Thursday, July 14, 2011

പക്ഷിപാതാളം

പക്ഷിപാതാളം കാണാന്‍ അവസരം ലഭിച്ചത് അടുത്തിടെയാണ്.ഏറെ കാലമായി ആഗ്രഹിച്ചിരുന്ന ഒരു യാത്രയായിരുന്നു അത്.ഞങ്ങള്‍ ആറു പേരും ഒരു ഗൈഡും ചേര്‍ന്നാണ് പക്ഷിപാതാളത്തിലേക്ക് പോയത്.കൂടെയുണ്ടായിരുന്ന ഒരു ബ്ലോഗര്‍ സുഹൃത്ത് യാത്രാവിവരണം എഴുതിക്കൊണ്ടിരിക്കുന്നതിനാല്‍ യാത്രാവിവരണം ഇവിടെ എഴുതുന്നില്ല.
പക്ഷിപാതാളമെന്നാല്‍ പാതാളമാണോയെന്നാണ് ഫേസ് ബുക്കില്‍ ഫോട്ടോയിട്ടപ്പോള്‍ ഒരാള്‍ ചോദിച്ചത്.പക്ഷിപാതാളമെന്നാല്‍ വമ്പന്‍ പാറക്കെട്ടുകളാണ്.ഈ പാറക്കൂട്ടങ്ങളുടെയിടയില്‍ ഗുഹകളാണ്.ഈ പാറക്കെട്ടുകള്‍‌ക്കിടയിലൂടെ സഞ്ചരിക്കാം.പക്ഷെ,കുറച്ച് അധ്വാനമുണ്ട്.
തിരുനെല്ലിക്കാട്ടിലാണ് പക്ഷിപാതാളം.പി.വല്‍സലയുടെ നോവലില്‍ പറഞ്ഞിരിക്കുന്ന സായിപ്പിന്റെ കൊട്ടാരം ഇവിടെയാണ്.കര്‍‌ണ്ണാടകക്കാര്‍ മുനിക്കല്‍ ഗുഹകള്‍ എനാണ് ഇതിനെ വിളിക്കുന്നത്.മുനികള്‍ തപസ്സിരുന്നതു കൊണ്ടായിരിക്കാം..
എട്ട് കിലോമീറ്റര്‍ കാട്ടിലൂടെ നടക്കണം ഇവിടെയെത്താന്‍.കേരളത്തിന്റെയും കര്‍‌ണ്ണാടകയിലെ കുടക് നിരകളുടേയും അതിര്‍ത്തിയിലാണ് പക്ഷിപാതാളം.യാത്രക്കിടയില്‍ നമ്മള്‍ അതിര്‍ത്തി കടന്ന് കര്‍‌ണ്ണാടകയിലെത്തുന്നു.തുടര്‍ന്ന് തിരിച്ച് കേരളത്തിന്റെ ഭാഗത്തെത്തുന്നു.അതിര്‍ത്തിയില്‍ ഫയര്‍ ലൈന്‍ ഇട്ടിട്ടുണ്ട്.
തിരുനെല്ലിയിലെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ നിന്നാണ് നമ്മള്‍ യാത്ര തുടങ്ങുന്നത്.എണ്ണൂറു രൂപ ട്രക്കിങ്ങ് ഫീസ് ഉണ്ട്.കൂടാതെ മുന്നൂറ് രൂപ ഗൈഡ് ഫീസും.യാത്രക്കിടയില്‍ കഴിക്കാനുള്ള ഭക്ഷണം നമ്മള്‍ കൊണ്ടു പോകണം.പക്ഷെ,വെള്ളം കാര്യമായി കൊണ്ടു പോകേണ്ട ആവശ്യം സാധാരണഗതിയില്‍ ഇല്ല.കാട്ടിലെ അരുവികളില്‍ വെള്ളം സുലഭമാണ്.
ആദ്യത്തെ നാലു കിലോമീറ്റര്‍ നടന്നാല്‍ നമ്മള്‍ വാച്ച് ടവറിലെത്തും.തിരുനെല്ലി അമ്പളത്തിന്റെ മുറ്റത്തു നിന്ന് നോക്കിയാല്‍ അങ്ങകലെ മലമുകളില്‍ ഈ വാച്ച് ടവര്‍ കാണാം.അവിടെ നിന്നും നാലു കിലോമീറ്റര്‍ വീണ്ടും നടക്കണം പക്ഷിപാതാളമെത്താന്‍.

