Sunday, October 2, 2011

ലെഡ് എന്ന വിഷം

ലെഡ് ഒരു ലോഹമാണ്.മനുഷ്യന് ഏറെ ഉപയോഗപ്രദമായ ഒരു മൂലകമാണ് ലെഡ്.പക്ഷെ , ലെഡ് ഒരു വിഷവുമാണ്.
പക്ഷെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുവെങ്കിലും ലെഡ് ഒരു വിഷമാണെന്ന ബോധം നമ്മുടെ സമൂഹത്തില്‍ കുറവാണ്.
കിളിരൂര്‍ പീഢനക്കേസില്‍ മരിച്ച പെണ്‍‌കുട്ടിയുടെ ശരീരത്തില്‍ ഈയത്തിന്റെ അളവ് കൂടുതല്‍ കണ്ടെത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.ഈയ വിഷബാധയാണ് മരണത്തിനിടയാക്കിയതെന്നും വാര്‍ത്തയുണ്ടായിരുന്നു.
കുട്ടികളില്‍ ലെഡ് വിഷബാധ മൂലമുള്ള മരണം തെളിയിക്കപ്പെട്ടിട്ടുണ്ട്.പക്ഷെ,പ്രായപൂര്‍‌ത്തിയായവരില്‍ ലെഡ് വിഷബാധ മൂലമുള്ള മരണം ഇതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


മനുഷ്യ ശരീരത്തിന് പല മൂലകങ്ങളും ചെറിയ അളവിലെങ്കിലും ആവശ്യമുള്ളതാണ്.പക്ഷെ,ലെഡ് മനുഷ്യന് ഒട്ടും ആവശ്യമില്ലാത്തത്രെ.അതിനാല്‍ മനുഷ്യശരീരത്തില്‍ ലെഡിന്റെ നേരിയ അംശം പോലും ആശങ്കയുണ്ടാക്കേണ്ടതാണ്.
ഈയവിഷബാധ നമ്മുടെ സമൂഹത്തില്‍ വിരളമാണെന്ന് ഒരു ധാരണയുണ്ട്.പക്ഷെ,അത് വളരെ വ്യാപകമാണെന്നതാണ് സത്യം.പക്ഷെ, മിക്കപ്പോഴും അത് സംശയിക്കപെടുന്നില്ലെന്നതിനാല്‍ കണ്ട് പിടിക്കപ്പെടുന്നില്ല.കഴിഞ്ഞ എണ്ണായിരം വര്‍‌ഷങ്ങളായി മനുഷ്യന്‍ ലെഡ് ഉപയോഗിക്കുന്നു.ഇലക്ട്റോണിക് ഉപകരണങ്ങളുടെ ഉപയോഗം വര്‍‌ദ്ധിച്ചതോടെ ലെഡിന്റെ ഉപഭോഗവും വല്ലാതെ വര്‍ദ്ധിച്ചു.ഒരു ലോഹമെന്ന നിലയില്‍ ലെഡിന് പല ഗുണങ്ങളുമുണ്ട്.പക്ഷെ,വിലക്കുറവാണ് അതിന്റെ ഉപയോഗം ഇത്ര വര്‍ദ്ധിക്കാന്‍ പ്രധാന കാരണം.




