Friday, February 27, 2009

സാല്‍‌വേഷന്‍

കോഴിക്കോട് കുറച്ചു നാളുകള്‍ക്ക് മുമ്പ് ഒരു പ്രദര്‍ശനം നടന്നിരുന്നു‌‌-കോര്‍പ്പറേഷന്റെ വാണിജ്യ വിജ്ഞാന വിനോദ പ്രദര്‍ശനം.
ജനപങ്കാളിത്തം കൊണ്ട് വലിയൊരു പ്രദര്‍ശനമായിരുന്നു അത്.വളരെയധികം സമയം ക്യൂ നിന്ന് ടിക്കറ്റെടുത്ത് അകത്തു കയറി ,എല്ലാ സ്റ്റാളുകളിലും കയറി പുറത്തെത്തിയപ്പോഴേക്കും ഒരു രണ്ടു മൂന്നു മണിക്കൂര്‍ കഴിഞ്ഞിരുന്നു.ഇവിടെ നടക്കുന്ന എല്ലാ പ്രദര്‍ശനങ്ങളിലും ജനങ്ങള്‍ ഇരച്ചു കയറുകയാണ്.


കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് ഒരു പ്രദര്‍ശനം നടന്നിരുന്നു.വ്യത്യസ്തമായ ഒരു പ്രദര്‍ശനമായിരുന്നു അത്.സാല്‍‌വേഷന്‍ എന്നായിരുന്നു ആ പ്രദര്‍ശനത്തിന്റെ പേരെന്നാണ് ഓര്‍ക്കുന്നത്.ഏതോ ഇസ്ലാമിക സംഘടനയായിരുന്നു സംഘാടകര്‍.ജമാ അത്തെ ഇസ്ലാമി ആയിരുന്നു അതിന്റെ പുറകില്‍ എന്നാണ് ഓര്‍ക്കുന്നത്.
അദ്ഭുതകരമായ വലിയൊരു പ്രദര്‍ശനം കോഴിക്കോട്ട് നടക്കുന്നുവെന്നും കണ്ടിരിക്കണമെന്നും എന്നോട് പറഞ്ഞത് ഒരു ഹിന്ദു സുഹൃത്താണ്.അത് അത്ര വലിയ സംഭവമൊന്നുമല്ലെന്നും,വര്‍ണ്ണക്കടലാസു കൊണ്ടും വെളിച്ചം കൊണ്ടും ഒരു മായാപ്രപഞ്ചം സൃഷ്ടിച്ചതു മാത്രമാണെന്നും പറഞ്ഞത് ഒരു മുസ്ലിം സുഹൃത്താണ്.അതാണ് കാര്യമെന്ന് പ്രദര്‍‌ശനം കണ്ട് കഴിഞ്ഞപ്പോള്‍ ബോധപ്പെടുകയും ചെയ്തു.

നിങ്ങളെപ്പോലുള്ള ഹിന്ദുക്കള്‍ക്ക് ടിക്കറ്റ് വേണ്ടെന്നും മുസ്ലിം സുഹൃത്ത് പറഞ്ഞിരുന്നു.ഒരു ഹിന്ദുവിനെ അവര്‍ എങ്ങനെ തിരിച്ചറിയുമെന്ന സംശയം അപ്പോള്‍ തന്നെ ഉണ്ടായിരുന്നു.എന്തായാലും ,'ഞാന്‍ ഒരു ഹിന്ദുവാണ്,എനിക്കു ടിക്കറ്റ് വേണ്ടെ'ന്നു പറയാനുള്ള തൊലിക്കട്ടിയൊന്നുമില്ലായിരുന്നതു കൊണ്ട് പത്തു രൂപ ടിക്കറ്റെടുത്തു തന്നെയാണ് അകത്തു കയറിയത്.
നന്നായി സംഘടിപ്പിച്ച ഒരു പ്രദര്‍‌ശനം തന്നെയെന്ന് കയറിയ ഉടന്‍ തന്നെ മനസ്സിലായി.ഒരു ഇരട്ട പ്രദര്‍ശനമാണ് സംഘടിപ്പിച്ചിരിക്കുന്നത്‌-സ്ത്രീകള്‍ക്കും പുരുഷന്‍‌മാര്‍ക്കും പ്രത്യേകം വഴികളാണ്.

സ്ത്രീകളും പുരുഷന്‍‌മാരും ഒരുമിച്ച് ചരിക്കുന്നത് മഹാപാപമാണെന്ന് സംഘാടകര്‍ കരുതുന്നുണ്ടാകാം.സ്ത്രീയെ ഒരു പ്രദര്‍ശന വസ്തുവാക്കേണ്ടെന്നു കരുതുന്നതു കൊണ്ടുമാകാം.എന്തായാലും സ്ത്രീകള്‍ വരിയിലില്ലാത്തതു കൊണ്ട് ചെറുപ്പക്കാരുടെ പങ്കാളിത്തത്തില്‍ കുറവൊന്നുമുണ്ടായിരുന്നില്ല.


