Thursday, August 24, 2023

      നേരം വൈകിയ നേരം.  ഒരു മെഡിക്കൽ റെപ്രസന്റേറ്റീവ്  ഒരു  മോട്ടോർ സൈക്കിൾ ഓടിച്ച്   പെട്ടെന്ന്  മുറ്റത്ത് വന്ന്  നിർത്തി.  പിന്നെ  തന്റെ ബാഗുമെടുത്ത്  റൂമിനകത്ത് വന്നു  . ഓടിക്കിതച്ച്  വന്നതിന്റെ ഒരങ്കലാപ്പ്  ചങ്ങാതിയുടെ മുഖത്ത് ഉണ്ട് .

പിന്നീടയാൾ  ഒരു ചാർട്ട്  എടുത്ത് തന്റെ  മരുന്നിനെക്കുറിച്ച്  പറയാൻ തുടങ്ങി. എനിക്ക് ഒരു പൊരുത്തക്കേട്  തോന്നി.  സംഗതി മനസിലായപ്പോൾ ഞാൻ അയാളോട്  പറഞ്ഞു -'' നിങ്ങൾ  വേറൊരു കമ്പനിയുടെ പ്രൊഡക്ടിനെപ്പറ്റിയാണ്  പറഞ്ഞു കൊണ്ടിരിക്കുന്നുന്നത് ..''

അയാൾ ഒന്ന് നിർത്തി . ചെറിയൊരു ചമ്മലോടെ  തന്റെ കമ്പനിയുടെ മരുന്നിനെപ്പറ്റി പറയാൻ തുടങ്ങി.

അവസാനം അയാൾ പറഞ്ഞു - പന്ത്രണ്ട് കൊല്ലമായി അയാൾ  ഒരു മരുന്ന്  കമ്പനിയുടെ റെപ്  ആയി  ജോലി ചെയ്യുകയായിരുന്നു.  കഴിഞ്ഞ മാസം അയാളെ പിരിച്ച് വിട്ടു  . ഒപ്പം മറ്റു പത്ത് പേരെയും.

കാരണം എന്തെന്ന് ഞാൻ ചോദിച്ചില്ല. ആ ചോദ്യം എന്റെ മനസിലുണ്ടാകുമെന്ന് തോന്നിയോ എന്തോ .. അയാൾ പറഞ്ഞു - 'We want young blood '  എന്നാണ്  കാരണമായി പറഞ്ഞത്.

നാളെ തൊട്ട്  നിങ്ങൾക്ക് ജോലി ഇല്ല  എന്ന്  പെട്ടെന്നൊരു ദിവസം കേട്ടാൽ  ഞാൻ ആണെങ്കിൽ  തകർന്ന് പോകും.  ഇനിയുള്ള കാലത്ത്  ജോലി സുരക്ഷിതത്വം  എന്നത് ഇല്ലെന്നാണ് പറയപ്പെടുന്നത്.  എങ്കിലും സുരക്ഷിതത്വ ബോധം നൽകുന്ന ഒന്നും ഇല്ലാതിരിക്കുമ്പോൾ  മനുഷ്യന് എങ്ങനെ  സമാധാനമായിരിക്കാൻ പറ്റും ?  

കേരളത്തിലെ  ചെറുപ്പക്കാർ  പി എസ്  സി  ജോലിക്ക്  പുറകെ നടക്കുന്നത് എന്തിനാണെന്നും എന്തൊരു  മണ്ടന്മാർ ആണ്  ഇവരെന്നും ഉള്ള  ഒരു ചോദ്യം   ഇവിടെ ഇടക്കിടക്ക് കേൾക്കാറുണ്ട് .  ജോലി സുരക്ഷിതത്വത്തിനുള്ള  ആഗ്രഹം ആയിരിക്കാം  പി എസ്  സി  ജോലികൾക്കുള്ള കഠിന ശ്രമത്തിനു പുറകിൽ.   ആ ചോദ്യം ചോദിക്കുന്നവർ  എല്ലാം നല്ല നിലയിൽ കഴിയുന്നവരുമാണ് . 




