Sunday, September 11, 2011

ഇന്‍ഷൂറന്‍സ്

" ഒരു പെന്നും കടലാസുമുണ്ടെന്കില്‍ എന്തും എഴുതിക്കളയാമെന്നാണ് ചില വിഡ്ഢികളുടെ വിചാരം"

എന്റെ തലയില്‍ കുറേക്കാലം മുഴങ്ങി എന്നെ ശല്യപ്പെടുത്തിയ ഒരു ശബ്ദമാണിത്. 

ഒരു മാനേജറുടേതായിരുന്നു ആ ശബ്ദം .
ഒരു പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനിയുടെ കോഴിക്കോട് ബ്രാഞ്ചിന്റെ മാനേജറുടേത്.

ആ ശബ്ദം കുറേക്കാലം എന്റെ ചെവിയില്‍ മുഴങ്ങി നിന്ന് പിന്നീട് ഇല്ലാതായി.

ഒരു സോണി ടെലിവിഷനില്‍ നിന്നായിരുന്നു അതിന്റെ തുടക്കം.ഒരു പത്തു പതിനൊന്നു കൊല്ലം മുമ്പാണ് സംഭവം .
വീട്ടിലെ പഴയ ടി.വി ഒരു പതിമൂന്നു കൊല്ലം പ്രവര്‍ത്തിച്ച ശേഷം കുറച്ച് തകരാറുകള്‍ കാണിക്കാന്‍ തുടങ്ങി.
പുതിയ ടിവി വാങ്ങാന്‍ ഞാനും ഒരു സുഹ്രൃത്തും കൂടിയാണ് കോഴിക്കോട്ടെ കണ്ണന്കണ്ടി ഇലക്റ്റ്റോണിക്സില്‍ പോയത്.
22000 രൂപക്ക് ഒരു സോണി വേഗ ടെലിവിഷന്‍ എടുത്തു.
അപ്പോഴാണ് അവിടെ ഇരുന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ ഇത് ഇന്ഷൂറ് ചെയ്യുന്നില്ലേ എന്നു ചോദിച്ചു വന്നത്.
500 രൂപക്ക് പത്തു കൊല്ലത്തേക്ക് ഇന്‍ഷൂര്‍ ചെയ്യാമെന്നു പറഞ്ഞപ്പോള്‍ അധികമൊന്നും ആലോചിച്ചില്ല.
എപ്പോഴും ഇടിമിന്നല്‍ വീഴുന്ന ഒരു ഗ്രാമമാണ് ഞങ്ങളുടേത്.
നല്ലൊരു ടി.വി യായിരുന്നു അത്.
മിഴിവാര്‍ന്ന ചിത്രവും മുഴക്കമുള്ള ശബ്ദവും.
ഒരു വര്‍ഷം ഒരു കുഴപ്പവും ടി വി ക്കുണ്ടായിരുന്നില്ല.
ഒരു ദിവസം ടിവി സ്ക്രീനില്‍ കുറച്ചു വരകള്‍ പ്രത്യക്ഷപ്പെട്ടു.
പിറ്റേ ദിവസം അത് കൂടുകയും ചിത്രങ്ങള്‍ വികലമാകുകയും ചെയ്തു.

പിറ്റേന്നു തന്നെ കണ്ണന്കണ്ടിയില്‍ പോയി കാര്യം പറഞ്ഞു. അവര്‍ സോണിയുടെ സര്‍വീസ് സെന്ററിലേക്കു വിളിച്ചു.
പിറ്റേ ദിവസം തന്നെ ആളെത്തി. എത്ര നല്ല ലോകം എന്നു കരുതി എനിക്കു സന്തോഷം തോന്നി.
ടിവി ഉടന്‍ ശരിയാക്കിത്തരാമെന്നും അതിനു ശേഷം ഇന്‍ഷൂറന്‍സ് പേപ്പറുകള്‍ ശരിയാക്കമെന്നും പറഞ്ഞു.
ഞാന്‍ സമ്മതിച്ചു.
2500 രൂപയായി.ഒരു പാര്ട്സ് മാറ്റേണ്ടിയിരുന്നു.
അയാള്‍ കുറേ പേപ്പറുകള്‍ ശരിയാക്കിത്തന്നു. അതുമായി ഇന്‍ഷൂറന്‍സ് ഓഫീസില്‍ പോയാല്‍ മതിയെന്നു പറഞ്ഞു.
പിറ്റേ ദിവസം രാവിലെ കുളിച്ചു പുറപ്പെട്ടു ഇന്‍ഷൂറന്‍സ് ഓഫീസിലെത്തി.
അവര്‍ ആ പേപ്പറുകളെല്ലാം അവിടെ വാങ്ങി വെച്ചു.
സാധാരണ ഓഫീസുകളില്‍ നിന്ന് പറയുന്നതു പോലെ അടുത്ത ആഴ്ച വരാന്‍ പറഞ്ഞു.
അടുത്തയാഴ്ച പോയപ്പോള്‍ അതിന്റെ അടുത്തയാഴ്ച വരാന്‍ പറഞ്ഞു. ആ ദിവസം പോയപ്പോള്‍ അതിന്റെയുമടുത്തയാഴ്ച.

