മൃണാളിനി സാരാഭായ് ഭാരതത്തിന്റെ നര്‍ത്തകിയായിരുന്നു.നമ്മുടെ കലകളുടെ യശസ്സ് അവര്‍ ലോകം മുഴുവന്‍ പരത്തി.പ്രശസ്തനായ അമ്മയുടേയോ,പ്രശസ്തയായ അമ്മയുടേയോ തണലില്ല അവര്‍ ലോകം കീഴടക്കിയത്.പദ്മശ്രീയടക്കം അനവധി ബഹുമതികള്‍ നേടിയിട്ടുള്ള മൃണാളിനി സാരാഭായി എഴുത്തുകാരി,നൃത്തസംവിധായക,സംഘാടക എന്നീ രീതിയിലും പ്രശസ്തയാണ്.നര്‍ത്തകിയും നടിയുമായ മല്ലികാ സാരാഭായി അവരുടെ മകളാണ്.
ഹൃദയത്തിന്റെ സ്വരം എന്ന ഈ പുസ്തകത്തിലൂടെ തന്റെ ജീവിതവൃത്തം വരച്ചുകാട്ടുകയാണ് മൃണാളിനി.പ്രശസ്ത അഭിഭാഷകനായിരുന്ന സുബ്ബരാമസ്വാമിനാഥന് ആയിരുന്നു മൃണാളിനിയുടെ അച്ഛന്.നാലു മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു മൃണാളിനി.
പുസ്തകത്തിലെ ആദ്യഅധ്യായം തന്നെ അച്ഛനെക്കുറിച്ചാണ്.ചെറിയ നിലയില്‍ നിന്ന് അദ്ദേഹം എങ്ങിനെ ഉയരത്തിലെത്തി എന്ന് മൃണാളിനി വിശദീകരിക്കുന്നു.മൃണാളിനിയുടെ കുട്ടിക്കാലത്തുതന്നെ സ്വാമിനാഥന് ഈ ലോകം വിട്ടു പോയി.1930-ല്‍ ആയിരുന്നു അത്.
രാജ്യത്തു നടന്നുവന്ന സമരങ്ങളും ,സ്ത്രീകളും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനവും മൃണാളിനിയുടെ അമ്മയായ അമ്മു സ്വാമിനാഥനെ ആകര്‍ഷിച്ചു.അവര്‍ കോണ്‍ഗ്രസില്‍ ചേരുകയും നിയമനിര്മ്മാണസഭാംഗമാകുകയുമൊക്കെ ചെയ്തു.പക്ഷെ,അമ്മയെന്ന നിലയില്‍ അവര്‍ ഒരു പരാജയമായിരുന്നെന്ന് മൃണാളിനി പറയുന്നു.അമ്മ തങ്ങളെ അധികമൊന്നും ശ്രദ്ധിച്ചില്ലെന്നുമാത്രമല്ല ,എപ്പോഴും പരുഷമായി പെരുമാറുകയും ചെയ്തുവെന്ന് മൃണാളിനി ഓര്‍ക്കുന്നു.ഒറ്റക്ക് ബാത്റൂമില്‍ പൂട്ടിയിടുന്നതുപോലുള്ള കഠിനശിക്ഷകളില്‍ നിന്നാണ് ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭയം തന്നില്‍ വളര്‍ന്നു വന്നതെന്ന് മൃണാളിനി കരുതുന്നു.
അതോടൊപ്പം തന്റെ ബാല്യകാലത്തെ അനവധി ആഹ്ലാദനിമിഷങ്ങള്‍ മൃണാളിനി ഓര്‍ക്കുന്നു.സഹോദരിയോടൊപ്പം മറീനാബീച്ചില്‍ കുളിച്ചിരുന്നത്,ടെന്നീസ് കളി പഠിച്ചത്,ദീപാവലി ആഘോഷിക്കുന്നത്, വേനലവധിക്ക് അമ്മൂമ്മയുടെ തറവാട്ടില്‍ പോകുന്നത് ,സരോജിനി നായിഡു,രാജകുമാരി അമൃത് കൗര്‍ തുടങ്ങി പല മഹാത്മാക്കളുമായുള്ള ബന്ധങ്ങള്‍,അമ്മയോടൊപ്പം നടത്തിയ വിദേശയാത്ര എന്നിങ്ങനെ ഒട്ടനവധി സന്ദര്‍ഭങ്ങള്‍.
