Friday, June 12, 2015

കുമിളകൾ

പഴയ ചന്ദ്രിക സോപ്പ് കൊണ്ട് വലിയ വലിയ കുമിളകൾ ഉണ്ടാക്കാമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ , ആറാം ക്ലാസിലും ഏഴിലുമൊക്കെ , അതൊരു പ്രധാനവിനോദമായിരുന്നു.

പിന്നീട് ചന്ദ്രിക സോപ്പ് മറ്റേതോ കമ്പനി ഏറ്റെടുത്തപ്പോൾ കുമിളകൾ ഉണ്ടാക്കാൻ ബുദ്ധിമുട്ടായി. സോപ്പിന്റെ ഭംഗി കൂടുമ്പോൾ, സോപ്പിലെ സോപ്പ് കുറയുമ്പോൾ ഒക്കെ കുമിളകൾ ഇല്ലാതാകുന്നു എന്നു തോന്നുന്നു.

എന്റെ ഒരു കൂട്ടുകാരൻ ആയിരമായിരം ചെറുകുമിളകൾ ഉണ്ടാക്കി പാറിപ്പറപ്പിക്കുമായിരുന്നു. ഞാനുണ്ടാക്കിക്കൊണ്ടിരുന്ന കുമിളകൾ വലുതായിരുന്നു. അവ മനോഹരവും വർണ്ണശഭളവുമായിരുന്നു. മഴവില്ലിന്റെ ഏഴു നിറങ്ങളും അതിൽ നിറഞ്ഞു നിന്നിരുന്നു. കളിക്കൂട്ടുകാർക്കൊന്നും അത്ര സുന്ദരമായ കുമിളകൾ ഉണ്ടാക്കാൻ കഴിഞ്ഞില്ല.ചെറുതും വലുതുമായ കുമിളകൾ ചിറകുകളില്ലാതെ തന്നെ ദൂരേക്കു പറന്നു കൊണ്ടിരുന്നു. എന്റെ ചന്ദ്രിക സോപ്പ് മാത്രം പെട്ടെന്നു പെട്ടെന്നു ചെറുതായി. വർണ്ണങ്ങളുടേയും നിറക്കൂട്ടുകളുടെയും ലോകം അന്ന് എല്ലാ കുട്ടികളേയും പോലെ എനിക്കും ഇഷ്ടമായിരുന്നു.

ഒരിക്കൽ ഞാൻ എന്റെ കൂട്ടുകാരന്റെ കൂടെ തോട്ടിൽ കുളിക്കാൻ, കളിക്കാനും, പോയതാണ്. തോട്ടുവക്കത്ത്, വയൽക്കരയിൽ, ഞങ്ങൾ രണ്ടു പേരും കുമിളകൾ ഉണ്ടാക്കിക്കൊണ്ടിരിക്കയായിരുന്നു. അപ്പോൾ പരിചയമുള്ള ഒരു മാഷ്, ഒരു പരിഷത്തുകാരൻ, ആ വഴിക്കു വന്നു. കൂട്ടുകാരനുണ്ടാക്കിയ വലിയ ഒരു കുമിള , പറന്ന് പറന്ന് പറന്ന് മാഷുടെ നെറ്റിക്ക് തൊട്ടു മുന്നിൽ വന്നു പൊട്ടി. മാഷ് പെട്ടെന്നവിടെ നിന്നു. പിന്നീട് ഞങ്ങളെ രണ്ടു പേരെയും തുറിച്ചു നോക്കി. വല്ല ക്രിക്കറ്റ് ബോളോ വല്ലതുമാണോ തലക്ക് കൊണ്ടത് എന്ന മട്ടിലാണ് മാഷുടെ നോട്ടം.


മാഷ് ചൂടായൊന്നുമില്ല. മൂക്കിനു മുകളിലെ കണ്ണട ശരിയാക്കി എന്നോട് പറഞ്ഞു - " കുമിളകളെപ്പറ്റി നല്ലൊരു പുസ്തകമുണ്ട്. ഞാനത് നിനക്ക് വായിക്കാൻ തരാം.."

ഇതും പറഞ്ഞ് മാഷ് പോയി. മാഷ് വെറുതെ നുണ പറയുകയാണെന്നാണ് ഞാൻ കരുതിയത്. പുസ്തകമെഴുതാൻ എന്തെല്ലാം കിടക്കുന്നു, അപ്പോഴാണ് കുമിളകളെക്കുറിച്ച്.. നുണ അല്ലെങ്കിൽ ശുദ്ധ നുണ.