Friday, August 11, 2023

ആയുർവേദം

 " രാവിലെ എഴുന്നേറ്റ പാടെ  രണ്ട് ഗ്ളാസ്  കയ്പ്പക്ക ജ്യുസ് കുടിക്കും  .. പിന്നെ അഞ്ചാറു കിലോമീറ്റർ ഓടും ..മരുന്നൊക്കെ നിർത്തി. ഇപ്പോൾ എന്റെ ഷുഗർ ഒക്കെ പോയി.."  - സ്‌കൂളിൽ കൂടെ പഠിച്ച സുഹൃത്താണ് . കുറച്ച് കാലം  മുമ്പ് പ്രമേഹം വന്നിരുന്നു.

ചങ്ങാതിയുടെ യുക്തി  വ്യക്തമാണ് . പഞ്ചസാരയുടെ അസുഖമുള്ളപ്പോൾ   കയ്പുള്ളത്  അതിന് പ്രതിവിധിയാകും.  ബ്ലഡ് ഷുഗർ കുറയുന്നുമുണ്ട്.

ചങ്ങാതിക്ക് ഒരു ചേട്ടൻ ഉണ്ട് . അങ്ങേർക്കും പ്രമേഹമുണ്ട്  . കൃത്യമായി ഡോക്ടറെ കാണിക്കും.  ഒരു പ്രമേഹ രോഗവിദഗ്ദനെയാണ് കാണിക്കുന്നത്.  പക്ഷെ , ഡോക്ടർ പറയുന്നത് പ്രകാരമൊന്നും ചെയ്യില്ല. മരുന്നുകൾ കൃത്യമായി കഴിക്കുകയോ  നല്ല രീതിയിലുള്ള ആഹാര നിയന്ത്രണമോ ഇല്ല. പഞ്ചസാര ചേർത്തതൊന്നും കഴിക്കുകയില്ലെന്നേയുള്ളൂ .   പിന്നീട്  പ്രമേഹരോഗം കിഡ്‌നിയെ  ബാധിച്ച് തുടങ്ങിയതായി  കണ്ടു .  നാട്ടുകാർ പറയുന്നത്  ഷുഗറിന്  ഗുളിക കഴിച്ച് കിഡ്‌നി അടിച്ചു പോയി എന്നാണ് . 

ഒരു വ്യക്തി ആയുർവേദം  കഴിച്ചിട്ട്  ലിവർ കേടായി   എന്ന് പറയുന്നതിനും  ഈ യുക്തി ഒക്കെയേ ഉള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.   മരിച്ചു പോയവരുടെ അസുഖങ്ങളെപ്പറ്റി ചർച്ച ചെയ്യുന്നതിൽ ഒരു നൈതികപ്രശ്‍നം കൂടെയില്ലേ ? 

ഒരു പഠനഫലത്തെപ്പറ്റി  പറയുന്നത് വേറെ ഒരു കാര്യമാണ് .

{ ഞാൻ ആയുർ വേദത്തിന്റെ  ആരാധകനോ അനുയായിയോ അല്ല }


Wednesday, August 2, 2023

ദൈവങ്ങൾ

  ഒരു ഓട്ടോഡ്രൈവർ . കാലിൽ ഒരു വ്രണമുണ്ട് . വെരികോസ്  വെയിനും ഉണ്ട് . അതിനാൽ  അതിന് ഉണക്കം വരുന്നില്ല.  അയാൾ ഇടക്ക്  സർക്കാർ ആശുപത്രിയിലെ ഓ പി യിൽ വന്ന്  മുറിവ് ഡ്രസ് ചെയ്തു പോകും. ഡോക്ടർ ആന്റിബയോട്ടിക്ക് എഴുതിക്കൊടുക്കും.  അയാൾ അതുമായി പണിക്ക് പോകും. ഇതിങ്ങനെ നടന്നു കൊണ്ടിരിക്കുന്നു ..

