Saturday, September 5, 2015

CASTE, RELIGION

ഞങ്ങളുടെ മുന്നിലായിരുന്ന നേതാക്കളും സഖാക്കളും എങ്ങനെ അപ്രത്യക്ഷരായി എന്നറിഞ്ഞു കൂടാ.
പക്ഷെ , പോലീസ് ഞങ്ങളെ പിടിച്ച്  പോലീസ് വണ്ടിയിലും പോലീസ് സ്റ്റേഷനിലും മജിസ്റ്റ്രേറ്റിന്റെ മുന്നിലും കൊണ്‍റ്റു പോകുമ്പോള്‍ കൂടെ ഞങ്ങളുടെ നേതാക്കള്‍  ആരും ഉണ്ടായിരുന്നില്ല..അവസാനം ഞങ്ങള്‍ എണ്‍‌പത്  പേരെ ജയിലില്‍ കൊണ്ടു തള്ളുമ്പോഴും  ആരുമുണ്ടായിരുന്നില്ല.  

കരുണാകരന്റെ കാലത്ത് നടന്ന ആ മെഡിക്കല്‍ സമരത്തില്‍ അന്നേ  ദിവസം കലക്റ്ററേറ്റിനു മുമ്പില്‍ ലാത്തിചാര്‍ജും  തെരുവു യുദ്ധവുമായിരുന്നു. ഒരു  പോലീസുകാരനും  നിരവധി  വിദ്യാര്‍ഥികള്‍ക്കും പരിക്കു പറ്റിയിരുന്നു..പോലീസുകാരെ കൊടുവാളു കൊണ്ട്  വെട്ടിക്കൊല്ലാന്‍ നോക്കിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കുറച്ചു ദിവസം ജയിലില്‍ കിടക്കാന്‍ ഭാഗ്യമുണ്ടായത്  അങ്ങനെയാണ്....എന്റെ പേരുണ്ടാക്കിയ  ക്ലറിക്കല്‍ പ്രശ്നം കാരണം എനിക്ക് രണ്ടു ദിവസം കൂടുതല്‍ കിടക്കേണ്ടി വന്നിരുന്നു.


അവസാനം ജാമ്യം കിട്ടി പുറത്തിറങ്ങിയ ഞങ്ങൾ പത്തു പേരെ സഖാക്കൾ മാലയിട്ടും ലഡു തന്നും സ്വീകരിച്ചതും ധീരാ വീരാ എന്നൊക്കെ വിളിച്ച്‌ പ്രകടനം നടത്തിയതും പിന്നീട്‌ പാർട്ടി ഓഫീസിൽ കൊണ്ടു പോയി ചായയും മധുരപ്പവും തന്നതും ഇപ്പോഴും തമാശയോടെ ഓർക്കുന്ന ഒരു രംഗമാണ്‌ജയിലുകളും കോടതികളുമായുള്ള ബന്ധം അന്നു തുടങ്ങുന്നു..
ജയിലിൽ നിന്നിറങ്ങിയതിനു ശേഷം പല തവണ കേസിനായി കോടതിയിൽ പോകേണ്ടി വന്നു. പിന്നീട്‌ സർക്കാർ മാറിയപ്പോഴാണ്‌ കേസുകൾ പിൻവലിച്ചത്‌.


പിന്നീട്‌ കോടതിയിൽ പോയതെല്ലാം ഡോക്റ്റർ എന്ന നിലയിൽ എക്സ്‌പർട്ട്‌ വിറ്റ്‌നസ്‌ ആയാണ്‌. നിങ്ങൾ ഒരു പ്രതിയായാലും സാക്ഷി ആയാലും വിദഗ്ദസാക്ഷി ആയാലും കോടതി അത്ര സുഖകരമായ അനുഭവമല്ല.

പലപ്പോഴും അസ്വസ്ഥജനകമായ  അന്തരീക്ഷത്തില്‍ വളരെയേറെ നേരം കാത്തു നില്‍ക്കേണ്ടി വരുന്നു..

ആദ്യമായി സാക്ഷി പറയാന്‍  കോടതിയില്‍ പോയത്  ഒരു കൊലപാതകക്കേസിലാണ്. ഒരു  ഡിസംബര്‍  മുപ്പത്തി ഒന്നിന്    അര്‍ദ്ധരാത്രി  നഗരം മുഴുവന്‍  ആഘോഷത്തിലായിരിക്കുമ്പോള്‍ ടൗണിലെ ഒരു സ്വര്‍ണ്ണക്കടക്കാരനും  ബംഗാളിയായ തൊഴിലാളിയും   തമ്മില്‍  എന്തോ  വാക്കുതര്‍ക്കമുണ്ടാകുകയും  മുതലാളി   കൈയില്‍ കിട്ടിയ ഒരു കത്തിയെടുത്ത് തൊഴിലാളിയെ  കുത്തുകയുമായിരുന്നു. നിര്‍ഭാഗ്യത്തിന്  കത്തി കൊണ്ടത്   തലച്ചോറിലേക്ക്  രക്തം നല്‍കുന്ന   കഴുത്തിലെ  പ്രധാന  ആര്‍ട്ടറിക്കാണ്.


