Monday, May 11, 2009

വിഷാദം -കൊലയാളി രോഗം

കൊലയാളി രോഗങ്ങളെന്നു കേള്‍ക്കുമ്പോള്‍ രക്തസമര്‍ദ്ദം,പ്രമേഹം തുടങ്ങിയ സാധാരണരോഗങ്ങളാണ് നമുക്ക് ഓര്‍മ്മ വരുന്നത്.ഇവ പ്രധാനപ്പെട്ട രോഗങ്ങള്‍ തന്നെ.


പക്ഷെ,വളരെയധികം പേരെ മരണത്തിലേക്ക് നയിക്കുന്നതും അതേ സമയം വേണ്ടത്ര പരിഗണന കിട്ടാതിരിക്കുന്നതുമായ ഒരു പ്രധാന രോഗമാണ് വിഷാദം.നമ്മുടെ സമൂഹത്തില്‍ നാലു മുതല്‍ എട്ടു വരെ ശതമാനം വിഷാദരോഗികളുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ വരുന്ന രോഗികളില്‍ ഇരുപതു ശതമാനത്തോളം പേര്‍ വിഷാദത്തിനടിമപ്പെട്ടവരത്രെ.വിഷാദരോഗം പിടി പെടുന്നവരില്‍ പതിനഞ്ചു ശതമാനം പേര്‍ ആത്മഹത്യ ചെയ്യുന്നതായാണ് കണക്ക്.എന്നിട്ടു പോലും വിഷാദരോഗത്തെ ഒരു പൊതുജനാരോഗ്യപ്രശ്‌നമായി കണക്കാക്കുന്നില്ലത് നിര്‍‌ഭാഗ്യകരമാണ്.മാനസികാരോഗ്യ പരിപാലനമെന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നുള്ള അവബോധം നമ്മുടെ സമൂഹത്തില്‍ ഇല്ല.


വിഷാദമെന്ന വികാരത്തേയും വിഷാദരോഗത്തേയും വേര്‍തിരിച്ചറിയേണ്ടതുണ്ട്.മോഹഭംഗങ്ങളും ദുരന്തങ്ങളുമെല്ലാം നമ്മുടെ മനസ്സില്‍ സങ്കടങ്ങളുടെ പെരുമഴ പെയ്യിക്കാറുണ്ട്.നഷ്ടങ്ങളും ദു:ഖങ്ങളുമെല്ലാം ജീവിതത്തിന്റെ അനിവാര്യഭാഗമാണെന്നതു പോലെ തന്നെ അതിനോടുള്ള വിഷാദാത്മകമായ പ്രതികരണങ്ങളും സ്വാഭാവികമാണ്.


