Wednesday, December 26, 2012

NUMISMATICS

രാവിലെ ബസ്സിൽ തൊട്ടടുത്തിരുന്ന ഒരു ചേട്ടനും കണ്ടക്റ്ററും തമ്മിൽ ഭയങ്കര കശപിശ.
ടിക്കറ്റു വാങ്ങിയപ്പോൾ കൊടുത്ത പണത്തിൽ നിന്നും ഒരു നാണയമെടുത്ത് കണ്ടക്റ്റർ ഈ ചേട്ടന് മടക്കിക്കൊടുത്തതാണ് പ്രശ്നം..
കണ്ടക്റ്റർക്ക് അപ്പോൾ ഒരു പുഛമുഖഭാവമുണ്ടായിരുന്നു. നാണയം തിരിച്ചു കൊടുത്ത് അയാൾ പറഞ്ഞു - " ഇത് എടുക്കില്ല "
" എടുക്കില്ലെങ്കിൽ എന്തു കൊണ്ടെടുക്കില്ല ? " - ഇപ്പുറത്തെ ചേട്ടൻ ചൂടായി.
കണ്ടക്റ്റർക്കും ദേഷ്യം പിടിച്ചു - " ഇത് ഇവിടുത്തെ പൈസയൊന്നുമല്ല ഹേ , വേറെ എവിടുത്തെയോ ഏതോ രാജ്യത്തെ പൈസയാണ് "
മറ്റേ ചേട്ടൻ ആകെ വിഷണ്ണനായി. എന്നിട്ടു പറഞ്ഞു - " ഇത് ഈ ബസ്സിൽ നിന്നു തന്നെ കിട്ടിയതാണ്".
കണ്ടക്റ്റർ സമ്മതിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിൽ താനായിരുന്നില്ല ഡ്യൂട്ടി.
അവസാനം ചേട്ടൻ കീശയിൽ നിന്നും ഒരു രണ്ടു രൂപ നാണയം തപ്പിയെടുത്തു കൊടുത്തു.
എന്നിട്ട് വിഷമത്തോടെ തന്റെ കൈയിലെ 2 എന്നെഴുതിയ നാണയം തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നു.
ഇതു കണ്ടപ്പോൾ പണ്ട് നാണയങ്ങളും സ്റ്റാമ്പുകളും തീപ്പെട്ടിപ്പടങ്ങളൂം സോപ്പ് പെട്ടികളൂമൊക്കെ ശേഖരിച്ചിരുന്ന ഒരു കുട്ടി എന്നിൽ പതുക്കെ ഉണർന്നു വന്നു.
അയാളോട് മെല്ലെ ചോദിച്ചു.." ചേട്ടൻ ഈ പൈസ എനിക്കു വിൽക്കാമോ ?"
ചേട്ടൻ അപ്പോഴും ആ നാണയം വിഷമത്തോടെ കൈയിൽ വെച്ച് ഞെരിച്ചുകൊണ്ടിരിക്കയായിരുന്നു.ഒന്നു കൂടി ആ നാണയം മറിച്ചു നോക്കി പറഞ്ഞു- " ഇവിടെ ഇത് രണ്ടു രൂപയാണെങ്കിലും അവിടെ, ആ രാജ്യത്ത് ഇത് വലിയ പൈസയാണ്"
എന്നിട്ട് ഒന്നു കൂടി നോക്കിപ്പറഞ്ഞു- " അവിടെ ഇത് ആയിരം രൂപക്കു തുല്യമാണ്"
ഗുണപാഠം - അയൽക്കാരന്റെ ഭാര്യയേയോ , കഴുതയേയോ , മറ്റൊന്നിനുമേയോ മോഹിക്കരുത്.. അവസാനം നിരാശയുണ്ടാകും.

Sunday, December 16, 2012

മൃത്യുഞ്ജയ ക്ഷേത്രം












മരണത്തിനു ശേഷം മറ്റൊരു ലോകം സാധ്യമാണെന്നു കരുതുന്ന മണ്ടന്‍‌മാര്‍ വരെ മരണത്തെ  ഭയക്കുന്നവരാണ്.
കുടകിലെ മൃത്യുഞ്ജയ ക്ഷേത്രത്തില്‍ കണ്ട തിരക്കും മറ്റൊന്നല്ല സൂചിപ്പിക്കുന്നത്.