വീണ്ടു ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഓഫീസറോട് പറഞ്ഞു ഞാന്‍ മൂന്നു തവണ വന്നു മടങ്ങിയെന്ന് .
അപ്പോള്‍ ഓഫീസര്‍ ദിനേശന്‍ എന്നയാളിനെ കാണാന്‍ പറഞ്ഞു. ദിനേശിനെ കണ്ടപ്പോള്‍ മഹേഷിനെ കാണാന്‍ പറഞ്ഞു. മഹേഷിനെ കണ്ടപ്പോള്‍ സജീവന്റെ അസസ്മെന്റ് റിപോര്‍ട്ട് വേണമെന്നും അത് കിട്ടിയിട്ടില്ലെന്നും പറഞ്ഞു. പിറ്റേന്ന് വീണ്ടു വരാനും പറഞ്ഞു.
ഇത്രയുമായപ്പോള്‍ 2500 രൂപ എഴുതിത്തള്ളാന്‍ ഞാന്‍ തീരുമാനിച്ചു.

പക്ഷെ, മനസ്സിലെ രോഷവും നിരാശയും സന്കടവുമെല്ലാം പുറത്തു പോകണമല്ലോ . മാനേജര്‍ക്ക് ഒരു കത്തെഴുതാമെന്നു തീരുമാനിച്ചു.
ഒരു കടലാസു വാങ്ങി മനസ്സിലെ വിക്ഷോഭങ്ങളെല്ലാം പച്ച മലയാളത്തില്‍ അതില്‍ പകര്‍ത്തി.
അതിനു ശേഷമാണ് ഞാന്‍ ഒരു തല തിരിഞ്ഞ കാര്യം ചെയ്തത്.ആ കത്ത് അവിടെ കൊടുക്കുന്നതിനു പകരം ഡല്‍ഹിയിലെ അവരുടെ ആസ്ഥാനത്തേക്ക് അയച്ചു കൊടുത്തു.
മുന്നിലുണ്ടായിരുന്ന ബോര്‍ഡില്‍ ആസ്ഥാനത്തിന്റെ വിലാസം കണ്ടിരുന്നു.
അതോടു കൂടി മനസ്സിലെ തിരയടങ്ങി. ഞാന്‍ ഒരു ചിക്കന്‍ ബിരിയാണി കഴിച്ചു വീട്ടിലേക്കു മടങ്ങിപ്പോകുകയും ചെയ്തു.
പിന്നെ ഞാന്‍ അതങ്ങു മറക്കുകയും ചെയ്തു. പിന്നേയും അത് ഓര്‍ത്തിരിക്കേണ്ട കാര്യമൊന്നും എനിക്കില്ലല്ലോ.
ഒരു മാസം കഴിഞ്ഞ് ഒരു ദിവസം ഉച്ചക്ക് ഇന്‍ഷൂറന്‍സ് ഓഫീസില്‍ നിന്ന് വിളിച്ചു.അവിടെ ചെന്നു കാണണമെന്നു പറഞ്ഞു.
ഞാന്‍ അവിടെയെത്തി ഫ്രണ്ട് ഓഫീസില്‍ കാര്യം പരഞ്ഞു. അവിടെയുണ്ടായിരുന്ന ആള്‍ എന്നെ മാനേജറുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.
അവിടെയെത്തിയപ്പോള്‍ മാനേജര്‍ നല്ല ചൂടിലാണ്. എ.സി മുറിയായിട്ടും എനിക്കും ചൂടു തോന്നി.


