Tuesday, July 28, 2015

MEMORY

മഴക്കാലത്ത് ഓര്‍മ്മകള്‍ മഴയായി ഇരമ്പി വന്ന് ഓട്ടിന്‍പുറത്ത് വീണ് തട്ടിത്തെറിച്ചു ചിതറി അലറിക്കുതിച്ച് കടലില്‍ ചെന്നു ചേരാറുണ്ട്. ' ഓര്‍മ്മകള്‍ ഇരമ്പുന്നു ' എന്നൊരു സന്ദേശം എന്റെ ഇന്‍‌ബോക്സില്‍ വന്നു പെട്ടത് ഒരു മഴപ്പിറ്റേന്നാണ്. കുറേ സമയം പെയ്ത ഒരു രാത്രി മഴയായിരുന്നു അത്. അന്ന് എന്റെ മനസിലും ഒരു പാട് ഓര്‍മ്മകള്‍ വന്ന് ഇരമ്പിപ്പോയിരുന്നു.

ഇന്‍ബോക്സിലെ മെസേജ് കണ്ടതും 'എന്താണ് ഇരമ്പുന്നത് ' എന്ന് തിരിച്ചു ചോദിച്ചു. മറുപടിയുണ്ടായില്ല. അതൊരു ഫേസ്ബുക്ക് സുഹ്റ്ത്തായിരുന്നില്ല. സ്കൂള്‍ ജീവിതകാലത്തെ സുഹ്റ്ത്തായിരുന്നു.

ഞാന്‍ ഫേസ്ബുക്കിലിട്ടിരുന്ന ഒരു പോസ്റ്റ് ബാല്യകാലസ്മരണകളുയര്‍ത്തിയതായിരിക്കാം സുഹ്റ്ത്തിന്റെ സന്ദേശത്തിന്റെ കാരണം. എങ്കിലും സ്കൂള്‍ ജീവിതത്തെപ്പറ്റി എനിക്കങ്ങനെ ഇരമ്പുന്ന ഓര്‍മ്മകള്‍ ഒന്നുമുണ്ടായിരുന്നില്ല.
അന്ന് കുട്ടികള്‍  മൃഗങ്ങളും   അധ്യാപകര്  മൃഗ ശിക്ഷകരുമായിരുന്നു.. മൃഗങ്ങൾക്ക് ഓര്‍മ്മിക്കാന്‍ എന്തുണ്ടാകാന്‍ ? അടികിട്ടിയത് ഓര്‍മ്മിക്കാന്‍ ആരും ഇഷ്ടപ്പെടുന്നുമുണ്ടാകില്ല
.. ഫേസ്ബുക്ക് കുറച്ചു കൂടെ ചെറുതായിരുന്നപ്പോള്‍ ആളുകള്‍ കുറച്ചു കൂടെ സത്യസന്ധമായ ആത്മപ്രകാശനമാണ് അതില്‍ നടത്തിയിരുന്നത്. കുറച്ചു പേര്‍ താരങ്ങളും മറ്റുള്ളവര്‍ അനുയായികളും എന്ന മട്ടിലായിരുന്നില്ല അന്നത്തെ സംഭാഷണങ്ങള്‍..
അന്ന് തുറന്നു പറച്ചിലുകളും വികാര വിരേചനങ്ങളും ധാരാളം കണ്ടിരുന്നു. മനസിനെ അലട്ടുന്ന ഓർമ്മകളെപ്പറ്റി അന്ന് ധാരാളം പോസ്റ്റുകൾ കണ്ടു.നീറുന്ന ഓർമ്മകൾ അപ്പാടെ അങ്ങെടുത്തു പോയിരുന്നെങ്കിൽ എന്ന പോസ്റ്റിട്ട സുഹൃത്തിനെ ഓർക്കുന്നു ..ഓർമ്മകൾ അലട്ടുന്നു, ശല്യപ്പെടുത്തുന്നു, വിഷമിപ്പിക്കുന്നു എന്നൊക്കെ പറയുമെങ്കിലും ഓര്മ്മ എന്നത് എത്ര പ്രധാനമാണെന്ന് നമുക്കറിയാം.  ഭൂതകാലം ഭാവിക്ക് വേണ്ടിയാണ്  എന്ന് പറയുന്നത് പോലെ ഓർമ്മ  ഭാവിക്ക് വേണ്ടിയാണ്.അറിവ്  മസ്തിഷ്ക്കത്തിൽ  തങ്ങുന്ന പ്രക്രിയയാണ് ഓർമ്മ . അനുഭവിക്കൽ  ആണ് ഓർമ്മകളെ  സ്ഥിരപ്പെടുത്തുന്നത്. അതിൽ കാണുക, കേൾക്കുക  തുടങ്ങി എല്ലാ ഇന്ദ്രിയാനുഭൂതികളും വരുന്നു. ചിന്തകളാണ്  അതിനെ മനസിലുറപ്പിക്കുന്നത് . തീവ്രമായ അനുഭവങ്ങൾ  തീക്ഷ്ണമായ  ഓർമ്മകളേയുമുണ്ടാക്കും .