കുട്ടിക്കാലം മുതല്ക്കുതന്നെ മൃണാളിനിക്ക് നൃത്തം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.മൃണാളീനിയുടെ കുടുംബത്തില്‍ നൃത്തത്തിന്റേയോ,സംഗീതത്തിന്റെയോ പാരമ്പര്യമൊന്നുമുണ്ടായിരുന്നില്ല.എങ്കിലും താനൊരു നര്‍ത്തകിയാണെന്ന ഉറച്ച വിശ്വാസം മൃണാളിനിക്കുണ്ടായിരുന്നു.നൃത്തം പഠിക്കാന്‍ പല സ്ഥലങ്ങളും അന്വേഷിച്ച ശേഷം മൃണാളിനി ,രുഗ്മിണീദേവി അരുണ്ഡേലിന്റെ ഡാന്‍സ് അകാദമിയായ കലാക്ഷേത്രത്തില്‍ ചേര്‍ന്നു.പിന്നീട് മൃണാളിനി ,കത്തുമന്നാര്‍ കോവിലിലെ മുത്തുകുമാരപിള്ളയുടെ കീഴില്‍ പഠിച്ചു.അദ്ദേഹമാണ് ഭരതനാട്യത്തിന്റെ യഥാര്‍ഥ പാരമ്പര്യത്തിലേക്ക് മൃണാളിനിയെ ഉയര്‍ത്തി വിട്ടത്.മികച്ച അധ്യാപകനായിരുന്നു അദ്ദേഹം.അഗാധമായ ഒരു ഗുരുശിഷ്യബന്ധമായിരുന്നു അത്.മൃണാളിനി നൃത്തത്തിനു വേണ്ടി പൂര്‍ണമായി സമര്‍പ്പിച്ചു.മൃണാളിനി പറയുന്നു:"ചെന്നൈയിലെ ഇരമ്പുന്ന കടല്‍ എനിക്കുവേണ്ടി നൃത്തം വെച്ചു,എന്റെ ഉദ്യാനത്തിലെ തെങ്ങോലകളും എനിക്കായി നൃത്തം വെച്ചു.ചൂളമരത്തിന്റെ മര്‍മരശബ്ദം,കണറിനുകുറുകെ കെട്ടിയിരിക്കുന്ന മരത്തിന്റെ വള്ളികളില്‍ വെള്ളമെടുക്കാന്‍ കയറുന്ന തോട്ടക്കാരന്റെ മൂളല്‍ എന്നിവയൊക്കെ എന്റെ ആദ്യസംഗീതമായി.എന്റെ ശരീരം നൃത്തം ചെയ്യുന്നതിനു മുമ്പു തന്നെ എന്റെ ആത്മാവ് നൃത്തം ചെയ്തു കഴിഞ്ഞിരുന്നു."
ഊട്ടിയില്‍ വേനലവധി ചെലവഴിക്കുമ്പോള്‍ വിക്രം സാരാഭായിയെ ആദ്യമായി കണ്ടതിനെപ്പറ്റി മൃണാളിനി രസകരമായി എഴുതുന്നു.സാരാഭായി കുടുംബത്തെ മൃണാളിനി പരിചയപ്പെടുകയും അവരുമായി നല്ല അടുപ്പമുണ്ടാകുകയും ചെയ്തു.ഊട്ടിയില്‍ നിന്ന് തിരിച്ചു പോകുമ്പോള്‍ സാരാഭായി കുടുംബത്തെ ഇനിയൊരിക്കലും കാണുകയില്ലെന്നാണ് മൃണാളിനി കരുതിയിരുന്നത്.