ഞങ്ങളുടെ യാത്രാസംഘത്തില്‍ ആറു പേരുണ്ടായിരുന്നു.കൂടെ കാളന്‍ എന്നു പേരുള്ള നാട്ടുകാരന്‍ ഗൈഡും.യാത്ര തുടങ്ങിയത് ഏകദേശം ഒമ്പതു മണിക്കാണ്.അപ്പോള്‍ തന്നെ സാമാന്യം നല്ല വെയിലായിരുന്നു.ഈ ചൂടില്‍ എട്ടു കിലോമീറ്റര്‍ മല കയറുക അത്ര എളുപ്പമാവില്ല എന്നു തോന്നി.പക്ഷെ,യാത്ര തുടങ്ങുന്നതിനുമുമ്പു തന്നെ ഞങ്ങളുടെ മുന്നിലൂടെ ഓടിപ്പോയ ഒരു കൂരമാന്‍ ഞങ്ങളെ ആവേശം കൊള്ളിച്ചു.മൗസ് ഡീര്‍ എന്ന കൂരമാന്‍ ഒരു സുന്ദരനാണ്.

കുറച്ചു കൂടി നടന്നപ്പോള്‍ ഒരു മലയണ്ണാന്റെ കൂടും മലയണ്ണാന്‍ കുഞ്ഞിനേയും കണ്ടു.വനത്തിലൂടെ ഫോറസ്റ്റുകാരുടെ യാത്രക്ക് ഒരു ജീപ്പ് റോഡ് വെട്ടിയിട്ടുണ്ട്.അത് ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല.ഞങ്ങള്‍ നടക്കുന്നത് ആ പാതയിലൂടെയല്ല.കാറ്റിലെ മരങ്ങളുടെ ഇടയിലൂടെയുള്ള ചെറിയൊരു നടപ്പാതയിലൂടെയാണ് ഞങ്ങളുടെ യാത്ര.
ഫോറസ്റ്റില്‍ മുമ്പ് ജോലിയുണ്ടായിരുന്ന ഒരാള്‍ ഞങ്ങളുടെ സംഘത്തില്‍ ഉണ്ടായിരുന്നു.അത് ഞങ്ങള്‍ക്ക് വളരെയധികം സഹായകമായി.ഞങ്ങളുടെ ഗൈഡ് ആണെങ്കില്‍ ഒരു സ്ഥിരം ഗൈഡ് ആയിരുന്നുമില്ല.