മാനന്തവാടിയില്‍ നിന്നും കാട്ടിക്കുളം-- തെറ്റ് റോഡ്  വഴി തോല്‍‌പ്പെട്ടി എത്തിയാല്‍ കേരള അതിര്‍ത്തിയായി.ധാരാളം മദ്യഷാപ്പുകള്‍ ഉള്ള കുട്ടയാണ്  കര്‍ണാടകത്തിലെ അതിര്‍ത്തി ഗ്രാമം. ഇവിടെയുള്ള ഹോട്ടലുകളില്‍ കിട്ടുന്ന പന്നിയിറച്ചി കഴിക്കാന്‍ വേണ്ടി മാത്രം ധാരാളം പേര്‍ മാനന്തവാടിയില്‍ നിന്നും കുട്ടയില്‍ എത്തുന്നു. കുപ്പി വാങ്ങാനും..

 കുട്ടയില്‍ നിന്നും ഗോണിക്കൊപ്പ റോഡില്‍ കുറച്ചു പോയാല്‍ ശ്രീമം‌ഗലം എന്ന സ്ഥലത്തെത്തും ..അവിടെ നിന്നും ഇടത്തോട്ടുള്ള റോഡില്‍ പോയാല്‍ മൃത്യുഞ്ജയ ക്ഷേത്രത്തിലെത്തും.

തേയിലത്തോട്ടങ്ങളുടേയും കാപ്പിത്തോട്ടങ്ങളുടേയും കാടിന്റേയും ഇടയിലൂടെയുള്ള , കാട്ടരുവികളുടെ വക്കത്തു കൂടിയുള്ള ഇടുങ്ങിയ റോഡിലൂടെയുള്ള  യാത്ര  നിങ്ങളൊരു ഭക്തനാണെങ്കിലും അല്ലെങ്കിലും നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. കുടക് റോഡുകളിലെ  കാറ്റിന്  കാപ്പിപ്പൂവിന്റെ മണമാണ്..
ഒറ്റപ്പെട്ട ഒരു സ്ഥലത്താണ്  ഈ  അമ്പലം .  അമ്പലത്തിനടുത്തായി ഒരു കുളമുണ്ട്. കുളത്തിനു വക്കിലുള്ള മരങ്ങളില്‍ ധാരാളം പക്ഷികളുണ്ട്. പക്ഷിനിരീക്ഷകര്‍ക്ക് പറ്റിയ സ്ഥലം.
    അമ്പലത്തിനു മുന്നിലുള്ള പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ നിറയെ കാറുകളുണ്ട്.അവിടെയെത്തി ക്ഷേത്രത്തിനുള്ളില്‍ കയറിയപ്പോള്‍ പല സ്ഥലത്തായി ഹോമങ്ങള്‍ നടക്കുകയാണ്. പൂണൂലിട്ട ഷര്‍ട്ടിടാത്തവര്‍ ഹോമം നടത്തുന്നു. ഹോമകുണ്ഡത്തിനു മുന്നില്‍ ചില സ്ത്രീകള്‍ വട്ടം കറങ്ങിക്കൊണ്ടിരിക്കുന്നു. ചിലര്‍ നിലത്ത് ചമ്രം പടിഞ്ഞ് ഇരിക്കുകയും ചെയ്യുന്നു.


അമ്പതു രൂപ ടിക്കറ്റെടുത്ത് ഹോമത്തിനു കാത്തിരിക്കുന്ന എന്റെ സുഹൃത്തിനെ ഹോമത്തിനു വിളിക്കുന്നില്ല. രണ്ടായിരം രൂപ കൊടുത്ത് ടിക്കറ്റെടുത്തവര്‍ക്കുള്ള  ഹോമമാണ് ഇപ്പോള്‍ നടക്കുന്നത്.  രണ്ടായിരം രൂപക്കാരുടെ ഹോമങ്ങളെല്ലാം കഴിഞ്ഞ ശേഷം ആണ് അമ്പതു രൂപക്കാരുടെ ഹോമം. ചെറിയ പൈസക്കാരുടെ ഹോമങ്ങളെല്ലാം ഒരുമിച്ചാണ് നടക്കുന്നത്.

