Thursday, July 2, 2009

ഗാന്ധിജിയോടൊപ്പം ആറു മാസം

ഞാന്‍ ഇവിടെ അവതരിപ്പിക്കാന്‍ പോകുന്നത് എന്റെ രചനയല്ല.കോഴിക്കോട്ടെ ഒരു മുതിര്‍‌ന്ന അധ്യാപകന്‍ എഴുതിയതാണ്‌ ഇത്.അനുഭവക്കുറിപ്പുകള്‍ എന്നോ,ആത്മകഥാഖണ്ഡമെന്നോ പറയാം.
അഞ്ച് വര്‍‌ഷങ്ങള്‍ക്ക് മുമ്പാണ്‌ രാമചന്ദ്രന്‍ മാസ്‌റ്ററെ പരിചയപ്പെടുന്നത്.ഞങ്ങള്‍ നാലഞ്ച് സുഹൃത്തുക്കള്‍ ഒരാവശ്യത്തിനായി അദ്ദേഹത്തെ സമീപിക്കുകയായിരുന്നു.ഭാഷാ പഠനമായിരുന്നു ലക്ഷ്യം.
രാമചന്ദ്രന്‍ മാസ്‌റ്റര്‍ വിപുലമായ അനുഭവങ്ങള്‍ ഉള്ള ഒരു അധ്യാപകനായിരുന്നു.ഇംഗ്ലീഷ് ഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹം തന്റെ അനുഭവങ്ങള്‍ പലതും ഞങ്ങളോട് പങ്ക് വെച്ചിരുന്നു.അതൊക്കെ ഒന്ന് എഴുതി പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ നിരന്തരം അദ്ദേഹത്തോട് അഭ്യര്‍‌ഥിച്ചിരുന്നു.അടുത്തകാലത്ത് അദ്ദേഹത്തെ കണ്ടപ്പോള്‍ കുറച്ച് അനുഭവക്കുറിപ്പുകള്‍ എഴുതി വെച്ചതായി എന്നോട് പറഞ്ഞു.ഞങ്ങള്‍ പറഞ്ഞതുകൊണ്ടാണ്‌ എഴുതിയതെന്ന് ഞങ്ങള്‍ കരുതുന്നില്ല.അങ്ങനെ ഉദ്ദേശിക്കുന്നില്ല.അത് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ സമ്മതം ചോദിച്ചപ്പോള്‍ അദ്ദേഹം സസന്തോഷം അനുവാദം നല്‍‌കി.ഇത് ബ്ലോഗില്‍ പബ്ലിഷ് ചെയ്യാനുള്ള സമ്മതം അദ്ദേഹം തന്നിട്ടുള്ളതാണ്‌.മാസ്‌റ്ററുടെ അനുവാദം കൂടാതെ ഇത് കോപി ചെയ്യാനോ ,പ്രസിദ്ധീകരിക്കാനോ പാടുള്ളതല്ല..
------------------------------------------------------------------------------------
------------------------------------------------------------------------------------


ഏതൊരു കാര്യം ചെയ്യുമ്പോഴും പിതൃവന്ദനത്തോടെയോ അഥവാ ഗുരു വന്ദനത്തോടു കൂടിയോ ആരംഭിക്കുന്നതാണ്‌ ഉത്തമം.ഇതിലേതിനാണ്‌ പ്രാധാന്യം കൊടുക്കേണ്ടതെന്ന് ഒരു പ്രശ്‌നമാക്കേണ്ടതില്ല.ഞാന്‍ പിതൃവന്ദനത്തോടുകൂടി ആരംഭിക്കാനാണ്‌ ഉദ്ദേശിക്കുന്നത്.ഒരു കുട്ടിയുടെ കഥ പറഞ്ഞു കൊണ്ട് തുടങ്ങാനാണ്‌ കരുതുന്നത്.ആ കഥ അവസാനിക്കുമ്പോഴേക്കും ഞാന്‍ പിതാവിനെ വന്ദിക്കുന്നതായിത്തീരും.കുട്ടിയുടെ പേര് കിട്ടന്‍ എന്നാണ്‌.കിട്ടന്‍ എന്നത് ഒരു നല്ല പേര് ദുഷിച്ചതാണ്‌.കിട്ടന്റെ അമ്മയുടെ പേര് അതിലും വിചിത്രമാണ്‌.കൊറുമ്പി എന്നാണ്‌.അവരുടെ അഛന്റെ പേര്‍ അതിലും വിശേഷമാണ്‌.,കൊറമ്പോട്ടി എന്നതാണ്‌.അദ്ദേഹം ഒരു കോടതി ആമിയന്‍ ആയിരുന്നു.അദ്ദേഹത്തിന്റെ വീട്ടുപേര് പുതിയോട്ടില്‍ എന്നാണ്‌.പക്ഷെ,പൊതുവെ ആളുകള്‍ ആമിയന്റവിട എന്നാണ്‌ പറയാറ്.അങ്ങനെ കിട്ടന്‍ എന്ന കുട്ടിക്ക് സാമ്പത്തികമായി പരാധീനതയൊന്നുമില്ല.കുട്ടി ആ നാട്ടിന്‍‌പുറത്തെ എഴുത്തുപള്ളിയില്‍ നാലോ അഞ്ചോ ക്ലാസ് വരെ പഠിച്ചു.അതില്‍ പിന്നെ തലശ്ശേരി ബി.ഇ.എം.ഹൈസ്കൂളില്‍ പ്രവേശനം നേടി.ഏതാനും ദിവസം കഴിഞ്ഞ ഉടനെ കിട്ടന്‍ അമ്മയെ സമീപിച്ച് പറഞ്ഞു. "എനിക്ക് പട്ടണത്തിലെ സ്കൂള്‍ പറ്റുന്നില്ല,അവിടെ പഠിപ്പിക്കുന്ന ഇംഗ്ലീഷൊന്നും എനിക്ക് മനസ്സിലാകുന്നില്ല" കുട്ടി അമ്മയോട് പറയുകയാണ്‌ "അമ്മേ,എനിക്ക് ഒരു പശുവിനെ മേടിച്ചു തന്നാല്‍ മതി". അമ്മ ഏതാണ്ട് അബ്രഹാം ലിങ്കന്റെ അമ്മയുടെ സ്വഭാവക്കാരിയായിരുന്നു.മകന്‍ ആരെങ്കിലുമൊരാളായിത്തീരണം എന്ന ആഗ്രഹമുള്ളവരായിരുന്നു.ലിങ്കന്റെ അമ്മ എന്നും കാലത്ത് മകനും അഛനും കൃഷി ആയുധങ്ങളുമായി അങ്ങ് ദൂരെ പോകുമ്പോള്‍ കുട്ടയില്‍ ഭക്ഷണമൊക്കെ തയ്യാറാക്കി വെച്ച് ,കുടിക്കാനുള്ള വെള്ളവും മറ്റും ശരിപ്പെടുത്തിവെച്ച് മകന്റെ പുറത്ത് വാത്‌സല്യപൂര്‍‌വം തടവിക്കൊണ്ട് പറയുമായിരുന്നു."മോനേ,നീ ആരെങ്കിലും ഒരാളായിത്തീരണം".ഒന്നാം ക്ലാസ് വരെ ഔപചാരികവിദ്യാഭ്യാസം കിട്ടാത്ത കുട്ടിയാണ്‌ ലിങ്കണ്‍.അങ്ങനെയുള്ള തന്റെ മകനോടാണ്‌ അമ്മ പറയുന്നത്,നീ ആരെങ്കിലുമൊക്കെ ആയിത്തീരണമെന്നത്.ഞാന്‍ അധികം വ്യതിചലിക്കുന്നില്ല.നമ്മള്‍ കിട്ടന്‍ എന്ന കുട്ടിയുടെ കഥയാണ്‌ പറയാന്‍ പോകുന്നത്.അല്ലാതെ, ലിങ്കണ്‍ അമേരിക്കന്‍ പ്രസിഡന്റായിത്തീര്‍‌ന്ന കഥയൊന്നുമല്ല.കിട്ടന്റെ അമ്മയുടെ സഹോദരിയുടെ ഭര്‍‌ത്താവ് തലശ്ശേരി സെന്റ് ജോസഫ് ഹൈസ്കൂളില്‍ അധ്യാപകനായിരുന്നു. കിട്ടനേയും കൂട്ടി കൊറുമ്പിയമ്മ സഹോദരീഭര്‍‌ത്താവിനെ സമീപിച്ചു.അദ്ദേഹം കിട്ടനോട് കുറച്ചു നാള്‍ അദ്ദേഹത്തിന്റെയടുത്ത് ചെല്ലുവാന്‍ നിര്‍‌ദ്ദേശിച്ചു.അതില്‍ പിന്നെ കിട്ടന്‌ സ്‌കൂളില്‍ പോകുവാന്‍ വലിയ സന്തോഷമായിരുന്നു.നന്നായി പഠിച്ചു.എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞു.കിട്ടിയ മാര്‍‌ക്കുകള്‍ നോക്കുമ്പോള്‍ ബി.ഇ.എം.പി.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ മുകുന്ദമല്ലര്‍ വളരെ സന്തോഷവാനായിരുന്നു.അദ്ദേഹം കിട്ടന്റേതടക്കം മൂന്ന് കുട്ടികളുടെ എസ്.എസ്.എല്‍.സി പുസ്തകങ്ങള്‍ വാങ്ങി മാര്‍‌ക്ക് ചേര്‍‌ത്തിട്ടുള്ള പേജ് മറിച്ചു വെച്ച് ,സ്‌കൂള്‍ വരാന്തയിലെ നോട്ടീസ് ബോര്‍‌ഡില്‍ പ്രദര്‍‌ശിപ്പിച്ചു.മറ്റ് രണ്ട് കുട്ടികളുടെ പേര് വി.പി.നാരായണന്‍ നമ്പ്യാര്‍,എന്നും എല്‍.എസ്.പ്രഭു എന്നും ആയിരുന്നു. ഈ കിട്ടന്റെ മകനാണ്‌ ഞാന്‍.എന്റെ വന്ദ്യപിതാവിനെ സര്‍‌വാത്മനാ സ്മരിച്ചു കൊണ്ട് ഞാന്‍ ഇന്ന് എഴുതുവാന്‍ ഉദ്ദേശിക്കുന്ന കാര്യം ആരംഭിക്കുവാന്‍ പോകുകയാണ്‌.
അതിനു മുമ്പായി എന്റെ ഗുരുഭൂതന്‍‌മാരെ ഒന്നോര്‍‌ക്കുന്നത് നന്നായിരിക്കും.അവരുടേയും പേരുകള്‍ പഴയ രീതിയിലുള്ളതാണ്‌.കേളു.കോരു എന്നിങ്ങനെ ആയിരുന്നു.തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ അന്നത്തെ പ്രിന്‍സിപാള്‍ ആയിരുന്നു കേളു നെടുങ്ങാടി. പിന്നെ പി.കെ.കോരു ബ്രണ്ണന്‍ ഹൈസ്‌കൂളിലെ ഗണിതശാസ്‌ത്രാധ്യാപകനായിരുന്നു.കേളു നെടുങ്ങാടിയുടെ പ്രധാനശിഷ്യന്‍ അതു പോലെ തന്നെ പഴഞ്ചന്‍ പേരുള്ള കണ്ണനായിരുന്നു.പ്രസിദ്ധ കമ്മ്യൂണിസ്റ്റ് നേതാവ് പി.ആര്‍.നമ്പ്യാരുടെ സഹോദരനായിരുന്നു അദ്ദേഹം.
നമ്മള്‍ കിട്ടന്റെ കഥയാണ്‌ പറഞ്ഞത്.കൃഷ്ണന്‍ എന്ന പേര് ദുഷിച്ച് കിട്ടനായിത്തീര്‍‌ന്നതാണ്‌.കോഴിക്കോട്ടുകാര്‍‌ക്ക് പരിചയമുള്ള ഒരു സ്ഥലം അവിടെയുള്ള ഒരു മില്ലിന്റെ പേരിലാണ്‌ അറിയപ്പെടുന്നത്.-തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍.ആ പേര്‍ ദുഷിച്ച് കോട്ടുമ്മല്‍ എന്നായിത്തീര്‍ന്നു.അതിലും രസകരമായ ഒരു ദുഷിച്ച പേര് വയനാട്ടില്‍ കല്‍‌പ്പറ്റയ്ക്ക് സമീപം പിണങ്ങോട്ട് പോകുന്ന വഴിക്ക് ഞാന്‍ കണ്ടു മുട്ടി.എന്നോട് ആളുകള്‍ പറഞ്ഞു,മൂരിക്കാപ് എന്ന ബസ് സ്റ്റോപ്പിലിറങ്ങിക്കൊള്ളൂ എന്ന്.ഞാന്‍ ആ സ്റ്റോപ്പിലിറങ്ങി,എനിക്ക് കാണേണ്ട എസ്‌റ്റേറ്റ് ഉടമയെ ചെന്ന് കണ്ടു.സന്ദര്‍‌ഭവശാല്‍ ഈ ബസ്‌ സ്റ്റോപ്പിന്റെ പേരിനെപ്പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: " ഇത് വളരെ മുമ്പ് ഒരു ഇംഗ്ലീഷ് കാരന്റെ എസ്റ്റേറ്റായിരുന്നു.അയാള്‍ വഴിയാണ്‌ മൂരിക്കാപ്പ് എന്ന പേര്‍ വന്നത്. തോട്ടത്തിലെ കാപ്പി മൂത്ത് പഴുത്ത് നല്ല സ്വര്‍‌ണ്ണമണികള്‍ പോലെ നില്‍‌ക്കുന്നത് കണ്ടപ്പോള്‍ ആ ഇംഗ്ലീഷ്‌കാരന്‍ പറഞ്ഞു--എ മെറി ക്രോപ് എന്ന് .അതാണ്‌ പിന്നീട് ദുഷിച്ച് മൂരിക്കാപ്പ് ആയത്.
ഒരു 'റണ്‍ എവേ ഗണ്‍' മാതിരി ആകുന്നുണ്ടോ ഞാന്‍?അതായത് യാന്ത്രികത്തകരാറ് കൊണ്ട് നില്‍‌ക്കാതെ വെടി പൊട്ടിക്കൊണ്ടിരിക്കുന്ന തോക്ക്.അല്ലെങ്കില്‍ കുറേ വെടി പൊട്ടിക്കഴിഞ്ഞ് ബ്രീച്ചിനും തോക്കിന്റെ കുഴലിനും ചൂടു പിടിച്ചാല്‍ ഉണ്ടകള്‍ പോകുന്നതിന്റെ എണ്ണം കൂടും.ഒരു മിനിട്ടില്‍ ആയിരത്തി ഇരുനൂറ് ഉണ്ടകള്‍ പോകുന്ന ഒരു തോക്ക് ചൂടു പിടിച്ച് കഴിഞ്ഞാല്‍ ആയിരത്തി അഞ്ഞൂറ് വരെ പോകും.അങ്ങനെയൊന്നും എന്റെ എഴുത്തിന്‌ വേഗത കൂടാനിടയില്ല.ഇത് ഞാനല്ല എഴുതുന്നത്. എന്റെ കൈ വിരലുകള്‍ക്ക് ബലഹീനതയുള്ളതു കൊണ്ട് ഒരു സന്‍‌മനസ്സുള്ള വ്യക്തി എന്നെ സഹായിക്കാമെന്നേറ്റു.പ്രായാധിക്യം കൊണ്ടായിരിക്കാം എന്റെ കൈ വിരലുകള്‍ ശരിയായി പ്രവര്‍‌ത്തിക്കാത്തത്.രണ്ട് കൊല്ലം മുമ്പ് ഞാന്‍ സ്കൂട്ടര്‍ ഓടിക്കാനുള്ള ലൈസന്‍‌സിനു വേണ്ടി ഡ്രൈവിങ്ങ് സ്കൂള്‍ മുഖാന്തിരം ടെസ്റ്റിനെത്തി.എന്നെ കണ്ടതും വെഹിക്‌ള്‍ ഇന്‍‌സ്പെക്റ്റര്‍ പറഞ്ഞു:"ഇത്ര പ്രായമുള്ള ഒരാള്‍ക്ക് (എണ്‍‌പത്തി ആറ് വയസ്സ്)ഇതാദ്യമായാണ്‌ ഞാന്‍ ഒരു ടെസ്റ്റ് നടത്തുന്നത്"."അതൊരു ഭാഗ്യമായി കരുതിക്കൊള്ളൂ നിങ്ങള്‍" എന്ന് ഞാനും പറഞ്ഞു.ടെസ്റ്റ് വിജയിച്ചു.ലൈസന്‍‌സ് കിട്ടി.ഉടനെ ഞാനൊരു പുതിയ സ്കൂട്ടര്‍ വാങ്ങിച്ചു.ഒരു വയസ്സനാണെന്ന ചിന്തയില്ലാതെ അതും കൊണ്ട് മാവൂര്‍ വരെ പോയി.പിന്നെ എലത്തൂര്‍,അതു കഴിഞ്ഞ് ബേപ്പൂര്‍ എന്നീ സ്ഥലങ്ങളിലും പോയി.ഒരു ദിവസം രാവിലെ കനോളി കനാല്‍ റോഡിലൂടെ അരേടത്ത്പാലം വരെ എത്തി.അവിടുന്ന് റോഡ് മുറിച്ച് കടന്ന് ഇടത്തു ഭാഗത്തേക്ക് കടക്കണം.മാവൂര്‍ ഭാഗത്തേക്ക് പോകുന്ന വലത്തു ഭാഗത്തെ റോഡിലേക്ക് കയറിയതും എന്റെ വിരലുകള്‍ പ്രവര്‍‌ത്തിച്ചില്ല.ആക്‌സിലറേറ്റര്‍ കൊടുക്കാന്‍ പറ്റിയില്ല.വണ്ടി നിന്നു പോയി.അതിവേഗതയില്‍ വന്ന മാവൂര്‍ ബസ്സ് ഞാന്‍ മറുകര കടക്കുമെന്ന് കരുതി ഓടിച്ചു വന്നതിനാല്‍ എന്റെ വണ്ടിയില്‍ ഇടിച്ചു.ഞാനും വണ്ടിയും തറ പറ്റി.ജനങ്ങളെല്ലാം പരിഭ്രമിച്ചു.ഞാന്‍ ആളുകളോട് എന്നെ എഴുന്നേല്‍‌പ്പിക്കാന്‍ പറഞ്ഞു.സ്കൂട്ടറും നേരെ നിര്‍‌ത്തുവാന്‍ പറഞ്ഞു.ബസ്സിലെ ഡ്രൈവര്‍ ഇറങ്ങി വന്നു.ക്ഷമാപണത്തോടെ എന്നോട് ചോദിച്ചു."ഞാന്‍ എന്തു ചെയ്യണം സാര്‍?" ഞാന്‍ പറഞ്ഞു: "നിങ്ങള്‍ തെറ്റുകാരനല്ല.നിങ്ങള്‍ യാത്ര തുടര്‍‌ന്നു കൊള്ളൂ".എനിക്കോ എന്റെ വണ്ടിക്കോ പറയത്തക്ക കേടുപാടുകളൊന്നും സം‌ഭവിച്ചില്ല.അതേ വണ്ടിയില്‍ കയറി വീട്ടിലെത്തി.പിറ്റേ ദിവസം പതിനായിരം രൂപ കുറച്ച് ആ വണ്ടി വേറൊരാള്‍‌ക്ക് വിറ്റു.ഈ സംഭവകഥകള്‍ പറഞ്ഞത് എന്തുകൊണ്ട് ഞാന്‍ എനിക്കെഴുതാനുള്ള കാര്യങ്ങള്‍ മറ്റൊരാളെക്കൊണ്ട് എഴുതിക്കുന്നു എന്ന് കാണിക്കുവാന്‍ വേണ്ടിയാണ്‌.ഞാന്‍ സ്വയം എഴുതാത്തതിന്‌ കൈ‌വിരലുകളുടെ ബലക്ഷയം മാത്രമല്ല കാരണം.എനിക്ക് ഭാഷയിലുള്ള അറിവിന്റെ പോരായ്‌മയും കൂടിയാണ്‌.ഞാനെന്റെ ചെറുപ്പകാലത്ത് രണ്ട്-മൂന്ന് ക്ലാസ്സുകളില്‍ പഠിച്ചത് തമിഴ് സ്കൂളിലായിരുന്നു.കാരണം എന്റെ അഛന്‍ തമിഴ്‌നാട്ടില്‍ ഒരു ഗവണ്‍‌മെന്റ് ഉദ്യോഗസ്ഥനായിരുന്നു.കുറച്ച് മുതിര്‍‌ന്നപ്പോള്‍ സ്വദേശത്തെത്തി സ്കൂളില്‍ ചേര്‍ന്നു.ഗവണ്‍‌മെന്റ് ഉദ്യോഗസ്ഥന്റെ മകന്‍ എന്ന തരത്തില്‍ മലയാളം ഒഴിവാക്കി കിട്ടി.പകരം ഫ്രഞ്ച് പഠിക്കാന്‍ തുടങ്ങി.ഒടുവില്‍ മലയാളവുമില്ല,ഫ്രഞ്ചുമില്ലാതായിത്തീര്‍‌ന്നു.എന്നെപറ്റിത്തന്നെ കൂടുതല്‍ പറഞ്ഞ് വായനക്കാരെ മുഷിപ്പിക്കുകയായിരിക്കും.എനിക്ക് എന്നെപ്പറ്റിയും എന്റെ അഛനമ്മമാരെപ്പറ്റിയും അല്ലാതെ മറ്റെന്തിനെപറ്റി പറയാന്‍ പറ്റും? എന്റെ അമ്മയുടെ വീട് കണിച്ചോത്ത് ആണ്‌.എന്റെ അമ്മയുടെ ജ്യേഷ്‌ഠത്തിയുടെ മകന്‍ ഒരു കോണ്‍‌ഗ്രസ് പ്രവര്‍‌ത്തകനായിരുന്നു.അന്നത്തെ കോട്ടയം-വയനാട് താലൂക്കിലെ എം.എല്‍.എ ആയിരുന്നു അദ്ദേഹം.ശ്രീ എ.കെ.ഗോപാലന്റെ ഉറ്റ സുഹൃത്തുമായിരുന്നു.എ.കെ.ഗോപാലന്‍ എന്നെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു.എനിക്ക് പറയത്തക്ക രാഷ്‌ട്രീയമൊന്നും ഉണ്ടായിരുന്നില്ല.ഒരു ദിവസം രാവിലെ എന്നെ വിളിച്ചുണര്‍‌ത്തി എന്റെ ജ്യേഷ്ഠന്‍ എന്‍.പി.ദാമോദരന്‍ എസ്.കെ.പൊറ്റെക്കാട്ടിനേയും നെട്ടൂര്‍ പി.ദാമോദരനേയും കനകമല കാണിച്ചു കൊടുക്കുവാന്‍ നിര്‍‌ദ്ദേശിച്ചു.അവിടെയെത്തി.പിന്നീട് അവിടുന്ന് പ്രശസ്ത കവയിത്രിയായിരുന്ന കടത്തനാട്ട് മാധവിയമ്മയുടെ അടുത്തേക്ക് കൊണ്ടു പോകുവാന്‍ പറഞ്ഞു.കടത്തനാട്ട് മാധവിയമ്മയുടെ വീട്ടിലെത്തി.അവരുടെ സംസാരം മുഴുവനും സാഹിത്യപരമായിരുന്നു.പൊറ്റെക്കാടിന്റെ നാടന്‍‌പ്രേമത്തെക്കുറിച്ചായിരുന്നു ചര്‍‌ച്ച.എനിക്ക് സാഹിത്യമോ രാഷ്‌ട്രീയമോ ഇല്ലെന്ന് പറഞ്ഞല്ലോ.ഞാന്‍ മാധവിയമ്മയോടു പറഞ്ഞു:"വല്ല ചായയോ കാപ്പിയോ മറ്റോ ഉണ്ടെങ്കില്‍ തരണം".ഞാന്‍ വെറും ശാപ്പാട്ട് രാമന്‍ മാത്രമായിരുന്നു.
ബ്രണ്ണന്‍ ഹൈ‌സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ സ്കൗട്ട് പ്രസ്ഥാനത്തില്‍ പ്രവര്‍‌ത്തിച്ചിരുന്നു.സ്‌കൂളിലെ സ്കൗട്ട് ലീഡറായിരുന്നു ഞാന്‍.ഒരവസരത്തില്‍ മദ്രാസ് ഗവര്‍‌ണര്‍ ലോര്‍‌ഡ് ഹെര്‍‌സ്‌കിന്‍ സ്കൂള്‍ സന്ദര്‍‌ശിക്കുകയുണ്ടായി.ആ അവസരത്തില്‍ സ്കൗട്ടിന്റെ വക ഒരു ഡിസ്‌പ്ലേ വേണമെന്ന് തീരുമാനിച്ചു.ഒരു സൈകിള്‍ യാത്രക്കാരന്‍ ധൃതി പിടിച്ച് സൈക്കിള്‍ ചവിട്ടി വരുമ്പോള്‍ പെട്ടെന്ന് മറിഞ്ഞ് വീണു.ആ വഴി വന്നിരുന്ന ഒരു സ്‌കൗട്ട് ഇതു കണ്ട് അപകടം സംഭവിച്ച ആള്‍ക്ക് പ്രഥമശുശ്രൂശ നല്‍‌കി.അതിനു മുമ്പായി ആ സ്‌കൗട്ടിന്റെ വിസില്‍ ഊതി.ഇതു കേട്ട് ഏതാനും സ്‌കൗട്ടുകള്‍ അവിടെയെത്തി.അവരുടെ സ്കൗട്ട് സ്റ്റാഫ് ഉപയോഗിച്ച് ഒരു സ്‌ട്രച്ചര്‍ പെട്ടെന്നുണ്ടാക്കി.അതേ സമയം വേറെ മൂന്നു സ്കൗട്ടുകള്‍ അവരുടെ സ്റ്റാഫ് ഉപയോഗിച്ച് മൂന്ന് സൈക്കിളും ഒരു തൃകോണാകൃതിയില്‍ ബന്ധിച്ചു.മറ്റ് രണ്ട് സ്കൗട്ടുകള്‍ അവരുടെ സ്റ്റാഫ് ഉപയോഗിച്ച് അവരുടെ കൈ‌യിലുള്ള കോര്‍‌ഡ് കൊണ്ട് ഒരു സ്‌ട്രക്‌ചര്‍ ഉണ്ടാക്കി.അപകടം സം‌ഭവിച്ചയാളെ ആ മൂന്നു സൈക്കിളിന്റെ മുകളിലുള്ള വടികളുടെ മേലെ വെച്ചു.സൈക്കിളുകള്‍ അപകടം സംഭവിച്ച ആളുകളുമായി ആശുപത്രിയിലേക്ക് പോയി.ഇതായിരുന്നു ഡിസ്‌പ്ലേ.ഗവര്‍‌ണര്‍ ലോര്‍‌ഡ് ഹെര്‍‌സ്‌കിനും,ഡി.എസ്.പി(ഒരു സായിപ്പായിരുന്നു) ഇവരെല്ലാം ചേര്‍‌ന്ന് സ്കൂള്‍ ക്ലാസ് റൂമുകള്‍ ഒന്നൊന്നായി കയറിയിറങ്ങി,പ്രിന്‍‌സിപാള്‍ കേളുനെടുങ്ങാടിയുമൊത്ത് വരാന്തയില്‍ നില്‍‌ക്കുമ്പോഴാണ്‌ പെട്ടെന്ന് സൈക്കിള്‍ യാത്രക്കാരന്‍ വീഴുന്നത് കാണുന്നത്.ഹെര്‍‌സ്‌കിന്‍ പെട്ടെന്ന് ഉല്‍‌ക്കണ്ട്‌ഠാകുലനായി ആ അപകടസ്ഥലത്തേക്ക് പൊകുവാന്‍ മുതിര്‍‌ന്നു.പ്രിന്‍‌സിപാള്‍ പറഞ്ഞു:"അത് സ്കൗട്ട് ഡിസ്‌പ്ലേ മാത്രമാണ്‌".അതെല്ലാം കഴിഞ്ഞ് ഗവര്‍‌ണര്‍ യാത്ര പിരിയുമ്പോള്‍ സ്കൗട്ട് ഒരു ഗാര്‍‌ഡ് ഒഫ് ഓണര്‍ കൊടുത്തു.ഗവര്‍‌ണര്‍ തമാശയായി ചോദിച്ചു."ആ സൈക്കിള്‍ യാത്രക്കാരന്‌ അപകടമൊന്നുമില്ലല്ലോ?"ഞാനായിരുന്നു ആ സൈക്കിള്‍ യാത്രക്കാരന്‍ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആദരപൂര്‍‌വം എനിക്ക് കൈ തന്നു.ആ കാലത്ത് ഗവര്‍‌ണറുടെയും മറ്റും ഹസ്തദാനം ലഭിക്കുക എന്നത് വലിയ കാര്യമായി കരുതിയിരുന്നു.അത് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ വളരെയേറെ ബഹുമാനിക്കുന്ന സ്കൗട്ട് അധ്യാപകനെ(അപ്പു മാസ്റ്ററെ) ചെന്ന് കണ്ട് "ഞാന്‍ സ്കൗട്ടില്‍ നിന്ന് രാജി വെക്കുന്നു"
കാരണം എന്റെ ജ്യേഷ്‌ഠന്‍ എന്‍.പി.ദാമോദരന്‍ ഒരു കോണ്‍‌ഗ്രസ്സ് സ്ഥാനാര്‍‌ഥിയായി എം.എല്‍.എ.ആയി തെരഞ്ഞെടുപ്പില്‍ മല്‍‌സരിക്കുകയാണ്‌".സ്കൗട്ട് അധ്യാപകന്‍ അപ്പുമാസ്റ്റര്‍ പറഞ്ഞു:"ആ കാര്യം പറയണ്ട,താനൊരു ഗവണ്‍‌മെന്റ് ഉദ്യോഗസ്ഥന്റെ മകനാണ്‌".അങ്ങനെ വിഭിന്ന കൂറുകളുടെ പെട്ടെന്നുള്ള ഒരു മാറ്റത്തിന്റെ ഉദാഹരണമാണ്‌ ഞാന്‍ പറഞ്ഞു വന്നത്.എസ്.എസ്.എല്‍.സി.പാസായിക്കഴിഞ്ഞ് ഇറ്റര്‍‌മീഡിയറ്റ് പഠിച്ചു കൊണ്ടിരിക്കെ വൈകുന്നേരം മൈതാനത്ത് ഒരു ഗംഭീരന്‍ ഫുട്‌ബോള്‍ മാച്ച് നടക്കുകയാണ്‌.അത് കാണാനുള്ള വെപ്രാളത്തില്‍ എന്റെ കെമിസ്ട്രി പ്രാക്‌റ്റിക്കല്‍ പെട്ടെന്ന് ചെയ്ത് ഒബ്‌സര്‍‌വേഷന്‍ നോട്ടുമായി കെമിസ്‌ട്രി പ്രൊഫസ്സര്‍ അപ്പറാവുവിനെ ചെന്നു കണ്ടു.അയാള്‍ പറഞ്ഞു:''യു ഹാവ് കുക്‌ഡ് ദിസ്".അതെനിക്ക് ക്ഷോഭമുണ്ടാക്കി.ഞാന്‍ ഒബ്‌സര്‍‌വേഷന്‍ നോട്ട് പ്രൊഫസ്സറുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.പ്രൊഫസ്സര്‍ ഉടനെ പ്രിന്‍സിപ്പാളുടെ മുറിയിലേക്ക് ചെല്ലുവാന്‍ ധൃതിപ്പെട്ട് ഓടി.വഴിക്ക് വെച്ച് ഹിസ്റ്ററി പ്രൊഫസ്സര്‍ ചാത്തുവച്ചന്‍(അതും പഴയ പേരാണ്‌‌‌‌‌,ഞാന്‍ മുമ്പ് പറഞ്ഞപ്പോള്‍ ഈ പേര് വിട്ടു പോയതാണ്‌).പക്ഷെ ചാത്തുവച്ഛന്‍ അപ്പറാവുവിനെ കണ്ടു.ക്ഷോഭിച്ച് ഓടുന്ന അപ്പറാവുവിനെ അദ്ദേഹം ശാന്തനാക്കി,കാര്യങ്ങള്‍ അന്വേഷിച്ചു.ചാത്തുവച്ഛന്‍ എന്റെ ജ്യേഷ്‌ഠന്‍ എന്‍.പി.ദാമോദരന്റെ അടുത്ത സുഹൃത്താണ്‌.അദ്ദേഹം അപ്പറാവുവിനോട് പറഞ്ഞു:"നമുക്ക് ആ കുട്ടിയെക്കൊണ്ട് മാപ്പു പറയിക്കാം.പ്രിന്‍സിപ്പാളിന്റെ അടുത്തൊന്നും ഇക്കാര്യം എത്തിക്കേണ്ടതില്ല".അങ്ങനെ ചാത്തുവച്‌ഛന്റെ നിര്‍‌ബന്ധപ്രകാരം ഞാന്‍ അപ്പറാവുവിനോട് മാപ്പ് പറഞ്ഞു.ഇതൊക്കെ എഴുതുന്നത് ഞാനെന്തു മാത്രം ഇപള്‍‌സീവ് ആയിരുന്നെന്ന് കാണിക്കാനാണ്‌.അത് ഇപ്പോഴും ഈ തൊണ്ണൂറോട് അടുത്തിരിക്കുന്ന കാലത്തും അങ്ങനെ തന്നെയാണ്‌.പെട്ടെന്ന് വീണ്ടുവിചാരമില്ലാതെ ചെയ്യുന്ന സ്വഭാവം ഇപ്പോഴുമുണ്ട്.ഇന്നലെ വൈകുന്നേരം ഇതേ സ്ഥലത്തിരുന്നു കൊണ്ട് വായിക്കുകയായിരുന്നു.പെട്ടെന്നൊരു തോന്നല്‍.അരയിടത്തുപാലത്തിനടുത്തുള്ള സര്‍‌ക്കസ്സിനെപ്പറ്റി ഓര്‍‌മ്മ വന്നു.തലശ്ശേരി സര്‍‌ക്കസ്സിന്റെ കേന്ദ്രമാണ്‌.ഞാനകത്തു കടന്ന് ഭാര്യയോട് പറഞ്ഞു,സര്‍‌ക്കസ്സിനു പോകുകയാണെന്ന്.പെട്ടെന്ന്,നടരാജഗുരുവിന്‌ ,നെട്ടൂര്‍ പി.ദാമോദരന്‍ ഞാന്‍ തലശ്ശേരിക്കാരനാണെന്നും ,ഒരു സാധാരണ സൈക്കിളില്‍ ഭാരതപര്യടനം നടത്തുകയാണെന്നും പറഞ്ഞ് എന്നെ പരിചയപ്പെടുത്തിയത് ഓര്‍‌മ്മ വന്നു.തലശ്ശേരിക്കാര്‍ പൊതുവെ സര്‍‌ക്കസ്‌കാരാണെന്ന് നടരാജഗുരു തമാശയായി പറഞ്ഞു.
ഇനി അങ്ങോട്ട് ഒരു ക്രമമില്ലാതെ ആണ്‌ ഞാന്‍ കാര്യങ്ങള്‍ പറയാന്‍ പോകുന്നത്.അതിന്റെ അര്‍‌ഥം അത് അക്രമത്തിലേക്ക് എത്തുമെന്നല്ല.ഓരോ സമയത്ത് ഓര്‍‌മ്മ വരുന്ന സം‌ഗതികള്‍ പറയാമെന്ന് മാത്രം കരുതി.കാലാനുസരണം നടന്ന സംഗതികള്‍ പറയാതെ ആദ്യം നടന്നത് അവസാനവും,അവസാനം നടന്നത് ആദ്യവും ആയിപ്പോകുമെന്ന ഒരു വൈകല്യം,അതുണ്ട്.മദ്രാസ്സ് കൃസ്ത്യന്‍ കോളേജില്‍ വെച്ച് ഡോ.യേശുദാസനേയും ഡോ.ഏണസ്റ്റ് പേറ്റനേയും സാധു മത്തായിയേയും പരിചയിക്കുവാനിടയായി.സാധു മത്തായി കോട്ടയം മാങ്ങാനത്ത് ക്രൈസ്‌തവാശ്രമത്തിന്റെ അധിപനായിരുന്നു.ഡോ.യേശുദാസനും ഡോ.പേറ്റനും തിരുപ്പത്തൂര്‍ കൃസ്തുകുലാശ്രമ അധിപന്‍‌മാരുമായിരുന്നു.ഡോ.യേശുദാസനെ അവിടുത്തുകാര്‍ പെരിയണ്ണന്‍ എന്നും ഡോ.പേറ്റനെ ചിന്നണ്ണന്‍ എന്നും ആണ്‌ വിളിച്ചു വന്നിരുന്നത്.ഡോ.യേശുദാസന്‍ പാളയംകോട്ടുകാരനാണ്‌.അയാള്‍ ഇംഗ്ലണ്ടില്‍ മെഡിസിനു പഠിക്കുമ്പോള്‍ കൂടെ പഠിച്ചയാളാണ്‌ ഡോ.പേറ്റന്‍. പേറ്റന്‍ ഒരു വലിയ ധനികന്റെ മകനായിരുന്നു.അദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചു പോയിരുന്നു.അമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തി സ്വത്തുക്കളുടെ ഒരു വലിയ ഭാഗം വിറ്റു.അതോടു കൂടിയാണ്‌ യേശുദാസന്റെ കൂടെ ഇന്ത്യയിലേക്ക് പുറപ്പെട്ടത്.ഇവരെല്ലാം കാവിവസ്ത്രമാണ്‌ ധരിച്ചിരുന്നത്.അവരുണ്ടാക്കിയ കൃസ്തുകുലാശ്രമവും ഒരു ഹിന്ദു ക്ഷേത്രത്തിന്റെ രൂപത്തിലായിരുന്നു.അതിനോട് ചേര്‍‌ന്ന് കൊണ്ട് സര്‍‌വസൗകര്യങ്ങളോടു കൂടിയ ഒരാശുപത്രി ഉണ്ടാക്കി.അത് ഡോ.യേശുദാസന്റെ മരുമകന്‍ ഡോ.രാജണ്ണയുടെ മേല്‍‌നോട്ടത്തിലായിരുന്നു.ഡോ.പേറ്റന്‍ എന്നോട് തിരുപ്പതി കൃസ്തുകുലാശ്രമം സന്ദര്‍‌ശിക്കാന്‍ പറഞ്ഞു.അതു പോലെ സാധുമത്തായി കോട്ടയം മാങ്ങാനം ക്രൈസ്തവാശ്രമവും സന്ദര്‍‌ശിക്കാന്‍ പറഞ്ഞു.എനിക്ക് ശരിയായ ഓര്‍മ്മയില്ല,ആദ്യം എവിടെയാണ്‌ പോയതെന്ന്.തിരുപത്തൂര്‍ കൃസ്തുപുരാശ്രമത്തില്‍ പോയതായി കരുതുന്നു.ഒരു മാസത്തോളം അവിടെ കഴിച്ചു കൂട്ടി.അവരുടെ പ്രാര്‍‌ഥനകളിലും മറ്റ് ദിനചര്യകളിലും പങ്കെടുത്തു.ഇങ്ങനെ എനിക്ക് കൃസ്ത്യാനികളോട് ഒരു മമത ഉണ്ടാകുവാന്‍ തുടങ്ങി.അതിനു മുമ്പ് തന്നെ ആവടിക്ക് അടുത്തുള്ള അമ്പത്തൂരില്‍ എന്റെ സുഹൃത്തുക്കള്‍ ബാലനും ഭാര്യ ശ്രീമതിയുടേയും കൂടെ താമസിക്കുമ്പോള്‍ ഞാന്‍ ഇടക്കിടക്ക് തിരുവള്ളൂര്‍ എന്ന സ്ഥലത്ത് പോകാറുണ്ട്.അവിടെ ചില കൃസ്തുമതപ്രവര്‍‌ത്തകര്‍ പ്രവര്‍‌ത്തിച്ചു വന്നിരുന്നു.അവരോട് ഞാന്‍ പറഞ്ഞു:എന്നെ വളരെയേറെ സ്വാധീനിച്ച ഒരു പുസ്തകം ജോണ്‍ ബനിയന്റെ 'പില്‍‌ഗ്രിംസ് പ്രോഗ്രസ്സ് ' ആണെന്ന്.പരദേശി മോക്ഷയാത്ര എന്നാണ്‌ പരിഭാഷ.അവിടുത്തെ സീനിയര്‍ ആയ ഒരാള്‍ എന്നോട് പറഞ്ഞു:"അത് വെറും ഒരു കൃസ്തീയ നോവല്‍ ആണ്‌".ആ പുസ്തകത്തില്‍ പറഞ്ഞ മാതിരി ഞാന്‍ ഏകാന്തമായ ചില സ്ഥലങ്ങളില്‍ പോയിരിക്കാറുണ്ടായിരുന്നു.വലിയ മൈതാനത്തിന്റെ നടുവില്‍ പോയി രാത്രികാലങ്ങളില്‍ കിടന്നുറങ്ങാറുണ്ടായിരുന്നു.അതൊക്കെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്കു തന്നെ വിശ്വസിക്കാന്‍ സാധിക്കുന്നില്ല.മറ്റുള്ളവര്‍‌ക്ക് ഇത് ശരിയോ തെറ്റോ എന്ന് സം‌ശയമുണ്ടാവാം.അത് പറയുമ്പോള്‍ എനിക്ക് 'സോങ്ങ് ഓഫ് ബര്‍‌ണാഡ് 'എന്ന പുസ്തകത്തിന്റെ സമര്‍‌പ്പണത്തില്‍ പറഞ്ഞ വാചകങ്ങളാണ്‌ ഓര്‍മ വരുന്നത്.അതിങ്ങനെയാണ്‌ "ദോസ് ഹു ബിലീവ് ഇന്‍ ഗോഡ് നോ എക്‌സ്‌പ്ലനേഷന്‍ ഈസ് നീഡഡ് ,ദോസ് ഹു ഡു നോട്ട് ബിലീവ് നോ എക്സ്‌പ്ലനേഷന്‍ ഈസ് പോസ്സിബ്‌ള്‍ ".വിശ്വസിക്കുന്നവന്‌ വിശദീകരണം ആവശ്യമില്ല.വിശ്വസിക്കാത്തവന്‌ വിശദീകരണം സാധ്യവുമല്ല.അതു പോലെയാണ്‌ എന്റെ കാര്യങ്ങള്‍.വളരെ വളരെ അവസാനമായി നടന്ന ചില കാര്യങ്ങളാണ്‌ ഞാന്‍ ആദ്യമായി എടുത്ത് പറയുന്നത്.എന്റെ മനസ്സില്‍ പൊങ്ങി വരുന്ന വന്ദ്യരായ ചില വ്യക്തികളേയും സംഭവങ്ങളേയും വിട്ടു പോകാതിരിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്.തിരുപത്തൂരില്‍ കൃസ്തുകുലാശ്രമത്തില്‍ ഏണസ്റ്റ് പേറ്റന്റെ കൂടെ കഴിഞ്ഞ നാളുകള്‍ എപ്പോഴും ഓര്‍‌ക്കത്തക്കതാണ്‌.അതിനേക്കാള്‍ ഉപരിയാണ്‌ മാങ്ങാനം(കോട്ടയം) ക്രൈസ്തവാശ്രമത്തില്‍ സാധു മത്തായി അഥവാ മത്തായിയച്ഛന്റെ കൂടെ കഴിഞ്ഞത്.മത്തായിയച്ചന്‍ കാഞ്ഞങ്ങാട്ട് രാം ദാസ് സ്വാമിയുടെ കൂട്ടുകാരനായിരുന്നു.ഒരു ദിവസം മത്തായിയച്ചനും ഞാനുമായി കൊച്ചിയില്‍ ടി.സി.വര്‍‌ക്കിയുടെ വീട്ടില്‍ ചെന്നു.ടി.സി.വര്‍‌ക്കി, എ.വി.തോമസ് ആന്‍‌ഡ് കമ്പനിയുടെ കൊച്ചിന്‍ ശാഖയുടെ മാനേജരാണ്‌.ടി.സി.വര്‍‌ക്കിയും സഹോദരിയും മത്തായിയച്ചനെ ആദരപൂര്‍‌വം സ്വീകരിച്ച് സല്‍‌ക്കരിച്ചു.മത്തായിയച്ചന്‍ എന്നെപ്പറ്റി പറഞ്ഞപ്പോള്‍ ടി.സി.വര്‍ക്കിയുടെ സഹോദരി പറഞ്ഞു:"മിസ്റ്റര്‍ രാമചന്ദ്രന്‍ മത്തായിയച്ചന്റെ കൂടെത്തന്നെ ഇരുന്നോളൂ.അദ്ദേഹത്തിന്‌ ഒരാളാവശ്യമാണ്‌".അതു പോലെ എനിക്ക് ചെയ്യുവാന്‍ പറ്റിയില്ല.