കൂടുതല്‍ ഉയരത്തിലേക്ക കയറിയപ്പോള്‍ ഓരോരുത്തരുടേയും ശാരീരിക ക്ഷമത അനുസരിച്ച് ഞങ്ങള്‍ പല ഗ്രൂപ്പുകളായി പിരിഞ്ഞിരുന്നു.മരങ്ങളുടെ ഇടയിലൂടെ കുറേ നടന്ന് ഞങ്ങള്‍ ഒരു വെളിമ്പ്രദേശത്ത് എത്തി.കുറച്ചു കഴിഞ്ഞ് നാം വീണ്ടും ചോലക്കാടുകളില്‍ എത്തുന്നു.പിന്നീടാണ് വാച് ടവറിലെത്തുന്നത്.അവിടെ കുറച്ചു നേരം വിശ്രമിച്ചു.തെറ്റ് റോഡിലെ കുട്ടേട്ടന്റെ കടയില്‍ നിന്ന് വാങ്ങിച്ച  ഉണ്ണിയപ്പവും നാരങ്ങാവെള്ളവും അകത്താക്കി.അതിനു ശേഷം ടവറിന്റെ മുകളില്‍ കയറി.ഉയരത്തോട് പേടിയുള്ള ഞാന്‍ കുറച്ച് മടിച്ചാണ് കയറിയത്.അതിനാല്‍ ഞാന്‍ അവസാനമാണ് മുകളില്‍ എത്തിയത്.വാച്ച് ടവറിന്റെ മുകളില്‍ വെച്ച് നമുക്ക് തിരുനെല്ലി ക്ഷേത്രവും വയലുകളും തിരുനെല്ലി ആശ്രമം സ്കൂളൂം റിസോര്‍ട്ടുകളുമെല്ലാം കാണാം.നല്ലൊരു ബൈനോക്കുലറിന്റെ ഉപയോഗം ഇവിടെയാണ് അനുഭവപ്പെടുന്നത്.അതിനുമപ്പുറം കനത്ത കാടാണ്.
വാച്ച് ടവറിന്റെയടുത്തെത്തുമ്പോള്‍ നമ്മള്‍ പകുതി ദൂരമെത്തുന്നു.
കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം തുടര്‍ന്നു നടത്തമായി.വന്നയത്രയും ദൂരം ഇനിയും യാത്ര ചെയ്യാനുണ്ട്.തുടര്‍ന്നുള്ള നടത്തത്തില്‍ കുത്തനെയുള്ള കയറ്റങ്ങള്‍ കുറവാണ്.മരങ്ങളില്ലാത്ത ഭാഗങ്ങളാണ് കൂടുതലും.അതിനാല്‍ സൂര്യന്‍ നേരെ തലമണ്ടക്ക് തന്നെ കിട്ടും.ഇടക്ക് മരങ്ങള്‍ തിങ്ങി വളരുന്ന കാടുകളുമുണ്ട്.ഈ കാടുകളില്‍ അരുവികളുണ്ട്.ഞങ്ങളുടെ കൈയിലുള്ള വെള്ളം തീര്‍ന്നിരുന്നു.അതിനാല്‍ അരുവികളില്‍ നിന്ന് വെള്ളം കുപ്പികളില്‍ നിറച്ചു.കാട്ടിലെ തണുത്ത വെള്ളത്തില്‍ കുളിക്കണമെന്ന് തോന്നിയ ഒരാള്‍ കുളിക്കുകയും ചെയ്തു.

