Saturday, March 7, 2009

ഒബ്‌സസീവ് കമ്പള്‍സീവ് ഡിസോര്‍‌ഡര്‍


സ്കീസോഫ്രീനിയ,മൂഡ് 
ഡിസോര്‍ഡറുകള്‍,ഹിസ്റ്റീരിയകള്‍,ഒബ്‌സസീവ് കമ്പള്‍സീവ് ഡിസോര്‍ഡര്‍ എന്നീ
മാനസികരോഗങ്ങളില്‍ നിന്നും അപസ്മാരരോഗത്തിന്റെ വിഭ്രമാത്മക അനുഭവങ്ങളില്‍
നിന്നുമാണ് ലോകത്തിലെ സകലമതങ്ങളുടേയും ഉദ്ഭവമെന്നു
തോന്നുന്നു.ദിവ്യപുരുഷന്‍‌മാരുടേയും മായികാനുഭവങ്ങളുടേയും ആചാരങ്ങളുടേയും
സഞ്ചയനമാണല്ലോ നമ്മുടെ മതങ്ങള്‍.ലോകത്തെ ഇത്ര വൈവിധ്യപൂര്‍‌ണ്ണവും
സുന്ദരവുമാക്കിയതിന് നാം മാനസികരോഗങ്ങളോട് കടപ്പെട്ടിരിക്കുന്നു.
 
ഗുരുതരമായ മാനസികരോഗങ്ങളില്‍ പെടുന്നില്ലെങ്കിലും ഗൗരവമുള്ള ഒന്നാണ്
ഒബ്‌സസീവ് കമ്പള്‍‌സീവ് ഡിസോര്‍‌ഡര്‍.ന്യൂറോസിസ് എന്ന
മാനസികരോഗവിഭാഗത്തില്‍ പെടുന്നതാണ് ഒബ്‌സസീവ് കമ്പള്‍‌സീവ് ഡിസോര്‍‌ഡര്‍.

മാനസികരോഗങ്ങളെ ന്യൂറോസിസ് എന്നും സൈക്കോസിസ് എന്നും രണ്ടായി
തിരിച്ചിരുന്നു.രോഗികള്‍ക്ക് സ്വയം ബോധം നഷ്‌ടപ്പെടുന്ന ഗുരുതരമായ
മനോരോഗങ്ങളാണ് സൈക്കോസിസുകള്‍.ന്യൂറോട്ടിക് അസുഖങ്ങളില്‍ പൊതുവെ സ്വയാവബോധം
 നില നിര്‍ത്തപ്പെടുന്നു.അതിനാല്‍ തന്നെ രോഗലക്ഷണങ്ങള്‍ പലപ്പോഴും രോഗിയെ
സ്വയം ചികില്‍സകന്റെ അടുത്തെത്തിക്കുന്നതായി കാണുന്നു.മറ്റുള്ളവര്‍ക്ക്
നിസ്സാരമായി തോന്നാമെങ്കിലും ന്യൂറോസിസുകള്‍ അനുഭവിക്കുന്ന വ്യക്തിക്ക് ഒരു
 പാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്.

ഒബ്‌സസീവ് കമ്പള്‍‌സീവ് ഡിസോര്‍‌ഡര്‍ അത്ര വിരളമായ അസുഖമല്ല.രണ്ട് മുതല്‍
മൂന്നു വരെ ശതമാനം പേര്‍ക്ക് ഈ രോഗം പിടി പെടുന്നുണ്ട്.സമൂഹത്തിലെ എല്ലാ
വിഭാഗങ്ങളേയും ഒരു പോലെ ബാധിക്കുന്നതാണ് ഈ അസുഖം.പുരുഷന്‍‌മാരെയും
സ്ത്രീകളേയും ഒരു പോലെ ഈ അസുഖം ബാധിക്കുന്നു.പക്ഷെ,ആണ്‍‌കുട്ടികള്‍ക്ക്
പെണ്‍‌കുട്ടികളെ അപേക്ഷിച്ച് രോഗം നേരത്തെ ആരംഭിക്കുന്നതായി
കാണുന്നു.പത്തൊമ്പതു വയസ്സിനു മുമ്പു തന്നെ അന്‍പതു ശതമാനം പേര്‍ക്കും
രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നു.പതിനഞ്ചു ശതമാനത്തില്‍ താഴെ പേര്‍ക്ക് 35
 വയസ്സിനു ശേഷവും അസുഖലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.
 