കുറച്ചു കാലത്തിനു ശേഷം ആ പുസ്തകം കിട്ടിയപ്പോൾ ഞാൻ എട്ടാം ക്ലാസിൽ എത്തിയിരുന്നു. ' ഭൗതിക കൗതുകം ' ആയിരുന്നു ആ പുസ്തകം. കുമിളകളെക്കുറിച്ചായിരുന്നില്ല പുസ്തകം. പക്ഷെ, കുമിളകളെക്കുറിച്ച് നല്ലൊരു അധ്യായം അതിലുണ്ടായിരുന്നു.


വല്ലാതെ ത്രില്ലടിപ്പിച്ച ഒരനുഭവമായിരുന്നു ഭൗതിക കൗതുകത്തിന്റെ വായന. നമുക്ക് പഠിക്കാനുള്ള ശാസ്ത്രം എത്ര രസകരമാണെന്ന് അപ്പോഴാണ് മനസിലായത്. മാഷുമാർക്ക് പഠിപ്പിക്കാൻ അറിയാത്തതു കൊണ്ടാണ്. അല്ലെങ്കിൽ സർവപ്രധാനമായ കാര്യം പരീക്ഷ എഴുതലാണെന്ന് വിശ്വസിക്കുന്നതു കൊണ്ടാണ് ഇതൊക്കെ വിരസവും മടുപ്പിക്കുന്നതുമായത്.


' ഭൗതിക കൗതുകം' പഴയ സോവിയറ്റ് യൂനിയന്റെ പുസ്തകമാണ് .യാക്കോവ് ഇസിദൊറോവിച്ച് പെരെൽമാൻ എന്നൊരാളാണ് അത് എഴുതിയത്.


സോവിയറ്റ് നാട്ടിലെ വലിയൊരു ശാസ്ത്രപ്രചാരകനായിരുന്നു പെരെൽമാൻ. നിത്യ ജീവിതത്തിൽ നാം കാണുന്ന പ്രതിഭാസങ്ങളെ ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കാനാണ് പെരെൽമാൻ ശ്രമിച്ചത്.കാണുന്ന സംഭവങ്ങളുടെ കാണാത്ത കാഴ്ചകൾ പെരെൽമാൻ കാണിച്ചു തന്നു. ഭൗതികകൗതുകത്തിന്റെ 18 പതിപ്പുകൾ സോവിയറ്റ് യൂണിയനിൽ ഇറങ്ങി.പരിഭാഷകൾ വഴി ലോകത്തിലെ വിവിധഭാഷകളിലും.
സോപ്പ് കുമിള വലിയൊരു പാഠമാണെന്ന് പെരെൽമാൻ വിശദീകരിക്കുന്നു.


അത് ഭൗതികശാസ്ത്രത്തിലേയും രസതന്ത്രത്തിലേയും ഒരു പാട് പാഠങ്ങൾ നമ്മെ പഠിപ്പിക്കുന്നു. സുന്ദരമായ വലിയ സോപ്പ് കുമിളകൾ പറപ്പിക്കാനുള്ള കഴിവ് ഒരു കലയാണ്. മനോഹരമായ സോപ്പ് കുമിള എങ്ങനെയുണ്ടാക്കാമെന്നും അതിന്റെ ആയുസ് എങ്ങനെ കൂട്ടിയെടുക്കാമെന്നും പെരെൽമാൻ വിവരിക്കുന്നു. കുമിളയുണ്ടാക്കാൻ ഏറ്റവും നല്ലത് ഉരുകിയ മഞ്ഞാണെന്ന് പെരെൽമാൻ. ഇത് വായിച്ച് ഞാൻ ഉരുകിയ മഞ്ഞ് എവിടെ കിട്ടുമെന്ന് അൻവേഷിച്ചു നടന്നു. ലെനിൻ ഗ്രാഡിൽ കിട്ടുന്ന ഉരുകിയ മഞ്ഞ് കോഴിക്കോട്ട് കിട്ടില്ല.സൂചി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത്, ബൂമറാങ്ങ് തിരിച്ചു വരുന്നത്, പിടിച്ചു വലിക്കുമ്പോൾ പട്ടം മുകളിലേക്ക് മുകളിലേക്കുയരുന്നത് ,അതു പോലെ വിമാനം പറക്കുന്നത്, പമ്പരം കറങ്ങുന്നത്, ഇത്തരം നൂറു നൂറു കാര്യങ്ങൾ ഭൗതികത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു.