ഒരു ജോലി വലിച്ചെറിഞ്ഞ് മറ്റൊരു ജോലി പെട്ടെന്ന് കരസ്ഥമാക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല.ഞാന്‍ കുറേക്കഴിഞ്ഞ് ഇന്ത്യയിലെ എല്ലാ സ്റ്റേറ്റുകളില്‍ കൂടിയും കടന്നുപോയ്‌ക്കൊണ്ടുള്ള ഒരു സൈക്കിള്‍ യാത്ര ആരംഭിക്കുവാന്‍ പോകുമ്പോള്‍ എന്റെ വീട്ടിനടുത്തുള്ള മാതൃഭൂമി ചീഫ് കറസ്പോണ്ടന്റ് മിസ്റ്റര്‍ മാധവക്കുറുപ്പിന്റെ നിര്‍‌ദ്ദേശമനുസരിച്ച് ഞാന്‍ മാതൃഭൂമിയിലെ പ്രധാനപ്പെട്ടവരെയെല്ലാംകണ്ട് ആശീര്‍‌വാദത്തിന്‌ അപേക്ഷിച്ചു.ജോലി വലിച്ചെറിഞ്ഞ് ആണ്‌ ഈ സൈക്കിള്‍ പര്യടനത്തിന്‌ പുറപ്പെടുന്നത് എന്നറിഞ്ഞപ്പോള്‍ അന്നത്തെ മാതൃഭൂമി റസിഡന്റ് എഡിറ്റര്‍ ശ്രീ എ.പി.ഉദയഭാനു എന്നോടു ചോദിച്ചു:'' അതു ശരിയാണോ,ഇങ്ങനെ ജോലി വലിച്ചെറിഞ്ഞ് ഒരു പര്യടനത്തിന്‌.....?" "ഞാനങ്ങനെ ജോലി വലിച്ചെറിഞ്ഞിട്ടില്ല.യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വീണ്ടും ജോലി ചെയ്യും". "അങ്ങനെ പെട്ടെന്നൊരു ജോലി കിട്ടാന്‍ എളുപ്പമാണോ?" എന്ന് വീണ്ടും ചോദ്യം വന്നു.അദ്ദേഹം പബ്ലിക് സര്‍‌വീസ് കമ്മീഷന്‍ ചെയര്‍‌മാനും മറ്റുമായിരുന്നു.അതു കൊണ്ട് ജോലി സമ്പാദിക്കാനുള്ള വിഷമം അദ്ദേഹത്തിന്‌ നന്നായറിയാം.പിന്നീട് കുറേക്കാലം കഴിഞ്ഞ് ഒരു ചടങ്ങില്‍ ഞാന്‍ ആധ്യക്ഷം വഹിച്ചു കൊണ്ടിരിക്കുകയായിരുന്നു.അവിടെ നിര്‍‌ധനരായ കുട്ടികള്‍‌ക്ക് സൗജന്യമായി പുസ്തകവിതരണം നടത്തുന്ന പന്തീരാങ്കാവ് ഹൈസ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ മിസ്റ്റര്‍ പത്‌മനാഭന്‍ നായര്‍ ഇതേ ആശങ്ക പ്രകടിപ്പിച്ചു.അതിനു മറുപടിയായി ഞാന്‍ പറഞ്ഞു."ജോലി ചെയ്യാന്‍ തയ്യാറുള്ളവന്‌ എപ്പോഴും ജോലി കിട്ടും".ഒന്നിന്റെ പിന്നാലെ ഒന്നായി ജോലി ഉപേക്ഷിച്ച് നടന്നിട്ടും യാതൊരു സാമ്പത്തിക വിഷമവും കൂടാതെ കഴിയുവാനുള്ള ജോലികള്‍ കിട്ടുന്ന സാഹചര്യമാണ്‌ എനിക്ക് അനുഭവപ്പെടേണ്ടി വന്നത്.ഇരുപതാമത്തെ വയസ്സില്‍ സൈന്യസേവനത്തിന്‌ ഇന്ത്യന്‍ റ്റെറിട്ടോറിയല്‍ ഫോഴ്‌സില്‍ പതിമൂന്നാം ബറ്റാലിയനില്‍ ഒരു കമ്മീഷന്‍ ഓഫീസറായി ചേര്‍ന്നു.പരിശീലനകാലത്ത് അതെന്റെ മനസ്സിന്‌ പിടിച്ചതല്ല എന്ന് തോന്നി.പക്ഷെ രാജി വെക്കുവാന്‍ നിയമം അനുവദിക്കില്ല.സൈന്യത്തില്‍ നിന്ന് രാജിയില്ല.പരിശീലനശേഷമുള്ള പരീക്ഷകള്‍ കരുതിക്കൂട്ടി മോശമാക്കി ചെയ്‌ത് പരീക്ഷ തോറ്റു പോയി.അങ്ങനെ അവര്‍ എന്നെ പിരിച്ചു വിട്ടു.അതു കഴിഞ്ഞ് ബോംബെയില്‍ പോയി നേവിയില്‍ ചേര്‍ന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ അതും പറ്റുകയില്ലെന്ന് തോന്നി.അവിടുന്ന് ഒളിച്ചോടിപ്പോയി.കുറച്ചു കാലം ആര്‍‌ക്കും പിടികൊടുക്കാതെ പല സ്ഥലങ്ങളിലും ചുറ്റിത്തിരിഞ്ഞ് വീണ്ടും സൈന്യത്തില്‍ ചേര്‍‌ന്നു.ഉയര്‍‌ന്ന ഇംഗ്ലീഷ് പട്ടാള ഉദ്യോഗസ്ഥന്‍‌മാരെ ഉറുദു പഠിപ്പിക്കാനുള്ള അധ്യാപകനായായിരുന്നു പോസ്റ്റിങ്ങ്.സാന്റ് ഹേസ്റ്റ് ഇംഗ്ലണ്ടിലെ ഒരു വലിയ പട്ടാള പരിശീലനകേന്ദ്രമാണ്‌.അത് ഒരു സര്‍‌വകലാശാലാനിലവാര്‍ത്തിലുള്ളതായിരുന്നു.അവിടെ വെച്ചവര്‍ എന്നെ പ്രൊഫസര്‍ ആയി നിയമിച്ചു.കുറേ കഴിഞ്ഞപ്പോള്‍ അതും രാജി വെച്ചൊഴിഞ്ഞു.അത് സിവിലിയന്‍ നിയമനമായത് കൊണ്ട് നിയമപ്രകാരം രാജി വെച്ചൊഴിയാന്‍ കഴിഞ്ഞു.പിന്നീട് വീണ്ടും പട്ടാളത്തില്‍ ചേര്‍‌ന്നു.ഏതാനും മാസം പരിശീലനം കഴിഞ്ഞ ശേഷം അത് വേണ്ടെന്ന് തോന്നി.രാജി വെക്കുവാന്‍ നിവൃത്തിയില്ല.ശാരീരികസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മെഡിക്കല്‍ ബോര്‍‌ഡ് ഔട്ട് ചെയ്ത് കിട്ടുവാനുള്ള ശ്രമത്തിലായിരുന്നു.വിദഗ്ദഡോക്‌ടര്‍‌മാര്‍ പരിശോധിച്ച് എനിക്ക് ശരിയായ രോഗമുണ്ടെന്ന് പറഞ്ഞു.ഒരപസ്‌മാരരോഗിയായാണ്‌ ഞാന്‍ അഭിനയിച്ചത്.അങ്ങനെ ബോര്‍‌ഡ് ഔട്ട് ചെയ്ത് കിട്ടി.കുറച്ചു കാലത്തിനു ശേഷം വീണ്ടും നേവിയില്‍ ചേര്‍ന്നു.അങ്ങനെ ആസ്സാമിലെ ചിക്കഗോങ്ങില്‍ 64-ം ഇന്ത്യന്‍ ഫ്ലോട്ടിലയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ അവിടുന്ന് ഓടിക്കളഞ്ഞു.കല്‍‌ക്കട്ടയില്‍ എത്തി.കുറെ ദിവസം കൊണ്ട് കൈയിലുള്ള കാശൊക്കെ തീര്‍ന്നു.യാചന ഒട്ടും ശരിയല്ലെന്നുമറിയാം.കല്‍‌ക്കട്ടയിലെ ഒരു മലയാളിയുടെ ചെറിയ ഹോട്ടലില്‍ നിത്യേന ഒരു ഇഡ്ഡലി മാത്രം തിന്നു കൊണ്ട് നാളുകള്‍ നീക്കി.ഒടുവില്‍ ഒരിഡ്ഡലി വാങ്ങുവാന്‍ പോലും ഗതിയില്ലാത്ത അവസരം വന്നപ്പോള്‍ കല്‍‌ക്കട്ടയിലെ എയര്‍‌ഫോഴ്‌സ് റിക്രൂട്ടിങ്ങ് ഓഫീസില്‍ ചെന്നു.അതിനു മുമ്പായി ഹൗറ സ്റ്റേഷനിലെ ആര്‍.ടി.ഒ യെ ചെന്നു കണ്ടു."ഞാന്‍ നേവിയില്‍ നിന്ന് ഓടിക്കളഞ്ഞവനാണ്‌.ഞാന്‍ നിങ്ങളുടെ മുമ്പാകെ കീഴടങ്ങാന്‍ ആഗ്രഹിക്കുന്നു" എന്നു പറഞ്ഞു.അതൊരു അമേരിക്കന്‍ പട്ടാള ഉദ്യോഗസ്ഥനായിരുന്നു.എന്നെ ഏറ്റെടുത്താല്‍ അദ്ദേഹത്തിന്‌ പല ബാധ്യതകളുമുണ്ടാകും.അതില്‍ നിന്നും ഒഴിവാകാന്‍ "താന്‍ ഓടിയ ആളാണെങ്കില്‍ അതേ പടി ഓടിപ്പൊയ്‌ക്കൊള്ളൂ" എന്നു പറഞ്ഞു.അങ്ങനെയാണ്‌ ഞാന്‍ എയര്‍‌ ഫോഴ്‌സ് റിക്രൂട്ടിങ്ങ് ഓഫീസില്‍ എത്തിയത്.അവിടെ ഒരു ആര്‍‌മറര്‍ ആയി ചേര്‍‌ന്നു.പിറ്റേ ദിവസം ലാഹോറിലേക്ക് ഒരു സംഘത്തിന്റെ കൂടെ എന്നെയുമയച്ചു.റിക്രൂട്ടിങ്ങ് ഓഫീസര്‍ പറഞ്ഞിരുന്നു."തണുപ്പ് കാലം തുടങ്ങുവാന്‍ പോകുകയാണ്‌.വൂളന്‍ വസ്ത്രങ്ങള്‍,കമ്പിളി മുതലായവ കരുതിക്കൊള്ളൂ " എന്ന്.ലാഹോറില്‍ കൊടും തണുപ്പായിരുന്നു.എയര്‍ ഫോഴ്‌സ് ക്യാമ്പിലെത്തി വസ്ത്രങ്ങളെല്ലാം കിട്ടിയതോടു കൂടി സമാധാനമായി.ഇന്നും അവിടെയുണ്ടായ ഒരു പരിശീലകനെ ഞാന്‍ ഓര്‍ക്കുന്നു.അദ്ദേഹത്തിന്റെ പേര് ഇവാന്‍‌സ് എന്നായിരുന്നു."നിങ്ങളുടെ രാജ്യത്തെ തണുപ്പ് നിങ്ങള്‍‌ക്ക് സഹിക്കുവാന്‍ കഴിയുന്നില്ലേ?" എന്ന് അയാള്‍ ചോദിച്ചു.അതിനു മറുപടിയായി "ഇംഗ്ലീഷ് സമുദ്രത്തിലെ നിങ്ങളുടെ രാജ്യം മാതിരിയുള്ള ഒരു ചെറിയ ദ്വീപല്ല ഇത്.ഇത് ഏതാണ്ടൊരു വന്‍‌കരയോളം വലുപ്പമുള്ള രാജ്യമാണ്‌ " എന്ന് ഞാനും പറഞ്ഞു.ഞാന്‍ കുറച്ച് വേഗത്തില്‍ പോകാം.പരിശീലനമൊക്കെ കഴിഞ്ഞു.ചെന്നൈയിലെ ആവടിയില്‍ 337 എം.യു.വില്‍ നിയമിതനായി.അവിടുത്തെ വെള്ളക്കാരുടെ പെരുമാറ്റം എനിക്കത്ര ഇഷ്ടപ്പെട്ടില്ല.അതിനെതിരായി ഒരു പണിമുടക്കുസമരം നടത്തുന്നതിനായി എന്റെ സഹപ്രവര്‍ത്തകന്‍‌മാരുമായി ആലോചിച്ച് തീര്‍‌ച്ചപ്പെടുത്തി.പിറ്റേ ദിവസം രാവിലെ ജോലിക്ക് പോകേണ്‍റ്റ സമയമായപ്പോള്‍ ആരും താമസസ്ഥലത്തു നിന്ന് പുറത്തിറങ്ങിയില്ല. നിമിഷങ്ങള്‍‌ക്കകം സ്റ്റേഷന്‍ കമാന്ററായ ഒരു ഗ്രൂപ് ക്യാപ്റ്റന്‍ (പേര് ഞാന്‍ ഓര്‍ക്കുന്നില്ല) ക്യാമ്പിലുടനീളം ഓടി നടന്ന് വൈമാനികരെ ഭയപ്പെടുത്തി.എല്ലാവരും ജോലിക്കായി ഓടിപ്പോയി.എന്റെ താമസസ്ഥലത്തെത്തിയപ്പോള്‍ എന്റെ കൂടെ താമസിച്ചിരുന്ന രണ്ട് മൂന്ന് പേര്‍ ഉടനെ ജോലിക്കായി പുറപ്പെട്ട് പോയി.ഞാന്‍ പറഞ്ഞു:" ഞാന്‍ ബ്രിട്ടീഷ് രാജ്ഞിക്കോ ബ്രിട്ടീഷ് സര്‍ക്കാറിനോ കൂറുള്ളവനല്ല.എന്റെ നേതാക്കന്മാരോടും-ഗാന്ധിജി,നെഹ്റു തുടങ്ങിയവര്‍‌- എന്റെ രാജ്യത്തോടും ഞാന്‍ കൂറു പുലര്‍ത്തുന്നു.അതു കൊണ്ട് ഞാന്‍ ജോലിക്ക് പൊകുകയില്ല".അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഒരു ഓഫീസറോട് എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകാന്‍ പറഞ്ഞു.എന്നെയും കൊണ്ട് കുറച്ചു ദൂരം നടന്നപ്പോഴേക്കും ഗ്രൂപ്പ് ക്യാപ്റ്റന്‍ പിന്നാലെയെത്തി എന്നെ വിട്ടയക്കാന്‍ പറഞ്ഞു.അദ്ദേഹത്തിനറിയാമായിരുന്നു എന്നെ അറസ്റ്റ് ചെയ്‌തു കൊണ്ടു പോയാല്‍ പിറ്റേന്ന് എല്ലാവരും സംഘടിച്ച് കൂടുതല്‍ ശക്തമായ സമരം നടത്തുമെന്ന്.
അദ്ദേഹം വലിയ തന്ത്രജ്ഞനായിരുന്നു.ബ്രിട്ടീഷുകാരുടെ തന്ത്രത്തിലും സത്യസന്ധതയിലും എനിക്ക് വലിയ ബഹുമാനമാണ്‌.അന്നത്തെ ഇന്ത്യാസെക്രട്ടറി ഒരു ബ്രിട്ടീഷ് ക്യാബിനറ്റ് മന്ത്രിയുടെ പദവിയുള്ള ഒരാളായിരുന്നു-എല്‍.എസ്.ആമറി. തന്റെ മകന്‍ ജര്‍മ്മന്‍‌കാരുടെ ചാരനായി പ്രവര്‍‌ത്തിക്കുന്നുണ്ടെന്ന് പത്രക്കാര്‍ അദ്ദേഹത്തോടു പറഞ്ഞപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത് "നാട്ടില്‍ ഒരു നിയമം നടപ്പുണ്ട്,അതവനെ കൈകാര്യം ചെയ്തു കൊള്ളും" എന്നാണ്‌.അത് നമ്മുടെ നാട്ടിലെ നേതാക്കന്‍‌മാര്‍ പറയും പോലെ ആയിരുന്നില്ല.അവര്‍ പറയും നാട്ടിലെ നിയമം കൈകാര്യം ചെയ്തുകൊള്ളുമെന്ന്,കുറച്ചു കാലം കഴിയുമ്പോള്‍ പത്രത്തില്‍ വാര്‍‌ത്ത വരും അയാളെ കുറ്റവിമുക്തനാക്കിയെന്ന്.എല്‍.എസ്.ആമറിയുടെ പറച്ചില്‍ അങ്ങനെയായിരുന്നില്ല.കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ പത്രത്തില്‍ വാര്‍ത്ത വന്നു എല്‍.എസ്.ആമറിയുടെ മകന്‍ ജോണ്‍ ആമറിയെ ചാരപ്രവര്‍ത്തി നടത്തിയതിന്‌ വധശിക്ഷക്ക് വിധിച്ചെന്ന്.അതുപോലെ എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്.ആവടിയിലെ 337 എം.യു വിലുള്ളപ്പോള്‍ എന്റെ ശമ്പളത്തിന്റെ സിം‌ഹഭാഗവും ഗാന്ധിയന്‍ ലിറ്ററേചര്‍ അടങ്ങിയിട്ടുള്ള പുസ്തകങ്ങള്‍ വാങ്ങുവാനായി ചെലവഴിക്കുമായിരുന്നു.അന്നേ എനിക്ക് ആഗ്രഹമുണ്ടായിരുന്നു ഗാന്ധിജിയുടെ കൂടെ കുറച്ചു നാള്‍ കഴിച്ചു കൂട്ടണമെന്ന്.എന്റെ സുഹൃത്തുക്കള്‍ കുട്ടനാട്ടുകാരന്‍ ജോസഫ് ചാക്കോ,കരുനാഗപ്പള്ളിക്കാരന്‍ അബ്ദുള്‍‌ഖാദറും സം‌സാരിച്ചു കൊണ്ടിരിക്കെ ഒരാള്‍ പറഞ്ഞു അയാള്‍‌ക്ക് നെഹ്റുവിന്റെ കൂടെ കുറച്ചു നാള്‍ കഴിയണമെന്ന്.മറ്റൊരാള്‍ പറഞ്ഞു ഇന്ദിരാഗാന്ധിയുടെ കൂടെ കുറച്ചു നാള്‍ ചെലവഴിക്കണമെന്ന്.ഞാന്‍ പറഞ്ഞു,"എനിക്ക് മഹാത്മാ ഗാന്ധിയുടെ കൂടെ കഴിഞ്ഞു കൂടാനാണ്‌ ഇഷ്ടം".അങ്ങനെ എയര്‍‌ഫോഴ്‌സില്‍നിന്ന് പിരിഞ്ഞു വന്ന ശേഷം മദ്രാസ്സിനടുത്ത് അമ്പത്തൂരില്‍ എന്റെ സുഹൃത്തുക്കളുടെ കൂടെ താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ ഗാന്ധിജിയുടെ കിഴക്കന്‍ ബംഗാള്‍ പദയാത്രയെപ്പറ്റി കേള്‍‌ക്കാനിടയായി.പത്രങ്ങളില്‍ ഇതിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ കാണാന്‍ തുടങ്ങി.
അവിടെ ഒരു സമാധാനദൗത്യവുമായായിരുന്നു അദ്ദേഹത്തിന്റെ യാത്ര.അവിടെച്ചെന്നാല്‍ പെട്ടെന്ന് പ്രവേശനം ലഭിക്കുമെന്ന് എനിക്ക് തോന്നി.അങ്ങനെ ചെന്നൈയിലേക്ക് പോയി.അവിടുന്ന് കല്‍‌ക്കട്ട വഴി ഗാന്ധിജി ഉള്ള നവഖാലി എന്ന സ്ഥലത്തേക്ക് പോകാന്‍ ഒരുങ്ങി.ആ യാത്രയും അവിടെ ഗാന്ധിജിയുടെ കൂടെ ചേരാന്‍ ഇടയായ കാര്യങ്ങളും പിന്നീടങ്ങോട്ട് പറയാം.
സാധാരണക്കാരില്‍ സാധാരണക്കാരും ആത്മധൈര്യത്തോടെ സമീപിച്ച് സംസാരിക്കുവാന്‍ പറ്റിയ ഒരു പ്രകൃതമായിരുന്നു മഹാത്‌മാഗാന്ധിയുടേത്.അതേ സമയം സമ്രാജ്യത്വശക്തികളുടെ വന്‍‌ നേതാക്കന്‍‌മാര്‍ പോലും സമീപിക്കുവാന്‍ ഇത്തിരി ഭയപ്പെടുന്ന ഒരു പ്രകൃതവും കൂടിയായിരുന്നു.ഗാന്ധിജിയെ ഒരു നിമിഷം മാത്രം കണാനിടയായവര്‍ വലിയ പ്രാസംഗികരോ എഴുത്തുകാരോ ആണെങ്കില്‍ ബൃഹത് ഗ്രന്ഥങ്ങളും മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടു നില്‍‌ക്കുന്ന പ്രസംഗങ്ങളും അദ്ദേഹത്തെപറ്റി തയ്യാറാക്കുന്നു.ഞാന്‍ എഴുത്തുകാരനുമല്ല,പ്രാസംഗികനുമല്ല.എങ്കിലും ഒരു നാലു മാസത്തോളം അദ്ദേഹവുമൊത്ത് ജീവിക്കാനിടയായ ഒരാള്‍ എന്ന നിലയില്‍ ഞാന്‍ ഗാന്ധിയുടെ അടുത്ത് പോയി,എനിക്ക് വേണ്ട അനുഭവങ്ങള്‍ കിട്ടി,ഞാന്‍ മടങ്ങി വന്നു എന്ന് മാത്രം പറയുന്നത് ശരിയല്ലെന്ന് തോന്നി ഏതാനും കാര്യങ്ങള്‍ പറയുവാനാഗ്രഹിക്കുകയാണ്‌.ഡല്‍‌ഹി,കല്‍‌ക്കട്ട,ബോംബേ,ചെന്നൈ പോലുള്ള വലിയ സ്ഥലങ്ങളില്‍ അദ്ദേഹത്തെ കാണുവാന്‍,അദ്ദേഹത്തിന്റെ ചുറ്റുമുള്ള അസാധാരണക്കാരില്‍ അസാധാരണക്കാരായ ആളുകള്‍ വരുകയും ചെയ്‌തിരുന്നു. കണ്ടു മുട്ടുവാന്‍ തന്നെ പ്രയാസമായിരുന്നു.നവഖാലിയില്‍ ആ വിഷമമില്ല.എങ്കിലും മറ്റു ചില പ്രയാസങ്ങള്‍ ഉണ്ടായിരുന്നു.അധികാരികള്‍ അങ്ങോട്ട് കടന്നു ചെല്ലുവാന്‍ അനുവാദം തരുന്നത് വലിയ മുന്നറിയിപ്പോടു കൂടിയാണ്‌.ഞാന്‍ പ്രയാസപ്പെട്ട് ഫെനിയിലെത്തി.അവിടുത്തെ സബ് ഡിവിഷണല്‍ ഓഫീസറായ (നമ്മുടെ സബ് കളക്‌ടര്‍ക്ക് തുല്യം) റവ.ഫാ.മെക്കിനേര്‍‌ണിയെ കണ്ടു.അയാള്‍ സ്നേഹപൂര്‍‌വം എന്നോട് പറഞ്ഞു:"അവിടെ കൂട്ടക്കൊല നടക്കുന്ന സ്ഥലമാണ്‌.നിങ്ങളുടെ സുരക്ഷാകാര്യം ഏറ്റെടുക്കുവാന്‍ പ്രയാശമുണ്ട്"."അത് ഞാന്‍ സൂക്ഷിച്ച് കൊള്ളാം " എന്നു പറഞ്ഞ് അവിടുന്ന് രക്ഷപ്പെട്ടു.ആജീഗഞ്ച് ശ്രീ രാമകൃഷ്ണമിഷന്റെ ക്യാമ്പ് ഉണ്ടായിരുന്നു.ആ ക്യാമ്പിന്റെ മുന്‍‌വശത്തിട്ടിരുന്ന ഒരു ബെഞ്ചില്‍ കിടന്നുറങ്ങി.പിറ്റേന്ന് രാവിലെ പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് ഗാന്ധിജി താമസിക്കുന്ന ശ്രീരാംപൂരിലേക്ക് യാത്രയായി.ഒരു നാലഞ്ച് കിലോമീറ്റര്‍ വിശാലമായ പാടങ്ങളിലൂടെ നടന്ന് അവിടെയെത്തി.അവിടെ ഒരു ചെറുപ്പക്കാരന്‍ മണ്ണ് കുഴച്ച് എന്തൊക്കെയോ ചെയ്‌തു കൊണ്ടിരിക്കുകയായിരുന്നു.ഗാന്ധിജിയുടെ കൂടെയുള്ള രണ്ടു പേരായ പ്രൊഫ.നിര്‍‌മല്‍ കുമാര്‍ ബോസും മലയാളിയായ പരശുരാമനും ഉണ്ടായിരുന്നു.അതില്‍ പരശുരാമനാണ്‌ അതെന്ന് ഞാന്‍ ഊഹിച്ചു.അദ്ദേഹത്തെ സമീപിച്ചു. "എനിക്ക് മഹാത്‌മജിയെ ഒന്ന് കണ്ടു മുട്ടണം" എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഇത്തിരി ക്ഷുഭിതനായി പറഞ്ഞു:"ഗാന്ധിജി വളരെ തിരക്കു പിടിച്ച മനുഷ്യനാണെന്ന് അറിയാമല്ലോ?ഞങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുവാനുള്ള സമയമില്ല.ഇവിടെയുള്ള കാര്യങ്ങള്‍ തന്നെ ചെയ്തു തീര്‍‌ക്കാന്‍ പ്രൊഫ.ബോസും ഞാനും വളരെ വിഷമിക്കുകയാണ്‌" അതിനു മറുപടിയായി ഞാന്‍ പറഞ്ഞു."എന്നേയും നിങ്ങളുടെ കൂട്ടത്തില്‍ ചേര്‍‌ത്തു കൊള്ളൂ,ഇക്കാര്യം വേണമെങ്കില്‍ ഞാന്‍ ഗാന്ധിജിയോടു പറയാം" എന്ന്.ഇത് കേട്ടപ്പോള്‍ ഞാനിത്തിരി അപകടകാരിയാണെന്ന് അയാള്‍‌ക്ക് തോന്നി.ഏതായാലും അന്ന് ഞാന്‍ തിരിച്ചു പോയി.ആജീഗഞ്ചിലെ രാമകൃഷ്ണ ക്യാമ്പില്‍ കഴിച്ചു കൂട്ടി.പിറ്റേ ദിവസം വീണ്ടും ശ്രീരാം പൂരിലേക്ക് പോയി.അങ്ങനെ മൂന്ന് നാല് ദിവസം ഞാനീ യാത്ര ചെയ്‌തു കൊണ്ടിരുന്നു.എന്റെ പ്രായത്തിനൊത്ത ക്ഷമകേട് എന്നെ ഇത് പറയാന്‍ പ്രേരിപ്പിച്ചു "നിങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ഞാന്‍ നേരെ കയറിച്ചെന്ന് ഗാന്ധിജിയെ കാണും".ഇത് കേട്ടപ്പോള്‍ അദ്ദേഹം പ്രൊഫ.നിര്‍‌മല്‍കുമാര്‍ ബോസിനെ സമീപിച്ചു.അദ്ദേഹം പറഞ്ഞു:"അയാള്‍ കാണുന്നെങ്കില്‍ കണ്ടോട്ടെ".അങ്ങനെ ഞാന്‍ അകത്ത് പ്രവേശിച്ചു.ഞാന്‍ സാധാരണ മട്ടില്‍ ഗാന്ധിജിയുടെ കാലില്‍ വീണ്‌ നമസ്കരിക്കാനൊന്നും പോയില്ല.ഞാന്‍ ഖാദറും ജോസഫ് ചാക്കോയും തമ്മിലിരുന്ന് സംസാരിച്ച കാര്യവും മറ്റും ഗാന്ധിജിയെ പറഞ്ഞ് ധരിപ്പിച്ചു.അദ്ദേഹം എന്നോട് പല ചോദ്യങ്ങളും ചോദിച്ചു.അതിനൊക്കെ തുറന്ന മനസ്സോടെ മറുപടി കൊടുത്തു.പട്ടാളത്തിലും നേവിയിലും വ്യോമസേനയിലും നടത്തിയ സമരങ്ങളെക്കുറിച്ച് വിസ്‌തരിച്ച് പറഞ്ഞു."എനിക്ക് സ്വതന്ത്രമായി നടക്കാനുള്ള അവകാശം നിയമം അനുവദിക്കുന്നില്ല".അതിനദ്ദേഹം മറുപടി പറഞ്ഞു."ഇന്നത്തെ ഇടക്കാല ഗവണ്‍‌മെന്റില്‍ പ്രതിരോധവിഭാഗം പ്രതിനിധാനം ചെയ്യുന്ന അംഗം ബല്‍‌ദേവ് സിംങ്ങിനെ കാര്യം അറിയിച്ച് എന്തു ചെയ്യാന്‍ പറ്റുമെന്ന് നോക്കാം".ഏതാനും ആഴ്‌ചകള്‍‌ക്കുള്ളില്‍ വിവരം കിട്ടി.പ്രത്യേക ക്രിമിനല്‍ കുറ്റങ്ങളൊന്നും ചെയ്യാതെ രാജ്യസ്നേഹം കൊണ്ട് മാത്രം സമരങ്ങളും അതു പോലുള്ള കാര്യങ്ങളും ചെയ്തവര്‍‌ക്ക് പൊതുമാപ്പ് അനുവദിച്ചു കൊണ്ടുള്ളതായിരുന്നു ആ വിവരം.ഗാന്ധിജി എന്നോട് പറഞ്ഞത് ഇവിടെ താമസിച്ച് തനിക്കിഷ്ടമുള്ള ജോലികള്‍ ചെയ്‌തോളൂ എന്നായിരുന്നു.ഗാന്ധിജി ശുചീകരണത്തിന്റെ ആളായതുകൊണ്ട് ഞാന്‍ ഗാന്ധിജി താമസിച്ചിരുന്ന ആ ചെറിയ വീടും പരിസരവും ശുചീകരണപ്രവര്‍‌ത്തികള്‍ ചെയ്തു പോന്നു.ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഗാന്ധിജിയുടെ ഭക്ഷണകാര്യം എന്നെ ഏല്‍‌പ്പികുവാന്‍ പറഞ്ഞു.പ്രൊഫ്.ബോസിനും പരശുരാമനും ഇത് കുറച്ച് ഉത്‌കണ്ഠയുണ്ടാക്കി.ഭക്ഷണത്തില്‍ വിഷമോ മറ്റോ ചേര്‍‌ത്ത് എന്തെങ്കിലും ചെയ്യുമോ എന്നതായിരുന്നു അതിന്‌ കാരണം.ഗാന്ധിജിയ്ക്ക് അത്തരമൊരു സം‌ശയമേയുണ്ടായിരുന്നില്ല. ഞാന്‍ ധരിച്ചിരുന്നത് ഒരു സ്ലേറ്റ് കളറുള്ള ഖദര്‍ മുണ്ടും ഒരു ഖദര്‍ ജുബ്ബയുമായിരുന്നു.താടിയും വളര്‍‌ത്തിയിട്ടുണ്ടായിരുന്നു.ഹിന്ദു-മുസ്ലിം വൈരം മൂര്‍‌ച്ഛിച്ച് കൊലപാതകങ്ങള്‍‌ക്ക് ഇടയാക്കിയ സ്ഥലമായിരുന്നല്ലോ അത്.എന്റെ വേഷവിധാനങ്ങള്‍ കണ്ടപ്പോള്‍ ഞാനൊരു മുസ്ലിം വേഷം മാറ്റി സമീപിച്ചിരിക്കയാണെന്ന് അവര്‍ ശങ്കിച്ചു.പക്ഷെ,അക്കാര്യം ഗാന്ധിജിയോടു പറയാന്‍ അവര്‍ക്ക് ധൈര്യം ഉണ്ടായിരുന്നില്ല.അവര്‍ കേവലം ഇതു മാത്രം പറഞ്ഞു."രാമചന്ദ്രന്‍ പുതുതായി വന്നു ചേര്‍ന്ന ആളാണല്ലോ,അയാള്‍‌ക്ക് ഗാന്ധിജിയുടെ ഭക്ഷണം തയ്യാറാക്കാന്‍ വിവരം ഉണ്ടാകുമോ?" "എന്റെ ഭക്ഷണം ഏത് ചെറിയ കുട്ടിക്കു പോലും തയ്യാറാക്കുവാന്‍ കഴിയുന്ന തരത്തിലാണാല്ലോ,അതു കൊണ്ട് അയാളെത്തന്നെ ഏല്‍‌പ്പിച്ചേക്കൂ" എന്ന് ഗാന്ധിജി പറഞ്ഞു.ഗാന്ധിയുടെ ഭക്ഷണം പല പച്ചക്കറികളുടേയും തളിരിലകളും മുള്ളങ്കി പോലുള്ള കിഴങ്ങ് വര്‍‌ഗ്ഗങ്ങളും ഉരച്ച് പശപോലെയാക്കി മറ്റൊരു പാത്രത്തില്‍ ആ ദേശവാസികളില്‍ നിന്നും സംഭരിച്ച എട്ടൗണ്‍‌സ് ആട്ടിന്‍ പാലും ഒഴിച്ച് ഏതാണ്ടൊരു പ്രഷര്‍‌കുക്കര്‍ പോലുള്ള പാത്രത്തില്‍ വെച്ച് തിളപ്പിക്കുക.അതിനു ശേഷം അതെടുത്ത് ഉരസിശ്രിയാക്കിയ പച്ചക്കറി ഇലകള്‍ ആട്ടിന്‍ പാലില്‍ ചേര്‍ത്ത് ,ഒരു മരത്തളികയില്‍ ഒഴിച്ച് ,ഒരു മരസ്പൂണും അതില്‍ വെച്ചു കൊണ്ട് ഗാന്ധിജിയ്ക്ക് ഒരു പതിനൊന്നു മണിക്ക് കൊടുക്കണം.അതിനു മുമ്പായി ഒരു ഏഴെട്ടു മണിയാകുമ്പോള്‍ നല്ല പൊക്കമുള്ള ഒരു ടംബ്ലറില്‍ ,ഓറഞ്ച്,അല്ലെങ്കില്‍ കൈതച്ചക്ക,അല്ലെങ്കില്‍ മുന്തിരി ,അല്ലെങ്കില്‍ വേറെ വല്ല ഫലങ്ങളും ഞെക്കിപ്പിഴിഞ്ഞ് അതിന്റെ രസം അവര്‍ അദ്ദേഹത്തിന്‌ കൊടുക്കും.അതിനു മുമ്പായി എഴുന്നേറ്റ ഉടനെ അതേ ഗ്ലാസ്സ് നിറയെ കുടിക്കുവാന്‍ പറ്റുന്ന ചൂടുള്ള വെള്ളത്തില്‍ രണ്ട് സ്പൂണ്‍ തേന്‍ ചേര്‍ത്ത് കൊടുക്കും. വലിയ തണുപ്പ് കാലമാണെങ്കില്‍ രാത്രി ഒരു ശര്‍‌ക്കര കഷ്‌ണം കഴിക്കും.ഇത്രയും ലളിതമായതാണ്‌ ഗാന്ധിയുടെ ഭക്ഷണക്രമം.അത് ഞാന്‍ കൃത്യമായി ചെയ്തു തുടങ്ങി.ക്യാമ്പിലെ എന്റെ പ്രവ‌ര്‍‌ത്തികളെപറ്റിയാണ്‌ ഞാന്‍ പറയുന്നത്.