ഒരു തമിഴ് നാട്ടുകാരനാണെന്നു  തോന്നുന്ന മാനേജര്‍ തമിഴ് ചുവയുള്ള മലയാളത്തിലാണ് സംസാരിക്കുന്നത്. ഞാന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ട ഉടനെ പറഞ്ഞത് ഇതാണ് ." ഒരു പെന്നും  കടലാസുമുണ്ടെന്കില്‍ എന്തും  എഴുതാമെന്നാണ് നാട്ടിലെ ചില വിഡ്ഢികളുടെ വിചാരം. " 
പിന്നെയും  അയാള്‍ കുറെ പറഞ്ഞു. അപ്പോഴേക്കും  കുറേ ഓഫീസര്‍മാര്‍ അവിടെ എത്തിയിരുന്നു. ഞാന്‍ ഒന്നും  കേള്‍ക്കാനുള്ള മൂഡിലായിരുന്നില്ല.
നിങ്ങള്‍ക്ക് ഇവിടെ വല്ല പരാതിയുമുണ്ടെന്കില്‍ എന്നോടല്ലേ പറയേണ്ടത്? കത്തെഴുതണമെന്ന് നിര്‍ബന്ധമാണെന്കില്‍ എനിക്കല്ലേ എഴുതേണ്ടത്? മാനേജരുടെ പോയിന്റ് ഇതായിരുന്നു. വളരെ ശരിയായ ഒന്ന്.
താന്‍ തന്റെയടുത്തു വരുന്നവര്‍ക്ക് ചായ വാങ്ങിക്കൊടുക്കുന്ന ഒരു നല്ല മനുഷ്യനാണെന്നും  കുട്ടികള്‍ക്ക് മിഠായിയൊക്കെ കൊടുക്കാറുണ്ടെന്നും  ആര്‍ക്കും  സമീപിക്കാവുന്ന ഒരു മനുഷ്യനാണെന്നും  മാനേജര്‍ പറഞ്ഞപ്പോള്‍ എനിക്ക് മറുപടിയൊന്നുമുണ്ടായിരുന്നില്ല.
ഇത് കോടിക്കണക്കിനു രൂപയുടെ ഇടപാട് നടക്കുന്ന ഒരു സ്ഥാപനമാണെന്നും  മാനേജര്‍ രണ്ടു മൂന്നു വട്ടം  ഓര്‍മ്മിപ്പിച്ചു. 2500 രൂപ അവരെ സംബന്ധിച്ച് ഒരു നിസ്സാരതുകയാണെന്നും  പറഞ്ഞു.
ഇപ്പറയുന്നതെല്ലാം  ഞാനിരുന്ന് കേള്‍ക്കുകയാണ്. എനിക്ക് നാവു പൊങ്ങിയത് മാനേജര്‍ പറഞ്ഞ അടുത്ത കാര്യം  കേട്ടപ്പോഴാണ്.
തെറ്റായ കൈക്കൂലി ആരോപണം  ഉന്നയിച്ചതിന് എനിക്കെതിരെ കേസ് കൊടുക്കാന്‍ പോകുകയാണെന്ന് മാനേജര്‍ പറഞ്ഞപ്പോള്‍ അതു വരെ പിരിമുറുക്കത്തിലായിരുന്ന എനിക്ക് ചിരി വന്നു. ഇതില്‍ കൈക്കൂലി ചോദിച്ചെന്ന് ഒരു സ്ഥലത്തും  ഞാന്‍ പറഞ്ഞിട്ടില്ലെന്ന് ഞാനും  വാദിച്ചു. 
ഇപ്പോള്‍ കാണിച്ചു തരാമെന്നു പറഞ്ഞ് അദ്ദേഹം  ഫയലില്‍ നിന്ന് എന്റെ കത്തിന്റെ കോപ്പി തപ്പിയെടുത്തു. കത്തിന്റെ കോപ്പിയായിരുന്നില്ല അത്. പകരം  ഒരു തര്‍ജമയായിരുന്നു.
പക്ഷെ , അതില്‍ ഒരു സ്ഥലത്തും  കൈക്കൂലിയുടെ കാര്യമൊന്നും  പറഞ്ഞിരുന്നില്ല. ഒരു പുകമറ സ്രൃഷ്ടിക്കുന്ന രീതിയില്‍ എഴുതിയിരുന്നുവെന്നു മാത്രം.
ഇത്രയുമായപ്പോഴേക്കും  മാനേജര്‍ കുറച്ചു തണുത്തിരുന്നു. ഈ പ്രശ്നമൊന്നു തീര്‍ക്കണമല്ലോ എന്ന് അദ്ദേഹം  ആത്മഗതം  ചെയ്തു. 