ശാന്തിനികേതനവും ഗുരുദേവ് രവീന്ദ്രനാഥ് ടാഗോറുമായും ഉള്ള ബന്ധമാണ് അടുത്തതായി മൃണാളിനി വിവരിക്കുന്നത്.ശാന്തിനികേതനത്തില്‍ ചേര്‍ന്ന മൃണാളിനിക്ക് അവിടം ഒരു മാതൃകാപരമായ അന്തരീക്ഷമായി തോന്നി.ടാഗോറിന് പ്രിയങ്കരിയായിരുന്ന മൃണാളിനി ,ഗുരുദേവിന്റെ നാടകങ്ങളില്‍ പ്രധാനവേഷം ചെയ്യാന്‍ നിയോഗിക്കപ്പെടുകയും ചെയ്തു.ബംഗാളി ഭാഷയുടെ സൗന്ദര്യം മൃണാളിനി അറിഞ്ഞത് ഗുരുദേവ് ടാഗോറില്‍ നിന്നാണ്.
ശാന്തിനികേതനില്‍ ഗ്രാമങ്ങളിലേക്കുള്ള വിനോദയാത്ര പതിവായിരുന്നു.ചിലപ്പോള്‍ ശാന്തിനികേതന്‍ നൃത്തസംഘം ബംഗാളിലുടനീളം പര്യടനം നടത്തുകയും ചെയ്തു.
ഇടയ്ക്ക് അമേരിക്കയില്‍ പ്രസംഗപര്യടനം നടത്തിയ അമ്മയോടൊപ്പം യാത്ര ചെയ്യാന്‍ മൃണാളിനിക്ക് അവസരം കിട്ടി.യാത്രയിലെ ഓരോ അനുഭവവും തനിക്ക് വിദ്യാഭ്യാസത്തിന്റെ ഓരോ അധ്യായങ്ങളായിരുന്നെന്ന് മൃണാളിനി എഴുതുന്നു.അവിടെ തന്നെ സ്വാധീനിച്ച അനവധി സംഭവങ്ങള്‍ മൃണാളിനി വിവരിക്കുന്നു.
മൃണാളിനി ശാന്തിനികേതനിലായിരിക്കുമ്പോള് പ്രസിദ്ധനര്ത്തകനായിരുന്ന രാം ഗോപാല്‍ അദ്ദേഹത്തോടൊപ്പം നൃത്താവതരണം നടത്താന്‍ അവരെ ക്ഷണിക്കുകയും മൃണാളിനി അത് സ്വീകരിക്കുകയും ചെയ്തു.ബാംഗ്ലൂരിലായിരുന്നു അത്.
അന്ന് ബാംഗ്ലൂരില്‍ പഠിക്കുകയായിരുന്ന വിക്രം സാരാഭായിയുമായി വീണ്ടും കണ്ടുമുട്ടാനിടവരികയും അവര്‍ തമ്മില്‍ അടുത്ത സൗഹൃദം വളര്‍ന്ന് വരികയും ചെയ്തു.സൗഹൃദം പ്രണയമായി മാറി.സമ്മാനമായി വിക്രം പട്ടിക്കുട്ടിയെ കൊടുത്തയച്ച കഥയും, പ്രണയം വിവാഹത്തില്‍ ചെന്നെത്തിയ കഥയുമെല്ലാം മൃണാളിനി സരസമായി വിവരിക്കുന്നു.
സ്വാതന്ത്ര്യസമരത്തിന്റെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ് വിവാഹം നടന്നത്.വിക്രം സാരാഭായി പൂര്‍ണമായും വ്യവസായത്തിലും ലബോറട്ടറി ജോലികളിലും മുഴുകിയിരിക്കെ മൃണാളിനിക്ക് കടുത്ത ഏകാന്തതയാണ് അനുഭവപ്പെട്ടത്.
ക്വിറ്റ്-ഇന്ത്യാ സമരത്തില്‍ പങ്കെടുക്കെ പോലീസിന്റെ വെടി കൊണ്ടതാണ് മറ്റൊരു പ്രധാനസംഭവം.
പ്രകടനത്തിന്റെ പുറകിലത്തെ നിരയില്‍ വിക്രമിന്റെ കൂടെ നീങ്ങിക്കൊണ്ടിരിക്കെ ഒരു വെടിയുണ്ട മൃണാളിനിയുടെ മുഖത്തു വന്നു പൊട്ടി.മൃണാളിനിയുടെ കണ്ണിന് ഗുരുതരമായ പരിക്കുപറ്റി.ദീര്‍ഘവും യാതനാഭരിതവുമായ രോഗചികില്‍സയുടെ ആരംഭമായിരുന്നു അത്.വീണ്ടും നൃത്തം ചെയ്യാനാകുമോയെന്നൊക്കെ ആശങ്ക തോന്നി.മൃണാളിനി തന്റെ മനോബലത്താല്‍ അതിനേയും അതിജീവിച്ചു.നൃത്തത്തിലേക്ക് തിരിച്ചു വരാന്‍ അവര്‍ക്ക് കഠിനമായ വേദനകള്‍ അനുഭവിക്കേണ്ടി വന്നു.