പ്രദര്‍ശനത്തിന്റെ കാര്യമായ ഭാഗം പോസ്റ്ററുകളാണ്.ജീവജാലങ്ങളുടെയും പ്രപഞ്ച ഗോളങ്ങളുടേയും മനുഷ്യാവയവങ്ങളുടേയും മോഡലുകളും വിശദീകരണങ്ങളുമുണ്ടായിരുന്നു.കാര്യങ്ങള്‍ വിശദീകരിക്കാന്‍ ധാരാളം ചെറുപ്പക്കരുണ്ട്.
പ്രദര്‍ശനം കാര്യമായി ഊന്നുന്നത് രണ്ട് കാര്യങ്ങളിലാണ്.
ഈ പ്രപഞ്ചം ഒരു അദ്ഭുത സംഭവമാണ്.മനുഷ്യനും മറ്റു ജീവജാലങ്ങളുമെല്ലാം അദ്ഭുതങ്ങള്‍ തന്നെ.അതിശയകരമായ പൂര്‍ണ്ണതയോട് കൂടിയാണ് മനുഷ്യനേയും മറ്റു ജീവികളേയും സൃഷ്ടിച്ചിരിക്കുന്നത്.ഏതു കൊച്ചു വീടിനു പോലും ഒരു സൃഷ്ടാവുണ്ട്.മനോഹരമായ കരകൗശല വസ്തുക്കളും ഉപകരണങ്ങളുമുണ്ടാക്കുന്നവരുണ്ട്.അങ്ങനെയിരിക്കെ,മഹത്തായ പൂര്‍‌ണ്ണതയോടു കൂടെ ഈ പ്രപഞ്ചത്തേയും മനുഷ്യനേയും സൃഷ്ടിച്ച ദൈവം എത്ര മഹത്താണ്.നാം ആരാധിക്കേണ്ടത് ആ സര്‍വ്വശക്തനെ മാത്രം.
ആ സര്‍‌വശക്തന്റെ മാര്‍ഗനിര്‍ദേശങ്ങളും കല്‍പ്പനകളും അനുസരിക്കാത്തവര്‍ നരകത്തിനര്‍‌ഹരത്രെ.
മഹാത്മാഗന്ധിയൊക്കെ നരകത്തില്‍ പോകുമോയെന്ന് ഇടക്കാരോ ചോദിക്കുന്നതു കേട്ടു.നിങ്ങളും ഞാനുമൊന്നുമല്ല അത് തീരുമാനിക്കുന്നത്,അന്ത്യ വിചാരണയിലാണെന്നു പറഞ്ഞ് പ്രദര്‍ശനം കാണാന്‍ വന്ന ഒരാള്‍ തന്നെ ചോദ്യകര്‍ത്താവിന്റെ വായടക്കി.
ഇതൊക്കെ എന്തായാലും വിശ്വാസത്തിന്റെ മാത്രം പ്രശ്നമാണ്.
രണ്ടാമത്തെ കാര്യം സ്ത്രീ പുരുഷ സമത്വത്തെക്കുറിച്ചാണ്.സ്ത്രീയേയും പുരുഷനേയും വ്യത്യസ്തമായാണ് ദൈവം സൃഷ്‌ടിച്ചിരിക്കുന്നത്.അവര്‍ക്ക് വ്യത്യസ്തമായ കര്‍ത്തവ്യങ്ങളുമുണ്ട്.ശാരീരികമായി സ്ത്രീ പുരുഷനേക്കാള്‍ ചെറുതും ബലഹീനരുമാണ്.സ്തീകളുടെ ശ്വാസകോശവും ഹൃദയവും വൃക്കയും കരളും മറ്റെല്ലാ അവയവങ്ങളും പുരുഷന്‍‌മാരുടേതേക്കാള്‍ ചെറുതാണ്.സ്ത്രീകളുടെ തലച്ചോര്‍ പുരുഷന്‍‌മാരുടേതിനേക്കാള്‍ പത്തു ശതമാനം ചെറുതാണ്.തലച്ചോറിലെ ന്യൂറോണുകളുടെ എണ്ണവും കുറവത്രെ.

അതിനാല്‍ തന്നെ സ്ത്രീ പുരുഷസമത്വമെന്നത് അസംബന്ധമാണ്.

എല്ലാ മതങ്ങളും സ്ത്രീ വിരുദ്ധമാണ്.നമ്മുടെ സമൂഹം എപ്പോഴും പുരുഷാധിപത്യമുള്ളതായിരുന്നു എന്നതു തന്നെയായിരിക്കണം ഇതിനു കാരണം.
പക്ഷെ,സ്ത്രീ വിരുദ്ധതയ്ക്ക് ശാസ്തീയമായ ന്യായീകരണങ്ങള്‍ ചമയ്ക്കുന്നത് ശരിയല്ല.പ്രകൃതിയും ശാസ്ത്രവുമൊന്നും സ്ത്രീ വിരുദ്ധമായിരുന്നില്ല.