ഹോമങ്ങള്‍ നടക്കുമ്പോള്‍ നിറച്ചും പുകയാണ്. മടുപ്പും വിശപ്പും പുകയും കാരണം പുറത്തിറങ്ങി ഒരു ചായ കുടിച്ച് വരാമെന്നു കരുതി. പുറത്തു വന്നപ്പോള്‍ ഒരു മിഠായിക്കട പോലുമില്ല.
മറ്റുള്ളവരുടെയൊക്കെ ഹോമം കഴിഞ്ഞ് അമ്പതു രൂപക്കാരുടെ ഹോമം തുടങ്ങിയപ്പോള്‍ ഒരു പന്ത്രണ്ടു മണിയായി. അതിന് ഒരു പത്തു നൂറു പേരുണ്ടാകും. ചിലര്‍ സെറിബ്രല്‍ പാള്‍സി രോഗമുള്ള കുട്ടികളെയൊക്കെ കൊണ്ടു വന്നിട്ടുണ്ട്. സെറിബ്രല്‍ പാള്‍സി രോഗമുള്ള ഒരു കുട്ടിയുടെ രോഗം മാറി എന്ന കഥയാണ്  ഈ അമ്പലത്തെ പ്രസിദ്ധമാക്കിയത്.

ഹോമത്തിനിടക്ക് ജനക്കൂട്ടം ശിവസ്തുതികള്‍ പാടാന്‍ തുടങ്ങി.   എസ്.പി  ബാലസുബ്രമണ്യം പാടിയ പാട്ടുകള്‍ കഠിനകഠോര ശബ്ദത്തില്‍  ചിലര്‍ ആലപിക്കുന്നതു  കേള്‍ക്കാം..


ചുറ്റും മണികള്‍ കെട്ടിത്തൂക്കിയിട്ടുണ്ട്. ഈ മണികള്‍ മുഴക്കാം.
അവസാനം അവിടെയുണ്ടാക്കിയ പ്രസാദം ഒരു സ്പൂണ്‍ തരും.

അതിനു ശേഷം പ്രസാദ ഊട്ട് കഴിഞ്ഞു മാത്രമേ  സ്ഥലം വിട്ടു പോകാന്‍ പാടുള്ളൂ അത്രെ. അപ്പുറമുള്ള ഭോജനശാലയില്‍ വെച്ച് പായസമടക്കമുള്ള  ഊണ് കിട്ടും നല്ല ഭക്ഷണമാണ്. ചോറും കറിയും മോരും മാത്രമേയുള്ളൂവെങ്കിലും.

കര്‍ണാടകയില്‍ നിന്നും ധാരാളം ഭക്തര്‍ ഇവിടെയെത്തുന്നു. അടുത്ത കാലത്ത് റ്റി.വിയില്‍  വന്നതിനു ശേഷം അമ്പലം കൂടുതല്‍ പ്രശസ്തമായി. ഇപ്പോള്‍ ഇങ്ങോട്ട് ഒരു ബസ് ഉണ്ട്.
ക്ഷേത്രത്തില്‍ പൂജ കഴിച്ചാല്‍ ജീവിതത്തില്‍ അദ്ഭുതങ്ങള്‍ സംഭവിക്കുമത്രെ. എന്തായാലും എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിന്   ക്ഷേത്രദര്‍ശനത്തിനു ശേഷമാണ്  അപ്രതീക്ഷിതമായി നല്ലൊരു ഉദ്യോഗം കിട്ടിയത്.

മലകളും കാടും താഴ്വാരങ്ങളുമാണ് കുടക്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ സ്ഥലങ്ങളുണ്ട് കുടകില്‍. അഭി വെള്ളച്ചാട്ടം, ഇരിപ്പ് വെള്ളച്ചാട്ടം , കുശാല്‍ നഗറിലെ  സുവര്‍ണ്ണക്ഷേത്രം, തലക്കാവേരി , ഭാഗമണ്ഡലം , കാവേരി നിസര്‍ഗധാമ , മടിക്കേരി എന്നിങ്ങനെ ധാരാളം റ്റൂറിസ്റ്റു കേന്ദ്രങ്ങളുണ്ട് ഇവിടെ. ഇതിന്റെ കൂടെ ചേര്‍ക്കാവുന്ന ഒന്നാണ് മൃത്യുഞ്ജയ ക്ഷേത്രം.