ഗാന്ധിജി നൂല്‍ നൂല്‍‌ക്കുന്ന സമ്പ്രദായമുണ്ട്.അദ്ദേഹം നൂല്‍‌ക്കുന്ന നൂല്‍,രണ്ട് തക്ലിയുള്ള നൂല്‍ ഞാന്‍ ഒരു തക്ലിയിലേക്ക് തിരിച്ചു കയറ്റും.അദ്ദേഹം ഭക്ഷണം കഴിക്കുമ്പോള്‍ പത്രങ്ങള്‍ വായിച്ചു കൊടുക്കേണ്ട ചുമതല എന്റേതായിരുന്നു.ഓരോ വാര്‍‌ത്താശകലവും കുറച്ചു നേരം കേട്ടു കഴിഞ്ഞ് മതിയെന്ന് പറഞ്ഞാല്‍ ഞാന്‍ അടുത്തതിലേക്ക് കടക്കണം.പിന്നെ അദ്ദേഹം അതിരാവിലെയുള്ള നടത്തം കഴിഞ്ഞ് മടങ്ങി വന്നാല്‍ ഒരു ബക്കറ്റില്‍ തക്കതായ ചൂടുള്ള വെള്ളം ഞാന്‍ ശരിപ്പെടുത്തി വെക്കും.അതില്‍ അദ്ദേഹം കാലുകള്‍ ഇറക്കി വെക്കും.കാലുകള്‍ വൃത്തിയാക്കി ഒരു ശീല കൊണ്ട് തുടച്ച് ശരിപ്പെടുത്തും.പിന്നെ നിത്യേനയുള്ള കാല്‍‌നടയാത്ര ആരംഭിക്കും.അത് വളരെ ദൈ‌ര്‍‌ഘ്യമുള്ള ഒരു യാത്രയായിരുന്നില്ല.അദ്ദേഹത്തിന്റെ പ്രഭാതസവാരിയില്‍ ഒതുങ്ങും.തലേ ദിവസം അടുത്ത ഗ്രാമത്തിലേക്ക് ഞാന്‍ വൈകുന്നേരം സാധനസാമഗ്രികളെല്ലാം കെട്ടി‌പ്പൂട്ടി കുറച്ച് സന്നദ്ധസേവകന്‍‌മാരോടൊപ്പം അടുത്ത ക്യാമ്പിലെ ഒരുക്കങ്ങള്‍ ചെയ്യും.ഒരു ദിവസം ബക്കറ്റില്‍ കാല്‍ ഇറക്കി കഴിഞ്ഞ് തുടക്കാന്‍ വേണ്ടി ഞാന്‍ ഒരു പുത്തന്‍ തുണിക്കഷണം എടുത്തപ്പോള്‍ ഗാന്ധിജി ചോദിച്ചു:"ഇന്നലത്തെ ആ കീറത്തുണിയെവിടെ?".തലേ ദിവസം വരുമ്പോള്‍ ധൃതിയില്‍ അത് എടുക്കുവാന്‍ വിട്ടു പോയിരുന്നു.ഞാന്‍ പറഞ്ഞു:"ബാപ്പുജി, ആ കീറത്തുണിക്കഷ്‌ണത്തെപ്പറ്റി ഇത്ര വേവലാതിപ്പെടാനുണ്ടോ?ബേല്‍‌സ് ബേല്‍‌സായി ടാറ്റയും ബിര്‍‌ള്ളയും ഇവിടെയെത്തിച്ചു തരാന്‍ സന്നദ്ധരായിരിക്കുകയല്ലേ?". അപ്പോള്‍ ഗാന്ധിജി പറഞ്ഞു:"ഐ ആം എ മൈസര്‍ ഓഫ് പബ്ലിക് മണി(പൊതു സമ്പത്തിങ്കല്‍ ഞാനൊരു പിശുക്കനാണ്‌) അതു കൊണ്ടാണ്‌ ലക്ഷക്കണക്കിന്‌ രൂപയുടെ ചെക്കുകള്‍ ഇവിടെയെത്തുന്നത്". ഒരവസരത്തില്‍ ആട്ടിന്‍പാല്‍ പ്രദേശത്തെ മുസ്ലീങ്ങള്‍ പ്രധിഷേധമെന്നോണമോ,വെറുപ്പു കൊണ്ടോ തരാന്‍ മടിച്ചു.ഈ വിവരം ഗാന്ധിജി അറിഞ്ഞപ്പോള്‍ "ഇവിടെ ധാരാളം തേങ്ങയുണ്ടല്ലോ,അതിന്റെ പാല്‍ ഉപയോഗിക്കാം" എന്നു പറഞ്ഞു.എട്ടൗ‌ണ്‍‌സ് തേങ്ങാപ്പാല്‍ കുടിച്ചാല്‍ വയറിളക്കം ഉണ്ടാകുമെന്ന് കേരളക്കാരനായ എനിക്കും ബംഗാളിയായ പ്രൊഫ.നിര്‍‌മ്മല്‍ കുമാര്‍ ബോസിനും അറിയാമായിരുന്നു."നടക്കട്ടെ,കൊടുത്ത് നോക്ക് " എന്ന് പ്രൊഫ.ബോസ് പറഞ്ഞതനുസരിച്ച് ഞാന്‍ കൊടുത്തു.ഉടനെ വയറിളക്കമുണ്ടായത് കാരണം ഗാന്ധിജിക്ക് മനസ്സിലായി.ഉടനെ അത് നിര്‍‌ത്തുകയും ചെയ്തു.ഇത്തരം നിസ്സാരമായതും ഇത്തിരി സാരമായതുമായ പല വീഴ്‌ച്ചകളും മറ്റെവിടെയും ചെന്ന് പറയരുത് എന്ന് പ്രത്യേകം നിര്‍‌മ്മല്‍ ബോസ് എന്നോട് പറഞ്ഞിരുന്നു.ഗാന്ധിജിയോടൊപ്പമുള്ളവര്‍‌ക്കുള്ള ഭക്ഷണം തൊട്ടടുത്തുള്ള ഒരു ഓല മേഞ്ഞ ഒരു ഷെഡ്ഡ് പോലെയുള്ള വീട്ടിലെ അടുക്കളയിലായിരുന്നു.അന്ന്,ഒന്നായിരുന്ന് ഭക്ഷണം കഴിച്ചവരില്‍ വലിയ പ്രാമാണികന്‍‌മാരുണ്ടായിരുന്നു.ആചാര്യ കൃപലാനി,ഡോ.ലോഹ്യ,സുചേതാ കൃപലാനി തുടങ്ങിയ വലിയ നേതാക്കളുണ്ടായിരുന്നു.എനിക്ക് വലിയ വിവരമില്ലാഞ്ഞതു കൊണ്ടും,അവരുമായൊക്കെ പരിചയിച്ച് വല്ല കാര്യവും നേടാനാഗ്രഹമില്ലാഞ്ഞതു കൊണ്ടും ഞാന്‍ അത്തരം സന്ദര്‍‌ഭങ്ങളെല്ലാം സാധാരണമട്ടിലെടുത്തു.ഗാന്ധിജിയുടെ വസ്ത്രങ്ങള്‍ ഒരുടുത്ത മുണ്ടും മേലിടുന്ന ഒരു മേല്‍‌മുണ്ടും മാത്രമേ നിത്യേന കഴുകി ഇടേണ്ടി വന്നിരുന്നുള്ളൂ.ഒന്ന് കഴുകി ഉണങ്ങുമ്പോള്‍ പിറ്റേന്ന് മറ്റൊന്ന് കഴുകുവനുണ്ടാകും.കൂട്ടത്തില്‍ ഡോ.സുശീലാ നയ്യാര്‍,അവരുടെ വസ്ത്രങ്ങളും കഴുകുവാനുള്ള കൂട്ടത്തില്‍ നിക്ഷേപിച്ചു.എന്റെ ദുരഭിമാനം അത് ചെയ്യാന്‍ വിസമ്മതിച്ചു.ഞാനതൊരു വടികൊണ്ട് പൊക്കിയെടുത്ത് പുറമെ ഇട്ടു കളഞ്ഞു. ഡോ.സുശീലാ നയ്യര്‍,അവരുടെ സഹോദരനും ഗാന്ധിജിയുടെ സ്ഥിരം സെക്രട്ടറിയുമായിരുന്ന പ്യാരെലാല്‍,മനു ഗാന്ധി,അതുപോലെ ഗാന്ധിജിയുടെ ഏറ്റവുമടുത്ത് പരിചരിച്ചുകൊണ്ടിരുന്നവരെയെല്ലാം വിദൂരഗ്രാമങ്ങളില്‍ സ്നേഹസന്ദേശം പരത്തുവാന്‍ പറഞ്ഞയച്ചിരിക്കുകയായിരുന്നു.അതവര്‍ക്ക് അത്ര പറ്റിയിരുന്നില്ല.ഇത്ര വലിയ ചരിത്രപ്രാധാന്യമുള്ള ഒരവസരത്തില്‍ നിന്നും വിട്ടു നില്‍‌ക്കുന്നത് അവരെ വേദനിപ്പിച്ചു.നിത്യേന നേരം വെളുക്കുമ്പോള്‍ അവരുടെ ഗ്രാമങ്ങളില്‍ നിന്നും ഓടി ഗാന്ധിജിയുടെ അടുത്തെത്തും.ഡോ.സുശീല നയ്യാര്‍ ഗാന്ധിജിയോട് പറയും."ഞാനൊരു ഡോക്‌ടര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് വല്ല അസുഖവുമുണ്ടായാല്‍ സമീപത്ത് ഉണ്ടാകുന്നത് നല്ലതല്ലേ?"."എനിക്ക് സംഭവിക്കേണ്ടതെല്ലാം ആരുണ്ടായാലും അത് സംഭവിക്കും" എന്ന് ഗാന്ധിജിയും പറഞ്ഞു.അതുപോലെ തന്നെയായിരുന്നല്ലോ അദ്ദേഹത്തിന്റെ അന്ത്യവും.
അതിനെപ്പറ്റി ഒരു സായിപ്പ് എഴുതിയ പുസ്തകത്തില്‍ ,ഗാന്ധിജി ചെയ്ത കാര്യങ്ങളെല്ലാം ഒന്നൊന്നായി എണ്ണിപ്പറഞ്ഞ് ഒടുവില്‍ അയാളെ വെടിവെച്ചു കൊന്നു എന്ന് ഒരു പുച്ഛരസത്തില്‍ പറഞ്ഞിട്ടുണ്ട്.വെടിവെച്ചു കൊന്നത് ഒരു ശിക്ഷ നല്‍‌കിയത് പോലെയാണെന്നാണ്‌ അയാള്‍ ധ്വനിപ്പിച്ചത്.ഡോ.സുശീല നയ്യാര്‍,സുശീല പൈ (സുജാതാ കൃപലാനിയെക്കൊണ്ട് അത്ര പ്രയാസമുണ്ടായിരുന്നില്ല) എന്നിവര്‍ നിരന്തരം ശല്യപ്പെടുത്തി ഗാന്ധിജിയുടെ നിത്യപ്രവൃത്തികള്‍ക്ക് ഉടക്കം തട്ടാറുണ്ടായിരുന്നു.ഇത് എനിക്ക് വളരെ മനോവിഷമമുണ്ടാക്കി.ഞാന്‍ പരശുരാമനോട് എല്ലാം പറയാറുണ്ടായിരുന്നു.ഒരവസരത്തില്‍ പരശുരാമന്‍ ഇത്തരം കാര്യങ്ങളെപ്പറ്റി നിരവധി പേജുകളുള്ള ആരോപണങ്ങള്‍ ഗാന്ധിജിയ്ക്ക് സമര്‍‌പ്പിച്ചു.അതില്‍ പ്രത്യേകം പറഞ്ഞിരുന്നു,ഇത് മറ്റാരേയും കാണിക്കരുതെന്ന്.ഗാന്ധിജി ആ കുറ്റാരോപണപത്രം തന്റെ കട്ടിലില്‍ ഇട്ടു കൊണ്ട് കുളിക്കുവാന്‍ പോയ അവസരത്തില്‍ അത് ഡോ.സുശീല നയ്യാര്‍ കാണാനിടയായി.അതില്‍ പുതുതായി നമ്മളോട് കൂടിച്ചേര്‍ന്ന രാമചന്ദ്രനും ഇതേ അഭിപ്രായമാണ്‌ ഉള്ളതെന്ന് എഴുതിയിരുന്നു.സുശീല നയ്യാര്‍ എന്നെ ഒരു കേസ് വിസ്തരിക്കുന്ന മാതിരി ഇരുത്തി കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി.ഞാനവരോടു പറഞ്ഞു "ഇത്ര അഹങ്കാരത്തോടു കൂടി സംസാരിക്കരുത്,കുറച്ച് വിനയത്തോടു കൂടി സംസാരിക്കൂ " എന്ന്.അവര്‍ പറഞ്ഞു:"ക്ഷമിക്കണം,ഞാനൊരു കുബേര കുടുംബത്തില്‍ നിന്ന് വരുന്നവളാണ്‌,അത് എന്റെ സഹജരീതിയാണ്‌ " "ഞാനൊരു ഓവുചാലില്‍ നിന്ന് വരുന്നവനല്ല,എനിക്കും സാമാന്യം പറയത്തക്ക ഒരു കുടുംബസാഹചര്യമുണ്ട്".പരശുരാമന്‍ ഗാന്ധിജിയോട് പറഞ്ഞു:"ആ പത്രം നിങ്ങളെന്തിന്‌ അവരെയൊക്കെ കാണിച്ചു?" .അതിന്‌ ഗാന്ധിജിയുടെ മറുപടി "ഞാന്‍ കാണിച്ചതല്ല,അവര്‍ കണ്ടു പോയതാണ്‌"എന്നായിരുന്നു.അദ്ദേഹം തന്ത്രപരമായി ജയം നേടിയെങ്കിലും ആ എഴുത്ത് മറ്റാരും കാണാത്ത തരത്തില്‍ സൂക്ഷിക്കേണ്ട കടമ അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്നു.
ഗാന്ധിജി കുളിക്കുന്നതിനു മുമ്പായി ശരീരമാകെ ഒന്ന് മസ്സാജ് ചെയ്‌ത് കൊടുക്കും.അത് പൂര്‍‌ണ്ണനഗ്‌ന‌നായി ഒരു മേശ മേല്‍ കിടന്നുകൊണ്ടാണ്‌.കുളിക്കുന്നതും പൂര്‍‌ണ്ണനഗ്നനായിത്തന്നെ.അത് പ്രൊഫ.ബോസാണ്‌ കുളിപ്പിച്ചു കൊടുക്കുക.ഇത്തരത്തില്‍ നഗ്നത മറക്കാതെ ചെയ്യുന്നതിനെ ഞാന്‍ എതിര്‍‌ത്തിരുന്നു.അത് പരശുരാമന്‍ അദ്ദേഹത്തിന്റെ കുറ്റാരോപണപത്രത്തില്‍ എടുത്ത് പറഞ്ഞിരുന്നതു കൊണ്ട് ഗാന്ധിജി എന്നെ വിളിച്ചു.അത് എന്റെ മോറല്‍ ലെവല്‍ വളരെ താണതു കൊണ്ടാണത് എന്ന് പറഞ്ഞു.അതിനു മറുപടിയായി ഞാന്‍ പറഞ്ഞു:'എന്റെ മോറല്‍ ലവല്‍ താണതാണെങ്കില്‍ ഒരു ശരാശരി യുവാവിന്‌ ഭാരതത്തില്‍ മോറല്‍ ലവലേ ഇല്ല എന്ന് പറയേണ്ടി വരും".ഇങ്ങനെ ഗാന്ധിജിയെപ്പറ്റിത്തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത് ഒരു വിരസതയ്ക്ക് വഴി വെക്കുകയല്ലേ?".ഗാന്ധിജിയെപ്പറ്റി എത്ര പറഞ്ഞാലും അന്തം വരികയില്ല.
രാവിലത്തെ പ്രാര്‍‌ഥനയ്ക്ക് ഞാന്‍ ചേരാറുണ്ടായിരുന്നില്ല.തേന്‍ ഒഴിച്ചു കൊണ്ടുള്ള ചൂടുവെള്ളം കുടിക്കുവാന്‍ കൊടുത്തതിനു ശേഷം ഞാന്‍ വീണ്ടും പോയി കിടക്കും.അത് എങ്ങനെയോ ഗാന്ധിജി മനസ്സിലാക്കി.അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു,"പ്രാര്‍ഥനക്ക് വരണം".ഞാന്‍ ഒരു സമാധാനം പറഞ്ഞു."അറബിക്ക് ഭാഷയിലുള്ള വിശുദ്ധ ഖുറാനിലെയും സംസ്കൃതത്തിലുള്ള ഉപനിഷത്തിലെ ഭാഗങ്ങളും ചൊല്ലിക്കേട്ടാല്‍ എനിക്കൊന്നും മനസ്സിലാകില്ല".എങ്കിലും അദ്ദേഹം പറഞ്ഞതനുസരിച്ച് പിറ്റേന്ന് മുതല്‍ പ്രാര്‍‌ഥനായോഗത്തില്‍ ഞാനും ചേര്‍‌ന്നു തുടങ്ങി.എനിക്ക് ഈ ദൈവത്തെ അലട്ടുന്ന തരം പ്രാര്‍‌ഥനകളും കൃത്യങ്ങളും ചെയ്യുന്നതില്‍ താല്‍‌പ്പര്യമില്ല.ഗാന്ധിജിയെക്കുറിച്ച് എത്ര പറഞ്ഞാലും മതി വരില്ല.നമ്മള്‍ ചില കാര്യങ്ങള്‍ തുടര്‍‌ച്ചയായി ചെയ്യുന്നതു കൊണ്ട് വിരസത വന്ന് നിര്‍‌ത്തിക്കളയാറുണ്ട്.പക്ഷെ,ഭക്ഷണം ഒരേ സമയത്ത് കൃത്യമായി കഴിക്കുന്നതില്‍ വിരസത അനുഭവപ്പെട്ട് നിര്‍ത്താറില്ല.


