിക്കുന്നത്. നാല്‌ :ഗൗരവമുള്ളതൊന്നും വിനിമയം ചെയ്യാനാവാത്തതാണ്‌ ഈ യന്ത്രം.ജനാധിപത്യപരമായ സം‌വാദത്തിനുള്ള അവസരമേ ഈ ഉപകരണത്തിനില്ല.നിര്‍‌മ്മിതിയില്‍ തന്നെ ,ടെക്‌നോളജിയില്‍ തന്നെയുള്ള വിവേചനമാണ്‌ ഇത്. ടി.വി യുടെ പ്രത്യയശാസ്‌ത്രം അതിന്റെ സാങ്കേതികത തന്നെയെന്ന് മാന്‍ഡര്‍ സ്ഥാപിക്കുന്നു.ടി.വി പരസ്യത്തിനോ വിനോദത്തിനോ മാത്രം ഉപയുക്തമാകുന്നതാണ്‌.
ഈ നാലു വാദമുഖങ്ങളുടെ വിശദീകരമാണ്‌ ഈ ഗ്രന്ഥം.
ടി.വി നമ്മുടെ അനുഭവങ്ങളില്‍ ഇടപെടുകയും ബോധമണ്ഡലത്തെ മൂടിക്കളയുകയും ചെയ്തു.നമ്മുടെ ചുറ്റുപാടുകളെ മാറ്റി മറിച്ചു.നമ്മുടെ അനുഭൂതികളേയും മാറ്റി മറിച്ചു.നമ്മുടെ അറിവിനെ അന്യവല്‍‌ക്കരിച്ചു.മനസ്സിനെ സ്വാധീനിക്കുന്ന ഈ യന്ത്രം ഏകാധിപത്യത്തിന്റെ വളറ്‌ച്ചക്കാവശ്യമായ സാഹചര്യങ്ങളെ സൃഷ്‌‌ടിച്ചു.ഈ സാഹച്ചര്യങ്ങള്‍ മാന്‍ഡര്‍ എണ്ണിപറയുന്നുണ്ട്‌.

ടി.വി സമ്പത്തിനാല്‍ നിയന്ത്രിക്കപ്പെടുന്നത് യാദൃശ്ചികമല്ല.ഉപഭോഗ സംസ്കൃതിയുടെ ഇരകളായി ജനതയെ മാറ്റിയെടുക്കുക അതിന്റെ ദൗത്യം തന്നേയാണ്‌.സാങ്കേതികവും ധനശാസ്‌ത്രപരവുമായ ഒരു ഗൂഢാലോചന ഇതിനു പിന്നിലുണ്ട്‌.

ആദ്യമായി അത് മൂല്യങ്ങളെ സൃഷ്‌ടിച്ചു , പിന്നെ മനുഷ്യനെ വിപണിയുടെ അടിമയാക്കി.എന്തും വില്‍‌പ്പനചരക്കാക്കി.അത് ആവശ്യങ്ങളെ സൃഷ്‌ടിച്ചു കൊണ്ടീരിക്കുകയും അസംതൃപ്‌തരെ വളര്‍‌ത്തുകയും ചെയ്തു.അന്തിമവിശകലനത്തില്‍ സംഭവിച്ചത്‌ നമ്മളെ തന്നെ തിരിച്ചു വാങ്ങല്‍ തന്നെയാണ്‌ ,മാന്‍ഡര്‍ വിശദീകരിക്കുന്നു.


ടെലിവിഷന്‍ നൈസര്‍‌ഗികാനുഭവങ്ങളെ മാറ്റി പ്രതിഷ്‌‌ടിക്കുകയും നമ്മുടെ സങ്കല്പങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്തു.നമ്മുടെ വികാരങ്ങളേപ്പോലും മാധ്യമങ്ങളെ അനുകരിക്കുന്ന തരത്തില്‍ മാറ്റി.നന്മ നിറഞ്ഞ ഒരു ലോകത്തെ തിരിച്ചു കൊണ്ടു വരണമെങ്കില്‍ ടെലിവിഷനെ വലിച്ചെറിയുക മാത്രമേ വഴിയുള്ളൂ എന്ന് ഗ്രന്ഥകര്‍‌താവ് യുക്തിഭദ്രമായി വിശദീകരിക്കുന്നു.

ഈ ന്യായങ്ങളൊക്കെ ശരിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതില്‍ മാന്‍ഡര്‍ വിജയിക്കുന്നെങ്കിലും ഈ യന്ത്രം നമ്മെ അത്രയധികം അടിമയാക്കി മാറ്റിയെന്നു നാം മനസ്സിലാക്കുന്നു.നന്നായി പുസ്തകം വിവര്‍ത്തനം ചെയ്ത കബനിയെ നാം ഒരിക്കലും ടി.വി ചാനലില്‍ കണ്ടീട്ടില്ല.പുസ്തകത്തിനു അവതാരികയെഴുതിയ സാഹിത്യകരനായ കബനിയുടെ പിതാവിനേയും പുസ്തകത്തിനു മേല്‍‌നോട്ടം വഹിച്ച സാഹിത്യകാരനേയും നാം മിക്ക ദിവസവും ടി.വി. ചര്‍‌ച്ചകളില്‍ കാണാറുണ്ട്‌.

No comments: