Tuesday, July 21, 2015

VITAMIN C


കുറേക്കാലം മുമ്പ് ഒരാവശ്യത്തിന് ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോയതാണ്.
അവിടെ ഒരു ചെറുപ്പക്കാരനും ക്ലാര്‍ക്കും തമ്മില്‍ എന്തോ ഒരു വഴക്ക്.. എന്താണ് കശപിശക്കു കാരണമെന്ന് എനിക്ക് മനസിലായില്ല.പക്ഷെ, പുറത്തിറങ്ങിയ യുവാവ് ആരോടോ പറയുന്നതു കേട്ടു- '' വിറ്റമിന്‍ സി ശരിയല്ലാഞ്ഞതു കൊണ്ടാണ്., അല്ലെങ്കില്‍ ഇപ്പോള്‍ ഞാനും ഒരു ക്ലര്‍ക്ക് ആയിരുന്നേനെ.."
എനിക്കു സംഭവം പിടി കിട്ടിയില്ല.. അയാള്‍ രാവിലെ വിറ്റമിന്‍ സി ഗുളിക കഴിക്കാന്‍ മറന്നു പോയെന്നേ എനിക്കു തോന്നിയുള്ളൂ..
മുഖത്തൊരു വിഷാദഭാവമുള്ള ആ യുവാവിനെ കുറച്ചു നാളുകള്‍ കഴിഞ്ഞ് മറ്റൊരു സ്ഥലത്തു വെച്ചും കണ്ടു. അന്നും അയാള്‍ വിറ്റമിന്‍ സി യുടെ കഥ ആരോടോ പറയുന്നുണ്ടായിരുന്നു. വിറ്റമിന്‍ സി ഇയാളുടെ ദൈവമാണെന്നാണ് എനിക്കു തോന്നിയത്.. ഇനി വിറ്റമിന്‍ സി കണ്ടു പിടിച്ചത് ഇയാളെങ്ങാനുമാണോ ?
എപ്പോഴും കണ്ടു മുട്ടുന്ന പേരറിയാത്ത ആ ചെറുപ്പക്കാരനെ ഞാന്‍ വിറ്റമിന്‍ സി എന്ന പേരിലാണ് ഓര്‍ത്തത്.. അല്ലെങ്കിലും പേരിലെന്തിരിക്കുന്നു?
വിറ്റമിന്‍ സി യെ പിന്നീട് അടുത്തു പരിചയപ്പെടാനിടയായി. അയാള്‍ക്ക് നല്ലൊരു പേരുണ്ടായിരുന്നു. ഒരവസരം കിട്ടിയപ്പോള്‍ വിറ്റമിന്‍ സി യുടെ കഥ അയാളോടു ചോദിച്ചു. ഞാന്‍ അയാളെ വിറ്റമിന്‍ സി എന്നാണ് വിളിച്ചു കൊണ്ടിരുന്നതെന്നും പറഞ്ഞു.
വിറ്റമിന്‍ സി യുടെ കഥ അയാളും മറന്നില്ലായിരുന്നു. വിറ്റമിന്‍ സി കാരണം ഒരു പി.എസ്.സി നിയമനം കിട്ടാതായിപ്പോയ കഥയാണ് അയാള്‍ പറഞ്ഞത്.അയാള്‍ എഴുതി, റാങ്ക് ലിസ്റ്റില്‍ പേരു വന്ന് , നിയമനം കാത്തിരുന്ന ഒരു പി,എസ്,സി ഉദ്യോഗം അയാള്‍ക്ക് കിട്ടാതെ പോയി. അവസാനത്തെ നിയമനം അയാളുടെ റാങ്കിനു തൊട്ടു മുകളിലുള്ള റാങ്കിനായിരുന്നു. അവിടെ വെച്ച് നിയമനം നിന്നു പോയി..
ആ പരീക്ഷക്ക് അസ്കോര്‍ബിക് ആസിഡ് ഏത് വൈറ്റമിനാണെന്ന് ഒരു ചോദ്യമുണ്ടായിരുന്നു. അത് വിറ്റമിന്‍ സി ആണെന്ന് അയാള്‍ക്ക് നാലാം ക്ലാസ് മുതലേ അറിയാമായിരുന്നു.പക്ഷെ, അയാള്‍ അത് തെറ്റിച്ചു.
എ, ബി,സി, ഡി എന്ന ചോയ്സുകള്‍ കണ്ടപ്പോള്‍ അയാള്‍ അറിയാതെ സി എന്നതിനു നേരെ കറുപ്പിച്ചു. സിയുടെ നേരെയുള്ള ഉത്തരം വിറ്റമിന്‍ സി എന്നായിരുന്നില്ല..അബദ്ധം ഉടന്‍ തന്നെ മനസിലാക്കിയെങ്കിലും ഒന്നും തന്നെ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.
വിറ്റമിന്‍ സി യോട് അയാള്‍ക്കുള്ള ശത്രുത അന്നു തുടങ്ങിയതാണ്. ആ ഒരു ചിന്ത തന്നെ അയാളുടെ മനസിലേക്ക് എപ്പോഴും വന്നു കൊണ്ടിരുന്നു... പിന്നീട് അയാള്‍ക്ക് വേറൊരു പി.എസ്.സി നിയമനം കിട്ടുവോളം അതുണ്ടായിരുന്നു.
അയാളുടെ വിറ്റമിന്‍ സി കഥ കേട്ടപ്പോള്‍ വളരെ എളുപ്പമായ ഒരു ചോദ്യം പരീക്ഷക്കു തെറ്റിച്ച് പി.എസ്.സി നിയമനം കിട്ടാതായ അനുഭവം എനിക്കും ഓര്‍മ്മ വന്നു. ആ പരീക്ഷക്കു ചോദിച്ച ഒരേയൊരു ജനറല്‍ നോളെജ് ചോദ്യമായിരുന്നു അത്. ഭാരതത്തിന്റെ ആരോഗ്യമന്ത്രി ആരെന്നായിരുന്നു ചോദ്യം. ബി.ജെ.പി യാണ് അന്ന് ഇന്ത്യ ഭരിക്കുന്നതെന്നുപോലും ഓര്‍ക്കാതെ ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ പേരിനു നേരെയാണ് ഞാന്‍ കുത്തിയത്. അവസാനം ഒറ്റ റാങ്കിന് എനിക്കും നിയമനം കിട്ടാതെ പോയി..തൊട്ടു മുകളില്‍ വരെ നിയമനം നടന്നിട്ട് കിട്ടാതെ പോയ അനുഭവം വേറെയുമുണ്ടായിട്ടുണ്ട്.. എങ്കിലും എനിക്കതില്‍ വലിയ സങ്കടമൊന്നും തോന്നിയിട്ടില്ല. ആയിരുന്നെങ്കില്‍ എന്ന പ്രയോഗം ജീവിതത്തില്‍ എന്നേ ഒഴിവാക്കിയതാണ്.. ഭൂതകാലത്തില്‍ നമുക്ക് ഒന്നുമേ ചെയ്യാന്‍ സാധ്യമല്ലല്ലോ ...

1 comment:

Cv Thankappan said...

കഴിഞ്ഞകാലാനുഭവങ്ങള്‍ ഒരു പാഠമായി ഉള്‍ക്കൊള്ളണം......
അത് ചിന്തിച്ച് പുണ്ണാക്കരുത്.....
ആശംസകള്‍