തലച്ചോർ  കോടിക്കണക്കിന് ന്യൂറോണൂകളുടെ  ഒരു കൂട്ടമാണെന്ന് ബോധ്യമില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം അത് ചേരിച്ചോറിനു തുല്യമാണ് . ന്യൂറൊണുകൾ , ആക്സോണൂകൾ, ഡെൻഡ്രൈറ്റുകൾ , ഇടക്കുള്ള  സിനാപ്സുകൾ  ഇവയിലൂടെയൊഴുകുന്ന സംവേദനങ്ങൾ  എന്നിവയാണ് ഓർമ്മകൾ ഉണ്ടാക്കുന്നതും നില  നിർത്തുന്നതും ..

എല്ലാത്തിനും ഭൗതികമായ ഒരു  അടിത്തരയുണ്ട് . അല്ലാതെ  നമ്മുടെ നമ്മുടെ ആൾദൈവം പറയുന്നത് പോലെ ദൂരെയെങ്ങാനുമിരിക്കുന്ന മാലാഖമാരല്ല നമ്മുടെ മനസ്സില് വികാരങ്ങളും വിചാരങ്ങളുമുണ്ടാക്കുന്നത് ..

ഇങ്ങനെയൊക്കെയെങ്കിലും അലട്ടുന്ന ഓർമ്മകൾ  ഒരു പ്രശ്നം തന്നെ. തീവ്രമായ ദുരനുഭവങ്ങൾ  വിഷാദവും വിഭ്രാമവും ഉണ്ടാക്കുകയും ചെയ്യും. ചിലപ്പോൾ  ഇത്തരം അലട്ടുന്ന ഓർമ്മകൾ ആത്മഹത്യക്ക്‌ വരെ കാരണമാകും.
ഓർമ്മയെ  സംബന്ധിച്ച  പ്രധാനപ്പെട്ട  മസ്തിഷ്കമേഖലകൾ ഹിപ്പോക്കാമ്പസ്, അമിഗ്ഡല,പ്രീ ഫ്രോണ്ടൽ കോര്ട്ടക്സ്  എന്നിവയാണ്. വികാരങ്ങളുടെ തള്ളലുള്ള ഓർമ്മകൾ പെട്ടെന്നുരക്കുന്നതിനു കാരണം അമിഗ്ഡല ചെയ്യുന്ന പണിയാണെന്നാണ് ന്യൂരോളജിസ്റ്റുകൾ പറയുന്നത്.. നീറുന്ന ഓർമ്മകളെ  കൈകാര്യം ചെയ്യണമെങ്കിൽ  അമിഗ്ഡലയെ കൈകാര്യം ചെയ്യണം. ഹിപ്പോകാമ്പസ് ആണ്  ഓർമ്മകളുടെ ഇരിപ്പിടം. അമിഗ്ഡലയിൽ  സർജറി  ചെയ്ത് അലട്ടുന്ന ഓർമ്മകളെ  അപ്രത്യക്ഷമാക്കാമെന്ന്  ന്യൂരോസർജന്മാർ  എഴുതിയത് വായിച്ചിട്ടുണ്ട്.. തികച്ചും താത്വികമാണോയെന്ന് അറിയില്ല ..