ഒബ്‌സസീവ് കമ്പള്‍‌സീവ് ഡിസോര്‍‌ഡര്‍ ഒബ്‌സഷന്‍സ്,കമ്പള്‍‌ഷന്‍സ് എന്നീ
രണ്ട് ഭാഗങ്ങള്‍ ചേര്‍ന്ന ഒരു അസുഖമാണ്.അസുഖം ബാധിച്ച വ്യക്തിക്ക് ഒരേ തരം
ചിന്തകള്‍ ക്രമാതീതമായി ഉണ്ടാകുകയോ ചില പ്രവര്‍ത്തികള്‍ ക്രമാതീതമായി
ചെയ്യേണ്ടി വരികയോ ചെയ്യുന്നു.കേള്‍ക്കുന്നവര്‍ക്ക് നിസ്സാരമായി
തോന്നാമെങ്കിലും രോഗിക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ്
ഇത്.മാത്രമല്ല, ഇതൊരു രോഗമാണെന്നുള്ള ബോധമില്ലാത്തതിനാല്‍ രോഗി ചികില്‍സ
തേടുന്നുമില്ല.
 
ഒരു വ്യക്തിയുടെ മനസ്സിലേക്ക് നുഴഞ്ഞു കയറുന്ന ചിന്തകളാണ്
ഒബ്‌സഷനുകള്‍.അതായത്,ഇഷ്‌ടപ്പെടാതെയും പക്ഷെ,തടഞ്ഞു നിര്‍ത്താന്‍
സാധിക്കാതെയും കയറി വരുന്ന ചിന്തകള്‍.ഇത്
പേടിപ്പെടുത്തുന്നതോ,വെറുപ്പുളവാക്കുന്നതോ,അല്ലെങ്കില്‍ നിസ്സാരമോ ആയ
ചിന്തകള്‍ ആകാം.ഇതിന്റെ അര്‍ഥശൂന്യതയെക്കുറിച്ച് ബോധമുണ്ടെങ്കിലും അതിനെ
തടഞ്ഞു നിര്‍ത്തുന്നതില്‍ രോഗി നിസ്സഹായനാണ്.പ്രിയപ്പെട്ട ആര്‍ക്കെങ്കിലും
അത്യാഹിതം സംഭവിക്കുമോ എന്ന പേടി,രോഗാണുക്കളെക്കുറിച്ചുള്ള
അമിതഭയം,കൈകളില്‍ അഴുക്കുണ്ടെന്നുള്ള തോന്നല്‍ എന്നിവ സാധാരണ കാണുന്ന
ഒബ്‌സഷനുകള്‍ ആണ്.ഇത്തരത്തിലുള്ള ഒബ്‌സഷനുകള്‍ രോഗിയുടെ ജീവിതത്തിന്റെ
എല്ലാ മേഖലകളേയും ബാധിച്ചേക്കാം.ഉത്കണ്ഠ,വിഷാദം,ജീവിതത്തോട്
വിരക്തി,ആത്മഹത്യ,ലഹരി ഉപയോഗം,എന്നിവയിലേക്ക് ഇത് നയിച്ചേക്കാം.കൈ
വൃത്തിയായില്ലെന്നു തോന്നുന്ന ആള്‍ ആവര്‍ത്തിച്ച് കൈ
കഴുകിക്കൊണ്ടിരിക്കുന്നതും വാതില്‍ പൂട്ടിയിട്ടില്ലെന്ന് തോന്നുന്ന ആള്‍
വീണ്ടു വീണ്ടും അത് പരിശോധിക്കേണ്ടി വരുന്നതും കമ്പള്‍‌ഷനുകള്‍ ആണ്.
ആപത്കരമായ എന്തെങ്കിലും സംഭവിക്കുന്നത് ഒഴിവാക്കാനായി ചിലര്‍ ചില പ്രത്യേക
പ്രവര്‍ത്തികള്‍ അനുഷ്‌ടിക്കുന്നു.ചിലരില്‍ ഇത് ലളിതമായ പ്രവര്‍ത്തികള്‍
ആണെങ്കില്‍ ചിലപ്പോള്‍ ഇത് സങ്കീര്‍‌ണ്ണമായ പ്രവര്‍ത്തികളാണ്.ഇത്തരം
അനുഷ്ടാനങ്ങള്‍ രോഗിയുടെ ഒബ്‌സഷനുകള്‍ കൊണ്ടുള്ള ഭയവും ഉതകണ്ഠയും