മലഞ്ചെരിവിലൂടെ ഒരു സാംബാര്‍ മാന്‍ ഓടിപ്പോകുന്നതു കണ്ടു.എന്റെ ഹാന്‍‌ഡികാമില്‍ നല്ലൊരു വീഡിയോ കിട്ടി.ഇങ്ങനെ കാടുകളില്‍ നിന്ന് കാടുകളിലേക്ക് നടക്കുമ്പോള്‍ ഫയര്‍ ലൈന്‍ ഇട്ടിരിക്കുന്ന സ്ഥലത്തെത്തി.അതാണത്രെ കര്‍‌ണ്ണാടക-കേരള അതിര്‍ത്തി.അതിര്‍ത്തിയില്‍ ഒരു രണ്ടു മീറ്റര്‍ വീതിയില്‍ ഫയര്‍ ലൈന്‍ ഇടുന്നു.കാട്ടിലൂടെ ഒരു റോഡ് വെട്ടിയ പോലുണ്ട്.ചുറ്റുപാടും മലനിരകളാണ്,ബ്രിട്ടീഷുകാരുടെ കാലത്ത് അവര്‍ ഇതിലെയെല്ലാം കുതിരസവാരി നടത്തിയിരുന്നത്രെ.അതിര്‍ത്തി കടന്ന് നമ്മള്‍ കര്‍ണ്ണാടക ഭാഗത്തെത്തുന്നു.തുടര്‍ന്ന് അവരുടെ ഭാഗത്തു കൂടിയാണ് യാത്ര.എങ്കിലും ഫയര്‍ ലൈനിന്റെ അടുത്തു കൂടി തന്നെയാണ് നമ്മള്‍ മിക്കവാറും പോകുന്നത്.കുറച്ചു കൂടി പോയപ്പോള്‍ ദൂരെയായി കൂറ്റന്‍ പാറക്കെട്ട് കാണാറായി.അതാണ് പക്ഷിപാതാളം.പിന്നീട് അത് ലക്ഷ്യമാക്കി ഞങ്ങള്‍ വേഗം നീങ്ങി.അടുത്തെത്തുമ്പോള്‍ കാണുന്നത് ഭീമാകാരമായ പാറകളാണ്.ചുറ്റും കനത്ത കാടുകളുണ്ട്.കൂറ്റന്‍ പാറക്കെട്ടുകള്‍‌ക്കിടയിലെ വിടവുകളാണ് ഗുഹകളായി കാണുന്നത്.ഈ ഗുഹകളിലാണ് മുനികള്‍ തപസ്സ് ചെയ്തിരുന്നത്.
ഈ പാറക്കെട്ടുകള്‍‌ക്കിടയിലൂടെ കടക്കുക കഠിനമായിരുന്നു.ചില സ്ഥലങ്ങളില്‍ ചാടിക്കടക്കണം.ചില സ്ഥലത്ത് നൂണ്ടു കടക്കുകയും ഇഴഞ്ഞു നീങ്ങേണ്ടി വരികയും ചെയ്യുന്നു.അത്തരമൊരു നൂണ്ടു കടത്തത്തിനിടയില്‍ സുഹൃത്തിന്റെ ക്യാമറക്ക് കാര്യമായ തകരാര്‍ പറ്റി.ഈ പാറക്കെട്ടുകള്‍ക്കിടയിലൂടെയെല്ലാം കടന്ന് നമ്മള്‍ മറ്റൊരു ഭാഗത്തു കൂടി പുറത്തെത്തുന്നു.ആവേശകരമായ ഒരനുഭവമാണ് ഇത്.പക്ഷെ,ഞങ്ങള്‍ക്ക് പക്ഷികളെയൊന്നും കാണാന്‍ പറ്റിയില്ല.സ്വിഫ്റ്റ് പക്ഷികളും വവ്വാലുകളും ഇവയുടെ കൂടുകളുമെല്ലാം ധാരാളമുണ്ടെന്ന് മുമ്പ് അവിടെ പോയ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു..

25 comments:

kanakkoor said...

best season ഏത് എന്ന് അറിയിച്ചാല്‍ ഉപകാരമായി.

vrajesh said...

മഴക്കാലത്ത് പോകരുത്.അട്ട കടിച്ച് ശരിയാക്കും.മാര്‍ച്ച് -ഏപ്രില്‍ മാസങ്ങളില്‍ പ്രവേശനം സാധാരണ നിര്‍ത്തി വെക്കാറുണ്ട്.കാട്ടു തീ കാരണം.സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് ഏറ്റവും അനുയോജ്യം.ഞങ്ങള്‍ പോയത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്.
ബ്ലോഗര്‍മാരുടെ ഒരു പക്ഷിപാതാളം യാത്ര നടത്താവുന്നതാണ്.നല്ലൊരു അനുഭവമായിരിക്കും..

riju said...

പക്ഷിപാതാളത്തു വെച്ച് ഒരു ബ്ലോഗ് മീറ്റ് കൂടിയാലോ?

ശങ്കരനാരായണന്‍ മലപ്പുറം said...

OK!

ബ്ളോഗൻ said...
This comment has been removed by the author.
ബ്ളോഗൻ said...

Thank you so much for sharing the information.....


ഈ സ്ഥലം ശരിക്കും എവിടെയാണെന്നും എങ്ങനെ എത്തിപ്പെടാമെന്നും അറിഞ്ഞാൽ കൊള്ളാം. കോണ്ടാക്റ്റ് നംബർ എന്തെങ്കിലും കിട്ടിയാലും ഉപകാരമായിരിക്കും...

vrajesh said...