" ഓർമ്മകൾ  ഇരമ്പുന്നു" എന്ന എന്നോട് ആദ്യമായി പറഞ്ഞ  ചെറുപ്പക്കാരനെ ഇന്നുമോർക്കുന്നു . ഹൌസ് സർജൻസി ക്കാലത്ത്  മെഡിസിൻ വാർഡിൽ വെച്ചു കണ്ട ഒരു വയനാട്ടുകാരനായിരുന്നു  അയാൾ . അന്ന് അയാൾ  ഒരു  ഡിഗ്രി വിദ്യാർഥിയായിരുന്നു . ആത്മഹത്യ ചെയ്യാൻ കുറേ  ഗുളികകൾ ഒരുമിച്ചെടുത്ത് കഴിച്ചു. കുറെയെന്നു  പറഞ്ഞാൽ  ഒരു നുറെണ്ണം .

അയാൾക്കൊരു  പ്രണയമുണ്ടായിരുന്നു . പ്രണയനഷ്ടത്തെത്തുടർന്നാണ്  അയാൾ  മരിക്കാൻ തീരുമാനിച്ചത്.

" ഹിപനോട്ടിസം  ചെയ്ത്  എന്റെ മനസിൽ നിന്ന് എല്ലാ ഓർമ്മകളും ഒന്ന്  അടർത്തി മാറ്റിത്തരാമോ? "- അയാൾ  എന്നോടും മറ്റ്  ഹൌസ് സർജന്മാരോടും  ചോദിക്കുന്നുണ്ടായിരുന്നു.അത്തരം  വിദ്യകളൊന്നും എനിക്ക് അറിയാമായിരുന്നില്ല.


ആശുപത്രിയിലെ ദിനങ്ങൾ  അയാൾക്ക്  ദുരിതങ്ങളായിരുന്നു. കണ്ണടച്ചാലുടൻ അയാൾ  സ്വപ്നങ്ങൾ കണ്ടിരുന്നു.ഉണർന്നിരിക്കുമ്പോൾ  തന്നെ  അയാൾ ദു:സ്വപ്നങ്ങൾ  കണ്ടു. അയാൾ  കഴിച്ച വാളിയം ഗുളികകളുടെ  സൈഡ് ഇഫക്റ്റ് ആയിരുന്നു അത്..

ഒരാഴ്ച്ചക്കു ശേഷം ആ സുന്ദരനായ ചെറുപ്പക്കാരൻ തന്റെ പ്രണയത്തെ ഭൂമിയിൽ വിട്ട് പെട്ടെന്ന് മരിച്ചു പോയി. വാലിയം  ഗുളികകൾ  സ്വയം മരിക്കാൻ പറ്റിയതല്ലെന്നാണ് പാടപുസ്തകങ്ങളിൽ ഞങ്ങൾ പഠിച്ചത് . പുസ്തകങ്ങളിൽ  പറ ഞ്ഞതൊന്നുമായിരിക്കില്ല  മെഡിസിൻ വാർഡുകളിൽ നടക്കുന്നത്.

