Monday, January 22, 2007

കമ്പി - വൈദ്യുതവേലി

മാനന്തവാടിയില്‍ നിന്ന് തിരുനെല്ലിയിലേക്ക് ഏകദേശം മുപ്പതിരണ്ട് കിലോ മീറ്ററുണ്ട്.
കാട്ടിക്കുളം എന്ന സ്ഥലത്തുനിന്നും പാത രണ്ടായി തിരിഞ്ഞ് ഒന്നു മൈസൂര്‍ക്കും മറ്റേത് തിരുനെല്ലിക്കും പോകുന്നു.കാട്ടിക്കുളത്തു നിന്നും തിരുനെല്ലിയിലേക്കുള്ള റോഡ് മുഴുവനായും കാട്ടിലൂടെയാണ്.
എട്ടു കിലോമീറ്റര്‍ ദൂരെ തെറ്റ് റോഡ് എന്ന സ്ഥലത്തുവെച്ച് ഈ റോഡ് തെറ്റി ഒരു റോഡ് കുടകിലേക്ക് പോകുന്നു.തോല്‍‌പ്പെട്ടി വന്യമൃഗസങ്കേതത്തിലൂടെ കുടകിലെ കുട്ട എന്ന അതിര്‍ത്തി ഗ്രാമത്തിലെത്തുന്നു.ഏത് അതിര്‍ത്തി സ്ഥലം പോലെയും ഒരു പാട് ബ്രാണ്ടി ഷാപ്പുകളുള്ള ഒരു സ്ഥലമാണ് കുട്ട.ഒരു പാട് മലയാളികള്‍ ഇവിടെയുണ്ട്.തെറ്റ് റോഡില്‍ നിന്ന് തെറ്റാതെ നേരെ ഒരു പന്ത്രണ്ട് കിലോമീറ്റര്‍ പോയാല്‍ തിരുനെല്ലി അമ്പലത്തിലെത്താം.
തെറ്റ് റോഡിലാണ് പ്രസിദ്ധമായ ഉണ്ണിയപ്പക്കടയുള്ളത്.ഈ വഴി പോയവര്‍ ഇവിടെ നിര്‍ത്തി ഉണ്ണിയപ്പം കഴിച്ച് പോയിട്ടുണ്ടാകം.സാക്ഷരന്റെയൊക്കെ ബ്ലോഗിലും ഈ ഉണ്ണിയപ്പത്തെപ്പറ്റി നാം വായിച്ചിട്ടുണ്ട്.
ഇന്റര്‍നെറ്റിലൊക്കെ വന്നപ്പോള്‍ ഉണ്ണിയപ്പത്തിന്റെ വില്പ്പന നന്നായി കൂടിയെന്ന് ഉണ്ണിയപ്പം വില്‍ക്കുന്ന കുട്ടേട്ടന്‍ കഴിഞ്ഞയാഴ്ച കണ്ടപ്പോള്‍ പറഞ്ഞിരുന്നു.ഏഴു ടെലിവിഷന്‍ ചാനലുകളിലും ഉണ്ണിയപ്പം വന്നിരുന്നുവെന്ന് അദ്ദേഹം പറയുന്നു.ഒരു ദിവസം ആറായിരം-ഏഴായിരം ഉണ്ണിയപ്പമൊക്കെ ഇപ്പോള്‍ പോകുന്നു. ഇരുനൂറ്-മുന്നൂറ് എണ്ണമൊക്കെയാണ് ഓരോരുത്തരും  വാങ്ങുന്നത് .
കുട്ടേട്ടന്റെ കടയില്‍ ഉണ്ണിയപ്പം മാത്രമല്ല സ്വാദിഷ്ടമായ ഇഡ്‌ഡലിയും കിട്ടുമെന്ന് പലര്‍ക്കുമറിയില്ല.രുചികരമായ ഇഡ്‌ഢലിയുടെ കൂടെ ഒരു പാത്രത്തില്‍ ഇഷ്ടം പോലെ സാമ്പാറും ചമ്മന്തിയും കിട്ടും.