ശ്വാസം കഴിക്കുന്നത് നിര്‍ത്താതെ ചെയ്യുന്ന ഒരു പ്രവര്‍ത്തിയാണ്‌.അത് നാം ആലോചിക്കാതെ നടത്തിക്കൊണ്ടിരിക്കുന്നു.അത് നിര്‍ത്തിയാല്‍ ജീവന്‍ നിലച്ചു പോകും.അതു കൊണ്ട് ശ്വാസമാണ്‌ ദൈവം എന്ന്‌ പറയാനാവില്ല.പറയാതിരിക്കുവാനും വയ്യ.ഇത്തരം കാര്യങ്ങള്‍ കൂട്ടിയിണക്കി അവതരിപ്പിക്കാന്‍ എഴുതാനറിയുന്നവര്‍ക്ക് എളുപ്പമാണ്‌.ആ അറിവില്ലാത്ത എനിക്ക് അത് വിഷമവുമാണ്‌.
നമുക്ക് ലക്ഷദ്വീപിലേക്ക് പോകാം.കേരള ഗവ.വിദ്യാഭ്യാസവകുപ്പിനോട് എന്റെ സര്‍‌വീസ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‌ ഡപ്യൂട്ട് ചെയ്ത് കിട്ടാന്‍ അപേക്ഷ നല്‍‌കി കാത്തിരുന്നു.ഓര്‍‌ഡര്‍ വരാന്‍ വൈകി.ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ ഗതാഗതം മഴക്കാലമായതിനാല്‍ നിര്‍ത്തുകയും ചെയ്തു.അതു കൊണ്ട് എനിക്ക് ലക്ഷദ്വീപിലേക്ക് പോകുവാന്‍ പെട്ടെന്ന് കഴിഞ്ഞില്ല.കേരള ഗവ.സര്‍‌വീസില്‍ നിന്ന് റിലീസ് ചെയ്യുകയും ലക്ഷദ്വീപില്‍ ചേര്‍‌ന്നു കിട്ടാന്‍ സാധിക്കാതെയും വന്നപ്പോള്‍ ഞാന്‍ ത്രിശങ്കു സ്വര്‍ഗത്തിലായ പോലെയായി.
തല്‍‌ക്കാലം എന്നെ ലക്ഷദ്വീപ് സ്റ്റുഡന്റ്സിന്റെ ട്യൂട്ടര്‍ കം വാര്‍‌ഡര്‍ ആയി നിയമിച്ചു.അത് എലത്തൂരായിരുന്നു.അന്ന് സ്ഥിരം കപ്പല്‍‌ യാത്ര ലക്ഷദ്വീപിലേക്ക് ഇല്ലായിരുന്നു.ഓരോ ദിവസത്തേയും കഥ വിസ്തരിച്ച് എഴുതിയാല്‍ ഇത് ഒരു ബുക്‌ലെറ്റല്ല,ഒരു ബള്‍‌ക്കി വോല്യം തന്നെ ആയിത്തീരും.മഴക്കാലമെല്ലാം കഴിഞ്ഞപ്പോള്‍ കപ്പല്‍ ഗതാഗതം തുടങ്ങി.ഞാന്‍ ഒന്നാമത്തെ കപ്പലില്‍ തന്നെ യാത്ര ചെയ്യുവാനൊരുങ്ങി.എന്റെ വേര്‍ പിരിയാത്ത ചങ്ങാതി മാക്കോലത്ത് തൈക്കണ്ടി ബാലന്‍,എന്റെ കൂടെ കോഴിക്കോട്ട് പുറം കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പല്‍ വരെ വന്ന് യാത്ര പിരിഞ്ഞു.പിറ്റേ ദിവസം നേരം വെളുത്തപ്പോള്‍ അങ്ങ് വളരെയകലെയായി ഒരു കറുത്ത കല കണ്ടു.അതായിരുന്നു ദ്വീപ്.അതിനോട് സമീപിക്കും‌ തോറും ആ കല ഒരു കരയായി മാറി വന്നു.കപ്പലില്‍ നിന്നിറങ്ങി സാധാരണ ബോട്ടില്‍ കരയ്ക്കടുത്തു.ഈ കടലിലുള്ള കപ്പലില്‍ കയറാനും ഇറങ്ങാനും റോപ് ലാഡര്‍ ഉപയോഗിക്കണം.അത് കുറച്ച് വിഷമമുള്ള കാര്യമാണ്‌.ഒരു തവണ ഡോ.അലക്‌സാണ്ടറും അദ്ദേഹത്തിന്റെ ഭാര്യ ,മറ്റൊരു ഡോക്‌ടര്‍,കൂര്‍‌ഗ് സ്വദേശിനിയായിരുന്നു.അവര്‍ കോഴിക്കോട്ടുനിന്ന് സാധാരണ ചെറിയ ബോട്ടില്‍ പുറം കടലിലുള്ള കപ്പലിന്റെ സമീപം വരെ എത്തി.ബോട്ടിലുള്ളവരും മറ്റും അവരോട് റോപ് ലാഡര്‍ പിടിച്ച് അതിലേക്ക് കാലെടുത്ത് വെക്കുവാന്‍ പറഞ്ഞു.ആ കൂര്‍‌ഗ്കാരി റോപ്പ് ലാഡര്‍ കൈ കൊണ്ട് പിടിച്ച് കാല്‍ ബോട്ടില്‍ നിന്നുമെടുത്തു.എന്നാല്‍ കയര്‍ ലാഡറിലേക്ക് വെക്കുവാനും സാധിക്കാത്ത നിലയിലായി.ബോട്ട് ഓളം കാരണം പിന്നോട്ട് പിന്നോട്ട് പോയി.അവര്‍ കയര്‍ ലാഡറില്‍ പിടിച്ച പിടി വിട്ടില്ല.ഒടുവില്‍ അവര്‍ കടലില്‍ വീണു.പെട്ടെന്ന് ദ്വീപുകാര്‍ കടലില്‍ ചാടി ഒരു ബൊമ്മയെ എന്നോണം ആ സ്ത്രീയെ പൊക്കിയെടുത്ത് ഡോ.അലക്സാണ്ടറോടു പറഞ്ഞു."ദാ സയ്‌പേ,പിടിച്ചോളൂ" എന്ന്.അങ്ങനെ ദ്വീപുകാരെല്ലാം കൂടി അവരെ കപ്പലിന്റെ മുകളിലെത്തിച്ചു.ഇതു പോലെ പല സംഭവങ്ങളും പറയത്തക്കതായുണ്ട്.അവസാനം പറയുന്നത് ആദ്യവും ആദ്യം പറയുന്നത് അവസാനവും പറയുന്ന രീതിയാണല്ലോ ഞാനിതിന്‌ സ്വീകരിച്ചിരിക്കുന്നത്.