ഓർമ്മകൾ അലട്ടികൊണ്ടിരിക്കുന്നു എന്ന് പറഞ്ഞ  മറ്റൊരാളെ പിന്നീട് കണ്ടു. ഒരു നീണ്ട ബസ് യാത്രക്കിടയിൽ അടുത്തിരുന്ന  അയാൾ  തന്റെ കഥ പറയുകയായിരുന്നു . അയാൾ  മധ്യവയസ്സു കഴിഞ്ഞ ഒരു സർക്കാർ  ഉദ്യോഗസ്ഥനായിരുന്നു. മരിച്ചു പോയ തന്റെ ചേട്ടനെക്കുറി ച്ചുള്ള  ഓർമ്മകളാണ് അയാളെ അലട്ടിയത്.അയാൾ  ഒരു നമ്പൂതിരിയില്ലത്താണ്  ജനിച്ചത്. ഇ.എം.എസിന്റെ ഭൂപരിഷക്കരണത്തോടെ ഇല്ലം തകർന്നടിഞ്ഞു പോയി   എന്നാണയാൾ പറഞ്ഞത് . കുടുംബം ദാരിട്ര്യത്തിലായി. അഛന്റെ  അമ്പലത്തിലുള്ള പൂജാരിപ്പണി ഒന്നിനും തികയുമായിരുന്നില്ല. ഈ ദുരിതങ്ങ ള്ക്കിടക്ക്  കുടുംബത്തിൽ പാരമ്പര്യമായുണ്ടായിരുന്ന  മനോരോഗം അയാളുടെ ഏട്ടനു പിടിപെട്ടു. അസുഖം കൂടുതലായപ്പോൾ ഏട്ടനെ കുതിരവട്ടത്ത് കൊണ്ടാക്കി. ഒരിക്കൽ അച്ഛൻ മകനെ കാണാൻ ചെന്നപ്പോൾ അവിടുത്തെ ദുരവസ്ഥ കണ്ട് വിഷമിച്ച് അവനെ ഡിസ്ചാര്ജ് ചെയ്യിച്ച് വീട്ടിലേക്ക് കൊണ്ടു വന്നു. പിന്നീട് വീട്ടില് ഏട്ടന്റെ ഉപദ്രവങ്ങളായിരുന്നു . അടുപ്പത്തിടുന്ന അരി വേവുന്നതിനു മുമ്പ് ഏട്ടനെടുത്ത് കഴിക്കുന്നതായിരുന്നു അനിയന്റെ വലിയൊരു പ്രശ്നം.

അയാൾക്ക് ഏട്ടനോട് വലിയ ശത്രുത തോന്നുന്നുണ്ടായിരുന്നു.  അയാൾ  അത്രയ്ക്ക് സഹിക്കേണ്ടി വന്നിരുന്നു. വിഷം കൊടുക്കാൻ വരെ തോന്നി എന്നാണ്  അയാൾ പറ ഞ്ഞത് .

കുറ ച്ചു  കാലം കൂടെ കഴിഞ്ഞപ്പോൾ ഏട്ടൻ പെട്ടെന്ന് മരിച്ചു. അതൊരു ആത്മഹത്യയായിരുന്നു.

പിന്നീട് അനിയന് ഒരു സർക്കാർ  ഉദ്യോഗം കിട്ടി. വീട്ടിലെ ദാരിദ്ര്യം കുറെയൊക്കെ അകന്നു. പക്ഷെ, ചേട്ടനെക്കുറി ച്ചുള്ള  ഓർമ്മകൾ  അയാളെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. എട്ടനെപ്പറ്റി അങ്ങനെ കരുതരുതായിരുന്നു. ശക്തി കൂടിയ മരുന്ന് കുടിക്കുന്നത് കൊണ്ടായിരിക്കണം ഏട്ടനു വിശപ്പു കൂടിയതും ചോറ് വാരിത്തിന്നതും..


മനസിനെ നീറുന്ന ഓർമ്മകൾ ചില മരുന്നുകൾ  ഉപയോഗിച്ച് തേച്ചു മാച്ചു കളയാമെന്നാണ് ഇപ്പോൾ പറയുന്നത്. അതും വർഷങ്ങളായി  മറ്റു ചില അസുഖങ്ങൾക്ക്  ഉപയോഗിച്ചു വരുന്ന മരുന്നുകളു  തന്നെ. അത് തലച്ചോറിന്റെ ബന്ധപ്പെട്ട കേന്ദ്രത്തിൽ ചെന്ന് പ്രവർത്തിച്ച്  ഇരമ്പലുകൾ ഒഴിവാക്കുമത്രെ ..

