Monday, April 18, 2016

VEDIKKETT

വെടിക്കെട്ടെന്നും ദുരന്തമെന്നും ഒക്കെ കേള്‍ക്കുമ്പോള്‍ ഞാന്‍ കേട്ട ഭീകരമായ ഒരു പൊട്ടലും അതിന്‍റെ പ്രകമ്പനങ്ങളും ഓര്‍ത്തു പോയി. ആ ദുരന്തത്തിരയായ ശിവകാശിക്കാരന്‍ ചെറുപ്പക്കാരന്‍റെ മുഖവും മനസിലേക്കു വന്നു.
എത്രയോ കൊല്ലം മുമ്പേ സംഭവിച്ചതാണ്. ഡ്യൂട്ടിക്കിടെ കണ്ടതുമാണ്. ജോലിക്കിടെ അങ്ങനെ എത്രയെത്ര ദുരന്തങ്ങള്‍ കണ്ടിരിക്കുന്നു.. എങ്കിലും ഈ ചെറുപ്പക്കാരന്‍റെ മുഖം ഇടക്കിടെ മനസിലേക്കെത്തുന്നു.
അന്ന് ഞാന്‍ ഒരു സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ജോലി ചെയ്യുന്നു. അടുത്തു തന്നെ ഒരു ചെറിയ അമ്പലമുണ്ട്. ആശുപത്രിയും അമ്പലവുമൊക്കെ ഇപോഴും അങ്ങനെത്തന്നെയുണ്ട്.ആശുപത്രിയുടെ പേര്‍ താലൂക്ക് ആശുപത്രി എന്നാക്കി മാറ്റിയിരിക്കുന്നു എന്നു മാത്രം.
ഒരു ഉല്‍സവകാലത്താണ് ഞാന്‍ അവിടെ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിക്കു പ്രവേശിക്കുന്നത്. ഉല്‍സവത്തിന്‍റെ ഒരു അന്തരീക്ഷം അവിടെയെങ്ങുമുണ്ടായിരുന്നു. ക്ഷേത്രത്തില്‍ ദിവസവും ആധ്യാത്മികപ്രഭാഷണങ്ങളുമുണ്ടായിരുന്നു.
ഒരു ദിവസം ഉച്ചക്ക് ആശുപത്രിയില്‍ നിന്നിറങ്ങി ചോറു കഴിക്കാന്‍ പോകുമ്പോള്‍ കുറച്ചു പേര്‍ നിരന്നു നിന്ന് പിരിവെടുക്കുന്നു. ' വൈകുന്നേരം തിറയാണ്. രാത്രി വെടിക്കെട്ടും ഉണ്ട്." അവര്‍ പറഞ്ഞു.
ഇവരുടെ നിര്‍ബന്ധിതപിരിവ് എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും പണം കൊടുക്കാതിരിക്കാനാകില്ലായിരുന്നു. ഇഷ്ടമില്ലാതെയെങ്കിലും പൈസ കൊടുത്തു. ' തിറയും വെടിക്കെട്ടും കാണാന്‍ വരണം' - അവര്‍ ക്ഷണിച്ചു..
അന്നെനിക്ക് രാത്രിഡ്യൂട്ടിയുമുണ്ടായിരുന്നു.രാത്രി പത്തു മണി കഴിഞ്ഞപോള്‍ ഉല്‍സവപ്പറമ്പിലേക്കിറങ്ങി. തിറയാട്ടം കഴിഞ്ഞിരിക്കുന്നു. പക്ഷെ, നിറയെ ജനങ്ങളുണ്ട്. കുറച്ചു സമയത്തിനുള്ളില്‍ വെടിക്കെട്ട് തുടങ്ങും. അതിനു വേണ്ടി കാത്തു നില്‍ക്കുന്നു ആളുകള്‍...