അവസാനമായി ദ്വീപിനോട് വിട പറയുന്ന അവസരത്തില്‍ ആമിയന്റെ ബോട്ടില്‍ കപ്പല്‍ വരെ പോകാന്‍ ഏര്‍‌പ്പാട് ചെയ്തത്.ദ്വീപ് കുട്ടികള്‍ എന്നോടുള്ള സ്‌നേഹം കൊണ്ട് ഒരു പ്രത്യേകം ബോട്ട് ഏര്‍‌പ്പാട് ചെയ്ത് അതിലെന്നെ കയറ്റി.യാത്ര തുടങ്ങാന്‍ പോകുമ്പോള്‍ ,കണ്ട മാനം കുട്ടികള്‍ അതില്‍ കയറിയതിനാല്‍ ബോട്ട് മറിഞ്ഞ് മുങ്ങിപ്പോയി.എന്റെ ഭാരമുള്ള സ്റ്റീല്‍ ട്രങ്ക് പെട്ടെന്ന് കുട്ടികള്‍ മുങ്ങിത്തപ്പിയെടുത്തു.അത് കപ്പലില്‍ കയറ്റിയ ശേഷം ഉടനെ തുറന്ന് ,അതില്‍ റെഡ് ക്രോസ്സ് വകയുള്ള കുറെ കറന്‍‌സി നോട്ടുകള്‍ ഉണ്ടായിരുന്നു.അതൊക്കെ ഡക്കില്‍ വിരിച്ചു വെച്ചു.വലിയ വോള്‍‌ട്ടേജുള്ള ഇലക്ട്രിക് വിളക്കുകളുടെ വെളിച്ചത്തില്‍ അവ ഉണക്കിയെടുത്തത് ഞാനിന്നും ഓര്‍ക്കുന്നു.ഞാന്‍ അവിടുത്തെ ഒരു സ്കൂളിലെ പ്രധാന അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു.വാര്‍‌ഷികോത്‌സവം വന്നപ്പോള്‍ അതില്‍ ഒരു നാടകം അഭിനയിക്കുവാന്‍ യാഥാസ്ഥിതികരായ ദ്വീപുകാര്‍ അനുവദിച്ചില്ല.ഞാനവരോട് പറഞ്ഞു."ഈ കുട്ടികള്‍ മുതിര്‍ന്നു വന്നാല്‍ അവരത് അനുവദിച്ചു കൊള്ളും"
ദ്വീപില്‍ ഇവിടുന്ന് ,മെയിന്‍ കരയില്‍ നിന്ന് പോയവരല്ലാതെ മറ്റ് ഒരു ഹിന്ദുവും അവിടെ ഉണ്ടായിരുന്നില്ല.ഒരു ദിവസം അറ്റന്‍ഡന്‍‌സ് റജിസ്റ്റര്‍ പരിശോധിക്കുമ്പോള്‍ അതില്‍ ജാനകി എന്നൊരു പേരുള്ളതായി കണ്ടു.പിന്നീടന്വേഷിച്ചപ്പോള്‍ ,ദ്വീപിലെ ആശുപത്രിയിലെ ഒരു ജോലിക്കാരി,ഒരു മുസ്ലിമിന്റെ പുത്രിയാണ്‌ അവള്‍ എന്ന് മനസ്സിലായി.മെയിന്‍ ലാന്‍ഡില്‍ നിന്നും പോയ ഒരു ഹിന്ദു ഡോക്‌ടര്‍ ആ മുസ്ലിം ജോലിക്കാരിക്ക് ഒരു കുഞ്ഞു പിറന്നപ്പോള്‍ അതിനു ജാനകി എന്നു പേരിട്ടു കൊള്ളുവാന്‍ പറഞ്ഞു.അങ്ങനെയാണ്‌ അറ്റന്‍ഡന്‍‌സ് റജിസ്റ്ററില്‍ ജാനകി കടന്നു കൂടിയത്.ആ ജാനകി ഇപ്പോള്‍ എവിടെയുണ്ടെന്ന് എനിക്കറിയില്ല,അതേ പേരില്‍ തന്നെ തുടരുന്നുണ്ടോ എന്നുമറിയില്ല.ആ ദ്വീപില്‍ കഴിച്ചു കൂട്ടുമ്പോള്‍ ,നമ്മുടെ നാട്ടിലേക്ക് മടങ്ങിയെത്തണം എന്ന് കലശലായ ആഗ്രഹം ഉണ്ടാകാറുണ്ടായിരുന്നു.നീന്തി വരുവാനൊന്നും പറ്റില്ലല്ലോ.എനിക്ക് ഭക്ഷണം പാകം ചെയ്യുവാന്‍ ,ഒരു ചെറുപ്പക്കാരന്‍,വാസു എന്ന് പേരായ എലത്തൂര്‍ നിവാസി ഉണ്ടായിരുന്നു.അയാള്‍ ചിലപ്പോള്‍ പറയും"വലിയ കപ്പലുകള്‍ സന്ധ്യക്ക് ശേഷം എല്ലാ ലൈറ്റുകളുമിട്ട് കൊണ്ട് അതിലെ കടന്നു പോകുമ്പോള്‍ പറയും,നമ്മളൊരു ബോട്ടിലാണെന്നും,ആ കപ്പല്‍ കോഴിക്കോട്ട് കരയാണെന്നും തോന്നും".ഞാനവനോട് പറയും,"നിനക്ക് കവിതയൊക്കെ വരുന്നുണ്ടല്ലോ".ആ നാട്ടില്‍ മത്സ്യമാര്‍ക്കറ്റോ ഒന്നുമുണ്ടായിരുന്നില്ല.കുട്ടികളെ പറഞ്ഞേല്‍‌പ്പിച്ചാല്‍ അവര്‍ എത്തിച്ചു തരും.രാത്രി ഉറക്കമിളച്ചാണ്‌ മീന്‍ പിടിക്കുന്നത്.'കോട്ടാര്‍' എന്നൊരു മല്‍‌സ്യം,മത്സ്യമെന്നു തന്നെയാണോ വിളിക്കേണ്ടതെന്ന് എനിക്ക് സംശയമാണ്‌.കോട്ടാര്‍ നാലഞ്ച് ബോട്ടുകാര്‍ ചേര്‍‌ന്നാണ്‌ പിടിക്കുക.ഒരു കോട്ടാറിനെ കിട്ടിയാല്‍ അത് വെട്ടി നുറുക്കി കയര്‍ കൊണ്ടുള്ള അഴയില്‍ വെയിലത്ത് ഉണങ്ങാനിടും.
ഒരു ചുരുങ്ങിയ സമയത്തെ സന്ദര്‍‌ശനം ലക്ഷദ്വീപ് ഏതൊരാളെയും ആനന്ദത്തില്‍ ആറാടിക്കും.കുറച്ചു കാലം നിന്നാല്‍ വിരസത അനുഭവപ്പെടും.ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു കൂട്ടിലിട്ട മാതിരി കഴിഞ്ഞു കൂടുകയാണവിടെ.വിദ്യുച്‌ഛക്തി ബന്ധമില്ല.എങ്കിലും ട്രാന്‍‌സിസ്റ്റര്‍ റേഡിയോയിലൂടെ വാര്‍ത്തകള്‍ ഉത്‌കണ്ഠാപൂര്‍‌വം ശ്രദ്ധിക്കാറുണ്ടായിരുന്നു.
ദ്വീപില്‍ വലിയ വൃക്ഷങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.ഏറ്റവും വലിയ മരം ബ്ലാത്തിച്ചക്കമരമഅയിരുന്നു.പല തരത്തിലുള്ള സ്വാദേറിയ പപ്പായ മരങ്ങള്‍ ഉണ്ടായിരുന്നു.ദ്വീപുകാര്‍ പപ്പായ പഴുത്താല്‍ തിന്നാറില്ല.ദ്വീപിന്റെ കരയില്‍ കടല്‍ വെള്ളം വളരെ തെളിഞ്ഞതായിരുന്നു.നമ്മുടെ കോഴിക്കോട്ടും മറ്റുമുള്ള മാതിരി ചെളിയും ചേറും മാലിന്യങ്ങളുമൊന്നും കലര്‍‌ന്നതായിരുന്നില്ല.ദ്വീപുകാര്‍ വളരെ സത്യസന്ധതയുള്ളവരായിരുന്നു.ഇവിടുന്ന് അവിടെ പോയവര്‍ അവിടുത്ത്കാരെ ക്രമേണ കളവ് പറയുവാനും പ്രവര്‍ത്തിക്കുവാനും പരിശീലിപ്പിച്ചു എന്നു വേണം പറയാന്‍.ഒരു കപ്പല്‍ നിറയെയുള്ള സാധനങ്ങള്‍ കടപ്പുറത്ത് ആരും കാവലില്ലാതെ രണ്ടോ മൂന്നോ ദിവസം നിന്നാലും അവയിലൊന്നു പോലും കളവു പോകാറില്ല.എന്നെ ദ്വീപില്‍ എത്തുവാന്‍ വേഗത കൂട്ടിയവരില്‍ എന്റെ സുഹൃത്തും ദ്വീപിലെ അഡ്‌മിനിസ്ട്രേറ്ററുടെ സെക്രട്ടറിയുമായിരുന്ന പരേതനായ പി.എം.ജോസിന്‌ ഞാന്‍ എന്റെ നന്ദി രേഖപ്പെടുത്തുന്നു.
ഇനി നമുക്ക് ദ്വീപ് വിട്ട് ഹിമാലയവാസത്തിനായി പോകാം.ഭുട്ടാനില്‍ അധ്യാപകരെ ആവശ്യമുണ്ടെന്ന് കണ്ടപ്പോള്‍ ഞാന്‍ അപേക്ഷിച്ചു.അഭിമുഖം കഴിഞ്ഞു.ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു.അത്യുല്‍‌സാഹത്തോടു കൂടി കല്‍‌ക്കട്ടയിലെത്തി.അവിടുന്ന് സിയാല്‍‌ഡ സ്റ്റേഷനിലേക്ക് പോയി,ഡാര്‍‌ജീലിങ്ങ് മെയിലില്‍ ,ജല്‍‌പാല്‍ ഗുഡിയില്‍ എത്തിച്ചേര്‍ന്നു.അവിടുന്ന് ഹാഷിമാരെ എന്ന സ്ഥലത്ത് ,ഭൂട്ടാന്‍ സര്‍‌ക്കാരിന്റെ അന്തസ്സുള്ള ചെറിയ ബസ്സ് തയ്യാറായി നില്‍‌ക്കുന്നുണ്ടായിരുന്നു.അതില്‍ കയറി പുഞ്ചിലിംഗ് എന്ന സ്ഥലത്തെത്തി.അവിടെയെത്തിയപ്പോള്‍ തന്നെ മനസ്സിനും ശരീരത്തിനും ഒരു തണുപ്പ് തോന്നിത്തുടങ്ങി.ഇന്ന് പുഞ്ചിലിംഗില്‍ നിന്ന് ഭൂട്ടാന്റെ തലസ്ഥാനമായ തിംഭുവിലേക്കും മറ്റും യഥേഷ്ടം സൗകര്യപ്രദമായ ബസ്സ് സര്‍‌വീസ് ഉണ്ടായിക്കഴിഞ്ഞിരിക്കണം.അന്ന് ജീപ്പ് വഴിയാണ്‌ മേലോട്ട് യാത്ര ചെയ്‌തിരുന്നത്.കാരണം പര്‍‌വതനിരകളിലൂടെയുള്ള റോഡുകളുടെ ട്രേയ്‌സ് സ്‌കൂട്ടിംഗ് മാത്രമേ നടന്നിട്ടുണ്ടായിരുന്നുള്ളൂ.അങ്ങിനെ തപാല്‍ വകുപ്പിന്റെ ഒരു ജീപ്പില്‍ ടിക്കറ്റ് കിട്ടി.ചുരുങ്ങിയ സമയം കൊണ്ട് നാലായിരം,അയ്യായിരം അടി ഉയരം വരെ എത്തി.റോഡിന്റെ ഒരു വശത്ത് പാറക്കെട്ടുകള്‍ ,മറുവശത്ത് കാഴ്‌ച മറച്ചു വെക്കുവാന്‍ വേണ്ടി മറ കെട്ടിയിട്ടുണ്ടായിരുന്നു.അതെന്തിനാണെന്നു വെച്ചാല്‍ ഡ്രൈവര്‍‌മാര്‍ ചിലര്‍ക്ക് അങ്ങോട്ട് നോക്കിയാല്‍ തലകറക്കം വരാറുണ്ടായിരുന്നു.മറയുണ്ടായാല്‍ ഭയമില്ലാതെ വണ്ടി ഓടിച്ചു കൊണ്ട് പോകും.കുറച്ചു കൂടി സമയം കഴിഞ്ഞപ്പോള്‍ പത്ത് പന്ത്രണ്ടായിരം അടി ഉയരത്തിലുള്ള ചിമാക്കോട്ടി എന്ന സ്ഥലത്തെത്തി.കിടു കിടാ വിറക്കാന്‍ തുടങ്ങി.ഡ്രൈവറുടെയും എന്റേയും ഇടയിലുള്ള ഒരു ഭൂട്ടാന്‍‌കാരന്‍ എന്നോട് ആ സ്ഥലത്ത് ഇരുന്നു കൊള്ളുവാന്‍ പറഞ്ഞു.ഇവിടെ വയനാടന്‍ ചുരമാണ്‌ ഏറ്റവും മനോഹരമായ കാഴ്ച.അതിനെയെല്ലാം ലജ്ജിപ്പിക്കുന്ന മനോഹര കാഴ്ചയായിരുന്നു.ഏതാണ്ട് സന്ധ്യയായപ്പോള്‍ ഭൂട്ടാനിലെ പാറോ എന്ന സ്ഥലത്തെത്തി.അവിടുന്ന് ഒരു കുന്നു കയറി സ്കൂള്‍ ഉള്ള സ്ഥലത്തെത്തി,റിപ്പോര്‍‌ട്ട് ചെയ്തു.കുട്ടികളെല്ലാം നല്ല ആപ്പിള്‍ പോലെ മുഖമുള്ളവരായിരുന്നു. പാറോ പോലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ നവംബര്‍ അവസാനത്തോടു കൂടി സ്കൂളിന്‌ അവധി കിട്ടും,മൂന്നു മാസത്തേക്ക്.കാരണം മഞ്ഞു മൂടി കിടക്കുന്നതിനാല്‍ സ്കൂള്‍ നടത്തുവാന്‍ സാധ്യമല്ല.തിരിച്ച് നാട്ടിലേക്ക് വരുന്ന അവസരത്തില്‍ ബോല്‍‌പ്പൂര്‍ എന്ന സ്ഥലത്തിറങ്ങി,ഒരാള്‍ വലിച്ചു കൊണ്ട് പോകുന്ന റിക്ഷാവണ്ടിയില്‍ ഏതാനും കിലോമീറ്റര്‍ സഞ്ചരിച്ച് ശാന്തിനികേതനില്‍ എത്താറുണ്ടായിരുന്നു.ശാന്തിനികേതന്‌ ജീവന്‍ നല്‍‌കിയിരുന്ന ടാഗോര്‍ ഇല്ലാതെ ശാന്തിനികേതനത്തിന്‌ അതിന്റെ മഹിമ,നമുക്ക് പൂര്‍‌ണ്ണമായും മനസ്സിലാക്കിത്തരുവാന്‍ സാധിക്കില്ല.ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമുള്ള പുഞ്ചിലിംഗ്,സര്‍‌ബാംഗ്, തുടങ്ങിയ സ്ഥലങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ ഒരു കൊല്ലത്തില്‍ രണ്ടു തവണ ഒഴിവുകാലമുണ്ടായിരുന്നു.ആ രണ്ടു തവണയും ഞാന്‍ ശാന്തിനികേതന്‍ സന്ദര്‍‌ശിക്കാറുണ്ടായിരുന്നു.ഭൂട്ടാനിലേക്ക് ജോലിക്ക് പോകുമ്പോള്‍ കേരള വിദ്യാഭ്യാസവകുപ്പില്‍ നിന്ന് രാജി വെച്ചാണ്‌ പോയത്.അതില്‍ ഭാര്യക്കും മറ്റും അതൃപ്തിയുണ്ടായിരുന്നു.
ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമുള്ള സര്‍‌ബാംഗില്‍ ജോലി ചെയ്യുമ്പോള്‍ എന്റെ ഭാര്യയും എന്റെ ഇളയ മകനും എന്റെ കൂടെ വന്നു.ഞാനവിടേക്ക് പോകുന്ന വഴിക്ക് കല്‍‌ക്കത്തയില്‍ രണ്ടു ദിവസം താമസിച്ചു.കല്‍‌ക്കത്തയിലെ പ്ലാനറ്റേറിയം പരിപാടിയൊക്കെ കണ്ട് താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ ഭൂട്ടാനിലെ വിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറി ജനറലും ആയ ദാവാ ഷിറിങ്ങിനെ കണ്ടു മുട്ടി.അയാള്‍ താമസിക്കുന്ന ഗ്രാന്റ് ഹോട്ടലിലേക്ക് ചെന്നു വളരെ നേരം സൗഹാര്‍ദ്ദപരമായി സംസാരിച്ചു.കാര്യങ്ങളെല്ലാം പറഞ്ഞു.ഞാന്‍ ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള സര്‍‌ബോങ്ങിലായതു കൊണ്ട് ഭാര്യയേയും ചെറിയ മകനേയും ഒന്നു കൊണ്ടു പോകുവാന്‍ നിശ്ചയിച്ചിരിക്കുകയാണ്‌ എന്ന് പറഞ്ഞു.പ്ലാനറ്റോറിയം പരിപാടി കണ്ട് മടങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ പ്ലാനറ്റോറിയത്തെപ്പറ്റി അറിയുവാന്‍ അദ്ദേഹത്തിന്‌ ആഗ്രഹമുണ്ടായി.ഞാന്‍ എന്റെ കഴിവിനൊത്ത രീതിയില്‍ അദ്ദേഹത്തിന്‌ വിവരിച്ചു കൊടുത്തു.അങ്ങനെ പിറ്റേ ദിവസം ഞാന്‍ ഭൂട്ടാനിലേക്കുള്ള യാത്ര പുറപ്പെട്ട് അവസാനത്തെ തീവണ്ടി സ്റ്റേഷന്‌ സമീപമുള്ള മാര്‍‌ക്കറ്റില്‍ നിന്നും വീട്ടുസാധങ്ങളും വലിയ അലൂമിനിയം ഡ്രമ്മും മറ്റും വാങ്ങി.നല്ല കാട്ടില്‍ കൂടി വേണം സര്‍‌ബോങ്ങിലേക്ക് പോകുവാന്‍.രാത്രി ആ കാട്ടില്‍ കൂടെയുള്ള യാത്ര അത്ര സുരക്ഷിതമല്ല.അതു പോലെ സംഭവിക്കുകയും ചെയ്‌തു.കുറേ ദൂരം സഞ്ചരിച്ചപ്പോള്‍ ബസ്സിന്‌ എന്തോ തകരാറ് പറ്റി.എഞ്ചിന്റെ ബോണറ്റില്‍ നിന്ന് പുകയൊക്കെ പുറപ്പെടാന്‍ തുടങ്ങി.അവിടെ എന്റെ വലിയ അലൂമിനിയം ഡ്രം ഉപകാരപ്പെട്ടു.കണ്ട്ക്‌ടറും ആള്‍‌ക്കാരും കൂടി അതില്‍ നിറയെ വെള്ളം കൊണ്ടു വന്ന് ബോണറ്റിന്റെ മേലെയൊഴിച്ചു.ഉത്‌കണ്ഠാഭരിതമായ ഒന്നു രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ബസ്സ് യാത്രക്കുള്ള പാകത്തിലായപ്പോള്‍ യാത്ര തുടര്‍‌ന്നു.രാത്രി ഒമ്പത് പത്തു മണിയായപ്പോള്‍ സര്‍‌ബോങ്ങില്‍ എത്തി.അവിടുന്ന് താമസിക്കുന്ന വീട്ടിലേക്കുള്ള വഴി അട്ടകളെക്കൊണ്ട് നിറഞ്ഞതാണ്‌.ഞാനെന്റെ ഭാര്യയോട് മുന്‍‌കരുതലെടുത്തുകൊള്ളാന്‍ പറഞ്ഞു.വീട്ടിലെത്തിയപ്പോള്‍ എന്റെ ശരീരത്തില്‍ അട്ടയുള്ളതായി കണ്ടു.ഭാര്യയേയും മകനേയും അവ സമീപിച്ചതേയില്ല.ഭാര്യ അട്ടകളെ ശരീരത്തില്‍ നിന്ന് മാറ്റി എന്നെ സ്വതന്ത്രനാക്കി.അങ്ങനെ സുഖസന്തോഷം ഏതാനും സമയം അവിടെ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഭൂട്ടാന്റെ തലസ്ഥാനമായ തിംബുവില്‍ നിന്ന് സെക്രട്ടരി ജനറലിന്റെ ഒരു വയര്‍‌ലെസ്സ് മെസ്സേജ് കിട്ടി. -ഉടനെ അദ്ദേഹത്തിന്റെ അടുത്ത് റിപ്പോര്‍ട്ട് ചെയ്യുക.അത് കിട്ടിയ ഉടനെ എന്റെ മനോനില ആകെ താളം തെറ്റി.ഭാര്യയെ നാട്ടില്‍ കൊണ്ടു വിടാനുള്ള സമയമില്ല.കല്‍‌ക്കത്തയില്‍ നിന്നും എന്റെ അടുത്ത സുഹൃത്തും എന്റെ ഭാര്യയുടെ ഒന്നായി പഠിച്ച ഒരു സ്ത്രീയുടെ ഭര്‍‌ത്താവുമായ 'ബ്ലൂസ്റ്റാറി'ലെ വി.അനന്തനെ കൊണ്ടേല്‍‌പ്പിക്കാം എന്നു കരുതി.അവള്‍ക്കത് സമാധാനം ഉണ്ടാവുകയില്ല."തിംബു വരെ പോകുവാന്‍ ഒരുക്കമാണോ" എന്ന് ഞാന്‍ ചോദിച്ചു."ഇത്തരം ഒരവസരം പിന്നീട് കിട്ടിയില്ലെന്ന് വരാം".അവള്‍ തയ്യാറായി.ഞങ്ങള്‍ തിംബുവിലേക്ക് പോകാന്‍ ഒരുക്കത്തില്‍ കൊക്രചാര്‍ തീവണ്ടി ഓഫീസിലെത്തി.
എന്റെ ലഗ്ഗേജ് ഒന്ന് തൂക്കി,അതിനടക്കാനുള്ള പണമടക്കാനായി,ബുക്കിങ് ഓഫീസിലേക്ക് ഞാന്‍ കടക്കുവാന്‍ ഒരുങ്ങിയപ്പോള്‍,അതിനകത്തുനിന്ന് 'ധര്‍ത്കംബ്' എന്ന് നില വിളിച്ചു കൊണ്ട് ആളുകള്‍ പുറത്തേക്ക് ഓടുന്നത് കണ്ടു.എനിക്ക് കാര്യമൊന്നും മനസ്സിലായില്ല.ഞാന്‍ തിരിച്ച് പ്ലാറ്റ്ഫോമില്‍ എന്റെ ഭാര്യയിരിക്കുന്ന സ്ഥലത്തെത്തി.എന്റെ ഭാര്യയും മകനും മാത്രമേ പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്നുള്ളൂ.മറ്റാളുകളെല്ലാം തുറസ്സായ റെയിലില്‍ പോയിരിക്കുകയായിരുന്നു.അപ്പോള്‍ എനിക്ക് കാര്യം മനസ്സിലായി.ഒരു ചെറിയ തോതിലുള്ള ഭൂകമ്പമുണ്ടായതാണ്‌.അതാണ്‌ ധര്‍‌ത്കംബ് എന്ന് പറഞ്ഞ് പുറത്തേക്ക് ഓടിയത്.ഞാനെന്റെ ഭാര്യയോട് ചോദിച്ചു."ഇക്കണ്ട ആളുകളെല്ലാം ജീവരക്ഷാര്‍‌ത്ഥം തുറസ്സായ റയിലില്‍ പോയി ഇരുന്നപ്പോള്‍ താന്‍ മാത്രം എന്തു കൊണ്ട് പോയില്ല?".അതിനവള്‍ മറുപടി പറഞ്ഞു."ഞാന്‍ മാത്രം രക്ഷപ്പെട്ടിട്ട് എന്താണ്‌ കാര്യം,നിങ്ങള്‍ ബുക്കിങ് ഓഫീസിലല്ലേ?നിങ്ങള്‍ വരട്ടെ എന്നു കരുതി".സ്ഥിതിഗതികള്‍ ശാന്തമായപ്പോള്‍ തീവണ്ടിയെത്തി.ഞങ്ങള്‍ യാത്ര തുടങ്ങി.തലസ്ഥാനമായ തിംബുവിലേക്ക് പോകുവാന്‍ ഏറ്റവുമടുത്തുള്ള തീവണ്ടി ഓഫീസ് 'ഹാഷിമാര'എന്നതാണ്‌.അവിടെയെത്തി ഇറങ്ങി തിംബുവിലേക്ക് പോകുവാനുള്ള അടിവാരത്തെ സ്ഥലമായ പുഞ്ചിലിങ്ങിലേക്ക് പോയി.അവിടെ രണ്ടു മൂന്നു ദിവസം താമസിക്കേണ്ടി വന്നു.അപ്പോഴും ബസ്സ് യാത്ര ക്രമമായി തുടങ്ങിയിരുന്നില്ല.തിംബുവിലേക്ക് പോകുന്ന വലിയ ലോറിയുടെ ക്യാബിനില്‍ ഇരുന്നു വേണം സഞ്ചരിക്കുവാന്‍.അങ്ങനെ ഉച്ചയോടടുത്തപ്പോള്‍ ഷിമാക്കോട്ടിയിലെത്തി.പന്ത്രണ്ടായിരം അടി ഉയരം.കൊടും തണുപ്പ്.എന്റെ മകന്‌ പെട്ടെന്ന് ഒരു ബോധക്ഷയം.ഞങ്ങള്‍ ഇത്തിരി അമ്പരന്നു പോയി.തൊട്ടടുത്തുള്ള ഒരു ഇന്ത്യന്‍ മിലിറ്ററി ക്യാമ്പില്‍ ചെന്ന് അവിടുത്തെ ഡോക്‌ടറെ കാണിച്ചു.അയാള്‍ പറഞ്ഞു."പരിഭ്രമിക്കാനൊന്നുമില്ല,നല്ല ചൂടുള്ള ചായയോ ,കാപ്പിയോ കൊടുത്ത് യാത്ര തുടരാം".അതിനടുത്തുള്ള ഒരു ടിബറ്റന്‍ ചായക്കടയില്‍ കയറി.അവിടെയുള്ള വൃത്തിഹീനമായ പരിസരം കണ്ടപ്പോള്‍ തന്നെ ഒന്നും കുടിക്കുവാന്‍ തോന്നിയില്ല.എങ്കിലുമൊരു കാപ്പി മേടിച്ചു കൊടുത്തു.പിന്നീടങ്ങോട്ടുള്ള യാത്ര താഴ്‌ന്ന സ്ഥലത്തേക്കായിരുന്നു.സന്ധ്യാസമയത്തോടെ തിംബുവിലെത്തി.ഞാന്‍ മുമ്പും തിംബുവില്‍ ജോലി ചെയ്തിരുന്നതു കൊണ്ട് അവിടെ ചിലര്‍‌ക്കെല്ലാം എന്നെ അറിയാമായിരുന്നു.അവര്‍ പറയുവാന്‍ തുടങ്ങി."നമ്മുടെ പുതിയ പ്രിന്‍സിപാള്‍ വന്നിട്ടുണ്ട്".ആ ബസ്സ് സ്റ്റോപ്പില്‍ നിന്നും ഒരു കുന്നു കയറി വിദ്യാഭ്യാസസ്ഥാപനത്തിലെത്തി.അവിടെ എന്റെ ഒരു പഴയ പരിചയക്കാരന്‍,ത്രിശ്ശൂര്‍ സ്വദേശി ഗിരിജാവല്ലഭന്‍ താമസിക്കുന്നു.ക്വാര്‍‌ട്ടേര്‍സില്‍ ചെന്നു.നേരെ അപ്പോഴത്തെ പ്രിന്‍സിപ്പാള്‍ രത്നകുമാര്‍ കിച്‌ഡുവിനെ ചെന്നു കണ്ടു.അയാളോട് കാര്യം പറഞ്ഞു:"സെക്രട്ടരി ജനറലിന്റെ വയര്‍‌ലെസ്സ് മെസ്സേജ് കിട്ടിയതനുസരിച്ചാണ്‌ ഞാന്‍ വന്നിരിക്കുന്നത്".അദ്ദേഹം പറഞ്ഞു:"എന്നെ റീ പ്ലെയ്‌സ് ചെയ്യുവാനായിരിക്കും നിങ്ങളെ അയച്ചത്,ഏതായാലും നാളെ രാവിലെ നിങ്ങള്‍ സെക്രട്ടറി ജനറലിനെ ചെന്ന് കാണുക".പിറ്റേ ദിവസം ഞാന്‍ രത്നകുമാര്‍ കിച്‌ഡുവിനെ ചെന്നു കണ്ടു.സ്കൂള്‍ ഡ്രൈവര്‍‌മാരെല്ലാം ഓരോ ജോലികളിലായി പുറത്തു പോയിരിക്കുകയായിരുന്നു.ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു:"വണ്ടിയുടെ താക്കോല്‍ എടുത്തു തരൂ".വണ്ടിയുമായി ഞാന്‍ ക്വാര്‍‌ട്ടേ‌ഴ്‌സില്‍ വന്നു.ഭാര്യയോടു ഞാന്‍ പറഞ്ഞു:"ഡ്രൈവിങ്ങ് ലൈസന്‍സ് എടുത്തതിന്റെ ഗുണം മനസ്സിലായോ!"."ഇപ്പോള്‍ ഒരു ഡ്രൈവറെ ആശ്രയിക്കാതെ സ്വന്തമായി വണ്ടിയുമായി പോകുവാന്‍ പറ്റുന്നുണ്ടല്ലോ"."സൂക്ഷിച്ച് പോകണം" എന്നവള്‍ മുന്നറിയിപ്പ് തന്നു.ഞാന്‍ നേരെ സെക്രട്ടറി ജനറലിന്റെ ഓഫീസ് ലക്ഷ്യമാക്കി വണ്ടി വിട്ടു.വഴിക്കു മുമ്പ് പരിചയമുള്ള ചില സ്നേഹിതരെ അവരുടെ ക്വാര്‍‌ട്ടേഴ്‌സില്‍ ചെന്നു കണ്ടു.വീണ്ടും വണ്ടിയെടുത്തപ്പോള്‍ ചെറിയ ഒരു പിശക് കൊണ്ട് വണ്ടി ഒരു കൊക്കയിലേക്ക് മറിയുവാനുള്ള നിലയിലെത്തി.ബ്രേക്ക് അപ്ലൈ ചെയ്‌തു.വണ്ടി മുന്നോട്ടെടുത്തു.സെക്രട്ടറി ജനറലിന്റെ ഓഫീസ് ഭൂട്ടാന്‍ രാജാവ് താമസിക്കുന്ന സോംഗിന്റെ ഒരു വശത്താണ്‌.ഞാന്‍ പട്ടാളക്കാര്‍ കാവല്‍ നില്‍‌ക്കുന്നത് കണക്കാക്കാതെ മുന്നോട്ട് കുതിച്ചു. പട്ടാളക്കാര്‍ എന്നെ തടഞ്ഞു.ആ സ്ഥലത്തു നിന്നും മുന്നോട്ട് രാജകുടുംബാംഗങ്ങള്‍ക്കും വളരെ വളരെ ഉന്നതന്‍‌മാരായവര്‍ക്കും മാത്രമേ പോകാവൂ.ഞാന്‍ വണ്ടി പിന്നോട്ടെടുക്കുവാന്‍ ശ്രമിച്ചു.തലേ ദിവസത്തെ മഴ കാരണം ചെളിയുണ്ടായിരുന്നു.അതില്‍ ചക്രങ്ങള്‍ പൂണ്ട് പിന്നോട്ട് നീങ്ങുന്നില്ല.ഞാന്‍ വിഷമിക്കുന്നത് കണ്ട് അടുത്തുണ്ടായിരുന്ന ഒരു നേപ്പാളി ഡ്രൈവര്‍ വളരെ ബഹുമാനത്തോടെ എന്നെ സമീപിച്ച് സഹായിക്കാമെന്ന് പറഞ്ഞു.അങ്ങനെ അയാള്‍ വണ്ടി ആ ചെളിക്കുണ്ടില്‍ നിന്ന് മാറ്റിയെടുത്ത് ഡ്രൈവിങ്ങിനെപ്പറ്റി ചെറിയ ഒരു ക്ലാസ്സ് തന്നെ എനിക്കു തന്നു.അവിടുന്ന് അങ്ങോട്ടുള്ള ദൂരം നടന്ന് സെക്രട്ടറി ജനറലിനെ കണ്ടു.അദ്ദേഹം എന്നെ പ്രിന്‍‌സിപ്പാളായി നിയമിക്കുകയാണ്‌.ആരോടും ഭയപ്പെടാതെ കൃത്യമായി ജോലി ചെയ്‌തു കൊണ്ട് പോയാല്‍ മതിയെന്നു പറഞ്ഞു.അതനുസരിച്ചു ഞാന്‍ രത്നകുമാര്‍ കിച്‌ഡുവില്‍ നിന്ന് ചാര്‍‌ജ് ഏറ്റെടുത്തു.എന്റെ ജോലികള്‍ ചെയ്തു കൊണ്ടിരിക്കെ ഒരു ദിവസം മോര്‍‌ണിങ്ങ് റൗണ്ട് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മിസ്.സ്പ്രാക് എന്ന ഇംഗ്ലീഷ് യുവതി,അധ്യാപിക ധൃതി പിടിച്ച് ഓടി വരുന്നു.അവര്‍‌ക്കറിയാം അവര്‍ വൈകിയെന്ന്.അതിന്‌ മുന്‍‌കൂട്ടി ഒരു ക്ഷമാപണം എന്നോണം പറഞ്ഞു:"ഐ ആം സോറി,സര്‍ ,ഹിസ് ഹൈനസ് വാസ് ഓണ്‍ ദി ലൈന്‍".അതിന്‌ ഞാന്‍ മറുപടി പറഞ്ഞു:"അടുത്ത തവണ ഹിസ് ഹൈനസ്സ് ഫോണ്‍ വിളിച്ചാല്‍ പറയണം,ഐ ഹാവ് എ നാസ്‌റ്റി പ്രിന്‍സിപ്പാള്‍".പിറ്റേ ദിവസം മുതല്‍ അവര്‍ വളരെ കൃത്യമായി ജോലിക്കെത്താറുണ്ടായിരുന്നു.മറ്റൊരു പറയത്തക്ക സംഗതി ഞാന്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെ എന്റെ താമസസ്ഥലത്തിന്‌ തൊട്ട് കാക്കഡോര്‍‌ജിയുടെ താമസസ്ഥലത്ത് വന്നിട്ടുണ്ടായിരുന്ന ഷാട്ടു എന്ന ഒരാളുമായി ഒരു റേഡിയോ വാങ്ങുന്ന കച്ചവടത്തില്‍ ഏര്‍‌പ്പെട്ടു.അങ്ങോട്ട് വാര്‍‌ത്തകള്‍ ബ്രോഡ്-കാസ്റ്റ് ചെയ്യുവാനും വാര്‍ത്തകള്‍ റിസീവ് ചെയ്യുവാനും സാധിക്കുന്ന ഒരു സെറ്റായിരുന്നു അത്.ഈ ഷാട്ടു എന്ന ആള്‍ ഭൂട്ടാന്‍ രാജാവിനെ വധിക്കുവാന്‍ ശ്രമിക്കുന്ന ഗൂഢസ്ംഗത്തിലെ ഒരു കണ്ണിയായിരുന്നു.പിറ്റേ ദിവസം കണ്ടു,ഭൂട്ടാന്‍ സൈന്യത്തിലെ ഏതാനും വാഹനങ്ങള്‍ എന്റെ താമസ സ്ഥലത്തിന്റെ സമീപമെത്തി.അയാള്‍ കടന്നു വന്നു.സ്വയം പരിചയപ്പെടുത്തി."ഞാന്‍ ലുങ് തിങ്ങ് ഫോയില്‍ നിന്ന് വരുന്ന ആളാണ്‌.ഞാന്‍ ലെഫ്റ്റിനന്റ്(അയാളുടെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല)ആണെന്നു പറഞ്ഞു.ഷാറ്റുവും നിങ്ങളുമായി നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ച് പറയണം".ഞാന്‍ പറഞ്ഞു:"എനിക്ക് അയാളെ മുമ്പ് പരിചയമില്ല.ഒരു നല്ല ട്രാന്‍സ്‌സ്മിറ്ററും റിസീവറുമടങ്ങിയ ഒരു സെറ്റായതു കൊണ്ട് ഞാന്‍ അത് കച്ചവടമാക്കി".ആ സെറ്റ് അയാള്‍ക്ക് കൈമാറുവാന്‍ പറഞ്ഞു.അതു പോലെ ഞാന്‍ ചെയ്തു.ഒരു റസീറ്റ് തരുവാന്‍ പറ്റുമോയെന്ന് ചോദിച്ചു.റസീറ്റൊന്നും തരേണ്ട ആവശ്യമില്ല.എന്നിട്ട് അയാള്‍ കൂട്ടിച്ചേര്‍‌ത്തു-"ഐ കാന്‍ ഈവന്‍ റ്റേക് യൊഉ".ഞാന്‍ കുറച്ച് പരുങ്ങലിലായി.അയാളും പരിവാരവും സ്ഥലം വിട്ട ഉടനെ ഞാന്‍ താഴോട്ടിറങ്ങി.ഇന്ത്യന്‍ മിലിട്ടറി ട്രെയിനിങ്ങ് ടീമിന്റെ മേധാവി മേജര്‍ ഛിബ്ബറെ ചെന്നു കണ്ടു.കാര്യങ്ങള്‍ പറഞ്ഞു.അതു കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ എന്നോട് വളരെ സ്നേഹമുള്ള ഒരു ധാപു(പ്രഭു)വിനെ കണ്ടു മുട്ടി.അയാള്‍ വണ്ടി നിര്‍ത്തി എന്റെ പരിഭ്രമാവസ്ഥകള്‍‌ക്കുള്ള കാരണങ്ങള്‍ തിരക്കി."സാരമില്ല,പരിഭ്രമിക്കേണ്ട.ഞാന്‍ രാജാവിനോട് നേരിട്ട് പറയാം"എന്നയാള്‍ എന്നെ സമാധാനിപ്പിച്ചു.ആര്‍മി ചീഫ് പാറോപെന്‍‌ലക് ആണ്‌ ഇത് കൈകാര്യം ചെയ്യുന്നത്.അയാള്‍ വിവരമില്ലാത്തയാളാണ്‌.ഞാനയാളെ കാണുന്നില്ല.നേരെ രാജാവിന്റെയടുത്ത് കാര്യങ്ങളെത്തിക്കാം.അങ്ങനെ എല്ലാം ശരിപ്പെട്ടു.കുറെ ദിവസങ്ങള്‍‌ക്ക് പരിഭ്രമമായിരുന്നു.ഹിമാലയത്തില്‍ നിന്നും മേഘാലയത്തിലേക്ക് കടക്കുക.ഹിമാലയത്തിലെ ജോലി രാജി വെച്ച് ഒന്ന് മേഘാലയം വരെ പോയിവരാമെന്നു വിചാരിച്ചു.മേഘാലയത്തിലെ തുറ എന്ന സ്ഥലത്തെത്തി.ഇതൊക്കെ ഞാന്‍ എഴുതുന്നത് ജീവനോട് കൂടി ഇരിക്കുന്ന കാലത്ത് കഴിഞ്ഞ കാര്യങ്ങള്‍ എനിക്കോര്‍‌മ്മിക്കുവാന്‍ സഹായകമാകുമെന്ന വിചാരത്തിലാണ്‌.തുറയില്‍ കുറച്ചു ദിവസം കഴിച്ചു കൂട്ടി.അവിടെയാരോ എന്നോട് പറഞ്ഞു :"ക്യാപ്റ്റന്‍ വില്ല്യം സാംഗ്‌മയെ കാണേണ്ടതു പോലെ ചെന്നു കണ്ടാല്‍ ഒരു ജോലി മേഘാലയത്തില്‍ കിട്ടും".അദ്ദേഹം പിന്നീട് മേഘാലയത്തിലെ മുഖ്യമന്ത്രിയായിത്തീര്‍ന്ന ആളാണ്‌.എനിക്ക് അങ്ങനെ കാണേണ്ട മാതിരി കാണുവാന്‍ പറ്റുകയില്ലെന്ന് പറഞ്ഞ് തുറയിലെ വിദ്യാഭ്യാസവകുപ്പിലെ അഴിമതിആരോപണങ്ങള്‍ക്കൊന്നും വഴി കൊടുക്കാതെ ജീവിതം നയിച്ചിരുന്ന ഒരു ഓഫീസറെ ചെന്നു കണ്ടു.അദ്ദേഹം എന്നെ ബാഗ്‌മാര എന്ന സ്ഥലത്തെ ഹൈസ്കൂളില്‍ നിയമിച്ചു.അത് കിഴക്കന്‍ പാക്കിസ്ഥാന്റെ(ഇപ്പോഴത്തെ ബംഗ്ലാദേശ്) അതിര്‍ത്തിയിലായിരുന്നു.അവിടെ സമാധാനമായി കുറച്ചു നാള്‍ കഴിച്ചു കൂട്ടിയ ശേഷം ഒന്ന് വീട് വരെ പോണം എന്ന് തോന്നി,തലശ്ശേരിക്ക് യാത്ര തിരിച്ചു.വീട്ടിലെത്തിയപ്പോള്‍ പിന്നീട് മേഘാലയത്തിലേക്കും ഒന്നും പോകുവാനുള്ള മനസ്സ് വന്നില്ല.ചിറാപുഞ്ചിക്ക് വളരെ സമീപപ്രദേശമായിരുന്നു ബാഗ്‌മാര.എന്നിട്ടും ചിറാപുഞ്ചി വരെ ഒന്നു പോയില്ല എന്നത് ഒരു പോരായ്‌മയാണ്‌.നാട്ടില്‍ കുറച്ച് ദിവസം കഴിച്ചു കൂട്ടിയ ശേഷം ഒരു ഇം‌പള്‍‌സ് ഉണ്ടായി.ഭാരതത്തിലെ എല്ലാ സ്റ്റേറ്റുകളിലൂടെയും കടന്നു കൊണ്ട് ഒരു സാധാരണ സൈക്കിളില്‍ യാത്ര ചെയ്യണമെന്ന ഒരു മോഹം.ഇത് അമ്പതിനോടടുത്ത പ്രായമുള്ളപ്പോഴാണ്‌.സാധാരണ പ്രായമായി വരുമ്പോള്‍ വാതം,പിത്തം മുതലായ രോഗങ്ങളാണ്‌ പിടിപെടാറുള്ളത്.എനിക്കാണെങ്കില്‍ ഏതാണ്ടൊരു ഭ്രാന്താണ്‌ പിടി പെട്ടത്.അതിനെ ഭ്രാന്തെന്ന് പറയാം'വാണ്ടര്‍ മാനിയ'.ഞാനിങ്ങനെ സൈക്കിളില്‍ ഒരു യാത്ര ചെയ്യാന്‍ പോകുന്നുണ്ടെന്ന വിവരം പറഞ്ഞപ്പോള്‍ എന്റെ മൂത്ത മകന്‍ പഠിച്ചിരുന്ന സെന്റ് ജോസഫ് ഹൈസ്കൂളിലെ ഒരധ്യാപകന്‍ ചോദിച്ചു."മോനേ,രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് ഭ്രാന്ത് വന്നു പോയോ?"എന്ന്.അവന്‍ ചെറിയ കുട്ടിയായിരുന്നു.മനസ്സ് നൊന്തു പോയി.ഞാനവനെ സമാധാനിപ്പിച്ചു.ഭ്രാന്ത് എന്നുള്ളത് ഏതെങ്കിലും ഒരു കാര്യത്തില്‍ അതിയായ ആഗ്രഹമുണ്ടാകുന്നതാണ്‌.വാതം,പിത്തം തുടങ്ങിയ രോഗങ്ങള്‍ക്ക് പകരം എന്നെ പിടിപെട്ടത് ഈ യാത്രാഭ്രാന്തായിരുന്നു.ഒരു പേരിനോ പെരുമയ്ക്കോ വേണ്ടിയായിരുന്നില്ല ആ യാത്ര.അതു കൊണ്ട് വീട്ടില്‍ നിന്ന് ഒരു സൈക്കിളുമായി പുറപ്പെട്ട് യാത്ര തുടരാമെന്ന് കരുതി.ചില ക്ഷേമകാംക്ഷികള്‍ എന്നെ ഉപദേശിച്ചു‌,"ഒരു വാര്‍ത്താസമ്മേളനമൊക്കെ നടത്തി ,ഒരറിയിപ്പോടെ പുറപ്പെടുന്നതായിരിക്കും നല്ലത്".അവരുടെ ഉപദേശം ഞാന്‍ സ്വീകരിച്ചു.അന്ന് എന്റെ ആദ്യത്തെ പത്രസമ്മേളനത്തില്‍ ചെറിയ ഒരു വേവലാതി എനിക്കുണ്ടായി.പത്രക്കാര്‍,ജീവനുള്ളവരെ മരിച്ചവരായും,മരിച്ചവരെ ജീവനുള്ളവരായും മാറ്റുവാന്‍ കഴിവുള്ളവരാണ്‌."എനിക്ക് നിങ്ങളുടെ ചോദ്യങ്ങളെല്ലാം നേരിടാന്‍ കഴിയുമോ എന്നറിയില്ല".ആ പത്രക്കാരുടെ കൂട്ടത്തില്‍ ഇന്നത്തെ മനോരമയുടെ റസിഡന്റ് എഡിറ്റര്‍ കെ.അബൂബക്കര്‍ എന്നോട് പറഞ്ഞു."ഞങ്ങള്‍ അങ്ങനെ വേണ്ടാത്ത ചോദ്യങ്ങള്‍ കൊണ്ട് നിങ്ങളെ ബുദ്ധിമുട്ടിക്കുകയില്ല,രാഷ്‌ട്രീയ നേതാക്കന്‍‌മാരെ മാത്രമേ ചോദ്യങ്ങള്‍ കൊണ്ട് വിഷമിപ്പിക്കുകയുള്ളൂ".അബൂബക്കറുടെ സംസാരവും പെരുമാറ്റവും എനിക്കൊരു ആത്മവിശ്വാസം നല്‍‌കി.അദ്ദേഹം ഒരു കുലീനനാണ്‌.ഒരു കുലീനനായ പിതാവിന്റെ മകനുമാണ്‌.ശ്രീ.ബി.വി.അബ്ദുള്ളക്കോയയുടെ മകന്‍.പത്രസമ്മേളനത്തിനു ശേഷം കുറേ സ്നേഹിതന്‍‌മാര്‍ കൂടി ഒരു ഗുഡ്‌വില്‍ കമ്മിറ്റി രൂപീകരിച്ചു.ഞാന്‍ ക്രിസ്തുമസ് ദിവസം(1959)പുറപ്പെടാമെന്ന് വിചാരിച്ചതായിരുന്നു.അപ്പോള്‍ മാതൃഭൂമിയിലെ ചീഫ് റിപ്പോര്‍ട്ടറും എന്റെ സ്നേഹിതനുമായ കെ.സി.മാധവക്കുറുപ്പിനെ കണ്ടു മുട്ടി.അദ്ദേഹം എന്നോട് ഉപദേശിച്ചു,"നമുക്ക് കാര്യമായ ആരെയെങ്കിലും കണ്ട് ഒരു ദിവസവും സമയവും നിശ്‌ചയിക്കാം".മാധവക്കുറുപ്പ് എന്നെ നോര്‍‌മെന്‍ പ്രിന്റിങ്ങ് പ്രസ്സിലെ അച്യുതന്‍‌ നായരെ പരിചയപ്പെടുത്തി.അച്യുതന്‍ നായര്‍ പറഞ്ഞു,ഡിസംബര്‍ 31നല്ല ദിവസമാണെന്ന്.എന്നെ യാത്രയയക്കുവാനുള്ള ഗുഡ്‌വില്‍ കമ്മറ്റിയില്‍ മാതൃഭൂമി ചീഫ് എഡിറ്റര്‍ ശ്രീ.കെ.പി.കേശവമേനോന്‍ ,വലിയ സാമൂഹ്യപ്രവര്‍ത്തകനായ ഫാ.വര്‍‌ഗോട്ടനി,മലയാള മനോരമ റസിഡന്റ് എഡിറ്റര്‍ മൂര്‍‌ക്കോത്ത് കുഞ്ഞപ്പ,കോഴിക്കോട്ട് കോര്‍പ്പറേഷന്‍ മേയര്‍ കല്‍‌പ്പള്ളി മാധവമേനോന്‍,ശ്രീ.എസ്.കെ.പൊറ്റെക്കാട്ട് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.അങ്ങനെ 1969 ഡിസംബര്‍ 31-ന്‌ രാവിലെ മാനാഞ്ചിറ മൈതാനിയില്‍ സമ്മേളിച്ചു.യാത്ര പുറപ്പെടാന്‍ ഒരുങ്ങിയപ്പോള്‍ കേശവമേനോന്‍ എന്റെ കൈ അമര്‍‌ത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു:"ഒറ്റക്കാണല്ലോ രാമചന്ദ്രന്‍ പോകുന്നത്,ഒരാള്‍ കൂടി ഉണ്ടാകുന്നത് നന്നായിരുന്നു".ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു:'ഞാന്‍ ഒറ്റക്കല്ല പോകുന്നത്,നിങ്ങളെല്ലാവരും എന്റെ മനസ്സുകൊണ്ട് കൂടെ ഉണ്ടല്ലോ".
ലോകപ്രസിദ്ധ എഴുത്തുകാരനുമായി ഞാനെന്നെ താരതമ്യപ്പെടുത്തുകയാണെന്ന് തെറ്റിദ്ധരിക്കരുത്.ആര്‍‌ച്ച് വാള്‍‌ഡ് ജോസഫ് ക്രോണിന്‍ തന്റെ ഒന്നാമത്തെ പുസ്തകം ഏതാണ്ട് എഴുതിത്തീര്‍ത്തപ്പോള്‍ അതാരും വായിക്കുകയില്ലെന്ന് സംശയിച്ച് ചുരുട്ടിക്കൂട്ടി വെണ്ണീരിടുന്ന കുട്ടയില്‍ നിക്ഷേപിച്ചു.


