Friday, February 13, 2015

ഇന്റർവ്യൂ

വനം വകുപ്പിലെ ഫോറസ്റ്റ് വാച്ചർമാരുടെ പോസ്റ്റിലേക്കുള്ള പി.എസ്.സി അഭിമുഖത്തിന് ഇന്റർവ്യൂ ബോർഡിലേക്ക് ഡോക്ടർമാരെ പോസ്റ്റ് ചെയ്യുന്നതെന്തിനെന്ന് എനിക്കിപ്പോഴുമറിയില്ല.

എന്തായാലും ആ മൂന്നു ദിവസങ്ങൾ ഞാൻ നന്നായാസ്വദിച്ചു.

ആറു മാസം മുമ്പായിരുന്നു ഇന്റർവ്യൂ നടത്തിയത്.
മുഴുവൻ ഒഴിവുകളും ആദിവാസികൾക്ക്, അതിൽ കുറച്ച് വനിതകൾക്കും.

മൂന്നു പേരുള്ള ബോർഡിൽ ഒരാൾ പി.എസ്.സി മെമ്പറായിരുന്നു. മറ്റേയാൾ വനംവകുപ്പ് ഉദ്യോഗസ്ഥനും.

പി.എസ്.സി അംഗം ഒരു വനിതയായിരുന്നു.

ഞാൻ ഒരു ചൊറിയനാണെന്ന് അവർക്ക് തോന്നിയിരിക്കണം.അവർ ആദ്യം തന്നെ പറഞ്ഞു: "പി.എസ്.സി മെമ്പർക്ക് ഹൈക്കോടതി ജഡ്ജിയുടെ സ്റ്റാറ്റസ് ആണ്."

ഞാൻ അവരെ ഓർമ്മിപ്പിച്ചു: " ഞാൻ മാഡത്തെപ്പറ്റി മുമ്പ് കേട്ടിട്ടുണ്ട്. മാഡം സഖാവ് --- നെതിരെ ഇലക്ഷനിൽ മൽസരിച്ചിരുന്നല്ലോ ?"
മൽസരിച്ചു തോറ്റതല്ലേയെന്നാണ് ആദ്യം നാവിൽ വന്നത്. പക്ഷെ, അത് പുറത്തു വന്നില്ല.

പക്ഷെ അവർ പറഞ്ഞു :'' തോൽക്കുമെന്നറിയാമായിരുന്നു, എനിക്കുമറിയാമായിരുന്നു, പാർട്ടിക്കുമറിയാമായിരുന്നു."

ഫോറസ്റ്റ് ഓഫീസർ വലിയ സൗഹൃദത്തോടെയാണ് പെരുമാറിയത്.അദ്ദേഹം നല്ല വിവരമുള്ള ആളും ലളിതമായി ജീവിക്കുന്നയാളുമായിരുന്നു.

ഇടക്കിടെ ചായയും വെള്ളവുമൊക്കെ കുടിച്ച് ഞങ്ങൾ നല്ല രസകരമായി ഇന്റർവ്യൂ നടത്തി.


സംഭവം നന്നായി പോയെങ്കിലും പണി കിട്ടിയത് കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോഴാണ്.

ഇന്റർവ്യു ബോർഡിലുണ്ടായിരുന്ന രണ്ടു പേർ അങ്ങ് തിരുവനന്തപുരത്തും കാറിലുമൊക്കെയാണ്.

ഇങ്ങ് ഭൂമിയിലും ബസിലുമൊക്കെ ഞാൻ മാത്രമേയുള്ളു.

അതിനാൽ ചിലരൊക്കെ എന്നോട് ഇക്കാര്യം ചോദിക്കാൻ തുടങ്ങി. എന്ന് ലിസ്റ്റ് വരുമെന്നും എന്നു നിയമനം വരുമെന്നൊക്കെ.

കഴിഞ്ഞ ദിവസം കണ്ടു മുട്ടിയ ചെറുപ്പക്കാരൻ അതിൽ അവസാനത്തേതായിരുന്നു.

അയാൾ മറ്റൊരു കാര്യത്തിന് ഇവിടെ വന്നതായിരുന്നു. അയാൾ അൽപ്പം മദ്യപിച്ചിരുന്നുവെന്നു തോന്നി. എന്നിട്ടും എന്നെ കണ്ടപ്പോൾ ഓടി വന്നു.

അയാൾ എന്നോട് പറഞ്ഞു : - നിങ്ങൾ എന്നെ എടുത്തില്ല. നാട്ടുകാരെയൊക്കെ എടുക്കുകയും ചെയ്തു.

ഇന്റർവ്യൂവിനു വന്ന കാര്യമൊക്കെ അയാൾ പറഞ്ഞു. സത്യത്തിൽ ലിസ്റ്റ് വന്നോയെന്ന് അയാൾക്കുമറിയില്ലായിരുന്നു.


അന്ന് ഫോറസ്റ്റുകാരൻ പഠിപ്പിച്ച കാര്യങ്ങൾ ഞാൻ അയാൾക്ക് വിശദീകരിച്ചു കൊടുത്തു.
- കാടുമായി ബന്ധമുള്ളവരെയാണ് വാച്ചർ പണിക്കെടുക്കുന്നത്.
- വർഷങ്ങളായി ഫോറസ്റ്റിൽ വാച്ചർ പണി എടുക്കുന്നവരെ സ്ഥിരമാക്കുകയാണ് പ്രധാന ഉദ്ദേശം.
-അല്ലെങ്കിൽ നഗരത്തിലൊക്കെ താമസിക്കുന്നവർ ഈ ജോലിക്കു കേറും.
- അതിനാൽ കാടിനു തൊട്ടടുത്ത് താമസിക്കുന്നവർ, കാട്ടിനുള്ളിലെ കോളണികളിലെ താമസക്കാർ , വാച്ചർ ജോലി മുമ്പ് എപ്പോഴെങ്കിലും ചെയ്തവർ, കാട്ടിലെ ഗൈഡിന്റെ പണി ചെയ്തവർ, കാടിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർ എന്നിങ്ങനെയുള്ളവരെയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.

