Friday, March 7, 2008

ഫാന്റം റോക്ക്














സുല്‍ത്താന്‍ ബത്തേരിയിലെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത്,സൂചിപ്പാറ വെള്ളച്ചാട്ടം കാണാന്‍ പോകുന്ന വഴിയില്‍,വടുവഞ്ചാല്‍ റോഡില്‍ കുറച്ചു ചെന്നപ്പോഴാണ് ഫാന്റം റോക്ക് ‌-1 KM എന്ന ബോര്ഡും വലത്തോട്ട് ഒരു റോഡും കണ്ടത്.ദൂരം സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ പലപ്പോഴും ശരിയാകാറില്ലെന്നതാണ് വയനാട്ടിലെ അനുഭവമെങ്കിലും പോയിക്കളയാമെന്നു കരുതി.ഒരു കിലോ മീറ്റര്‍ പോയപ്പോള്‍ ഞങ്ങള്‍ എട്ടംഗസംഘം പാറക്കെട്ടുകള്‍ക്കടുത്തെത്തി.സ്ഥലത്തിനു ചുറ്റും വേലി കെട്ടിയിട്ടുണ്ട്.ഇത് സ്വകാര്യ ഭൂമിയാണെന്നും ഫാന്റം റോക്കിലെത്താന്‍ ഇതിലെ കടന്നു പോകണമെന്നും ഒരാള്‍ വന്നു പറഞ്ഞു.സര്‍ക്കാറിന്റെ ടൂറിസം സ്പോട്ടില്‍ സ്വകാര്യഭൂമിയിലൂടെ മാത്രമേ പ്രവേശിക്കാന്‍ പറ്റുള്ളൂ എന്ന നാണക്കേട് മറ്റൊരിടത്തും ഉണ്ടാകാനിടയില്ല.അതാണെങ്കില്‍ വേലി കെട്ടിക്കുടുക്കിയിട്ടുമുണ്ട്.വേലിക്കിടയിലൂടെ കടക്കാനുള്ള സ്ഥലമൊക്കെയുണ്ട്.വേലി കടന്നു ഞങ്ങള്‍ പാറ പൊട്ടിച്ചുണ്ടായ വലിയൊരു ഗര്‍ത്തത്തിന്റെ അടുത്തു കൂടെ നടന്ന് ഒരു മണ്‍പാതയിലെത്തി.ആ റോഡിലൂടെ കുറച്ച് കുറ്റിക്കാട്ടിനിടയിലൂടെ നടന്നാല്‍ ആ ഭീമന്‍ പാറയ്ക്കടുത്തെത്താം.വലിയൊരു പാറയുടെ മേല്‍ വലിയൊരു പാറ വെച്ചതു പോലെയുള്ള ഒരു സംഭവമാണ്.ഇപ്പോള്‍ പാറ താഴെ വീഴുമെന്നു തോന്നും.മൂനു വശങ്ങളിലും അഗാധമായ താഴ്‌വാരങ്ങളാണ്.സാധാരണ ഗതിയില്‍ ഇത്രയും വിജനമായ ഒരു സ്ഥലത്ത് ശബ്ദകോലാഹലങ്ങളുണ്ടാകാന്‍ പാടില്ല.പക്ഷെ,അവിടെയെത്തിയതു മുതല്‍ കേള്‍ക്കുന്നത് യന്ത്രത്തിന്റെ കരകര ശബ്ദമാണ്.രാപ്പകല്‍ തുടര്‍ച്ചയായി സമീപ പ്രദേശത്തു നിന്നും പാറ പൊട്ടിച്ചു കൊണ്ടിരിക്കുന്നു.പാറ പൊട്ടിക്കുന്നവര്‍ക്കു വേണ്ടി ഭക്ഷണത്തിനും വിശ്രമത്തിനുമുള്ള ഏര്‍പ്പാടുകളുണ്ട്.പാറ പൊട്ടിച്ച് ഭൂമിയില്‍ വന്‍‌ഗര്‍ത്തങ്ങള്‍ രൂപം കൊണ്ടിരിക്കുന്നു.ആ പാറ റവന്യൂ ഭൂമിയാണ്,ഞങ്ങള്‍ക്ക് തൊടാന്‍ പറ്റില്ല..ഫാന്റം റോക്ക് ചൂണ്ടിക്കാണിച്ച് ഒരു തൊഴിലാളി പറഞ്ഞു.കോഴിക്കോട്ടു കാരനാണത്രേ മറ്റു പാറകളുടെ മുതലാളി.ഫാന്റം റോക്ക് നില്‍ക്കുന്ന സ്ഥലമൊഴിച്ച് മറ്റു സ്ഥലങ്ങളില്‍ എന്തും ചെയ്യാമെന്നാണ് വിചാരം.ഇങ്ങനെ പൊട്ടിച്ചു കൊണ്ടിരുന്നാല്‍ ആ ഭീമന്‍ പാറ അവിടെത്തന്നെ നില്‍ക്കുമെന്നത് യുക്തിക്ക് നിരക്കുന്നതല്ല..