അതോടു കൂടി ഒരു വലിയ ഭാരം ഒഴിവായതായി തോന്നി.അതിലും ശരിയായി പറഞ്ഞാല്‍ തന്റെ സമചിത്തത വീണ്ടെടുത്തതായി തോന്നി.സാധാരണ പതിവുപോലെ രാവിലെയുള്ള നടത്തത്തില്‍ അന്നൊരു തടാകത്തിന്റെ കരയില്‍ ഒരു കൃഷിക്കാരന്‍ ഒന്നിനും കൊള്ളാത്ത ഒരു ഭൂമി കൊത്തി മറിക്കുന്നുണ്ടായിരുന്നു.അയാള്‍ക്ക് സഹജമായ സാഹിത്യകാരന്‍‌മാരോടുള്ള ബഹുമാനം ക്രോണിനോടും കാണിക്കാറുണ്ട്.ക്രോണിന്‍ കാര്യം തുറന്നു പറഞ്ഞു.ആ കര്‍‌ഷകന്‍ എന്ത് വികാരത്തോടു കൂടിയാണ്‌ നോക്കിയതെന്ന് ക്രോണിന്‌ പറയുവാന്‍ വയ്യ.അയാള്‍ ക്രോണിനോടു പറഞ്ഞു,"ഞാന്‍ പഠിപ്പില്ലാത്തവനാണ്‌,നിങ്ങള്‍ പഠിപ്പുള്ളയാളും.നിങ്ങളായിരിക്കും ശരി.ഈ ഭൂമി എന്റെ അച്ഛന്‍ അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ കൊത്തിക്കിളച്ച് ഒരു പുല്ലു പോലും മുളപ്പിക്കുവാന്‍ കഴിഞ്ഞില്ല.ഞാനും ഇത് കൊത്തിക്കിളച്ചുകൊണ്ടേയിരിക്കുന്നുണ്ട്.ഇതു വരെയായി ഒന്നും മുളച്ചിട്ടില്ല.മുളച്ചാലും ഇല്ലെങ്കിലും കിളക്കാതിരിക്കുവാന്‍ നിവൃത്തിയില്ല.എന്റെ അച്ചനറിയാമായിരുന്നു,എനിക്കറിയും ചെയ്യാം,കിളച്ചെങ്കിലേ വല്ലതും മുളക്കൂ എന്ന്".കൂടുതലൊന്നും പറയാതെ കൃഷിക്കാരന്‍ തന്റെ ജോലി ചെയ്തുകൊണ്ടേയിരുന്നു.ക്രോണിന്‍ ധൃതിപ്പെട്ട് വീട്ടില്‍ തിരിച്ചെത്തി.വെണ്ണീര്‍ക്കുട്ടയില്‍ നിന്നും ചുരുട്ടിയെറിഞ്ഞ തന്റെ പുസ്തകം വീണ്ടെടുത്തു.അത് തലേ ദിവസത്തെ ചാറ്റല്‍ മഴയില്‍ ഒത്തിരി നനഞ്ഞിരുന്നു.വെണ്ണീര്‍ കുട്ടയിലുള്ള തീക്കനലില്‍ ഏതാണ്ട് കരിഞ്ഞുമിരുന്നു.ആ കടലാസുകളെല്ലാം നിവര്‍ത്ത് വെയിലിട്ട് ഉണക്കി,ബാക്കി ഭാഗം വലിയ ജ്വരത്തോടെ എഴുതിത്തീര്‍ത്തു.അയാള്‍ ഏതോ ഒരു പഴയ കാറ്റലോഗില്‍ നോക്കി ഒരു പ്രസിദ്ധീകരണക്കാര്‍ക്ക് അയച്ചു കൊടുത്തു.അതിനെപ്പറ്റി തീരെ മറന്നു.കുറെ ദിവസം കഴിഞ്ഞപ്പോള്‍ ആ പ്രസിദ്ധീകരണക്കാര്‍ ഒരു മറുപടിയയച്ചു.അതില്‍ അമ്പത് പവന്റെ ഒരു ചെക്കുമുണ്ടായിരുന്നു.'നന്നായിട്ടുണ്ട്,തുടര്‍ന്നെഴുതുക'എന്നൊരു കുറിപ്പും.ഇതാണ്‌ ലോകത്തില്‍ പല ഭാഷകളിലും തര്‍‌ജ്ജമ ചെയ്യപ്പെട്ടതും സിനിമാസീരിയലുകളായി വന്നിട്ടുള്ളതുമായ 'ഹാറ്റേഴ്‌സ് കസില്‍' എന്ന പ്രസിദ്ധപുസ്തകം.ഇത്രയും പറഞ്ഞുകൊണ്ട് ഒരു പുസ്തകരൂപത്തിലാക്കിക്കൊണ്ടു വരാന്‍ ആഗ്രഹിച്ചുകൊണ്ടുള്ള എന്റെ എഴുത്തും,അതുപോലെ ശ്ലാഘനീയമാകുമെന്ന് ഞാന്‍ കരുതുന്നില്ല.
ക്രോണിന്‍ ഉപേക്ഷിച്ച തന്റെ കൃതി വീണ്ടെടുത്ത് പൂരിപ്പിച്ച് പൂര്‍‌ത്തിയാക്കിയില്ലായിരുന്നുവെങ്കില്‍ ലോകത്തിന്‌ ഒരു ഉത്തമഗ്രന്ഥം നഷ്ടമാകുമായിരുന്നു.ഞാന്‍ അതുപോലെ ഇതുപേക്ഷിച്ച് വലിച്ചെറിഞ്ഞാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടുവാനില്ല.
ഞാന്‍ കര്‍ണ്ണാടക തീരത്തു കൂടെ വളരെ സാവധാനം വടക്കോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു.കൈയിലൊരൊ റേക്കോര്‍‌ഡ് പുസ്തകം പോലെ ഒരെണ്ണം കരുതിയിരുന്നു.കണ്ട് മുട്ടുന്നവര്‍ക്കുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനായിരുന്നു അത്.കണ്ടു മുട്ടിയ എല്ലാവരുടെയും അഭിപ്രായങ്ങള്‍ ശേഖരിക്കുക അസാധ്യമാണ്‌.കണ്ടു മുട്ടിയ എല്ലാവരുംതന്നെ മിക്കവാറും എന്നെ പ്രോല്‍‌സാഹിപ്പിക്കുകയാണ്‌ ചെയ്തത്.അതില്‍ ചിലരുടെ പേര് ഞാന്‍ പറയാം.
പയ്യന്നൂര്‍ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.പി.കെ.സുരേന്ദ്രനാഥ്,ഐ.ജി.മേനോന്‍ -എക്സൈറ്റിങ്ങ് അഡ്‌വഞ്ചര്‍‌-എന്നാണ്‌ ഐ.ജി.മേനോന്‍ പറഞ്ഞത്.പ്രൊഫ.സുരേന്ദ്രനാഥ് എനിക്ക് നിറഞ്ഞ മനസ്സോടെ ആശംസകള്‍ നേര്‍ന്നു.ഡല്‍‌ഹിയിലെത്തിയപ്പോള്‍ എം.കെ.കെ.നായരെ കണ്ടു മുട്ടി.ഡല്‍‌ഹി യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍‌സലര്‍ ആയിരുന്ന ഡോ.കെ.എന്‍.രാജ്, പി.കെ.കൃഷ്ണമേനോന്‍,വി.കെ.മാധവന്‍ കുട്ടി തുടങ്ങിയവര്‍ എനിക്ക് ആശംസകള്‍ നേര്‍‌ന്നവരില്‍ പെടുന്നു.ഇതില്‍ കൃഷ്ണമേനോന്‍ എനിക്ക് പാലൊഴിക്കാത്ത ഒരു ചായയും തന്നു.
താരാപ്പൂര്‍ അറ്റോമിക് റിസര്‍‌ച്ച് സെന്ററില്‍ എത്തിയപ്പോള്‍ ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍‌ഡ് എന്നെ തടഞ്ഞു.അടുത്തതായി ഒരു പാക്കിസ്ഥാന്‍ ചാരന്‍ രഹസ്യമായി കടന്ന് പല വിവരങ്ങളും ശേഖരിച്ച് കടന്നു കളഞ്ഞു.അതില്‍ പിന്നെ ആരേയും കടത്തി വിടരുത് എന്ന് ഡയറക്‌റ്ററുടെ കര്‍‌ശന കല്‍‌പനയുണ്ട്.ഞാന്‍ ആ ഗാര്‍‌ഡിനോട് പറഞ്ഞു.സെക്യൂറിറ്റി ചീഫിനെ ഒന്നു ഫോണില്‍ ബന്ധപ്പെടാന്‍ അനുവദിക്കുവാന്‍.ഞാനയാളോട് സംസാരിച്ചപ്പോള്‍ അയാളൊരു മലയാളിയാണെന്ന് മനസ്സിലായി.ഇതേ വിഷമങ്ങള്‍ അയാളും അവതരിപ്പിച്ചു.ഒടുവില്‍ ഞാന്‍ അയാളോടപേക്ഷിച്ചു,ഡയറക്‌റ്ററോട് നേരിട്ട് സംസാരിക്കുവാന്‍ പറ്റുമോ എന്ന്.ഡയറക്റ്റര്‍ ഒരു ദയാല്‍,വളരെ നല്ല മനുഷ്യന്‍.അദ്ദേഹം അനുവദിച്ചു.ഞാന്‍ ആദ്യം സംസാരിച്ച സെക്യൂറിറ്റി ചീഫിന്‌ നിര്‍‌ദ്ദേശം നല്‍‌കി,എന്നെ ഈ ആണവകേന്ദ്രം മുഴുവന്‍ ചുറ്റിക്കാണിക്കുവാന്‍ വേണ്ടി.ഏതാണ്ടെല്ലാം കണ്ടതിനു ശേഷം കണ്‍ട്രോള്‍ റൂമിലെത്തി.അതിനകത്ത് കടന്നപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത വിഭ്രാന്തിയാണുണ്ടായത്.അവിടെയും ധാരാളം മലയാളികളുണ്ടായിരുന്നു.വലിയ ബസ്സിന്റെയും വിമാനത്തിന്റേയും ഡാഷ് ബോര്‍‌ഡുകള്‍ പോലുള്ളവ കോണ്ട് നിറഞ്ഞ ഒരു മുറിയായിരുന്നു.ആ ആണവകേന്ദ്രത്തിന്റെ ഏതു മൂലയിലും എന്ത് സംഭവിച്ചാലും കണ്‍‌ട്രോള്‍ റൂമില്‍ ഉടനടി സിഗ്നല്‍ കിട്ടും.എനിക്ക് അവരുടെ കണ്‍‌ട്രോള്‍ റൂമിലുള്ള കാര്യങ്ങളൊന്നും മനസ്സിലായില്ല.ആ സന്ദര്‍‌ശനം കഴിഞ്ഞ് മടങ്ങാറായപ്പോള്‍ ഒരു മലയാളി ഉദ്യോഗസ്ഥന്‍ എനിക്ക് വല്ല അണുപ്രസരവും ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുവാന്‍ വേണ്ടി ഒരു ഹോള്‍ ബോഡി സ്കാനിങ്ങ് നടത്തി."ഒന്നും സംഭവിച്ചിട്ടില്ല,നിങ്ങള്‍ക്ക് പോകാം എന്ന് പറഞ്ഞ് യാത്രയാക്കി.അദ്ദേഹവും ഒരു മലയാളിയായിരുന്നു.രാജസ്ഥാനില്‍ ജലവാഡ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ചില സി.ബി.ഐ ഉദ്യോഗസ്ഥന്‍‌മാര്‍ എന്നെ ഷാഡോ ചെയ്ത് കൊണ്ടിരുന്നു..അവര്‍ അതെന്നോട് നേരിട്ട് പറയുകയും ചെയ്തു.വൈകുന്നേരം അവിടുത്തെ കളക്‌ടര്‍ രാമചന്ദ്രന്‍ എന്നയാള്‍ എന്നെ സ്നേഹപൂര്‍‌വം സല്‍‌ക്കരിച്ചിരുത്തി,അദ്ദേഹത്തിന്റെ മക്കള്‍‌ക്ക് എന്നെ പരിചയപ്പെടുത്തി.
രാജസ്ഥാന്‍ കഴിഞ്ഞ് ,കുര്‍‌ഗാവ് എന്ന സ്ഥലത്തുകൂടെ കടന്ന് ഡല്‍‌ഹിയിലെത്തി.ഡല്‍‌ഹി എയര്‍‌പ്പോര്‍ട്ടില്‍ വെച്ചാണ്‌ പ്രസിദ്ധനായ എം.കെ.കെ നായരെ കണ്ടുമുട്ടിയത്.അദ്ദേഹം ഭിലായ് ഉരുക്കു നിര്‍മ്മാണശാലയുടെ ഡയറക്‌റ്ററായിരുന്നപ്പോള്‍,എന്റെ അനുജന്‍ കേരള ഗവര്‍മെന്റില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ അവിടെ ജോലി ചെയ്‌തിരുന്നു.എം.കെ.കെ നായര്‍ അവിടുന്ന് മാറിപ്പോകുന്ന അവസരത്തില്‍ എന്റെ അനുജന്‍ എനിക്കെഴുതി-'ഇനി ഞാന്‍ ഇവിടുന്ന് വിടുകയാണ്‌'.ഇക്കാര്യം ഞാന്‍ എം.കെ.കെ നായരോട് പറഞ്ഞപ്പോള്‍ അദ്ദേഹം തമാശയായി പറഞ്ഞു,"അതാരാണ്‌ ആ വമ്പന്‍" എന്ന്.അതു കഴിഞ്ഞ് വി.കെ.മാധവന്‍ കുട്ടിയെ പരിചയപ്പെട്ടു.മാതൃഭൂമിയുടെ ബ്യൂറോ ചീഫായിരുന്ന കെ.പി.ഉണ്ണികൃഷ്ണന്‍ അവിടെ ഉണ്ടായിരുന്നു.അദ്ദേഹം എന്നോട് ചിലരെ ചെന്നു കാണുവാന്‍ പറഞ്ഞു.,അതൊന്നും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.കേന്ദ്രമന്ത്രിയായിരുന്ന വി.കെ.ആര്‍.വി.റാവു,ചുരുങ്ങിയ നേരത്തെ അഭിമുഖം അനുവദിച്ചു.എന്റെ അധ്യാപകനായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ജിയെ ചെന്ന് നോക്കി,അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല.പിന്നെ വി.കെ.കൃഷ്ണമേനോനെ ചെന്ന് കണ്ടു.അദ്ദേഹം പാല്‍ ചേര്‍ക്കാത്ത ഒരു ഗ്ലാസ്സ് ചായ എനിക്കു തന്നു.നല്ല മനുഷ്യനായിരുന്നു.സ്നേഹപൂര്‍‌വം കുറച്ചു നേരം സംസാരിച്ചു.
ഡല്‍‌ഹിയില്‍ നിന്നും കാശ്‌മീരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.കല്‍‌ക്കത്ത വഴി സഞ്ചരിച്ച് ജമ്മുവിലെത്തി,ബനിഹാള്‍ തുരങ്കത്തിലൂടെ കടന്ന് കാശ്‌മീരില്‍ പ്രവേശിച്ചു.ഡല്‍‌ഹിയില്‍ നിന്നും വടക്കോട്ടാണല്ലോ കാശ്‌മീരും സിം‌ലയും മറ്റുമുള്ളത്.ആദ്യം ശ്രീനഗറിലേക്ക് പോയോ,അല്ല സിം‌ലക്ക് പോയോ എന്നു തന്നെ ഒരു സംശയമായി വെച്ചിരുന്നു.എല്ലാം പടിപടിയായി തീയതി വെച്ചെഴുതിയ ഒരു ചെറിയ ഡയറിയുണ്ടായിരുന്നു.അതു കിട്ടിയാല്‍ ഏറെക്കുറെ കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയും.പക്ഷെ,ഞാന്‍ പ്രസിദ്ധിയാര്‍ജ്ജിക്കുവാന്‍ വേണ്ടി ഉപകരിക്കപ്പെടുന്ന സാധനങ്ങളാണ്‌ ഇവയെന്ന് കരുതാതെ അശ്രദ്ധയോടു കൂടി ആ ഡയറികളൊക്കെ എവിടെയെങ്കിലും ഇട്ടേക്കാറ് പതിവാണ്‌.അങ്ങനെയാണ്‌ ഗാന്ധിയുടെ കൂടെ ഉണ്ടായിരുന്നപ്പോള്‍ എഴുതിയ ഡയറിയൊക്കെ എങ്ങോട്ടു പോയെന്ന് മനസ്സിലാകാതെ വന്നത്.ഗാന്ധിയുടെ സെക്രട്ടറി പ്രൊഫ.നിര്‍മ്മല്‍ കുമാര്‍ ബോസ് പറഞ്ഞത് ശരിയാണ്‌.ഒരവസരത്തില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് പ്രധാനി രവിശങ്കര്‍ ശുക്ലാജിയുടെ എഴുത്തോടുകൂടി ഒരു ചെറുപ്പക്കാരന്‍ ഗാന്ധിജിയെ സമീപിച്ചു.അയാളോട് ഗാന്ധിജി പറഞ്ഞു ,"ശുക്ലാജിയോട് പറയൂ നിങ്ങളുടെ ജോലി അവിടെത്തന്നെയെന്ന് ഞാന്‍ പറഞ്ഞിരിക്കുന്നു എന്ന്".ആ ചെറുപ്പക്കാരുടെ സ്ഥിതി കണ്ടപ്പോള്‍ എനിക്ക് അത്‌ഭുതം തോന്നി.എന്നെ ഗാന്ധിജി പെട്ടെന്ന് സ്വീകരിച്ച് കൂടെ താമസിച്ചു കൊള്ളാന്‍ അനുവദിച്ചത് എങ്ങനെയാണെന്ന്.അതിന്‌ പ്രൊഫ.നിര്‍മ്മല്‍ കുമാര്‍ ബോസ്സ് പറഞ്ഞത് "തനിക്ക് അത്തരം അവസരങ്ങള്‍ ഉപയോഗിച്ച് വലിയ ആളായിത്തീരുവാന്‍ ഉള്ള വിചാരമൊന്നും ഇല്ലെന്ന് ഗാന്ധിജിയ്ക്ക് മനസ്സിലായതുകൊണ്ടാണ്‌".ഏതായാലും അത് ശരിയാണ്‌.അല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ ഡയറിയും മറ്റു രേഖകളും ഭദ്രമായി വെക്കുമായിരുന്നു.അങ്ങനെയാണ്‌ ഈ സൈക്കിള്‍ യാത്രയെപ്പറ്റിയുള്ള ഡയറിയും എവിടെയാണെന്ന് കാണുവാന്‍ പ്രയാസമായി വന്നു.രണ്ടു ദിവസമായി,അതന്വേഷിച്ചു നടക്കുകയായിരുന്നു.വാരി വലിച്ചിട്ട പുസ്തകങ്ങളുടെ കൂട്ടത്തില്‍ അത് തിരക്കാനുള്ള ശരീരസുഖം എനിക്ക് പോരായിരുന്നു.ഇന്നലെ എന്റെ പേരക്കുട്ടിയോട് ,പ്ലസ്‌ടു വിന്‌ പഠിക്കുന്ന ചിത്രയോട് മോളേ അതൊന്ന് തിരഞ്ഞെടുക്കണമെന്ന് പറഞ്ഞു.ഞാന്‍ കാപ്പി കഴിച്ചിട്ട് വരാം എന്ന് പറഞ്ഞു.ഞാന്‍ മുകളില്‍ പോയി എന്റെ മുറിയില്‍ ഉള്ള പുസ്തകങ്ങള്‍‌ക്കിടയില്‍ വലിയ ക്രമമില്ലാതെ ഒന്ന് തിരഞ്ഞപ്പോള്‍ അത് കിട്ടി.അതോടെ വലിയ സന്തോഷവുമായി.
അതില്‍ കാശ്‌മീറില്‍ തന്നെയാണ്‌ ആദ്യം പോയത്.എന്റെ യാത്രയില്‍ ഞാന്‍ ഓരോ സ്ഥലത്തും എത്തുന്നത് അവിടുത്തെ കാലാവസ്ഥ തീരെ യോജിക്കാത്ത സമയങ്ങളിലായിരുന്നു.കാശ്‌മീരിലെത്തിയത് ഡിസംബറിലാണ്‌.ഒരു ഹൗസ് ബോട്ടില്‍ താമസമുറപ്പിച്ചു.അച്ഛന്‍ മരിച്ചു പോയ ഒരു ചെറിയ കുട്ടി അവന്റെ അമ്മയുമൊത്ത് നടത്തിക്കൊണ്ടു പോന്ന ഒരു ഹൗസ് ബോട്ടായിരുന്നു അത്.