പക്ഷിപാതാളം തിരുനെല്ലിയിലാണ്.കോഴിക്കോട്ട് നിന്ന് വയനാട് ചുരം കടന്ന് വൈത്തിരി - കല്‍‌പറ്റ - പനമരം വഴി മാനന്തവാടിയിലെത്താം.മാനന്തവാടിയില്‍ നിന്നും തിരുനെല്ലി ബസ് കിട്ടും.തിരുനെല്ലിയിലുള്ള ഫോറസ്റ്റ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലെത്തണം.രാവിലെ നേരത്തെ യാത്ര തുടങ്ങുന്നതാണ് നല്ലത്.
കോണ്‍‌ടാക്റ്റ് നമ്പര്‍ സംഘടിപ്പിക്കാന്‍ നോക്കാം.
ഇവിടുത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരെ പലരെയും എനിക്ക് നേരിട്ട് പരിചയമുണ്ട്.

ബ്ളോഗൻ said...

വളരെ നന്ദി
ഏപ്രില്‍ മേ മാസങ്ങള്‍ ഇവിടെ പോകാന്‍ പറ്റിയതാണോ?

vrajesh said...

ഏപ്രില്‍ മെയ് മാസങ്ങളില്‍ പോകാം.പക്ഷെ,കാട്ടു തീക്ക് സാധ്യതയുള്ള ഈ സീസണില്‍ പ്രവേശനം ചിലപ്പോള്‍ നിര്‍ത്തി വെക്കാറുണ്ട്.ഈ മാസങ്ങളിലും കാട്ടില്‍ വെള്ളം സുലഭമായി ഉണ്ടാകാറുണ്ട്.

r s kurup said...

good

ആള്‍രൂപന്‍ said...

എന്റെ തോന്ന്യാക്ഷരങ്ങളിലൂടെ ദൃഷ്ടി പായിച്ചതിന് നന്ദി. അഭിപ്രായമൊന്നും പറഞ്ഞു കണ്ടില്ല?

jayarajmurukkumpuzha said...

manoharamayi chithrangalum, vivaranavum.........

vrajesh said...

കമന്റുകള്‍ക്ക് നന്ദി.
ആള്‍‌രൂപന്റെ ബ്ലോഗ് അടുത്താണ് ശ്രദ്ധയില്‍ പെട്ടത്.നല്ല ബ്ലോഗ്..പക്ഷെ,താങ്കള്‍ക്ക് താങ്കളുടെ പ്രൊഫൈലില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍‌ക്കാമെന്ന് തോന്നുന്നു.

ബാബുരാജ് said...

മാഷേ,
ഇന്നാണ് ഈ പോസ്റ്റ് കാണുന്നത്. ഒരിക്കൽ പോകണം എന്ന് ആഗ്രഹിച്ചിരുന്ന സ്ഥലമാണ്. വിവരങ്ങൾക്ക് വളരെ നന്ദി. അനുവാദം മുങ്കൂട്ടി വാങ്ങണോ അതോ നേരെ ഫോറസ്റ്റ് ഓഫീസിലെത്തിയാൽ മതിയോ?

vrajesh said...

അനുവാദം നേരെ ഫോറസ്റ്റ് ഓഫീസിലെത്തിയാല്‍ കിട്ടും.രാവിലെ തന്നെ എത്തുകയാകും നല്ലത്.ഫോറസ്റ്റ് കാര്‍ക്ക് ഗൈഡിന്റെ ലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ട്.നാട്ടുകാരായ ചിലരാണ് ഗൈഡായി വരുന്നത്.കാടിനെപ്പറ്റി നല്ല വിവരമുള്ള ആദിവാസി വിഭാഗത്തില്‍ പെട്ട ചിലരാണ് ഗൈഡായി വരുന്നത്.ഗൈഡ് മിടുക്കനാണെങ്കില്‍ പക്ഷിപാതാളത്തിലെ ആഴത്തിലുള്ള അറകളിലൊക്കെ നമ്മെ കൊണ്ട് പോകും.
കാടിന്റെ നിയമങ്ങള്‍ നമ്മള്‍ കര്‍‌ശനമായി പാലിക്കണം.