" ഞാൻ കാട്ടിനു തൊട്ടടുത്താണ് താമസിക്കുന്നത്" - അയാൾ പറഞ്ഞു.

" തൊട്ടടുത്ത് എന്നു പറഞ്ഞാൽ അഞ്ഞൂറു മീറ്ററാണ്. അറുനൂറു മീറ്ററായാൽ നിങ്ങൾ കാട്ടിനടുത്തല്ല."

_ " കാടുമായി ഞങ്ങൾക്ക് അടുത്ത ബന്ധമാണുള്ളത് . കാട്ടിൽ പോയി തേനെടുക്കാറും കൂൺ പെറുക്കാറുമുണ്ട്."

എനിക്കു തമാശയാണ് തോന്നിയത്. എങ്കിലും പറഞ്ഞു " ഫോറസ്റ്റുകാരുടെ അടുത്തുനിന്ന് അതിനൊരു സർട്ടിഫിക്കറ്റ് വാങ്ങുകയാണെങ്കിൽ പണി കിട്ടുമായിരിക്കും".

അയാൾ വിടുന്നില്ല- " കാടുമായി മറ്റൊരു ബന്ധവും എനിക്കുണ്ട് സാർ , എന്റമ്മയെ കാട്ടാന കുത്തിക്കൊന്നതാണ്"

അയാൾ പറഞ്ഞ കഥ കേട്ടപ്പോൾ നടുങ്ങിപ്പോയി.

അയാൾ കുട്ടിയായിരിക്കുമ്പോൾ , ആറാം ക്ലാസിലാണ് , അയാൾ സ്കൂളിൽ പോയ സമയത്ത് , അമ്മ വിറകു പെറുക്കാൻ കാട്ടിൽ പോയതാണ്. അയാളുടെ ചെറിയമ്മയെ കൂട്ടിയാണ് പോയത്. കാട്ടിലങ്ങനെ വിറകു ശേഖരിച്ചു കൊണ്ടിരുന്നപ്പോൾ, ഒരു ജീപ്പിന്റെ ഒച്ച കേട്ടു. ഫോറസ്റ്റുകാരെന്നാണ് അവർ കരുതിയത്. ഓടി, ഈറ്റയുടെ മറവിലേക്ക്.അമ്മ ഒരു വശത്തു കൂടെയും ചെറിയമ്മ മറ്റേ ഭാഗത്തു കൂടെയും  ഓടി.

- അമ്മ ചെന്നു പെട്ടത് ഒരു കാട്ടാനയുടെ മുന്നിലാണ്. ചെറിയമ്മ ആനയുടെ പുറകിലും. അമ്മ ആനയെ കണ്ടില്ല. ആന അമ്മയെ ഇട്ടു ചവിട്ടി. ചവിട്ടിക്കൂട്ടി. നെഞ്ചിൻകൂട് പൊളിച്ചു. ആനയുടെ പുറകിലായിരുന്ന ചെറിയമ്മക്ക് ഒന്നു കരയാൻ പോലും കഴിഞ്ഞില്ല.

അതിലെ വന്ന ജീപ്പ് ഫോറസ്റ്റുകാരുടേതായിരുന്നില്ല. അതിൽ കിടത്തി അവർ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോയി.എങ്കിലും അവർ അപ്പോൾ തന്നെ മരിച്ചിരുന്നു.

' എന്താ , എനിക്കു കാടുമായി ബന്ധമില്ലേ'  എന്നാണ് അയാൾ ചോദിക്കുന്നത് എന്ന് എനിക്കു തോന്നി. ചോദിച്ചില്ല.
എങ്കിലും ദുർബലമായി ഞാൻ പറഞ്ഞു- " നിങ്ങൾക്ക് ഫോറസ്റ്റുകാരോട് ഒരു സർട്ടിഫിക്കറ്റ് വാങ്ങി വെക്കാമായിരുന്നു, കാട്ടാനയുടെ ആക്രമണത്തിൽ പരിക്കുപറ്റിയെന്നും മരിച്ചുവെന്നും.''

അപ്പോൾ അയാൾ പറഞ്ഞു - സർട്ടിഫിക്കറ്റോ , ഫോറസ്റ്റുകാർ കേസുമെടുത്തു, കാട്ടിൽ അതിക്രമിച്ചു കയറി, വന്യജീവിയുടെ വഴി തടസപ്പെടുത്തി. ഭാഗ്യത്തിന് അവർ കേസുമായി മുന്നോട്ട് പോയില്ല.


വിരാമതിലകം - ഇന്റർവ്യൂ ആയാലും ജീവിതമായാലും ചോദ്യങ്ങൾ ചോദിക്കാൻ പാടൊന്നുമില്ല. ഉത്തരം പറയാനാണ് പാട്.
ഉത്തരം പറയാൻ പറ്റിയില്ലെങ്കിൽ ചോദ്യം ഒരു ഫാലസി ആണെന്നു പറയുകയാണ് ഒരേയൊരു വഴി.


2 comments:

Cv Thankappan said...

ആ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ചെന്നുപ്പെട്ടതുകൊണ്ട് മനസ്സമാധാനവും നഷ്ടപ്പെട്ടുവല്ലേ ഡോക്ടര്‍?
ആശംസകള്‍

soniadivjohn said...

കുറേ നാളുകൾക്ക്‌ ശേഷം നല്ലൊരു എഴുത്ത്‌...