പക്ഷെ,വിഷാദരോഗമെന്നത് കൂടുതല്‍ തീവ്രവും സങ്കീര്‍‌ണ്ണവുമാണ്.വിഷാദമോ,ആഹ്ലാദിക്കുവാന്‍ സാധിക്കാത്ത ഒരു നിസ്സഹായാവസ്ഥയോ ആണ് വിഷാദരോഗത്തിന്റെ കേന്ദ്രബിന്ദു.പ്രത്യാശകള്‍ ഇല്ലാത്ത ഒരു മനോനില വിഷാദത്തിന്റെ സ്ഥായീഭാവമാണ്.മനസ്സിന്റെ പ്രസന്നത നഷ്ടപ്പെടുന്നു.സാധാരണ മനസ്സിനു സന്തോഷം നല്‍‌കുന്ന വിനോദങ്ങളോ സാഹചര്യങ്ങളോ മനസിനെ സന്തുഷ്ടമാക്കുന്നില്ല.വിഷാദം തീവ്രമാകുമ്പോള്‍ വ്യക്തിയുടെ ഊര്‍ജ്ജം ചോര്‍ന്നു പോകുകയും സന്താപവും സന്തോഷവും അനുഭവപ്പെടാന്‍ പറ്റാത്ത ഒരു തരം മരവിപ്പിലെത്തുകയും ചെയ്യുന്നു.നിഷേധവികാരങ്ങളാണ് വിഷാദരോഗിയെ ഭരിക്കുന്നത്.ഭാവി ഒട്ടും ഗുണകരമാകുന്നില്ലെന്ന ചിന്ത മനസിനെ വിട്ടു പോകുന്നില്ല.വിഷാദരോഗിയെ സംബന്ധിച്ച് ഭാവി മുഴുവന്‍ ഇരുട്ടാണ്.നാശം,തകര്‍ച്ച,കുറ്റബോധം എന്നിവയെ അടിസ്ഥാനമാക്കിയ ഒട്ടേറെ മിഥ്യാധാരണകളും ചിന്തകളില്‍ സ്ഥാനം പിടിക്കുന്നു.വിഷാദം ശാരീരിക ധര്‍മ്മങ്ങളെ കാര്യമായി ബാധിക്കുന്നു.കടുത്ത വിഷാദത്തില്‍ വിശപ്പ് പാടെ നഷ്ടപ്പെടുന്നു.ഭക്ഷണം രുചികരമായി അനുഭവപ്പെടുന്നുമില്ല.രോഗി ഭക്ഷണം കഴിക്കുന്നത് കാര്യമായി കുറയുന്നു.അതിനാല്‍ തന്നെ തൂക്കം വല്ലാതെ കുറയുന്നു.വിഷാദം ഉറക്കത്തെയും സാരമായി ബാധിക്കുന്നു.ഉറങ്ങിക്കഴിഞ്ഞതിനു ശേഷം വെളുപ്പിന് രണ്ടു മണിക്കും മൂന്നു മണിക്കുമൊക്കെ ഉണര്‍ന്ന് പിന്നീട് ഉറക്കം കിട്ടാത്തത് വിഷാദരോഗികളില്‍ കൂടുതല്‍ കാണുന്നു.ശക്തമായ വിഷാദചിന്തകള്‍ ഈ സമയത്ത് ഈ സമയത്ത് രോഗിയെ അലട്ടുന്നു.ആത്മഹത്യാ ചിന്തകളും ഈ സമയത്ത് കൂടുതല്‍ കാണുന്നു.ചെറിയൊരു വിഭാഗത്തിന് അമിതമായ ഉറക്കവുണ്ടാകുന്നുണ്ട്.മറ്റു ശാരീരിക പ്രവര്‍ത്തനങ്ങളെപ്പോലെ തന്നെ ലൈംഗികാസക്തിയേയും വിഷാദം കാര്യമായി ബാധിക്കുന്നു
.ഊര്‍ജ്ജത്തിന്റെ അഭാവം അനുഭവപ്പെടുന്നതാണ് വിഷാദരോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാവം.പെട്ടെന്നു തളര്‍ന്നു പോകുക,കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന്റെ വേഗത കുറയുക,വീട്ടുജോലികളില്‍ താല്പര്യം കുറയുക,മറ്റുള്ളവരുമായി ഇടപഴകുന്നതില്‍ താല്പര്യം കുറയുക,വിനോദങ്ങളില്‍ താല്പര്യമില്ലാതിരിക്കുക എന്നിവയൊക്കെ വിഷാദത്തിന്റെ ലക്ഷണങ്ങളാണ്.ശബ്ദം താഴുകയും ചലനവേഗം മന്ദീഭവിക്കുകയും ചെയ്യുന്നു.ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ വിഷാദം തളര്‍ത്തുന്നു.മനസില്‍ നിറയുന്നത് നിഷേധവികാരങ്ങളാണ്.ആത്മഹത്യാചിന്ത മിക്ക മിക്ക വിഷാദരോഗികള്‍ക്കുമുണ്ട്.പതിനഞ്ചു ശതമാനത്തോളം വിഷാദരോഗികള്‍ ആത്മഹത്യ ചെയ്യുന്നതായാണ് കണക്ക്.
വേറെ എന്തെങ്കിലും ലക്ഷണങ്ങളുടെ മുഖംമൂടിയണിഞ്ഞ് അവതരിക്കുന്ന വിഷാദരോഗങ്ങളുണ്ട്.ശാരീരിക രോഗലക്ഷണങ്ങളുടെ ആവരണമണിയുന്ന വിഷാദരോഗമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.പുകച്ചില്‍,മരവിപ്പ്,പെരുപ്പ്,നെഞ്ചുവേദന,കടച്ചില്‍ എന്നിങ്ങനെ അവ്യക്തമായ ശാരീരികപ്രശ്‌നങ്ങളുമായി ഇവര്‍ നിരന്തരം ഡോക്‌റ്റര്‍‌മാരുടെ അടുത്തെത്തുന്നു.യഥാര്‍ഥ രോഗം പലപ്പോഴും കണ്ടു പിടിക്കപ്പെടുന്നില്ല