കാശ്‌മീറില്‍ നിന്നും താഴോട്ടിറങ്ങി,ഹിമാചല്‍ പ്രദേശിലൂടെ സഞ്ചരിച്ചു.ഹിമാചല്‍ പ്രദേശില്‍ ധര്‍‌മ്മശാല എന്ന പ്രദേശം അതിമനോഹരമായിരുന്നു.അവിടെയൊരു കുന്നിന്‍ പുറത്താണ്‌ ദലൈലാമ താമസിച്ചിരുന്നത്.ദലൈലാമയെ കാണുവാന്‍ പറ്റുമോ എന്ന് ശ്രമിച്ചു.സെക്യൂരിറ്റി കാരണങ്ങളാല്‍ അനുവാദം കിട്ടിയില്ല.ഇനിയങ്ങോട്ടുള്ള യാത്ര കുറച്ച് ധൃതിയിലാക്കണം.കണ്ടു മുട്ടിയ ഓരോരുത്തരേയും പേരെടുത്തെഴുതി കൃതജ്ഞത പ്രകടിപ്പിക്കണമെന്നുണ്ട്.പക്ഷെ,അത് സാധ്യമല്ല.പ്രത്യേകിച്ച് മലയാളികള്‍ സര്‍‌വകഷ്ടങ്ങളുമനുഭവിച്ച് സ്വന്തം വീട്ടില്‍ നിന്നും എത്രയോ ആയിരം നാഴിക അകലെപ്പോയി ജീവിതമാര്‍‌ഗം കണ്ട് പിടിക്കുന്നതില്‍ ഏര്‍‌പ്പെട്ടിരിക്കുന്നത് കാണുമ്പോള്‍ ഒരു സഹതാപം തോന്നി.ഹിമാചല്‍ പ്രദേശില്‍ നിന്ന് സമതലത്തിലേക്ക് എത്തി യു.പി.യിലേക്കുള്ള യാത്ര ആരംഭിച്ചപ്പോള്‍ പര്‍‌വതപ്രദേശങ്ങളില്‍ കഴിച്ചു കൂട്ടിയ സുഖങ്ങള്‍ ഇല്ലാതായപ്പോള്‍ ഒരു വിഷമം തോന്നി.യു.പി യിലെ കാണ്‍‌പൂരും മറ്റുമെത്തിയാല്‍ അവിടെ ഏതാനും നാളുകള്‍ താമസിക്കും.യു.പി യിലെ ബഡാഇമാം‌പാര,ഛോട്ടാ‌ഇമാം‌പാര എന്നീ പ്രാചീനകെട്ടിടങ്ങള്‍ അദ്‌ഭുതകരം തന്നെയാണ്‌.യു.പി യില്‍ നിന്ന് ബീഹാറിലേക്ക് കടന്നാല്‍ ചെറിയ ഒരു മന:പ്രയാസമുണ്ടാക്കിയ സ്ഥലം നക്‌സല്‍ ബാരിയായിരുന്നു.യു.പി യില്‍ നിന്നും സാവധാനത്തില്‍ ആസ്സാമിലേക്ക് പ്രവേശിച്ചു.ആസ്സാം ഒരു ഇരുട്ട് നിറഞ്ഞ സ്ഥലമായി തോന്നി.പൊതുവില്‍ ജനങ്ങള്‍ അലസന്‍‌മാരായി തോന്നി.പ്രകൃതി അവരെ അനുഗ്രഹിച്ചതാണ്‌ അതിനുള്ള കാരണം.വെള്ളം കെട്ടി നില്‍‌ക്കുന്ന സ്ഥലങ്ങളില്‍ വലിയ മരത്തൂണുകള്‍ അടിച്ച് താഴ്‌ത്തി ,അതിന്റെ മുകളില്‍ ഒരു ഷെഡ് പോലെ കെട്ടിയാണ്‌ അവിടുത്തുകാര്‍ മിക്കവാറും താമസിക്കുന്നത്.അവിടെയിരുന്നു കൊണ്ട് കൈ നിറയെ നെല്ല് വാരി വിതച്ചാല്‍ കാലമാകുമ്പോഴേക്കും അത് നല്ല പൊന്‍‌വിള തരും.ഇരിക്കുന്ന സ്ഥലത്തുനിന്നും കൈ വെള്ളത്തിലേക്ക് നീട്ടിയാല്‍ സുലഭമായി മത്‌സ്യങ്ങളും കിട്ടും.പിന്നെ അവര്‍ അലസരാകുന്നതില്‍ അദ്‌ഭുതമില്ലല്ലോ?ആസ്സാമിലൂടെ പോകുമ്പോള്‍ കൂടുതലും ക്രിസ്തീയ മതപ്രവര്‍ത്തകരുടെ പ്രവര്‍‌ത്തനമേഖലകള്‍ കാണാനിടയായി.


മണിപ്പൂര്‍ കടന്നു പോയി.അവിടുന്നങ്ങോട്ട് ,നാഗാലാന്‍‌ഡില്‍ കടക്കുമ്പോള്‍ ഒരു ചെറിയ ഭയം തോന്നിയിരുന്നു.പക്ഷെ,ഒരു നാഗാക്കാരനും എന്നെ അലട്ടിയില്ല.കൊഹിമയില്‍ പ്രശസ്തമായ ഒരു സെമിത്തേരിയുണ്ട്.അതിലൂടെ കടന്നു പോകുമ്പോള്‍ ആ ശ്മശാനത്തില്‍ എത്ര നേരം വേണമെങ്കിലും കഴിച്ചു കൂട്ടാമെന്ന് തോന്നും.പിന്നെ മിസ്സോറാം,അവിടെയുള്ള ജനങ്ങള്‍ ഏതാണ്ടൊരു ചൈനീസ് പ്രകൃതിയുള്ളവരാണ്‌.മിസ്സോറാമില്‍ നിന്നും കല്‍‌ക്കത്തയിലെത്തി.