അതു മാത്രമല്ല,പാറ പൊട്ടിക്കല്‍ മൂലം സമീപഗ്രാമങ്ങളിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും ആരും കാണുന്നില്ല.
ഭൂസ്വാമി,ഭൂസ്വാമി എന്നൊക്കെ അലറി വിളിച്ചു നടന്നവരാണ് ഇപ്പോള്‍ ഭരിക്കുന്നത്.അധികാരത്തിന്റെ സുഖശീതളാവസ്ഥയില്‍ നന്നായി ഉറങ്ങാമല്ലോ?
വയനാട്ടില്‍ ഇപ്പോള്‍ കാണുന്നതെല്ലാം ഭീകരമായ സംഭവങ്ങളാണ്.വയനാട്ടു മുഴുവന്‍ റിസോര്‍ട്ടുകള്‍ പൊങ്ങിക്കൊണ്ടിരിക്കുന്നു.പലതും കൊടും കാട്ടിലാണ്,അങ്ങോട്ട് റോഡൊക്കെ വെട്ടി,ജനറേറ്റര്‍ ഉപയോഗിച്ച് കറന്റൊക്കെയുണ്ടാക്കി,കാടാകെ മലിനമാക്കി.
വൃക്ഷത്തലപ്പില്‍ കുടിലുണ്ടാക്കി,ലിഫ്റ്റ് വഴി ആളെയെത്തിച്ച് ,ദിവസം പതിനയ്യായിരം രൂപ വാടകയീടാക്കുന്നു. ഇതൊക്കെ സ്വകാര്യ ഭൂമിയിലാണെന്ന് വിശ്വസിക്കാന്‍ പ്രയാസം.
വയനാട് ഒരു കാലത്ത് കുളിരായിരുന്നു.ഇപ്പോള്‍ മൈന ഉമൈബാന്റെ എഴുത്തിലൊക്കെയേ ആ കുളിരുള്ളൂ.
കഴിഞ്ഞ ദിവസം കേട്ടു..വലിയൊരു ഗുരുവിന്റെ ശിഷന്‍‌മാര്‍ കുറുവാ ദ്വീപില്‍ വെച്ച് ആധ്യാത്മിക ക്യാമ്പ് നടത്തുന്നു.കാട്ടില്‍ ടെന്റ് കെട്ടി,തീ കത്തിച്ച്,ഭക്ഷണമൊക്കെയുണ്ടാക്കി,ധ്യാനിച്ച്..
ഇതിനൊക്കെയുള്ള അനുവാദം എവിടെ നിന്നെന്ന് മനസ്സിലാകുന്നില്ല.

2 comments:

അനില്‍@ബ്ലൊഗ് said...

ഇത് കണ്ടിട്ടുണ്ടെന്ന് തോന്നുന്നു.
കാട്ടില്‍ തീ കത്തിക്കാന്‍ അനുവാദമോ?
എന്തിന്?
:)

Anonymous said...

they are conducting art of living course at kuruva island