ലെഡ് ശരീരത്തില്‍ പ്രവേശിക്കുകയും എല്ലാ അവയവങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യുന്നു.പക്ഷെ,ശരീരത്തില്‍ നിന്നും ലെഡ് പുറത്തു പോകുന്നില്ല.അതിനാല്‍ ദീര്‍ഘകാലം അതിന്റെ ദോഷഫലങ്ങള്‍ ഉണ്ടാകുന്നു.വായിലൂടെയും ശ്വാസത്തിലൂടെയുമാണ് ലെഡ് ശരീരത്തിലെത്തുന്നത്.തൊലിയിലൂടെയും ലെഡ് ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു.തലച്ചോറും നാഡീവ്യവസ്ഥയുമുള്‍പ്പെടെ എല്ലാ ശരീരഭാഗങ്ങളേയും ലെഡ് ബാധിക്കുന്നു.
ഗര്‍ഭസ്ഥശിശുക്കള്‍,കുട്ടികള്‍,ഗര്‍ഭിണികള്‍ എന്നിവരില്‍ ലെഡ് വിഷബാധയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.പ്ലാസന്റയിലൂടെ ലെഡ് നന്നായി കടന്നു പോകുന്നു.മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളെ ലെഡ് കൂടുതലായി ബാധിക്കുന്നു.കുട്ടികളില്‍ മരണം വരെ ലെഡ് മൂലമുണ്ടാകുന്നു.രക്തക്കുറവ്,വിറ്റമിന്‍-ഡിയുടെ ആഗിരണത്തിലുണ്ടാകുന്ന കുറവ്,വയറു വേദന,എന്‍‌സഫലോപ്പതി എന്നിവയും ലെഡ് വിഷബാധ മൂലമുണ്ടാകാറുണ്ട്. പെയിന്റുകളില്‍ ലെഡ് വ്യാപകമായി ഉപയോഗിക്കുന്നു.മഞ്ഞ പെയിന്റുകളില്‍ ആണ് ലെഡ് ഏറ്റവും കൂടുതല്‍ ചേര്‍ക്കുന്നത്.നിര്‍ഭാഗ്യവശാല്‍ മിക്ക കളിപ്പാട്ടങ്ങളും മഞ്ഞ നിറമുള്ളതാണ്.


ഏറ്റവും ആകര്‍ഷകമായ നിറങ്ങളിലൊന്നാണല്ലോ മഞ്ഞ.സ്കൂള്‍ ബസ്സുകള്‍ വരെ മഞ്ഞ പെയിന്റടിച്ചതാണ്.കുട്ടികളുടെ പാര്‍ക്കിലെ കളിസാധനങ്ങളും മഞ്ഞയടിച്ചതാണ്.കളിപ്പാട്ടങ്ങളില്‍ നിന്നാണ് കുട്ടികളുടെ ശരീരത്തില്‍ ലെഡ് കാര്യമായി എത്തുന്നത്.ഗ്രാമങ്ങളിലെ ഉല്‍സവചന്തകളില്‍ വില്‍ക്കപ്പെടുന്ന ഗുണനിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളാണ് പ്രധാനകുറ്റവാളി.ഇത്തരം കളിപ്പാട്ടങ്ങളിലെ പെയിന്റ് എളുപ്പത്തില്‍ ഇളകിപ്പോകുന്നതായാണ് കാണപ്പെടുന്നത്.
ലെഡിന്റെ ഉപയോഗം ആധുനികജീവിതത്തില്‍ ഒഴിവാക്കാനാകാത്തതാണ്.അര ടണ്‍ ലെഡ് ഒരാള്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.
ലെഡ് മൂലമുള്ള ദുരന്തങ്ങള്‍ എല്ലാ രാജ്യങ്ങളിലുമുണ്ട്.


വികസ്വരരാജ്യങ്ങളിലാണ് ലെഡ് വിഷബാധ കൂടുതലായി കാണുന്നത്.കൂടുതല്‍ ലെഡ് ഉപയോഗിക്കുന്നത് പക്ഷെ,വികസിതരാജ്യങ്ങളിലാണ്.പക്ഷെ,സുരക്ഷിതമായ ഉപയോഗത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ അവിടെ ലെഡ് വിഷബാധ കുറവാണ്.
അവികസിതരാജ്യങ്ങളിലെ കുട്ടികളാണ് ലെഡ് വിഷബാധയുടെ പ്രധാന ഇരകള്‍.ബുദ്ധിമാന്ദ്യം,രക്തക്കുറവ്,വൃക്കകളുടെ തകരാറ് തുടങ്ങി പല പ്രശ്നങ്ങളും കുട്ടികളില്‍ അത് ഉണ്ടാക്കുന്നു.
ഇന്ത്യയില്‍ ലെഡ് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.പെട്ടെന്നുള്ള ദോഷഫലങ്ങള്‍ കാണാത്തതിനാല്‍ ലെഡിനെക്കുറിച്ചുള്ള ബോധവും കുറവാണ്.