തൊട്ടടുത്ത ആശുപത്രിയിൽ കൊണ്ടു വരുമ്പോൾ  അയാളുടെ കഴുത്തിൽ നിന്ന്  രക്തം ചീറ്റിപ്പായുന്നുണ്ടായിരുന്നു,. അയാൾ  ചോരയിൽ കുളിച്ചിരുന്നെങ്കിലും  പൂർണ്ണമായി  ബോധവാനുമായിരുന്നു .

മെഡിക്കൽ കോളേജിൽ നിന്ന്  ഒരു മാസം മുമ്പ് മാത്രം പാസായി വന്ന ഞാനാണ്   കാഷ്വാലിറ്റി  മെഡിക്കൽ  ഓഫീസരുടെ  വേഷത്തിൽ അയാളെ പരിശോധിച്ചത് . എനിക്കധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പ്രാഥമിക ശുശ്രൂഷ  നൽകി  അയാളെ ഒരു ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്കു വിട്ടു.. സർജൻ  പുതുവർഷം  ആഘോഷിക്കാൻ പോയിരിക്കുകയുമായിരുന്നു. മെഡിക്കൽ കോളേജില് വെച്ച്  രക്തക്കുഴൽ തുന്നിക്കെട്ടിയെങ്കിലും കുറച്ച്  കഴിഞ്ഞ്  അയാൾ  മരിച്ചു പോയി.

നാലോ അഞ്ചോ കൊല്ലം കഴിഞ്ഞാണ്  ഈ കേസിനു  വേണ്ടി ഹാജരാകാൻ  കോടതിയിൽ നിന്ന് സമൻസ് വന്നത്.  അന്ന് കുറേ  വായിച്ചു പഠിച്ചാണ്  കോടതിയിൽ പോയത് .  ഞാൻ വിചാരിച്ചത് എന്നോട്  വലിയ വലിയ അനാട്ടമി ചോദ്യങ്ങൾ ചോദിക്കുമെന്നാണ്. എന്നോടാകെ ചോദിച്ചത് നാല് ചോദ്യങ്ങൾ  മാത്രവും. ഒരു സാധാരണക്കാരനറിയുമോ  കഴുത്തിലൂടെ പ്രധാന ഞരമ്പ്  കടന്നു പോകുന്നുവെന്നൊക്കെ ..

അങ്കലാപ്പ് തോന്നിയത്  മജിസ്ട്രേറ്റ്  മൊഴിയെടുത്തത്  ഒപ്പിട്ടു കൊടുക്കേണ്ട കടലാസിലാണ്. അതിൽ നാലഞ്ചു കാര്യങ്ങൾ പൂരിപ്പിക്കാനുണ്ട് . പേര് , അഛന്റെ  പേര് , താലൂക്ക് ,  അതിനും താഴെ നിങ്ങളുടെ  മതം, നിങ്ങളുടെ ജാതി ..

മൊഴിയെടുക്കുന്നതിലെന്തിനാണ്  ജാതിയും മതവും എഴുതുന്നതെന്ന് എനിക്ക് മനസിലായില്ല. അത് പൂരിപ്പിക്കാതെ വിട്ടു. കുറച്ച്  കഴിഞ്ഞ് ഒരാൾ വന്നു പറഞ്ഞു - എല്ലാ  കോളവും  പൂരിപ്പിക്കണം .

പിന്നീട് പല വട്ടം കോടതിയിൽ പോകേണ്ടി വന്നു. അപ്പോഴൊക്കെ ഈ കോളങ്ങൾ എന്നിൽ അസ്വസ്ഥത  ഉണ്ടാകിക്കൊണ്ടിരുന്നു. അത് പൂരിപ്പിക്കേണ്ട ഒരാവശ്യവുമില്ലെന്ന് ഒരിക്കൽ എന്റെ കൂടെയുണ്ടായിരുന്ന ഒരു ഡി.വൈ.എസ.പി യാണ്  പറഞ്ഞ്  തന്നത്. - ആരോഗ്യ വകുപ്പ് നിങ്ങളുടെ മതം, അസിസ്റ്റന്റ് സർജൻ  നിങ്ങളുടെ  ജാതി. അതിനപ്പുറം നിങ്ങൾക്ക് ഒരു ജാതിയും മതവുമില്ല. നിങ്ങളിവിടെ തീയരോ നായരോ അല്ല.

എങ്കിലും കോടതിയിലെ മൊഴി കൊടുക്കുന്നതിലെ ജാതിയും മതവും വീണ്ടും വീണ്ടും എന്നെ  ഓർമ്മിപ്പിച്ചു  കൊണ്ടിരുന്നു  - എല്ലാ ജാതിക്കാരും ഒരു പോലെയല്ല, ചില ജാതിക്കാരുടെ മൊഴിക്ക് വിശ്വാസ്യത കൂടുതലുണ്ട്.