മുമ്പ് വിട്ടു പോയ ഒരു സംഭവം ഞാന്‍ പറയാനാഗ്രഹിക്കുന്നു.മധ്യപ്രദേശിലെ കൊള്ളക്കാരുടെ കേന്ദ്രമായ ചം‌ബല്‍ താഴ്‌വരയിലൂടെ കടന്നു പോകുവാനുള്ള ഒരുക്കത്തില്‍ പോയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ഒരു പീടിക വരാന്തയില്‍ കുറേ ബീഡി ചുരുട്ടുകാര്‍ പ്രവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്നതു കണ്ടു.ഞാനവനെ കടന്നു പോയ ഉടനെ അതില്‍ ആരോ ഒരാള്‍ ഉച്ചത്തില്‍ പറയുന്നതു കേട്ടു."ആ നമ്മുടെ മാഷല്ലേ പോവുന്നത്?".അപ്പോള്‍ ഞാന്‍ ഡംഭൊന്നും കാണിക്കാതെ അവര്‍‌ക്കരികിലേക്ക് പോയി.അത് തലശ്ശേരിക്കടുത്തുള്ള കതിരൂര്‍ എന്ന സ്ഥലത്തെ ഒരു അബ്ദുള്ളയുടെ സ്ഥാപനമായിരുന്നു.ശിവസേനയുടെ എതിര്‍‌പ്പൊക്കെയുള്ള കാലം.എങ്കിലും അബ്ദുള്ളയെ അവര്‍ ചാച്ചാ അബ്ദുള്ള എന്നാണ്‌ വിളിക്കാറ്.അദ്ദേഹത്തോട് ബഹുമാനവും സ്നേഹവുമായിരുന്നു."ഞാന്‍ ചമ്പല്‍ വാലിയിലേക്ക് പോകേണ്ടതു കൊണ്ട് ധൃതിപ്പെട്ട് പോകുകയാണെന്ന്" പറഞ്ഞു.അപ്പോള്‍ ചാച്ചാ അബ്ദുള്ള പറഞ്ഞു:"ഭയപ്പെടേണ്ട,ഒരു പത്തമ്പത് സൈക്കിളുകാരെ ചമ്പല്‍ വാലി കഴിയുന്നതു വരെ കൂട്ടത്തില്‍ വിട്ടു തരാം".അങ്ങനെ ഉച്ച ഭക്ഷണം കഴിഞ്ഞ്,കിടന്നുറങ്ങി,എഴുന്നപ്പോള്‍ അവര്‍ യോഗം ചേര്‍ന്നിരിക്കുന്നതു കണ്ടു.വളരെ സ്നേഹവും ബഹുമാനവും ഉള്ളവരാണ്‌ അവര്‍.അതിലൊരാള്‍ പറഞ്ഞു."നിങ്ങള്‍ ഈ വഴിക്ക് പോകുമെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ മാലയിട്ടു സ്വീകരിക്കുവാന്‍ നല്ല പുഷ്പമാലയൊക്കെ ഏര്‍‌പ്പാട് ചെയ്യുമായിരുന്നു.ഇനി അതിന്‌ നിവൃത്തിയില്ലല്ലോ?.ഞങ്ങള്‍ ചാര്‍‌ത്തുന്ന കടലാസ്സ് മാല കൊണ്ട് തൃപ്ത്തിപ്പെടേണ്ടി വരും".അങ്ങനെ യോഗം അവസാനിച്ചപ്പോള്‍ ഒരാള്‍ വന്ന് ഒരു കടലാസ് മാല ചാര്‍ത്തി.ആ മാല മുഴുവന്‍ കറന്‍‌സി നോട്ടുകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു.
അപ്പോള്‍ ഞാന്‍ പറഞ്ഞു,"ഇത് പൊതുജനങ്ങള്‍ കാണുന്നുണ്ട്,ഞാന്‍ കുറേ നോട്ടുകെട്ടുകളുമായി പോകുന്നത്"എന്ന്."ഭയപ്പെടേണ്ട,ഞങ്ങള്‍ ബഹുദൂരം നിങ്ങളെ അനുഗമിക്കുന്നതാണ്‌" എന്ന് അവര്‍ പറഞ്ഞു.
ഇനി വീണ്ടും മുന്നോട്ട് പോകാം.നാഗാലാന്‍‌ഡിലേക്ക് കടക്കുന്നതിനു മുമ്പായി ഒരു കുളത്തില്‍ ഇറങ്ങിക്കുളിച്ചു.കൊടും തണുപ്പില്‍ കുളത്തിലിറങ്ങി കുളിക്കുകയോ?പക്ഷെ ആ കുളത്തിലെ വെള്ളം ചൂടുള്ളതായിരുന്നു.അതൊരു സംഭവമാണ്‌.


ഹരിദ്വാറില്‍ നിന്നും ലക്ഷ്‌മണ്‍ ജൂല തൂക്കുപാലവും കടന്ന് ഋഷികേഷിലെ പല ആശ്രമങ്ങളും സന്ദര്‍‌ശിച്ച് അവസാനമായി എത്തിച്ചേര്‍ന്നത് മഹേഷ് യോഗിയുടെ ആശ്രമത്തിലായിരുന്നു.അതു വളരെ വിസ്താരമേറിയതും വളരെ മനോഹരമായി വെച്ചിട്ടുള്ളതുമായ ഒരു ഉദ്യാനം പോലെയുള്ള സ്ഥലമായിരുന്നു.അവിടെ സ്വദേശികളും വിദേശികളുമായ പലരും പല യോഗാസനങ്ങളിലും ഇരിക്കുന്നതായി കണ്ടു.മഹര്‍‌ഷി മഹേഷ് യോഗി സ്ഥലത്തുണ്ടായിരുന്നില്ല.അദ്ദേഹം വിദേശ പര്യടനത്തിനു പോയിരിക്കുകയായിരുന്നു.നമ്മുടെ ഇന്ത്യയിലെ മഹാത്മാക്കളില്‍ ഒട്ടു മുക്കാല്‍ പേരും പ്രശസ്തി നേടുന്നത് വിദേശങ്ങളിലൂടെയാണ്‌ എന്നെനിക്കൊരു സംശയം.അതു തെറ്റാണെന്ന് പറയുന്നില്ല.സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ പോയതോടെയാണ്‌ പ്രശസ്തി വര്‍ദ്ധിച്ചത്.അദ്ദേഹത്തിനൊരു വിദേശ ശിഷ്യയുമുണ്ടായിരുന്നു‌-സിസ്റ്റര്‍ നിവേദിത.


ആശ്രമത്തിലെ മറ്റു മുതിര്‍ന്ന മുനിവര്യന്‍‌മാരെ കണ്ടു മുട്ടി സംസാരിച്ചു.ഒരു മൂന്നു ദിവസം കൃത്യമായി അവിടെച്ചെന്നാല്‍ അവരെന്നെ അതീന്ദ്രിയധ്യാനത്തിലേക്ക് പ്രവേശിപ്പിക്കാമെന്ന് പറഞ്ഞു.അതിന്‌ വലിയ ചെലവൊന്നുമില്ല.ഒരു ഉറുമാലിന്റെ വലുപ്പത്തിലുള്ള പുത്തന്‍ ശീല,കുറച്ച് ചന്ദനത്തിരികള്‍,കുറച്ച് പുഷ്പം,ഒരു നാണയം, ഇവ മതിയായിരുന്നു..അവര്‍ പറഞ്ഞു,അതീന്ദ്രിയ ധ്യാനം പരിശീലിച്ചാല്‍ സൈക്കിളില്‍ കൂടിയുള്ള എന്റെ ഭാരത പര്യടനത്തിന്‌ വേണ്ട ശക്തി കിട്ടുമത്രെ.മറുപടിയായി ഞാന്‍ പറഞ്ഞു."വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ അതിനു വേണ്ട മനോശക്തിയും ശാരീരിക തയ്യാറെടുപ്പും ആയിട്ടാണ്‌ ഞാന്‍ പുറപ്പെട്ടത്".


തേസ്‌പൂരില്‍ നിന്നും സുബാന്‍‌ഡിലി,സിയാങ്ങ് ജില്ലകളിലേക്ക് കടക്കുവാന്‍ ഇന്നര്‍‌ലൈന്‍ പെര്‍മിറ്റിനു വേണ്ടി ,രാജപാളയത്തുകാരന്‍ കേണല്‍ എ.കെ.കെ രാജയെ ചെന്നു കണ്ടു.
എന്തൊരു വിരോധാഭാസമാണ്‌,നമ്മുടെ ജന്മനാട്ടില്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ പെര്‍‌മിറ്റെടുക്കേണ്ടി വരിക.
ഡല്‍ഹിയില്‍ വെച്ചു നടന്ന ഒരു സംഭവം പറയാന്‍ വിട്ടു പോയത് ഇവിടെ കുറിക്കാം.ഡല്‍ഹി സെക്രട്ടറിയേറ്റിലെ ഒരു ജോയിന്റ് സെക്രട്ടറിയോ മറ്റോ ആയിരുന്ന ശ്രീ കെ.കെ.നായരെ ചെന്നു കണ്ടു.അദ്ദേഹം ഒരു സാഹിത്യകാരനാണ്‌.കൃഷ്ണചൈതന്യ എന്ന തൂലികാനാമത്തിലാണ്‌ രചനകള്‍.എന്റെ ഈ സൈക്കിള്‍ യാത്രയെപ്പറ്റി അദ്ദേഹത്തിന്‌ നല്ല അഭിപ്രായമായിരുന്നില്ല.കുടുംബത്തെയൊക്കെ വേദനിപ്പിക്കുന്ന ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം.കുരുക്ഷേത്രത്തില്‍ എന്‍.കെ.ബാലകൃഷ്ണന്‍ , തവിടില്‍ നിന്നും എണ്ണയെടുക്കുന്ന ഒരു ഫാക്‌‌ടറി ഒരു വലിയ പണക്കാരനു വേണ്ടി സ്ഥാപിച്ചു കൊടുത്ത് സുഖമായി കഴിയുന്നു.അദ്ദേഹത്തിനൊപ്പം കുരുക്ഷേത്ര യൂണിവേഴ്‌സിറ്റിയും മറ്റും ചുറ്റിക്കണ്ടു.




പഞ്ചാബിലെ രാജ്‌പൂരില്‍ ഓയിസ്‌കാ ഇന്റര്‍‌നാഷണല്‍ ലെയ്‌സണ്‍ ഓഫീസറെ കണ്ടു.അവിടെ വേള്‍‌ഡ് ഹെഡ് ക്വാര്‍‌ട്ടേഴ്സ് 'YOCHOMACHI-SHINJUKUKU ' ചുറുചുറുക്കുള്ള ജപ്പാന്‍‌കാര്‍ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.അവരെയൊക്കെ പരിചയിക്കുവാന്‍ കിട്ടിയ സന്ദര്‍ഭം ഉപയോഗിച്ച് ഓയിസ്കയില്‍ നല്ല ഒരു പദവിയിലെത്താമായിരുന്നു.എനിക്കതിനുള്ള കഴിവില്ല.ഞാനെവിടെ ചെന്നാലും ഉയര്‍‌ന്നു പോകാനുള്ള സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്താറില്ല.


പട്യാലയിലെ രണ്ട് ദിവസത്തെ സന്ദര്‍‌ശനം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്‌.അവിടുത്തെ നാഷണല്‍ ഇന്‍‌സ്റ്റി‌റ്റുട്ട് ഓഫ് സ്പോര്‍‌ട്‌സിലെ ജെ.എസ്.സാനി ,സീനിയര്‍ അത്‌ലറ്റിക് കോച്ച് ,ബാസ്‌കറ്റ് ബോള്‍ കോച്ച് കോട്ടയത്തുകാരന്‍ സാം ജോസഫ് ഒക്കെയായി പരിചയിച്ചത് വളരെ ഉപകാരപ്രദമായി.ജലന്ധറിനടുത്ത് കര്‍‌ത്താര്‍‌പൂരില്‍ ഒരു പോലീസ് സ്റ്റേഷനില്‍ രാത്രി കഴിച്ചുകൂട്ടുവാന്‍ അവസരം ലഭിച്ചു.ഉറങ്ങാന്‍ കിടന്നപ്പോള്‍ പാക്കിസ്ഥാന്‍കാരനാണെന്ന് സംശയിച്ച് ഒരാളെ ചോദ്യം ചെയ്യുകയും അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതായി കണ്ടു.എനിക്കേതാണ്ട് ഉറക്കം വന്നപ്പോള്‍ ഒരു പോലീസ്‌കാരന്‍ എന്നെ ഉണര്‍ത്തി,വേറെ ഒരു സ്ഥലത്തെത്തിച്ചു.സിം‌ലയില്‍ 'ഹോട്ടല്‍ അരോമ'യില്‍ താമസിച്ചു.പിന്നീട് യാരോവില്‍ IA&AS പ്രൊബേഷനേഴ്സിന്റെ ഗസ്റ്റ് ഹൗസില്‍ താമസ സൗകര്യം കിട്ടി.ദിവസ വാടക വെറും രണ്ടു രൂപ,അമ്പതു പൈസ മാത്രം..നല്ല ഒന്നാന്തരം ലൈബ്രറി ഉണ്ടായിരുന്നു അവിടെ.ഏത് പുസ്തകങ്ങള്‍ വായിക്കണമെന്ന് നിശ്ചയിക്കുവാന്‍ വിഷമായിരുന്നു.സുധീര്‍ ഘോഷിന്റെ 'ഗാന്ധിജി എ മിസറി' എന്ന പുസ്തകം വായിച്ചു.നല്ല ഭക്ഷണമായിരുന്നു,സുഖവാസവുമായിരുന്നു.


സിം‌ലയിലെ റോക്ക് ഹൗസില്‍ ചെന്ന് ബാബാ കൃഷ്ണാജിയെ കണ്ടു.ചെറുവത്തൂരിലെ(പയ്യന്നൂരിനപ്പുറം) അച്യുതന്റെ മകനായിരുന്നു.സാവിത്രി എന്നു പേരായ വലിയ ശമ്പളക്കാരി,ഒരു മലയാളിയും കൂടെയുണ്ട്.
കൃഷ്ണാജി സംസാരിക്കുകയില്ല,മൗനിയാണ്‌.എല്ലാവരും അദ്ദേഹത്തെ മൗനിബാബ എന്നാണ്‌ വിളിക്കുക.അദ്ദേഹം കാര്യങ്ങള്‍ കയ്യാംഗ്യം കൊണ്ട് കാണിച്ചാല്‍ സാവിത്രിയാണ്‌ അതെന്താണെന്ന് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കുക.ഖാരുപേട്ടയിലെ ദല്‍‌ഗോങ്ങ്,ചിക്ക്വാന്‍ മട്ടിറയില്‍ ടിന്നു കൊണ്ട് മേഞ്ഞ ഒരു ചെറിയ മുസ്ലിം പള്ളി കണ്ടു.അത് പള്ളിയാണെന്ന് എനിക്ക് മനസ്സിലായില്ല.അതിന്റെ തൊട്ടടുത്ത് ഒരു കിണറും,സിമന്റിട്ട നിലവും,ബക്കറ്റും കയറും മറ്റുമുണ്ടായിരുന്നു.വസ്ത്രം കഴുകലും,കുളിയും മറ്റും കഴിക്കാമെന്ന് കരുതിയപ്പോള്‍ ,അകത്ത് ആളുകള്‍ നമാസ്(നമസ്കാരം) നടത്തുന്നത് കണ്ടു.അപ്പോള്‍ അവരെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതി പള്ളിയുടെ വരാന്തയില്‍ നല്ല വൃത്തിയുള്ള സ്ഥലത്ത് കിടന്നുറങ്ങി.എഴുന്നേറ്റപ്പോള്‍ പ്രാര്‍ഥന കഴിഞ്ഞ് പുറത്തു വരുന്നവരുടെ ഫോട്ടോ എടുക്കുവാന്‍ നോക്കി.ഒരു വൃദ്ധനായ മുസ്ലിം പറഞ്ഞു"അതവരുടെ മതവിശ്വാസത്തിനെതിരാണെന്ന്.
പ്രകൃതിയുടെ ഫോട്ടോ മാത്രമേ എടുക്കുവാന്‍ പാടുള്ളൂ.മരം,കാട്,ചെടി മുതലായവയുടെ മാത്രം.ഞാനവരോട് ചോദിച്ചു,ഇപ്പോഴത്തെ ഇന്ത്യന്‍ പ്രസിഡന്റ് ഇവയിലേതെങ്കിലും ആണോ എന്ന്.കൂടുതല്‍ പറഞ്ഞ് അവരെ പ്രകോപിപ്പിക്കുവാന്‍ ഞാനൊരുങ്ങിയില്ല.തീരെ പരിചയമില്ലാത്ത പ്രദേശങ്ങളില്‍ കൂടിയും ജനങ്ങളുടെ ഇടയില്‍ കൂടിയും കടന്നു പോകുമ്പോള്‍ നമ്മുടെ പെരുമാറ്റത്തെപ്പറ്റി നാം വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.


തേസ് പൂരിലെത്തിയപ്പോള്‍ അതിര്‍ത്തി ജില്ലകളായ സുബാന്‍കസറി,സിയാങ്ങ്,എന്നീ സ്ഥലങ്ങളിലൂടെ കടന്നു പോകുവാന്‍ സെക്യുറിറ്റി കമ്മീഷണറുടെ ഇന്നര്‍ ലൈന്‍ പെര്‍മിറ്റെടുക്കണം.സെക്യൂറിറ്റി കമ്മീഷണര്‍ രാജപാളയക്കാരന്‍ കേണല്‍ എ.കെ.കെ രാജയായിരുന്നു.നല്ല സൗഹാര്‍ദ്ദപൂര്‍‌വമായ പെരുമാറ്റം.ആസ്സാം പൊതുവെ ഒരു ഇരുണ്ട പ്രദേശമാണ്‌.അവിടെക്കൂടെ കടന്നു പോകുവാന്‍ വലിയ ഉന്‍‌മേഷം തോന്നുകയില്ല.പക്ഷെ ആസ്സാമികളും തെക്കെ ഇന്ത്യക്കാരും വളരെ സ്നേഹപൂര്‍‌വമായ രീതിയില്‍ പെരുമാറുകയും ആതിഥ്യമര്യാദകള്‍ കാണിക്കുകയും ചെയ്‌തതു കൊണ്ട് യാത്ര ക്ലേശകരമായി തോന്നിയില്ല.മറ്റൊരു കെ.എസ്.മേനോന്‍, കിമ്മത്ത് സംഘ ഓട്ടോ കോര്‍‌പ്പറേഷന്‍ ആണ്‌,എടുത്തു പറയത്തക്ക മഹാമനസ്‌കതയുള്ള മറ്റൊരാള്‍.ഫുല്‍‌ബാരി ചായത്തോട്ടത്തില്‍ ഫാക്റ്ററി എഞ്ചിനീയര്‍.അദ്ദേഹം എന്റെ സ്നേഹിതന്‍ കല്‍‌ക്കട്ടയിലെ ചണമില്‍ വ്യവസായവുമായി ബന്ധപ്പെട്ട ഒരു ശേഖര്‍ദാസിന്റെ മകനായിരുന്നു.പ്രബീറിന്റെ ഭാര്യ ഗുജറാത്തിലെ കച്ചില്‍ ജനിച്ച് വളര്‍‌ന്ന ഒരാളാണെങ്കിലും കല്‍‌ക്കട്ടയിലെ ദീര്‍ഘകാല താമസം അവരെ വിശാലമന‌സ്‌കയാക്കിത്തീര്‍ത്തിരുന്നു.പിന്നീട് എടുത്തു പറയാന്‍ പറ്റിയ ഒരു മഹാന്‍ സുരാണോ മോട്ടോര്‍‌സിന്റെ മേലധികാരി പി.ജി.നായര്‍ ആയിരുന്നു.അങ്ങനെ ആസ്സാം കടന്ന് കല്‍‌ക്കട്ടയില്‍ തിരിച്ചെത്തിയപ്പോള്‍ സെന്‍‌ട്രല്‍ അവന്യൂവിലെ എന്റെ സ്‌നേഹിതന്‍ വി.അനന്തന്‍ ബാപ്പു ആന്റ് ബാപ്പു കമ്പനി ഉടമസ്ഥന്‍ ,കണ്ണൂര്‍ തളാപ്പ് പ്രദേശക്കാരനായ ശ്രീ.കുഞ്ഞാപ്പുവിനെ പരിചയപ്പെടുത്തി.സാമ്പത്തികമായും മറ്റു തരത്തിലും എന്നെ സഹായിക്കുവാന്‍ അദ്ദേഹം തയ്യാറായി.


പിന്നീട് പ്രശസ്ത വീരസാഹസികനായ മിഹര്‍ സിംഗിനെ ചെന്നു കാണുവാന്‍ തീര്‍‌ച്ചപ്പെടുത്തി.ധാരാളം ആളുകള്‍ ജോലി ചെയ്യുന്ന ഒരു വലിയ കമ്പനിയുടെ ഉടമയായിരുന്നു അദ്ദേഹം.എന്നെ സ്‌നേഹപൂര്‍‌വം സ്വീകരിച്ച് ,തന്റെ ഭാര്യ ഒരു ബ്രിട്ടീഷുകാരി ബല്ലയോട് എന്നെപ്പറ്റി പുകഴ്‌ത്തി സംസാരിച്ചു.അവര്‍ എന്നെ ചായപലഹാരങ്ങള്‍ കൊണ്ട് സല്‍‌ക്കരിച്ചു.കല്‍‌ക്കട്ട വിട്ട് മിഡ്‌നാപൂരിലൂടെ യാത്ര ചെയ്തു.പിന്നീട് ഒറീസയിലേക്ക് കടന്നു.പുരിയിലെത്തി.ഗാംഗി എന്ന സ്ഥലത്ത് ഒരു മലബാര്‍ ഹോട്ടലില്‍ ഊണ്‍ കഴിച്ചു.
ഒറീസ്സയിലൂടെ യാത്ര ചെയ്ത് പോകുമ്പോള്‍ പള്ളിക്കൂടം വിട്ട് വീട്ടിലേക്ക് തിരിച്ചു പോകുന്ന കുറച്ച് കുട്ടികളെ കണ്ടു.അതില്‍ ഒരു ഐ.എ.എസ്സ് കാരന്‍ ഉദ്യോഗസ്ഥന്റെ മക്കളും ഉണ്ടായിരുന്നു.കൊണാരക്കിലെ സൂര്യക്ഷേത്രം,എത്ര കണ്ടാലും മതിവരാത്ത ഒരു ശില്‍‌പ്പമായിരുന്നു.




കുടക് റവറന്‍‌സോ കോളേജ് നല്ല അനുഭവമായിരുന്നു.അതിനടുത്ത് റാണിഹട്ട് എന്ന സ്ഥലത്തെ ഇന്‍ ചെക്ക് ടയേഴ്‌സിലെ സെയില്‍സ് മാനായ സദാശിവം രണ്ട് സൈക്കിള്‍ ടയറുകള്‍ തന്നു.റവറന്‍‌സോ കോളേജ് ഹോസ്‌റ്റല്‍ വൃത്തിഹീനമായിരുന്നു.പല്ലു തേച്ച വേപ്പിന്‍ കുറ്റികള്‍ കുന്നു കൂടി കിടന്നിരുന്നു.അവിടം വിട്ട് കുറച്ച് മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരു ക്രിസ്തീയ പള്ളിയിലെ റവ.ഫാ.സബാസുന്ദരം കുറച്ചു മുമ്പ് ഒരു കേരളീയന്‍ വന്ന് തന്നെ പറ്റിച്ച വിവരങ്ങള്‍ പറഞ്ഞു.മേലാല്‍ ഒരാളെയും ഇനി താന്‍ വിശ്വസിക്കില്ലെന്നും ആര്‍ക്കും ഒരഭയം കൊടുക്കില്ലെന്നും പറഞ്ഞു.നവഖാലിക്കാരന്‍ ഭൗമിക്,ഭുവനേശ്വര്‍ സ്റ്റേഷന്‍ മാസ്‌റ്റര്‍ .വാതില്‍ വന്ന് തട്ടി.ഞാന്‍ രണ്ടു ദിവസം കൂടി അവിടെ നില്‍‌ക്കുവാന്‍ അനുവാദം ചോദിച്ചു.ജനവരി 21 ന്‌ ഖന്നിലാല്‍ ബാഗില്‍ രാത്രി ധര്‍മ്മശാലയില്‍ താമസിച്ചു.എഴുപത്തഞ്ച് പൈസ കൊടുത്തു.അടുത്ത രാത്രി ബക്സിജഗത് ഹൈ സ്കൂളില്‍ താമസിച്ചു.പിപ്പ്‌ലിജതാനി വഴി കുര്‍‌ദയില്‍ എത്തി.അടുത്ത് താംഗിയില്‍ കമ്പുപാനി ഛദ്ദി എന്ന മാസ്‌റ്ററുടെ വക ശിക്ഷയിലുള്ള ഭക്ഷണം കിട്ടി.വൈകുന്നേരം ബാലുഗാന്‍,ചില്‍‌ക്ക ലേക്ക് വ്യൂ വില്‍ എത്തി.ബറാം പൂരില്‍ ഇച്ഛാമ്പൂര് ,ആന്ധ്ര കഴിഞ്ഞ് കഖാസിംബു റെയില്‍ വേ സ്റ്റേഷന്‍ എത്തി.പിന്നെ ടക്കാലി എത്തി.അടുത്തുള്ള മലബാര്‍ ഹോട്ടലില്‍ ഊണ്‍ കഴിച്ച് ,ഡക്കാനിയില്‍ നിന്ന് ഏഴര മണിക്ക് പുറപ്പെട്ട് 47 നാഴിക ദൂരമുള്ള ശ്രീഖാകുളം കഴിഞ്ഞ് പിന്നെയും 15 നാഴിക നീളമുള്ള റാണാസ്ഥലിയിലെത്തി.
തലശ്ശേരിയിലെ സരസ്വതിട്ടീച്ചറുടെ ബന്ധുവായ മറൈന്‍ ഇലക്‌ട്രിക് എഞ്ചിനീയര്‍ ടി.ടി.മാധവനെ പരിചയപ്പെട്ടു.അത് വളരെ ഉപകാരപ്രദമായി.അയാളുടെ കൂടെ INS സര്‍ക്കാരില്‍ ചെന്നു.കമാണ്ടര്‍ മുകുന്ദനെ കണ്ടു.പിന്നെ ലെഫ്റ്റിനന്റ് കമാന്റര്‍ കെ.കെ.രാമനെ കണ്ടു.അദ്ദേഹം റിയര്‍ അഡ്‌മിറല്‍ കെ.ആര്‍.നായരുടെ അടുത്തു കൊണ്ടു പോയി.അദ്ദേഹം നൂറു രൂപ തന്നു.കാലിക്കറ്റ് ക്രിസ്ത്യന്‍ കോളേജ് പ്രൊഫസര്‍ എം.ബി.ശ്രീധരന്റെ ജ്യേഷ്ടന്‍ ഭാസ്‌കരന്റെ ശിഷ്യരായ മൂന്നു നാലു പേരെ പരിചയിച്ചു...

4 comments:

Anonymous said...

please make the following corrections (for readability)
1. publish in fragments.
2. chose large fonts, not bold ones.
3. place the text in paragraphs wherever possible.

thanks

anushka said...

thank you for your suggestions.but i have some difficulty in it,i do not know how i can chose large fonts.i will try to place it in paragraphs.

Anonymous said...

ബ്ലോഗ്ഗറില്‍ ഇടതുവശത്ത് font എന്നതിന്റെ വലത്,T T കാണുന്നില്ലേ, അദ്ദാണു സൈസ് കൂട്ടാനുള്ള വിദ്യ. ഞെക്കിയാല്‍ മതി, എത്ര വേണേലും വീര്‍പ്പിക്കാം! ഹഹ!

anushka said...

ഇദ്ദേഹം രണ്ടു മാസം മുമ്പ് ഈ ലോകത്തു നിന്നും യാത്രയായി..