കുറച്ചു നേരം അവിടെ തിരിഞ്ഞു കളിച്ച് ഞാന്‍ ഹോസ്പിറ്റലിലേക്ക് മടങ്ങി . വെടിക്കെട്ടിന്‍റെ വര്‍ണ്ണ വിസ്മയങ്ങള്‍ ഇഷ്ടമായിരുന്നെങ്കിലും എനിക്കവിടെ കാത്തു നില്‍ക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല. തിരിച്ചു വന്ന് റൂമില്‍ കയറി കിടന്നു..
അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ വെടിക്കെട്ട് തുടങ്ങി. തുടക്കത്തില്‍ ഓരോന്നോരാന്നായി പൊട്ടാന്‍ തുടങ്ങി. പിന്നീടത് വെടിയുടെ മാലയായി മാറി.എനിക്കത് മുറിക്കുള്ളില്‍ നിന്നു തന്നെ കേള്‍ക്കാമായിരുന്നു.. ജനാലക്കിടയിലൂടെ വര്‍ണ്ണപ്രകാശങ്ങളും കാണാമായിരുന്നു. ഞാന്‍ റൂമില്‍ നിന്ന് പുറത്തിറങ്ങിയില്ല.
പെട്ടെന്ന് ഒന്നു സംഭവിച്ചു. നല്ല വെളിച്ചത്തോടു കൂടി ഭയങ്കരമായ ശബ്ദത്തില്‍ ഒറ്റ പൊട്ടല്‍ ... ആ കെട്ടിടമാകെ കുലുങ്ങി വിറച്ചു. ജനാലകളുടേയും വാതിലിന്‍റേയും കിടുക്കം കുറച്ചു നേരം നില നിന്നു.പിന്നീട് എല്ലാം നിശബ്ദമായി.
ഭയങ്കരമായി എന്തോ സംഭവിച്ചു എന്നാണ് എനിക്ക് ആദ്യം തോന്നിയത്. പിന്നീട് തോന്നി. ഒന്നും സംഭവിച്ചു കാണില്ല. അവസാനത്തെ വെടിയായതു കൊണ്ടാകണം അതിത്തിരി സ്ട്റോങ്ങായത്. കലാശക്കൊട്ട് എന്ന് പറയുന്നത് ഇതായിരിക്കണം...
ആശ്വാസം അധിക നേരം നീണ്ടു നിന്നില്ല. കുറച്ച് ആളുകള്‍ ഒരു മനുഷ്യനെയുമെടുത്ത് ഓടി വരുന്നു.. നെഞ്ചത്ത് ഒരു തോര്‍ത്തു മുണ്ടിട്ടിട്ടുണ്ട്. തോര്‍ത്തു മുണ്ട് മാറ്റി നോക്കിയപോള്‍ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു.
ഒരു ചെറുപ്പക്കാരന്‍ , അയാളുടെ നെഞ്ചിന്‍ കൂട് ആകെ തകര്‍ന്ന് തെറിച്ചു പോയിരുന്നു..
ശ്വാസകോശങ്ങളൊക്കെ പുറത്തു കാണാം.. വയറിന്‍റെ മുകള്‍ ഭാഗവും അടര്‍ന്നു പോയിരിക്കുന്നു. അയാള്‍ക്ക് അപോഴും ബോധവുമുണ്ട്. . മുഖത്തൊന്നും പരിക്കു പറ്റിയിട്ടില്ല..
അയാള്‍ക്ക് പ്രാഥമിക ശുശ്രൂഷ കൊടുത്ത് ഒരു ആംബുലന്സ് വിളിച്ച് മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയച്ചു. മറ്റൊന്നും ചെയ്യാനാകുമായിരുന്നില്ല. മിടുക്കിയായ ഒരു സ്റ്റാഫ് നഴ്സ് സെക്കന്ഡുകള്‍ക്കുള്ളില്‍ ഒരു ഐ.വി കാനുല ഇട്ടിരുന്നു. വൂണ്ട് സര്‍ട്ടിഫിക്കറ്റ് എഴുതാനൊന്നും നിന്നില്ല. അയാള്‍ അല്‍പ്പ സമയത്തിനുള്ളില്‍ മരിച്ചു പോകുമെന്ന് ഉറപ്പായിരുന്നു.