8000  വര്‍ഷങ്ങളായി മനുഷ്യന്‍ ലെഡ് ഉപയോഗിക്കുന്നു.
6500 BCയില്‍ തുര്‍ക്കിയില്‍ ലെഡിന്റെ ഖനിയുണ്ടായിരുന്നു.
എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു മൂലകമാണ് ലെഡ്.മറ്റു മൂലകങ്ങളുമായി നന്നായി കൂടിച്ചേരുകയും ചെയ്യുന്നു.എളുപ്പത്തില്‍ ലഭ്യമാകുന്നതും വിലക്കുറവും പെയിന്റുകളുമായി എളുപ്പത്തില്‍ കൂടിച്ചേരുന്നതുമാണ് ലെഡിനെ പ്രിയങ്കരമാക്കുന്നത്.
ലെഡ് കാലാവസ്ഥാ വ്യതിയാനത്തെ നന്നായി പ്രതിരോധിക്കുന്നു.ദ്രവിച്ചു പോകാതിരിക്കുന്ന ഒരു ലോഹമാണ് ലെഡ്.
മനുഷ്യരാശിയുടെ സാങ്കേതിക വികാസത്തിന് ലെഡ് അനിവാര്യമാണ്.കമ്പ്യൂട്ടറടക്കമുള്ള ഉപകരണങ്ങളില്‍ ലെഡിന്റെ ഉപയോഗം ഒഴിവാക്കാനാകാത്തതാണ്.ഇലക്റ്റ്റോണിക് ലോകത്തിലെ പ്രധാനമൂലകമാണ് ലെഡ്.വാര്‍ത്താവിനിമയരംഗത്തും ബഹിരാകാശഗവേഷണരംഗത്തും ലെഡിന്റെ ഉപയോഗം വ്യാപകമാണ്.




തെറ്റായ ഉപയോഗവും അശ്രദ്ധയും നയരാഹിത്യവുമാണ് വികസ്വരരാജ്യങ്ങളില്‍ ലെഡ് ദുരന്തമുണ്ടാക്കാന്‍ കാരണം.കഴിക്കുന്ന ഭക്ഷണത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും നമ്മുടെ ശരീരത്തില്‍ ലെഡ് എത്തുന്നു.
ബാറ്ററികള്‍ ഉണ്ടാക്കാനാണ് ലോകത്ത് ഉപയോഗിക്കുന്ന ലെഡിന്റെ എണ്‍‌പതു ശതമാനവും ഉപയോഗിക്കപ്പെടുന്നത്.ഗുണനിലവാരമില്ലാത്ത ലെഡ് ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്നു.പുനരുപയോഗിക്കാവുന്ന ലെഡിന്റെ ഉപയോഗവും ഇന്ത്യന്‍ നിര്‍മ്മിത ലെഡ് ആസിഡ് ബാക്‍റ്ററികളില്‍ കുറവാണ്.
വീട്ടിനകത്തു വെച്ച് ബാറ്ററി റിപയര്‍ നടത്തുന്നവരും ഇലക്റ്റ്റോണിക് ഉപകരണറിപയര്‍ നടത്തുന്നവരും ലെഡ് വിഷബാധയേല്‍ക്കാന്‍ സാധ്യത വളരെ കൂടുതലുള്ളവരാണ്.
റോഡരികിലെ ബാറ്ററി റിപ്പയര്‍ ഷോപ്പുകള്‍ നഗരങ്ങളിലെല്ലാം വ്യാപകമായി കാണാം.
പെട്രോളിലെ ലെഡ് ഒരു കാലത്ത് പ്രശ്നമായിരുന്നു.എഞ്ചിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ലെഡ് പെട്രോളില്‍ ചേര്‍ക്കാറുണ്ടായിരുന്നു.വാഹനത്തിന്റെ പുകയിലൂടെ ലെഡ് അന്തരീക്ഷത്തിലെത്തുകയും മലിനീകരണമുണ്ടാക്കുകയും ചെയ്തു.പിന്നീട് ലെഡിന്റെ അളവ് കാര്യമായി കുറക്കുകയും കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുകയും മികച്ച എഞ്ചിനുകള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തു.
ഔഷധങ്ങളിലൂടെയും അമിതമായ അളവില്‍ ലെഡ് ശരീരത്തിലെത്തുന്നുണ്ട്.ചില പരമ്പരാഗത ആയുര്‍‌വേദമരുന്നുകളില്‍ ലെഡിന്റെ അംശം വളരെ കൂടുതലാണ്.ചില ചൈനീസ് മെഡിസിനുകളിലും ലെഡ് അമിതമായി കാണപ്പെടുന്നു.കുട്ടികളിലെ ഹൈപ്പര്‍ ആക്‍റ്റിവിറ്റിയ്ക്ക് ഉപയോഗിക്കുന്ന ഒരു ചൈനീസ് ഔഷധത്തില്‍ ലെഡിന്റെ അംശം കനത്ത തോതിലുണ്ട്.നാഢികളെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഇവിടെ ലെഡ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടാകാം.ലെഡ് ഒരു ഹോമിയോപ്പതി ഔഷധം കൂടിയാണ്.വിവേചനരഹിതമായ ഔഷധപ്രയോഗം ലെഡ് വിഷബാധയുണ്ടാക്കാം.