പരാതി തെറ്റായിരുന്നുവെന്ന് എഴുതി നല്‍കണമെന്ന് മാനേജര്‍ നിര്‍ദ്ദേശിച്ചു. പക്ഷെ, ഞാന്‍ അതിനു തയ്യാറായിരുന്നില്ല.
തുടര്‍ന്ന് മറ്റൊരു ഓഫീസര്‍ എന്നെ അദ്ദേഹത്തിന്റെ മുരിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അദേഹം  ഒരു റിപോര്‍ട്ട് തയ്യാറാക്കി. 
എന്റെ അപേക്ഷയുമയി ബന്ധപ്പെട്ട ക്ലര്‍ക്ക് ഒരു മാസത്തെ അവധിയിലാണെന്നും  അസസറുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും  അതു കാരണമാണ് കാലതാമസമുണ്ടായതെന്നും  അദ്ദേഹം  അറിയിച്ചു. എന്റെ പരാതി കേന്ദ്ര ആപ്പീസില്‍ ഗൗരവമായി എടുത്തുവെന്നും  അന്വേഷണം  തുടങ്ങിക്കഴിഞ്ഞുവെന്നും  ആണ് അദ്ദേഹം  പറഞ്ഞത്.
ഇങ്ങനെയൊക്കെ പരാതി കൊടുക്കുന്നതിന്റെ ബുദ്ധിമുട്ട് സര്‍ക്കാര്‍ സര്‍വീസില്‍ ചേരുമ്പോള്‍ മനസ്സിലാക്കിക്കൊള്ളുമെന്നും  അദ്ദേഹം  ഓര്‍മ്മിപ്പിച്ചു.
തെറ്റിദ്ധാരണ മൂലമാണ് പരാതി ഉണ്ടായതെന്ന് ഞാന്‍ എഴുതി നല്‍കി. ഒരു അര മണിക്കൂര്‍ കാത്തിരിക്കാന്‍ പരഞ്ഞു. അതിനു ശേഷം  2400 രൂപയുടെ ഒരു ചെക്ക് എനിക്ക് കൈമാറി.
മുന്നത്തെ പ്രാവശ്യം  ചിക്കന്‍ ബിരിയാണി കഴിച്ചൂ വീട്ടില്‍ പോയ ഞാന്‍ രണ്ടു ഗ്ലാസ്സ്  സംഭാരം  കുടിച്ചാണ് ഇപ്രാവശ്യം  വീട്ടില്‍ പോയത്.
കുറേക്കാലം  ആ  മാനേജറുടെ ശബ്ദം  എന്റെ ചെവിയില്‍ മുഴങ്ങിയിരുന്നു. ആ ശബ്ദം  എന്നെ എടുത്തു ചാടിയുള്ള പല പ്രവര്‍ത്തികളില്‍ നിന്നും  പിന്‍തിരിപ്പിച്ചു.പിന്നീട് വന്നൊരു മഴക്കാലത്ത്  ആ ശബ്ദവും  ഒലിച്ചു പോയി.
പിന്നീട് ആ ശബ്ദം  കേള്‍ക്കാന്‍ തുടങ്ങിയത് ഇക്കഴിഞ്ഞ മഴക്കാലത്താണ് .
ഈ മഴക്കാലത്ത് ഞാന്‍ ഒറ്റക്കായിരുന്നു.
ഏതോ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും  മഴക്കവിതകളില്‍ എത്തിപ്പെട്ടു.
പിന്നീട് യു റ്റ്യൂബില്‍ മഴക്കവിതകള്‍ കുറേയെണ്ണം  കേട്ടു.
സുഗതകുമാരിയുടെ രാത്രിമഴ, വിജയലക്ഷ്മിയുടെ മഴ , അനില്‍ പനച്ചൂരാന്‍ അങ്ങനെ പലതും. 
അതു മടുത്തപ്പോള്‍ രാമായണം  കേള്‍ക്കാന്‍ തുടങ്ങി. അതും  കഴിഞ്ഞപ്പോള്‍ ഫേസ്ബുക്കും  ബ്ലോഗുമെല്ലാം  കുത്തിയിരുന്നു വായിച്ചു.
അപ്പോഴാണ് വീണ്ടും  ശബ്ദം  കേള്‍ക്കാന്‍ തുടങ്ങിയത്.
" എടാ വിഡ്ഢി, ഒരു ലാപ് ടോപ്പും  അതില്‍ മലയാളം  അക്ഷരവുമുണ്ടെന്നു കരുതി എന്തും  എഴുതിക്കളയാമെന്നു കരുതരുത് "

ഇത്തരമൊരു ശബ്ദം  എല്ലാവരും  കേട്ടിരുന്നെന്കില്‍ ?