.മദ്യത്തില്‍ ആശ്രയം തേടുന്ന വിഷാദരോഗികളുണ്ട്.പലപ്പോഴും ഇവര്‍ മദ്യാസക്തിയിലെത്തുന്നു.മാത്രമല്ല,മദ്യപനെന്ന പേര് വീഴുന്നതോടെ അടിസ്ഥാന വിഷാദരോഗം പലപ്പോഴും തിരിച്ചറിയാതെ പോകുന്നു.


വിഷാദരോഗം ഉണ്ടാകുന്നതിന് പല കാരണങ്ങള്‍ ഉണ്ട്.ചില ശാരീരികരോഗങ്ങളും വിഷാദരോഗമുണ്ടാക്കാറുണ്ട്.ശരീരത്തില്‍ തൈറോഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്നതു മൂലമുണ്ടാകുന്ന ഹൈപോതൈറോയിഡിസം വിഷാദരോഗമുണ്ടാക്കാറുണ്ട്.ചില തരം അര്‍ബുദങ്ങളിലും വിഷാദരോഗസാധ്യത കൂടുതലുണ്ട്.
ചില മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് വിഷാദരോഗമുണ്ടാക്കാറുണ്ട്.രക്തസമര്‍ദ്ദത്തിന്റെ ചികില്‍സയിലുപയോഗിക്കുന്ന പല ഔഷധങ്ങളും വിഷാദമുണ്ടാക്കുന്നുണ്ട്.സര്‍പ്പഗന്ധി എന്ന സസ്യത്തില്‍ നിന്നെടുക്കുന്ന റിസര്‍പിന്‍ എന്ന ഔഷധം ഇതില്‍ പ്രധാനപ്പെട്ടതാണ്.ആയുര്‍‌വേദത്തിലും ഹോമിയോപ്പതിയിലും രക്തസമര്‍ദ്ദത്തിന്റെ ചികില്‍സയില്‍ സര്‍പ്പഗന്ധി ഉപയോഗിക്കാറുണ്ട്.വിഷാദരോഗ സാധ്യത മൂലം ആധുനികവൈദ്യശാസ്ത്ര ഭിഷഗ്വരര്‍ ഈ മരുന്ന് സാധാരണ ഉപയോഗിക്കാറില്ല.
വിഷാദരോഗത്തില്‍ ജനിതകഘടകങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.കുടുംബത്തില്‍ വിഷാദരോഗമുള്ളവര്‍ക്ക് രോഗസാധ്യത കൂടുതലായി കാണപ്പെടുന്നു.തലച്ചോറിലെ കോശങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നതിന് സഹായിക്കുന്ന രാസവസ്തുക്കളായ ന്യൂറോട്രാന്‍സ്മിറ്ററുകളുടെ പ്രവര്‍ത്തനത്തിലും അളവിലുമെല്ലാമുള്ള വ്യത്യാസങ്ങളാണ് പല മാനസികരോഗങ്ങള്‍ക്കും കാരണമാകുന്നത്.സെറോടോണിന്‍,നോര്‍-എപിനെഫ്രിന്‍ എന്നീ രണ്ട് ന്യൂറോട്രാന്‍സ്മിറ്ററുകളുടെ ഇടപെടലുകള്‍ ആവശ്യമായി വരുന്ന മസ്തിഷ്കപ്രവര്‍ത്തനങ്ങളില്‍ താല്‍ക്കാലിക വ്യതിയാനമുണ്ടാകുമ്പോഴാണ് വിഷാദരോഗാവസ്ഥ ഉണ്ടാകുന്നത്.