മരുന്നും മന്ത്രവുമല്ല, തുറന്നു സംസാരിക്കാൻ ആരെങ്കിലും ഉണ്ടാകുക എന്നതാണ് മനസ്സിന്റെ നീറ്റലുകൾ കുറക്കാൻ ഏറ്റവും നല്ലത് എന്ന തോന്നുന്നു....

Tuesday, July 21, 2015

VITAMIN C


കുറേക്കാലം മുമ്പ് ഒരാവശ്യത്തിന് ഒരു സര്‍ക്കാര്‍ ഓഫീസില്‍ പോയതാണ്.
അവിടെ ഒരു ചെറുപ്പക്കാരനും ക്ലാര്‍ക്കും തമ്മില്‍ എന്തോ ഒരു വഴക്ക്.. എന്താണ് കശപിശക്കു കാരണമെന്ന് എനിക്ക് മനസിലായില്ല.പക്ഷെ, പുറത്തിറങ്ങിയ യുവാവ് ആരോടോ പറയുന്നതു കേട്ടു- '' വിറ്റമിന്‍ സി ശരിയല്ലാഞ്ഞതു കൊണ്ടാണ്., അല്ലെങ്കില്‍ ഇപ്പോള്‍ ഞാനും ഒരു ക്ലര്‍ക്ക് ആയിരുന്നേനെ.."
എനിക്കു സംഭവം പിടി കിട്ടിയില്ല.. അയാള്‍ രാവിലെ വിറ്റമിന്‍ സി ഗുളിക കഴിക്കാന്‍ മറന്നു പോയെന്നേ എനിക്കു തോന്നിയുള്ളൂ..
മുഖത്തൊരു വിഷാദഭാവമുള്ള ആ യുവാവിനെ കുറച്ചു നാളുകള്‍ കഴിഞ്ഞ് മറ്റൊരു സ്ഥലത്തു വെച്ചും കണ്ടു. അന്നും അയാള്‍ വിറ്റമിന്‍ സി യുടെ കഥ ആരോടോ പറയുന്നുണ്ടായിരുന്നു. വിറ്റമിന്‍ സി ഇയാളുടെ ദൈവമാണെന്നാണ് എനിക്കു തോന്നിയത്.. ഇനി വിറ്റമിന്‍ സി കണ്ടു പിടിച്ചത് ഇയാളെങ്ങാനുമാണോ ?
എപ്പോഴും കണ്ടു മുട്ടുന്ന പേരറിയാത്ത ആ ചെറുപ്പക്കാരനെ ഞാന്‍ വിറ്റമിന്‍ സി എന്ന പേരിലാണ് ഓര്‍ത്തത്.. അല്ലെങ്കിലും പേരിലെന്തിരിക്കുന്നു?
വിറ്റമിന്‍ സി യെ പിന്നീട് അടുത്തു പരിചയപ്പെടാനിടയായി. അയാള്‍ക്ക് നല്ലൊരു പേരുണ്ടായിരുന്നു. ഒരവസരം കിട്ടിയപ്പോള്‍ വിറ്റമിന്‍ സി യുടെ കഥ അയാളോടു ചോദിച്ചു. ഞാന്‍ അയാളെ വിറ്റമിന്‍ സി എന്നാണ് വിളിച്ചു കൊണ്ടിരുന്നതെന്നും പറഞ്ഞു.
വിറ്റമിന്‍ സി യുടെ കഥ അയാളും മറന്നില്ലായിരുന്നു. വിറ്റമിന്‍ സി കാരണം ഒരു പി.എസ്.സി നിയമനം കിട്ടാതായിപ്പോയ കഥയാണ് അയാള്‍ പറഞ്ഞത്.അയാള്‍ എഴുതി, റാങ്ക് ലിസ്റ്റില്‍ പേരു വന്ന് , നിയമനം കാത്തിരുന്ന ഒരു പി,എസ്,സി ഉദ്യോഗം അയാള്‍ക്ക് കിട്ടാതെ പോയി. അവസാനത്തെ നിയമനം അയാളുടെ റാങ്കിനു തൊട്ടു മുകളിലുള്ള റാങ്കിനായിരുന്നു. അവിടെ വെച്ച് നിയമനം നിന്നു പോയി..