കുറക്കുകയും അതിനാല്‍ സ്ഥിരസ്വഭാവമാര്‍ജിക്കുകയും ചെയ്യുന്നു.ഇത്തരം
ചര്യകള്‍ വ്യക്തിയുടെ സമയത്തിന്റെ നല്ലൊരു പങ്ക് അപഹരിക്കുകയും ചിലപ്പോള്‍
ദൈനം ദിനചര്യകള്‍ക്കു പോലും സമയം തികയാതെ വരികയും ചെയ്യുന്നു.അമിതമായ
കുളി,കൈ കഴുകല്‍,പല്ലുതേപ്പ് എന്നിവ,ചില പ്രത്യേകവസ്തുക്കള്‍
പ്രത്യേകരീതിയില്‍ സ്പര്‍‌ശിക്കുക,ഗൃഹോപകരണങ്ങള്‍ കൂടെക്കൂടെ വൃത്തിയാക്കുക
 ,സാധനങ്ങള്‍ പ്രത്യേകക്രമത്തിലും പ്രത്യേകരീതിയിലും വെക്കുക,ഇലക്‌ട്രിക്ക്
 ഉപകരണങ്ങള്‍,ഗ്യാസ് സ്റ്റൗ എന്നിവ നിര്‍ത്തിയോ എന്ന് ആവര്‍ത്തിച്ച്
പരിശോധിക്കുക,തന്റെ ചിന്തകള്‍ മൂലം ആര്‍ക്കെങ്കിലും എന്തെങ്കിലും
അത്യാഹിതങ്ങള്‍ സംഭവിച്ചോ എന്ന് പരിശോധിക്കുക തുടങ്ങിയവ സാധാരണ കാണുന്ന
കമ്പള്‍‌ഷനുകള്‍ ആണ്.ആവര്‍ത്തിച്ചുള്ള എണ്ണല്‍- വഴിവക്കിലെ മരങ്ങളോ
റോട്ടിലെ കാറുകളോ പുസ്തകത്തിലെ താളുകളോ മണിക്കൂറുകളോളം
എണ്ണിക്കൊണ്ടിരിക്കുക,ചില പ്രത്യേകപ്രവര്‍ത്തികള്‍ -ഉദാഹരണത്തിന് ചില
വസ്‌തുക്കള്‍ ഇത്ര പ്രാവശ്യം തൊടുക തുടങ്ങിയവയും കണ്ടു വരുന്നു.അമിതമായ
വൃത്തി ചിലപ്പോഴൊക്കെ ത്വക്‌രോഗത്തിനു കാരണമാകുന്നു.രോഗാണു ഭയം മൂലം
സോപ്പ്,ആന്റിസെപ്‌റ്റിക്കുകള്‍ തുടങ്ങിയവയുടെ അമിത ഉപയോഗവും കണ്ട്
വരുന്നു.സാധനങ്ങള്‍ സംഭരിച്ചു വെക്കല്‍ ചിലരില്‍ കാണുന്ന ഒരു
രോഗലക്ഷണമാണ്.പഴയ സാധങ്ങളൊന്നും തന്നെ ഇവര്‍ ഉപേക്ഷിക്കുന്നില്ല.വീട് പഴയ
വസ്തുക്കളുടെ സംഭരണശാലയായി മാറുന്നു.വിശ്വസിക്കുന്ന മതത്തിനും
ദൈവത്തിനുമെതിരെയുള്ള ചിന്തകള്‍ നിരന്തരം മനസ്സില്‍ കയറി
വരുന്നവരുണ്ട്.അതിനാല്‍ കുറ്റബോധം ഉണ്ടാകുകയും അവര്‍ നിരന്തരം
പ്രാര്‍ഥിക്കുകയും ചെയ്യുന്നു.ഒബ്‌സസീവ് കം‌പള്‍‌സീവ് രോഗികളില്‍
ഒന്നിലധികം ലക്ഷണങ്ങള്‍ ഒരേ സമയം കണ്ടു വരാറുണ്ട്.ഒരു ലക്ഷണം കാലം
കഴിയുമ്പോള്‍ മറ്റൊന്നായി മാറുന്നതും കാണാറുണ്ട്.
മിക്ക മാനസിക
രോഗങ്ങളിലുമെന്നപോലെ ജനിതകകാരണങ്ങള്‍ ഈ രോഗത്തിലും പ്രധാന പങ്കു
വഹിക്കുന്നുണ്ട്.അസുഖം ബാധിച്ച ഒരു വ്യക്‌തിയുടെ കുടുംബാംഗങ്ങള്‍ക്ക് രോഗം