പിറ്റേന്ന് പത്രത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങളറിഞ്ഞു. മെഡിക്കല്‍ കോളേജിലേക്കുള്ള വഴിയില്‍ വെച്ചു തന്നെ അയാള്‍ മരണപ്പെട്ടു. അയാള്‍ ഒരു തമിള്‍ നാട്ടുകാരനായിരുന്നു. ഇവിടെ ജോലിക്കു വന്നിട്ട് ഒരാഴ്ചയായേയുള്ളൂ
അടുത്തുള്ള ഒരു ബേക്കറിയില്‍ ആയിരുന്നു അയാള്‍ക്ക് പണി കിട്ടിയത്. ലക്ഷ്യം തെട്ടിപ്പാഞ്ഞ ഒരു വെടിയാണ് അയാളുടെ ജീവനെടുത്തത്. നെഞ്ചത്തടിച്ച ഒരു തകിടാണ് അയാളുടെ നെഞ്ചിന്‍ കൂട് തെറിപ്പിച്ചത്. അപ്പുറത്തും ഇപ്പുറത്തും നിന്നവര്‍ക്ക് ഒന്നും പറ്റിയില്ല..
പിറ്റേന്ന് പോലീസുകാര്‍ വന്ന് എന്നോട് വൂണ്ട് സര്‍ട്ടിഫിക്കറ്റ് എഴുതി വാങ്ങി. കുറച്ചു സമയം കഴിഞ്ഞ് ഉല്‍സവക്കമ്മറ്റിയില്‍ പെട്ട നാലഞ്ചു പേര്‍ അവിടെ വന്ന് വിവരങ്ങളരാഞ്ഞു. " നമ്മുടെ ആളുകളൊന്നും ഇതില്‍ പെടാഞ്ഞത് ഭാഗ്യം.. പാവം തമിഴനാണ് ഇതില്‍ പെട്ടു പോയത്.." - ഒരാള്‍ പറഞ്ഞു.
ആലോചിക്കുകയായിരുന്നു.. വസുധൈവ കുടുംബകം എന്നൊക്കെ ഉച്ചക്ക് നടന്ന ആത്മീയപ്രഭാഷണത്തില്‍ പറഞ്ഞിരുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പറഞ്ഞാണ് പ്രഭാഷണം അവസാനിപ്പിച്ചത്.
ആശുപത്രിയില്‍ കാണിക്കാന്‍ വന്ന ഒരു സ്ത്രീയാണ് അയാള്‍ക്ക് മറുപടി പറഞ്ഞത്. ' അതും ഒരമ്മ പെറ്റ മോന്‍ തന്നെ' - അവര്‍ പറഞ്ഞു.. അയാള്‍ക്കും ഒരു കുടുംബമുണ്ടായിരിക്കും..വീട്ടില്‍ അയാളെ കാത്ത് അയാളുടെ കുട്ടികള്‍ കാത്തിരിക്കുന്നുണ്ടാകും.....
ഒരു കാര്യം മനസിലായി. ആത്മീയപ്രഭാഷണം നടത്തുന്നവരെക്കാള്‍ ആത്മീയത സാധാരണ ജനങ്ങള്‍ക്കത്രെ.
അന്യന്‍റെ ചോര ഇവിടെ വീഴുമെന്ന് ദേവപ്രശ്നത്തില്‍ കണ്ടിരുന്നുവെന്ന് മറ്റൊരു ഭക്തനും പറയുന്നതു കേട്ടു..
വെടിക്കെട്ട് പ്രണയികളോട് എനിക്കിത്രയെ പറയാനുള്ളൂ..
നിങ്ങളുടെ ജീവന്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും മാത്രം വില പിടിച്ചതാണ് .. മറ്റുള്ളവര്‍ ലോകാ സമസ്താ സുഖിനോ ഭവന്തു എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കും.....

1 comment:

Cv Thankappan said...

നല്ല കുറിപ്പ്
ആശംസകള്‍