ആ പരീക്ഷക്ക് അസ്കോര്‍ബിക് ആസിഡ് ഏത് വൈറ്റമിനാണെന്ന് ഒരു ചോദ്യമുണ്ടായിരുന്നു. അത് വിറ്റമിന്‍ സി ആണെന്ന് അയാള്‍ക്ക് നാലാം ക്ലാസ് മുതലേ അറിയാമായിരുന്നു.പക്ഷെ, അയാള്‍ അത് തെറ്റിച്ചു.
എ, ബി,സി, ഡി എന്ന ചോയ്സുകള്‍ കണ്ടപ്പോള്‍ അയാള്‍ അറിയാതെ സി എന്നതിനു നേരെ കറുപ്പിച്ചു. സിയുടെ നേരെയുള്ള ഉത്തരം വിറ്റമിന്‍ സി എന്നായിരുന്നില്ല..അബദ്ധം ഉടന്‍ തന്നെ മനസിലാക്കിയെങ്കിലും ഒന്നും തന്നെ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.
വിറ്റമിന്‍ സി യോട് അയാള്‍ക്കുള്ള ശത്രുത അന്നു തുടങ്ങിയതാണ്. ആ ഒരു ചിന്ത തന്നെ അയാളുടെ മനസിലേക്ക് എപ്പോഴും വന്നു കൊണ്ടിരുന്നു... പിന്നീട് അയാള്‍ക്ക് വേറൊരു പി.എസ്.സി നിയമനം കിട്ടുവോളം അതുണ്ടായിരുന്നു.
അയാളുടെ വിറ്റമിന്‍ സി കഥ കേട്ടപ്പോള്‍ വളരെ എളുപ്പമായ ഒരു ചോദ്യം പരീക്ഷക്കു തെറ്റിച്ച് പി.എസ്.സി നിയമനം കിട്ടാതായ അനുഭവം എനിക്കും ഓര്‍മ്മ വന്നു. ആ പരീക്ഷക്കു ചോദിച്ച ഒരേയൊരു ജനറല്‍ നോളെജ് ചോദ്യമായിരുന്നു അത്. ഭാരതത്തിന്റെ ആരോഗ്യമന്ത്രി ആരെന്നായിരുന്നു ചോദ്യം. ബി.ജെ.പി യാണ് അന്ന് ഇന്ത്യ ഭരിക്കുന്നതെന്നുപോലും ഓര്‍ക്കാതെ ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ പേരിനു നേരെയാണ് ഞാന്‍ കുത്തിയത്. അവസാനം ഒറ്റ റാങ്കിന് എനിക്കും നിയമനം കിട്ടാതെ പോയി..തൊട്ടു മുകളില്‍ വരെ നിയമനം നടന്നിട്ട് കിട്ടാതെ പോയ അനുഭവം വേറെയുമുണ്ടായിട്ടുണ്ട്.. എങ്കിലും എനിക്കതില്‍ വലിയ സങ്കടമൊന്നും തോന്നിയിട്ടില്ല. ആയിരുന്നെങ്കില്‍ എന്ന പ്രയോഗം ജീവിതത്തില്‍ എന്നേ ഒഴിവാക്കിയതാണ്.. ഭൂതകാലത്തില്‍ നമുക്ക് ഒന്നുമേ ചെയ്യാന്‍ സാധ്യമല്ലല്ലോ ...