പിടി പെടാനുള്ള സാധ്യത പതിനഞ്ചു മുതല്‍ ഇരുപതു ശതമാനം
ആണ്.പക്ഷെ,രോഗലക്ഷണങ്ങള്‍ വിഭിന്നമായിരിക്കാം.ജനിതക സാധ്യതയുള്ള ഒരാള്‍ക്ക്
 ശക്‌തമായ  ജീവിത സംഘര്‍‌ഷങ്ങള്‍ രോഗബാധയ്ക്ക്
കാരണമാകാറുണ്ട്.മസ്തിഷ്‌ക്കത്തിലെ നാഢികള്‍ക്കിടയിലെ സന്ധികളില്‍ ആശയങ്ങള്‍
 കൈമാറാനുപയോഗിക്കുന്ന രാസപദാര്‍ഥങ്ങളിലൊന്നായ സെറോട്ടോണിന്റെ
അപര്യാപ്‌തതയാണ് ഈ രോഗത്തിന്റെ ഭൗതികമായ കാരണമെന്ന് ഗവേഷണങ്ങള്‍
സൂചിപ്പിക്കുന്നു.സെറോടോണിന്റെ അളവ് കൂട്ടുന്ന ഔഷധങ്ങള്‍ ഇതിന്റെ
ചികില്‍സയില്‍ ഉപയോഗിക്കുന്നത് ഇതു കൊണ്ടാണ്.ഈ രോഗത്തിന്റെ ചികില്‍സയ്ക്ക്
ഔഷധ ചികില്‍സയും മനശാസ്ത്രചികില്‍സയും പ്രധാനപങ്കു
വഹിക്കുന്നു.ക്ലോമിപ്രമിന്‍ എന്ന മരുന്നാണ് ഈ രോഗത്തിന്റെ ചികില്‍സയില്‍
പ്രധാനമായി ഉപയോഗിക്കുന്നത്.മരുന്നിന്റെ ഫലം കാണാന്‍ നാലാഴ്ചയെങ്കിലും
എടുക്കാറുണ്ട്.പലപ്പോഴും ദീര്‍ഘകാലം മരുന്നു കഴിക്കേണ്ടി വരികയും
ചെയ്യുന്നു.
മരുന്ന് ഉപയോഗിക്കുമ്പോള്‍ തുടക്കത്തില്‍ പാര്‍ശ്വഫലങ്ങള്‍
കാണാറുണ്ട്.മയക്കം,വായ വരളുന്നത് ,മലബന്ധം,വിറയല്‍ എന്നിവയാണ് പ്രധാന
പാര്‍ശ്വഫലങ്ങള്‍.പക്ഷെ,കുറച്ചു നാള്‍ മരുന്നു കഴിക്കുമ്പോള്‍
പാര്‍‌ശ്വഫലങ്ങള്‍ അപ്രത്യക്ഷമാകുന്നു.പുതിയ മരുന്നുകളായ സെര്‍ട്രലിന്‍,ഫ്ലുവോക്‌സെറ്റിന്‍,സിറ്റലോപ്രം തുടങ്ങിയവ പാര്‍‌ശ്വഫലങ്ങള്‍ കുറവുള്ളതും ഫലപ്രാപ്‌തി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.
ഈ രോഗത്തിന്റെ ചികില്‍സയില്‍ ഔഷധചികില്‍സയോടൊപ്പം മനശാസ്ത്രചികില്‍സയും പ്രധാനമാണ്.ഒബ്‌സഷനുകള്‍ മൂലമുള്ള ഉത്‌കണ്ഠയില്‍ നിന്നും മുക്തി നേടുകയും അനുഷ്ടാനക്രമങ്ങള്‍ ഇല്ലാതാക്കുകയുമാണ് ഈ ചികില്‍സയുടെ ലക്ഷ്യം.രോഗിക്ക് ഉത്കണ്ടയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യിക്കുകയും അതേ സമയം അനുഷ്ടാനക്രമങ്ങള്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുയുമാണ് ഈ ചികില്‍സാരീതിയുടെ അടിസ്ഥാനം.രോഗിയുടെ പൂര്‍‌ണ്ണ സഹകരണം വേണ്ട ഈ ചികില്‍സരീതി വളരെ ഫലപ്രദമാണ്.