ലെഡ് ശരീരത്തിലെത്തിയാല്‍ പല ഭാഗത്തും ശേഖരിക്കപ്പെടുന്നു.എല്ലുകള്‍,നഖങ്ങള്‍,പല്ലുകള്‍,മുടികള്‍ എന്നിവടങ്ങളിലെല്ലാം ലെഡ് അടിഞ്ഞു കൂടുന്നു.ലെഡ് ശരീരത്തില്‍ വിഘടിച്ചു പോകുന്നില്ല.അത് ശരീരത്തിലെ വിവിധ പ്രോട്ടീനുകളുമായി കൂടിച്ചേര്‍ന്ന് കുഴപ്പമുണ്ടാക്കുന്നു.കാല്‍സ്യത്തിന്റെ ഉപാപചയത്തെ ലെഡ് ബാധിക്കുന്നു.ആവര്‍ത്തനപ്പട്ടികയില്‍ ലെഡിന്റെ സ്ഥാനം ഓര്‍ക്കുക.വിറ്റമിന്‍ ഡി യുടെ ഉല്‍‌പാദനത്തെയും ലെഡ് ബാധിക്കുന്നു.
ചുരുക്കത്തില്‍..
ലെഡ് വിഷബാധ സമൂഹത്തില്‍ വ്യാപകമാണ്.
ഡോക്റ്റര്‍‌മാരും രോഗികളും ലെഡ് വിഷബാധ കൂടുതലായി സംശയിക്കേണ്ടതാണ്.
മിന്നുന്നതെല്ലാം പൊന്നല്ല.പക്ഷെ,ലെഡ് ആയിക്കൂടെന്നില്ല.
നമ്മുടെ കുട്ടികളെ ലെഡ് വിഷബാധയില്‍ നിന്നും സംരക്ഷിക്കുക.നിലവാരം കുറഞ്ഞ കളിപ്പാട്ടം വാങ്ങിച്ചു കൊടുത്ത് അവരെ മന്ദബുദ്ധികള്‍ ആക്കാതിരിക്കുക.
കുട്ടികള്‍ക്ക് പെന്‍‌സിലുകള്‍ വാങ്ങുമ്പോള്‍ വര്‍‌ണ്ണആവരണം ഉള്ള പെന്‍‌സിലുകള്‍ ഒഴിവാക്കുക.വര്‍ണ്ണരഹിത പെന്‍സിലുകള്‍ ഇപ്പോള്‍ ലഭ്യമാണ്.ലെഡ് പെന്‍സിലുകളില്‍ സാധാരണഗതിയില്‍ ലെഡ് ഇല്ല.
ലെഡ് കൂടുതലുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവര്‍ വീട്ടില്‍ എത്തുന്നതിനു മുമ്പ് വസ്ത്രങ്ങള്‍ മാറ്റുക.ഭക്ഷണത്തിനു മുമ്പ് കൈകാലുകള്‍ നന്നായി വൃത്തിയാക്കുക.
വീട്ടിനകത്ത് ഇലക്ട്രോണിക് റിപ്പയര്‍ ഒഴിവാക്കുക.
രക്തപരിശോധനയിലൂടെ വിഷബാധ കണ്ടെത്താം.ലെഡ് വിഷബാധയുടെ ലക്ഷണങ്ങള്‍ അത്ര കൃത്യമല്ല.അതിനാല്‍ രക്തപരിശോധനയിലൂടെ മാത്രമേ അത് കണ്ടെത്താനാകൂ.