കാഴ്ചക്കുമപ്പുറം said...

നല്ല വിവരണം. അടുത്ത അവധിക്ക്‌ താങ്കളുടെ വഴിയേ ഒന്നു നടക്കേണം

Portrait oil paintings said...

Very nice post,like your blog very much.Bookmark your blog and sharing with my friends.Thank you for your sharing.

Shibu Thovala said...

അനാമിക.. വളരെ നല്ല വിവരണം... വനയാത്രകൾ ആകുമ്പോൽ വിവരണം അല്പം കൂടി നീണ്ടാലും കുഴപ്പമില്ല.

ഏറെക്കാലമായുള്ള എന്റെയും ആഗ്രഹമാണ് പക്ഷിപാതാളം യാത്ര... പക്ഷേ ഇതു വരെ സഫലമായിട്ടില്ല...അടുത്ത തവണ നാട്ടിലെത്തുമ്പോൾ ഒന്ന് ശ്രമിയ്ക്കണം..

vrajesh said...

ഒരിക്കല്‍ കൂടി അവിടെ പോയി..അടുത്ത ഡിസമ്ബറില്‍ ഒന്നു കൂടി പോകുന്നു. വരുന്നോ?

ബാബുരാജ് said...

ആഗ്രഹമുണ്ട്.. ഞാനും വരട്ടെ? :)

vrajesh said...

സ്വാഗതം .. അഞ്ചു പേരെന്കിലും വേണം കയറാന്‍ ..

ബാബുരാജ് said...

അതിനു ബുദ്ധിമുട്ടുണ്ടാകില്ല. താല്പരമുള്ള രണ്ടോ മൂന്നോ പേർ സുഹൃത്തുക്കളായുണ്ട്. ഒന്നു മുൻകൂട്ടി അറിയിക്കുമല്ലോ. drbaburaj@gmail.com

vrajesh said...

http://www.youtube.com/watch?v=frwBsD4LWx4&feature=share

തിരുനെല്ലിയിലെ പക്ഷിപാതാളം പാറക്കെട്ടുകള്ക്കിടയിലെ ഒരു കാഴ്ചയാണ്‍ ഇത്. ആയിരക്കണക്കിനൊന്നുമല്ല , പതിനായിരക്കണക്കിനാണ്‍ പക്ഷികള്‍ ഇതിനകത്ത് പാര്ത്തിരിക്കുന്നത്.. അവ അങ്ങോട്ടുമിങ്ങോട്ടും പറക്കുന്നത് അവിസ്മരണീയമായ ഒരു അനുഭവമാണ്‍. പക്ഷികളുടെ ശബ്ദവും ഗന്ധവുമെല്ലാം നമ്മെ ഒരു പക്ഷിലോകത്തെത്തിക്കുന്നു.. പാറക്കെട്ടുകള്ക്കിടയില്‍ വീണു പോകുമെന്ന് തോന്നി ഞാന്‍ കുറച്ച് പുറകില്‍ നിന്നാണ്‍ ഈ വീഡിയോ എടുത്തത്. നിശ്ചയമാഅയും കണ്ടിരിക്കേണ്ട ഒന്ന് ...

ബാബുരാജ് said...

കുഴപ്പമില്ല, സൗകര്യം എന്നാണെന്നു വെച്ചാൽ അറിയിച്ചാൽ മതി. ഒരു രണ്ടാഴ്ച നേരത്തെ പറഞ്ഞാൽ നന്നായിരുന്നു.

vrajesh said...

o.k .. അറിയിക്കാം.ഡിസമ്ബറിലോ ജനുവരിയിലോ ഒന്ന് ഓര്മ്മിപ്പിച്ചാല്‍ മതി