Wednesday, March 4, 2009

ശ്രീ നാരായണ ഗുരു





















ആധ്യാത്മിക നേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ശ്രീനാരായണ ഗുരുദേവനെ കേരളത്തിലെ ഒരു ജാതിക്കാര്‍ അവരുടെ സ്വന്തം ദൈവമാക്കി വെച്ചിരിക്കയാണ്.പക്ഷെ,ഗുരുദേവന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ അവര്‍ തയ്യാറാകുന്നുമില്ല.
ശ്രീ നാരായണ ഗുരു വേണ്ടത്ര പഠിക്കപ്പെടുകയോ,അദ്ദേഹത്തിന്റെ ആശയങ്ങള്‍ വേണ്ടത്ര പ്രചരിക്കപ്പെടുകയോ ചെയ്യുന്നില്ല.ശ്രീ നാരായണ ഗുരുവിന്റെ പേരില്‍ ഈ പോസ്റ്റല്‍ സ്റ്റാമ്പ് കണ്ടപ്പോള്‍ കടലിനപ്പുറത്തു പോലും അദ്ദേഹം ആദരിക്കപ്പെടുന്നുവെന്നാണ് തോന്നിയത്.ശ്രീ ലങ്ക സര്‍ക്കാര്‍ ഇറക്കിയ പോസ്റ്റല്‍ സ്റ്റാമ്പാണ് ഇത്.ഒരു സ്റ്റാമ്പ് പ്രദര്‍ശനത്തിനിടക്ക് വാങ്ങി എന്റെ ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്.ഡൂപ്ലിക്കേറ്റ് സ്റ്റാമ്പാണോ എന്നും സംശയമുണ്ട്.