തെറ്റ് റോഡില്‍ നിന്നും തിരുനെല്ലിയിലേക്കുള്ള വഴിയില്‍ അപ്പപ്പാറ എന്ന സ്ഥലമുണ്ട്.ഇവിടെ നിന്ന് ഒരു റോഡ് വലത്തോട്ട് തിരിഞ്ഞ് അരണപ്പാറ എന്ന സ്ഥലത്തു കൂടെ തോല്‍‌പ്പെട്ടിലെത്തുന്നു.അപ്പപ്പാറയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയും ഒരു സ്കൂള്‍,വില്ലേജ് ഓഫീസ്,ഫോറസ്റ്റ് ഓഫീസ് എന്നിവയാണ് ഉള്ളത്.കൂടാതെ കുറച്ച് കടകളും ചായക്കടകളും പിന്നെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഒരു ഓഫീസും.

ഇവിടെയുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്.രാത്രിയായാല്‍ ആന ക്വാര്‍ട്ടേഴ്സിന്റെ മുറ്റത്തൊക്കെയെത്തി തിരിഞ്ഞ് കളിക്കുന്ന സ്ഥലം.ഒരിക്കല്‍ ഒരു ആന വീട്ടിനകത്തിരുന്നു വായിക്കുകയായിരുന്ന ഒരു ഡോക്‌റ്ററെ ജനലിനുള്ളിലൂടെ തോണ്ടി വിളിക്കുകയുണ്ടായി.പിറ്റേന്ന് തന്നെ ഡോക്ടര്‍ സ്വന്തം സ്ഥലമായ തിരുവനന്തപുരത്തെത്തി.പിന്നീടതു വഴി വന്നിട്ടേയില്ല.മന്ത്രി ബാലന്‍ കഴിഞ്ഞ വര്‍ഷം ആശുപത്രിക്ക് വൈദ്യുതി കൊടുത്തതില്‍ പിന്നെ ആനശല്യം കുറവത്രെ.ഈ ആശുപത്രി കുറച്ചു കാലം മുമ്പ് ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ത്തിരുന്നു.ഇവിടെ വെച്ച് ഒരു കുട്ടി മരിച്ചതില്‍ പ്രതിഷേധിച്ച് ആളുകള്‍ ആശുപത്രിയും ഡോക്ടറുടെ വീടും അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ ഓടിച്ചു വിടുകയും ചെയ്തു.രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അനുയായികളാണ് ആശുപത്രി ആക്രമിച്ചത്.പാര്‍ട്ടിയുടെ യൂണിയന്റെ അംഗങ്ങളായിരുന്നു ജീവനക്കാര്‍.അവര്‍ക്കാര്‍ക്കും ആക്രമിച്ച സംഘത്തിലെ ഒരാളെപ്പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല.പിന്നെ,പോലീസ് സ്റ്റേഷനിലും നമ്മുടെ ആളുകളല്ലേ?അതിനാല്‍ കേസൊന്നുമില്ല.എത്ര മനോഹരമായ ജനാധിപത്യം?


ഈ വഴി യാത്ര ചെയ്യുമ്പോള്‍ ഇതു മുഴുവന്‍ കാടാണല്ലോയെന്ന് നമുക്ക് തോന്നും.പക്ഷെ,ഇവിടുത്തെ കുന്നുകളില്‍ കയറി നോക്കിയാല്‍ നാം കാണുന്നത് കാടല്ല,വിശാലമായ നെല്‍‌വയലുകളും അതിനിടയില്‍ കുറച്ചു കാടുമാണ്.