എനിക്കു തോന്നി- ഭൗതികശാസ്ത്രമാണ് പഠിക്കേണ്ടത്, ദൈവത്തെക്കുറിച്ചല്ല.

കുമിളകളെക്കാറെ നിലക്കാത്ത യന്ത്രങ്ങളെക്കുറിച്ചുള്ള കഥകളാണ് എന്നെ ഭ്രമിപ്പിച്ചത്. വിവിധതരം നിലക്കാത്ത യന്ത്രങ്ങളെ ധാരാളം പടങ്ങൾ കൊടുത്ത് നമുക്ക് പരിചയപ്പെടുത്തുന്നു. നിലക്കാത്ത ചലനങ്ങൾ എങ്ങനെയുണ്ടാകുന്നുവെന്ന് നമുക്ക് മനസിലാകുന്നു.. എന്തു കൊണ്ട് നിലക്കാത്ത യന്ത്രം എന്ന സങ്കൽപ്പം സാധ്യമാകാത്തതെന്നും.മനുഷ്യന്റെ ഇത്തരം വന്യഭാവനകളാണ് അവനെ കണ്ടു പിടിത്തങ്ങളിലേക്ക് നയിച്ചത്. അല്ലാതെ മതഗ്രന്ഥങ്ങളിലെ അനുശാസനകളല്ല.ഈ പുസ്തകം വായിച്ചതിനു ശേഷം ഫിസിക്സോ കെമിസ്ട്രിയോ ബുദ്ധിമുട്ടുള്ള ഒരു വിഷയമായി എനിക്ക് തോന്നിയിട്ടില്ല. മറ്റ് വിഷയങ്ങൾ ബുദ്ധിമുട്ടുള്ളതായി തുടർന്നപ്പോഴും.

സോവിയറ്റ് യൂണിയന്റെ കാലത്ത് പ്രോഗ്രസ് പബ്ലിഷേഴ്സ് എന്ന പ്രസിദ്ധീകരണസ്ഥാപനം ഇങ്ങനെ ഒരു പാട് ശാസ്ത്ര പുസ്തകങ്ങൾ ഇറക്കിയിരുന്നു. വലിയ വിലയൊന്നുമില്ലാതെ തന്നെ വൈജ്ഞാനികഗ്രന്ഥങ്ങൾ വായിക്കാനാകുമായിരുന്നു.പിന്നീട് 'ഒന്ന്, രണ്ട് , മൂന്ന് ... അനന്തം ' എന്നൊരു പുസ്തകം വായിച്ചതായി ഓർക്കുന്നു.


സോവിയറ്റ് യൂണിയൻ എന്ന കുമിള പൊട്ടിത്തകർന്നതോടെ ഇത്തരം പുസ്തകങ്ങളും അപ്രത്യക്ഷമായി. അതൊരു നഷ്ടം തന്നെയായിരുന്നു. സോവിയറ്റുകാർ ശാസ്ത്രപ്രചരണത്തിനു സവിശേഷശ്രദ്ധ കൊടുത്തിരുന്നു എനു തോന്നുന്നു.

പഴയ റഷ്യൻ പുസ്തകങ്ങൾ പലരുടേയും ഭൂതകാലഓർമ്മകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നതായി അറിയാം. ഇവാൻ രാജകുമാരനെയൊക്കെ ഇഷ്ടപ്പെട്ട കുട്ടികൾ പലരും ഇന്ന് ഫേസ്ബുക്കിൽ സജീവമായി ഉണ്ടാകും.കുമിളകളെപ്പറ്റി പറയുകയാണെങ്കിൽ , നല്ല പതയുള്ള, വലിയ കുമിളയുണ്ടാക്കാവുന്ന സോപ്പ് വീണ്ടും കണ്ടത്, ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ അസുഖം മാറിയവരുടെ പുനരധിവാസപ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാക്കുന്നതാണ്.
പക്ഷെ, അത് പുറത്തുള്ളവർ ആരും വാങ്ങുന്നുമില്ല.