യുദ്ധം കഴിഞ്ഞപ്പോള്‍ വിക്രം കേംബ്രിഡ്ജിലേക്ക് തിരികെ പോയി.മൃണാളിനി അദ്ദേഹത്തെ അനുഗമിച്ചു.കേംബ്രിഡ്ജിലെ അവരുടെ ജീവിതം ആഹ്ലാദഭരിതമായിരുന്നു.അവിടെ നൃത്തപരിപാടികള്‍ അവതരിപ്പിക്കാനും അവര്‍ക്ക് പറ്റി.
ബാംഗ്ലൂരില്‍ തിരിച്ചെത്തിയതിനു ശേഷം മൃണാളിനി സാരാഭായി ദര്പണ അകാദമി രൂപീകരിച്ചു.പുസ്തകത്തിന്റെ തുടര്‍ന്നുള്ള ഭാഗം ദര്‍പ്പണയുടെ കൂടെ കഥയാണ്.നൃത്തത്തിനായി ജീവിതം സമര്‍പ്പിച്ച ഒരു കൂട്ടം കലാകാരന്മാരുടെ കഥ കൂടിയാണ് അത്.യാതനാപൂര്‍ണ്ണമായ വിദേശയാത്രകളുടെ കഥകള്‍ നമ്മുടെ പല ധാരണകളെയും മാറ്റി മറിക്കും.അതിനിടക്ക് മൃണാളിനി രണ്ടു കുട്ടികളുടെ അമ്മയായി മാറിയിരുന്നു.വിക്രമിന്റെ കഥ പറയുമ്പോഴും,കാര്‍ത്തികേയ,മല്ലിക എന്നീ രണ്ട് കുട്ടികളുടെ കഥ പറയുമ്പോഴുമൊന്നും അവരുടെ നൃത്തജീവിതവും വ്യക്തിജീവിതവും തമ്മില്‍ വലിയ വേര്‍തിരിവൊന്നും കാണുന്നില്ല.പൂച്ചയ്ക്ക് അഹമ്മദ് എന്ന പേരിട്ടപ്പോളുണ്ടായ കോലാഹലത്തെപ്പറ്റി വായിക്കുമ്പോള്‍ നമുക്ക് തമാശ തോന്നും ,ലോകം ഇന്നും വളരെയൊന്നും മുന്നോട്ട് പോയില്ലെന്ന് നമുക്കറിയാമെങ്കിലും.അഹമ്മദാബാദ് നഗരത്തെ ഓര്‍മ്മിക്കാന്‍ പൂച്ചക്ക് ആ പേരിട്ട മൃണാളിനിക്ക് അവസാനം ക്ഷമ ചോദിച്ച് രക്ഷപ്പെടേണ്ടി വന്നു.
മകന് കാര്‍ത്തികേയയുടെ പ്രണയവും വിവാഹവും ,മകള്‍ മല്ലികയുടെ വിവാഹവും വിവാഹമോചനവുമെല്ലാം അവര്‍ വിശദമായി വിവരിക്കുന്നു.രാഷ്ട്രത്തിനു വേണ്ടി കഠിനമായി ജോലി ചെയ്യേണ്ടി വന്ന വിക്രം സാരാഭായിയുടെ പെട്ടെന്നുള്ള മരണം നമ്മെയും ദു:ഖിപ്പിക്കുന്നു.ഇത് മൃണാളിനി സാരാഭായിയുടെ ആത്മകഥയായിരുന്നെങ്കിലും ഇതില്‍ ഉയര്‍ന്നു കാണുന്ന വ്യക്തിത്വം ഇന്ത്യയുടെ മഹാനായ ആ ശാസ്ത്രജ്ഞന്റേതാണ്.
1 comment:
Brilliant narration, Vrajesh.
Post a Comment