Thursday, December 17, 2009

STATE BANK A T M CARD

പറ്റുന്നിടത്തെല്ലാം ഏ.ടി.എം കാര്‍ഡ് ഉപയോഗിച്ചാണ് ഞാന്‍ ഇപ്പോള്‍ ഷോപ്പിങ്ങ് നടത്തുന്നത്. പക്ഷെ, വയനാട്ടില്‍ വളരെ കുറഞ്ഞ സ്ഥലങ്ങളിലെ ഡെബിറ്റ് കാര്‍ഡ് സ്വീകരിക്കുന്നുള്ളൂ. ചില്ലറയുടെ പ്രശ്നം ഒഴിവാക്കമെന്നതാണ് ഡെബിറ്റ് കാര്‍ഡിന് ഞാന്‍ കാണുന്ന ഗുണം. അഞ്ചു രൂപയൊക്കെ ബാക്കി തരേണ്ടി വരുമ്പോള്‍ കടക്കാരന്‍ പകരം തരുന്നത് മിഠായിയാണ് . അതു കാണുമ്പോള്‍ എനിക്ക് ചൊറിഞ്ഞു കയറുന്നു. സ്റ്റേറ്റ് ബാന്ക് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ നമുക്ക് ഫ്രീഡം റിവാര്‍ഡ്സ് പോയന്റുകള്‍ കിട്ടും. ആ പോയിന്റുകള്‍ കൂട്ടി വെച്ച് ഒരു ആനയെ വാങ്ങാമെന്നു കരുതിയാണ് അതില്‍ ചേര്‍ന്നത്. ഒരു കൊല്ലം കഴിഞ്ഞ് കുറച്ചു പോയന്റായപ്പോള്‍ എന്തെന്കിലും വാങ്ങിക്കളയാമെന്നു കരുതി. പോയന്റുകള്‍ രൂപയിലേക്കു മാറ്റുമ്പോള്‍ ഒരു നൂറു രൂപയുടെ സാധനങ്ങള്‍ മാത്രമേ വാങ്ങാനുള്ളൂ. അതു തന്നെ അവരിടുന്ന വിലക്കുള്ള സാധനം. അതായത് ആ വിലക്ക് അതിനേക്കാള്‍ നല്ല സാധനം പുറത്തു കിട്ടും.എനിക്ക് നൂറു രൂപക്ക് കിട്ടിയത് ഒരു കൊച്ചു പ്ലാസ്റ്റിക് ബോട്ടില്‍ മാത്രമാണ് . അതിന് ഓര്‍ഡര്‍ ചെയ്തു. ആദ്യത്തെ മാസം സാധനം കിട്ടിയില്ല. അടുത്ത മാസം ഒരു ദിവസം നാട്ടില്‍ പോയപ്പോള്‍ വഴിയില്‍ കണ്ടു മുട്ടിയ പോസ്റ്റ് മാന്‍ പറഞ്ഞു എനിക്ക് കുറച്ച് ഗുളികകള്‍ ആരോ അയച്ചിട്ടുണ്ടെന്നും അത് വീട്ടില്‍ അമ്മയുടെ അടുത്ത് കൊടുത്തിട്ടുണ്ടെന്നും.ഓര്‍ഡര്‍ ചെയ്ത ബോട്ടിലിനു പകരം ഗുളികകള്‍ ആയത് വീട്ടിലെത്തിയപ്പോള്‍ മനസ്സിലായി. പാര്‍സലു പൊട്ടിച്ചപ്പോള്‍ കണ്ടത് പ്ലാസ്റ്റിക് ബോട്ടില്‍ പൊട്ടി നുറുങ്ങി ഗുളികകള്‍ മാതിരി ആയതാണ്.അപ്പോഴാണ് ഫ്രീഡം റിവാര്‍ഡ്സ് വ്യവസ്ഥകള്‍ ഓര്‍ത്തത്. ' ട്രാന്‍സ്പോര്‍ട്ടിനിടയില്‍ സാധനങ്ങള്‍ പൊട്ടുകയോ തകരാറുകള്‍ വരുകയോ ചെയ്താല്‍ അതിന് തങ്ങള്‍ ഉത്തരവാദിയായിരിക്കില്ലെന്ന് 'അതില്‍ വ്യക്തമായി പറയുന്നുണ്ട്.മിക്കവാറും തപാല്‍ വകുപ്പിന്റെ വ്യവസ്ഥകളിലും ഇങ്ങനെയൊക്കെത്തന്നെ കാണും.സര്‍ക്കാര്‍ സ്ഥാപനത്തില്‍ സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോഴുള്ള വ്യവസ്ഥകള്‍ കാണുമ്പോള്‍ ആലോചിക്കാറുണ്ടായിരുന്നു ആരാണ് മനുഷ്യനെ ബുദ്ധി മുട്ടിക്കാന്‍ ഇത്തരം വ്യവസ്ഥകള്‍ വെച്ചത് എന്ന്. ഇപ്പോള്‍ മനസ്സിലാകുന്നു.. വ്യവസ്ഥകള്‍ ഉണ്ടാക്കിയവര്‍ ബുദ്ധിമാന്‍മാരായിരുന്നു.. അവര്‍ പലതും മുന്‍കൂട്ടി കണ്ടിരുന്നു..ഇപ്പോള്‍ ഫ്രീഡം റിവാര്‍ഡ്സ് കുറച്ചു കൂടി പരിഷ്കരിച്ചു. എന്റെ അക്കൗണ്ട് കഴിഞ്ഞ ദിവസം നോക്കിയപ്പോള്‍ നൂറു രൂപക്ക് സാധനങ്ങള്‍ വാങ്ങാവുന്നതാണ് . വാങ്ങാവുന്ന സാധനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. അതിന്റെ വൈവിധ്യവും കൂടിയിട്ടുണ്ട്. അതില്‍ മൊബൈല്‍ ഫോണ്‍ റീ ചാര്‍ജിങ്ങും കണ്ടു. ഞാന്‍ നൂറു രൂപക്ക് എയര്‍ ടെല്‍ റീ ചാര്‍ജ് ചെയ്തു. വഴിയില്‍ വെച്ച് കേടു വരില്ലെന്ന് ഉറപ്പുള്ള മറ്റൊരു സാധനവും അക്കൂട്ടത്തില്‍ എനിക്ക് കാണാനായില്ല. .പിന്നെ മറ്റൊരു കാര്യം, ഇതെല്ലാം എന്റെ മര്‍മരങ്ങള്‍ ..ഇതെനിക്ക് ഇവിടെ മാത്രമേ കേള്‍പ്പിക്കാനുള്ളൂ. " നിങ്ങളെഴുതുന്ന പൊട്ടത്തരങ്ങള്‍ വായിക്കാനല്ല , ആനയുടേയും മയിലിന്റേയും പുലിയുടേയുമൊക്കെ ഫോട്ടോകള്‍ കാണാന്‍ വേണ്ടി മാത്രമാണ് നിങ്ങളുടെ ഫേസ് ബുക്കിലെത്തുന്നത് " എന്ന് വിനയപൂര്‍വം അറിയിച്ച സുഹ്രൃത്ത് ക്ഷമിക്കുക.. ആനയും പുലിയും കടുവയുമെല്ലാം പുറകെ വരുന്നുണ്ട്.