ഈ പ്രവര്‍ത്തനങ്ങളെ ലക്ഷ്യമാക്കിയിട്ടുള്ള ഔഷധങ്ങളാണ് വിഷാദരോഗത്തിന്റെ ചികില്‍സയിലുപയോഗിക്കുന്നത്.പാര്‍ശ്വഫലങ്ങള്‍ വളരെ കുറഞ്ഞതും വളരെയധികം ഫലപ്രദവുമായ മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്..ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ഇമിപ്രമിന്‍,അമിട്രിപ്റ്റിലിന്‍ തുടങ്ങിയ മരുന്നുകള്‍ ഫലപ്രദമായിരുന്നെങ്കിലും കൂടുതല്‍ പാര്‍ശ്വഫലങ്ങളുള്ളവയായിരുന്നു.പക്ഷെ,സെറോറ്റോണിന്‍ റിസപ്റ്ററുകളില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന ഫ്ലുവോക്സെറ്റിന്‍,സെര്‍ട്രലിന്‍,സിറ്റലോപ്രം തുടങ്ങിയ മരുന്നുകളുടെ ആവിര്‍ഭാവത്തോടെ വിഷാദരോഗചികില്‍സ കൂടുതല്‍ എളുപ്പവും സുരക്ഷിതവുമായിരിക്കുന്നു.മരുന്നുകള്‍ കഴിച്ചു തുടങ്ങി രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷം മാത്രമേ വേണ്ടത്ര രോഗശമനം ഉണ്ടാകുകയുള്ളൂ.അസുഖം മാറിയാലും കുറച്ചു കാലം മരുന്ന് തുടരേണ്ടി വരും.ഭൂരിപക്ഷം പേരിലും ഏകദേശം ആറു മുതല്‍ ഒമ്പതു മാസത്തോളം ചികില്‍സ വേണ്ടി വരുന്നു.വിഷാദവു ഉന്മാദവും രോഗമില്ലാത്ത അവസ്ഥയും മാറി മാറി വരുന്ന ബൈ പോളാര്‍ മൂഡ് ഡിസോര്‍ഡര്‍ ബാധിച്ചവര്‍ക്ക് കൂടുതല്‍ ചികില്‍സ ആവശ്യമായി വരുന്നു.ഇതില്‍ രോഗം വീണ്ടും വരാതിരിക്കാനുള്ള ചികില്‍സ തുടര്‍ച്ചയായി വേണ്ടി വരാം.വിഷാദം ആവര്‍ത്തിച്ചു വരുന്ന റെക്കറന്റ് ഡിപ്രസീവ് ഡിസോര്‍ഡര്‍ എന്ന അസുഖത്തിനും കൂടുതല്‍ കാലം ചികില്‍സ ആവശ്യമാണ്.കടുത്ത ആത്മഹത്യാപ്രവണതയുള്ള വിഷാദരോഗികളില്‍ ഷോക്ക് ചികില്‍സ എന്നറിയപ്പെടുന്ന ഇലക്ട്റോ കണ്‍‌വള്‍‌സീവ് തെറാപ്പി വളരെ ഫലപ്രദമാണ്.പലപ്പോഴും ജീവന്‍ തന്നെ രക്ഷിക്കാനുതകുന്ന ഇത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു ചികില്‍സാരീതിയാണ്.