ഇക്കഴിഞ്ഞ ദിവസം ഒരു ഔദ്യോഗിക കൃത്യവുമായി ബന്ധപ്പെട്ട്  ജയിലിൽ പോകേണ്ടി വന്നതാണ്  ഇതൊക്കെ വീണ്ടും ഓർമ്മിപ്പിച്ചത് . ഞാൻ അന്ന് കിടന്ന ജയിലൊന്നുമല്ല  ഇന്നത്തെ  ജെയിൽ. സൗകര്യങ്ങൾ ഒരു പാട് കൂടിയിരിക്കുന്നു . ഒരു പാട് മാറ്റങ്ങൾ വന്നിരിക്കുന്നു.

എല്ലാം മാറിക്കൊണ്ടിരിക്കുന്നു. നമുക്കറിയാം. . നമ്മുടെ സ്കൂളുകളും ആശുപത്രികളും ഒരു പാട് മാറി . ജനങ്ങൾക്ക്  കടന്നു ചെല്ലാൻ തോന്നുന്ന സ്ഥാപനമായി ആശുപത്രികളും സ്കൂളുകളും മാറിയിരിക്കുന്നു.


നിലത്ത് നല്ല  ടൈൽസ്  ഒക്കെയിട്ട്, പരവതാനികൾ വിരിച്ച് , ആളുകൾക്ക്  ഇരിക്കാൻ കസേരകൾ ,ഫാനുകൾ , കുടിക്കാൻ വെള്ളം, കാണാൻ ടി.വി , മുറ്റത്ത് നല്ല പൂന്തോട്ടം, ആശുപത്രികൾ  ഇങ്ങനെയൊക്കെ  ആയിരിക്കുന്നു.

അത് പോലെ സ്കൂളുകൾ . സ്കൂളുകൾ  അന്നത്തെ വിരസമായ കെട്ടിടങ്ങളിൽ നിന്നും  ബോറൻ  പഠനരീതികളിൽ നിന്നും വിമുക്തി നേടിയിരിക്കുന്നു. കുട്ടികൾക്ക് എല്ലാ ദിവസവും ചെല്ലാൻ തോന്നുന്ന ഒരു സ്ഥലമായി  സ്കൂളൂകൾ മാറിയിരിക്കുന്നു.


പക്ഷെ, കോടതികൾ , കുറെയേറെ കൊല്ലങ്ങളായി ഞാൻ കണ്ടു കൊണ്ടിരിക്കുന്ന കോടതികൾ  ഒരു തരിമ്പും  മാറിയിട്ടില്ല. അവിടുത്തെ രീതികളും ഒട്ടും മാറിയിട്ടില്ല.  അടച്ചു പൂട്ടിയ കുടുസു മുറികൾ , വേണ്ടത്ര കാറ്റോ വെളിച്ചവുമില്ല. സാക്ഷി പറയാൻ വരുന്നവർക്ക്  ഇരിക്കാൻ സ്ഥലമില്ല.  വക്കീലന്മാർക്ക് പോലും സ്ഥലമില്ല. വൈകുന്നേരമെപ്പോഴോ വിളിക്കുന്ന കേസിന്  രാവിലെ തന്നെ വിയർത്തൊലിച്ച്  അവിടെയിരിക്കണം. ഈ കൊടും ചൂടിൽ കറുത്ത  കോട്ടിൽ വിയർത്തൊലിച്ചിരിക്കുന്ന  ജഡ്ജിമാർ , മുഖത്ത് ഒട്ടും സൗഹാർദ്ദഭാവമില്ലാത്തവർ. സാങ്കേതിക വിദ്യ  ഇത്രയും പുരോഗമിച്ചിരിക്കുന്ന കാലത്ത്  എല്ലാ മൊഴികളും സ്വന്തം കൈപ്പടയിൽ പകർത്തിയെടുത്ത്  സാക്ഷ്യപ്പെടുത്തുന്ന മഹാത്മാക്കൾ.

എന്റെ ഒരു സഹപ്രവർത്തകനെ ഒരു ജഡ്ജി കൃമി എന്ന് വിളിച്ചേച്ച് പോയത് ഓർമ്മ വരുന്നു.

കോടതികൾ ഒട്ടും മാറുന്നില്ല. അടച്ച വാതിലുകൾക്കുള്ളിലുള്ള സ്ഥാപനങ്ങൾ ഒട്ടും മാറില്ല. ജനാധിപത്യ സംസ്കാരത്തിന്റെ ഒരു കാറ്റു പോലും ഉള്ളിലേക്ക് കടക്കുന്നില്ല. അത് കൊണ്ട് മൊഴി കൊടുക്കുമ്പോൾ നിങ്ങളുടെ മതമേതെന്നും നിങ്ങളുടെ ജാതിയേതെന്നും കോടതികൾ ചോദിച്ചു കൊണ്ടേയിരിക്കും.....