അപ്പപ്പാറയില്‍ റോഡരികില്‍ തന്നെ ഒരു നായരുചേട്ടന്റെ കടയുണ്ട്.നെയ്യപ്പത്തിനു പ്രസിദ്ധമായ കട.നായരുചേട്ടന്‍ മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ വന്നതാണ്.തിരുവനന്തപുരമാണ് സ്വദേശം.
നായരുചേട്ടന്‍ പറയുന്നത് മുമ്പൊന്നും ഇവിടെ ആനശന്യം ഇത്ര ഉണ്ടായിട്ടില്ലെന്നാണ്.കാടിന്റെ വലുപ്പം കുറഞ്ഞപ്പോള്‍ ആനകള്‍ക്ക് കാട്ടില്‍ തീറ്റയില്ലാതായി.അതു കൊണ്ടാണ് നാട്ടിലെ കൃഷി തേടി ആനയിറങ്ങുന്നത്.പഴുത്ത ചക്കയും വാഴക്കുലയുമൊക്കെ ആനകള്‍ക്ക് വളരെ ഇഷ്ടമാണ്.പ്ലാവ് കുലുക്കി ചക്കയിട്ട് തിന്നുന്ന കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട്.

കുറച്ചു പേരുടെ കൈയിലാണ് ഇവിടുത്തെ വിശാലമായ നെല്‍‌വയലുകള്‍.നന്നായി വിളവ് തരുന്ന വയലുകളില്‍ നെല്‍കൃഷി വ്യാപകമായി ചെയ്ത് വരുന്നു.ഗന്ധകശാല എന്ന വിശേഷപ്പെട്ട നെല്ല് വിളയുന്ന വയലുകള്‍ക്കരിലൂടെ പോകുന്നതു തന്നെ ഒരു അനുഭൂതിയാണ്.

വിളവെടുക്കാനാകുമ്പോള്‍ രണ്ടു മൂന്നു മാസം ഇവിടെ തുടര്‍ച്ചയായി കാവലാണ്.ആന,പന്നി തുടങ്ങിയ വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കാതിരിക്കാന്‍ കര്‍‌ഷകര്‍ കാവല്‍മാടങ്ങള്‍ കെട്ടി പടക്കമൊക്കെയായി രാത്രി മുഴുവന്‍ കാവലിരിക്കുന്നു.ആന വന്നില്ലെങ്കില്‍ പോലും അവര്‍ പടക്കം പൊട്ടിക്കുകയും ബഹളം വെക്കുകയും പാട്ട് പാടുകയുമൊക്കെ ചെയ്യും.ധനുമാസക്കുളിരില്‍ മറ്റെന്തു ചെയ്യാന്‍.
കര്‍ഷകര്‍ നിരന്തരമായി ആവശ്യപ്പെടുമ്പോള്‍ ഫോറസ്റ്റുകാര്‍ വൈദ്യുതവേലി ഇട്ടു കൊടുക്കും.പള്‍സുകള്‍ ആയാണ് കമ്പിയിലൂടെവൈദ്യുതി പ്രവഹിപ്പിക്കുന്നത്.രാത്രി ഒരു എട്ടു മണിയൊക്കെ ആകുമ്പോഴാണ് ചാര്‍ജ് ചെയ്യുന്നത്.ഷോര്‍ട്ട് സര്‍ക്യൂട്ട് ഒന്നും ഇല്ലെന്ന് ഉറപ്പു വരുത്താന്‍ ആദ്യം ഒരു നടന്നു പരിശോധനയുണ്ട്.ചെറിയ അളവിലാണ് വൈദ്യുതി എന്നാണ് പറയുന്നത്.വൈദ്യുതവേലിയില്‍ മൂത്രമൊഴിക്കാന്‍ പോയ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്‍റ്റര്‍ ഒരു മീറ്റര്‍ ദൂരെയാണ് തെറിച്ചു വീണത്.
ചെറിയ കരണ്ടായിരിക്കാം,ഇവിടുത്തെ ഏറ്റവും സംഘടകരമായ അനുഭവമെന്താണെന്നു വെച്ചാല്‍ അര്‍ധരാത്രിയൊക്കെ ഷോക്കടിച്ചു കരയുന്ന ആനകളുടെ ദയനീയമായ കരച്ചിലാണ്.
ഈ പ്രദേശമൊക്കെ വന്യമൃഗസങ്കേതത്തില്‍ പെടുത്താനുള്ള നിര്‍ദ്ദേശം വളരെയധികം സ്വാഗതാര്‍ഹമാണ്.