" ദിവസവും ഓട്ടോറിക്ഷ ഓടിക്കണം. രാത്രി വരെ ഓടിച്ചാലേ  എന്തെങ്കിലും കിട്ടുള്ളൂ . അതിൽ നിന്ന് ഓട്ടോ മുതലാളിക്ക്  കൊടുക്കണം.  ബാക്കിയുള്ളത് കൊണ്ട്  മറ്റു ചെലവുകളെല്ലാം നടക്കണം.  നഗരത്തിൽ ഓടിക്കുന്നത്  കൊണ്ട് കൃത്യം പൈസയേ  വാങ്ങിക്കാൻ പറ്റൂ.  ഒരു ദിവസം പോലും  ജോലിക്ക് പോകാതിരിക്കാൻ പറ്റില്ല."

നാല്പത്തഞ്ച്  വയസുള്ള ഒരു സ്ത്രീ . രണ്ട് കാല് മുട്ടുകൾക്കും വേദനയാണ് . ഇടക്ക്  ഓ പി യിൽ വന്ന്  വേദനക്കുള്ള  ഡൈക്ളോഫിനാക്  ഗുളികകൾ  വാങ്ങിപോകും.  നഗരത്തിലെ ഒരു തുണിക്കടയിലാണ്  അവരുടെ ജോലി.  രാവിലെ ഒമ്പതു മണി  തൊട്ട്  രാത്രി  ഒമ്പത്  മണിക്ക്  ഷോപ്പ് പൂട്ടുന്നത് വരെ നിൽക്കണം . ഭക്ഷണം കഴിക്കാനുള്ള  അര  മണിക്കൂർ  ഇരിക്കാൻ പറ്റും .  ശമ്പളമായി  കിട്ടുന്നത് പതിനായിരം രൂപ.  ബസ് യാത്രക്ക് വേണ്ടിയുള്ള  ചെലവുകൾ ഒഴിവാക്കാൻ  അവർ ടെക്സ്റ്റൈൽ ഷോപ്പിന്റെ ഹോസ്റ്റലിൽ നിൽക്കുന്നു . കുട്ടികളെയൊക്കെ  ഭർത്താവ് നോക്കിക്കൊള്ളും .

18  വയസുള്ള ഒരു പെൺകുട്ടി. ഇപ്പോൾ പ്ലസ് റ്റു കഴിഞ്ഞു . ഇടക്കിടക്ക്  പെട്ടെന്ന് നെഞ്ചിടിപ്പ് കൂടി  കുഴഞ്ഞു പോകും. സാമാന്യം നല്ല  മാർക്ക് ഉണ്ട് . കുട്ടിക്ക് തുടർന്ന് പഠിക്കാൻ വലിയ താല്പര്യം ഉണ്ട് . ഉപ്പ പറഞ്ഞു - ഒരു കൊല്ലം കഴിഞ്ഞ്  തുടർന്ന് പഠിക്കാം.  മൂത്ത രണ്ട് കുട്ടികളും പഠിച്ച്  കൊണ്ടിരിക്കുന്നു.  സാമ്പത്തികമായി  വലിയ ബുദ്ധിമുട്ടിലാണ് .  കടമുണ്ട് . ബാങ്കിലും പുറത്തും. ആരും സഹായിക്കാനില്ല. അതിനാൽ വീട്ടിൽ  കുറച്ച് കാലമിരുന്നിട്ട്  പിന്നീട് പഠിക്കാം എന്നാണ് രക്ഷിതാക്കളുടെ പ്ലാൻ .  കുട്ടി  വിഷാദത്തിലായി.  പഠനത്തെപ്പറ്റി  ചിന്തിക്കുമ്പോൾ  പെട്ടെന്ന്  അസ്വസ്ഥത വരും. നെഞ്ചിടിപ്പ് കൂടും. ക്ഷീണം വരും. ആശുപത്രിയിൽ കൊണ്ട് വരും.ചെറിയ രക്തക്കുറവുണ്ട് . ഡോക്ടർ രക്തക്കുറവിനുള്ള  ടോണിക്കും  നെഞ്ചിടിപ്പ് കുറക്കാനുള്ള ഗുളികകളും കൊടുത്തിട്ടുണ്ട്. 

പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള  ധാരാളം പ്രശ്നങ്ങൾ ജനങ്ങൾക്കുണ്ട്.  ദൈവങ്ങളോ  വിശ്വാസങ്ങളോ മിത്തുകളോ  ഒന്നും നിത്യ ജീവിതത്തിൽ ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യമാണെന്ന്  തോന്നിയിട്ടില്ല.. 





Tuesday, July 4, 2023

ഭഗവാൻ

 അന്നൊക്കെ  ഹൌസ് സർജന്റെ പ്രധാന പണി  ചോര വലിക്കുകയായിരുന്നു. വാർഡിൽ അഡ്മിഷൻ  ആയ ആളുകളുടെ രക്തം  സിറിഞ്ചിൽ വലിച്ച്  ചെറിയ കുപ്പികളിലാക്കി  ലേബൽ ഒട്ടിച്ച്  ബൈസ്റ്റാൻഡറുടെ കൈയിൽ ലാബിലേക്ക് കൊടുത്തു വിടുക,  റിപ്പോർട്ട് കിട്ടുമ്പോൾ  കേസ് ഷീറ്റിൽ ചേർക്കുക. കേസ് ഷീറ്റ് പൂർത്തിയാക്കുക. പിന്നെ ഓരോ ദിവസവും  ഡിസ്ചാർജ് ആയിപോകുന്ന ആളുകളുടെ ഡിസ്ചാർജ്  കാർഡ് എഴുതുക.  സർജറി , ഓർത്തോ വാർഡുകളിൽ ആണെങ്കിൽ  മുറിവുകളുടെ ഡ്രസിങ് ചെയ്യുക. മൂത്രം പോകാൻ കത്തീറ്റർ ഇടുക . സ്വന്തമായി തീരുമാനമെടുത്ത്  എന്തെങ്കിലും ചെയ്തിരുന്നത് കേഷ്വാലിറ്റികളിൽ  മാത്രമായിരുന്നു.   പി ജി വിദ്യാർത്ഥികളുടെയും  സാറന്മാരുടെയും മേൽനോട്ടത്തിൽ .

സർജറി നടക്കുന്ന ദിവസങ്ങളിൽ പോലും വാർഡിൽ ഒരു പാട് പണിയുണ്ടാകാറുണ്ടായിരുന്നു.  തീയേറ്ററിൽ തന്നെ രോഗിയെ സർജറിക്ക്  എടുക്കുന്നതിനു മുമ്പ് പല കാര്യങ്ങളും ചെയ്യാനുണ്ടായിരുന്നു.   ടെസ്റ്റുകളുടെ റിസൾട്ട്  സംഘടിപ്പിച്ച് വെക്കുക.  രക്തം വേണ്ട രോഗികൾക്ക് അത് സജ്ജമാക്കുക.  ചില മരുന്നുകൾ പുറത്ത്  നിന്ന്  എത്തിക്കുക എന്ന് തുടങ്ങി.  കേസുകൾ അസിസ്ററ്  ചെയ്യാൻ  ചിലർക്ക് ഭാഗ്യം കിട്ടും.    എനിക്ക് താല്പര്യമിലാത്ത കാര്യമായിരുന്നു    പക്ഷെ കത്തിയെടുക്കാൻ  വലിയ താല്പര്യമുള്ളവരും ഉണ്ടായിരുന്നു. 

ഞങ്ങളുടെ ഒരു സർജറി ദിവസം   ദിവസം രാവിലെ  എത്തി  , ഡ്രസ് മാറ്റി , തിയേറ്റർ ഡ്രസ് ഇട്ട് തിയേറ്ററിൽ എത്തി.  എത്തിയ ഉടനെ ആരോ എന്നെ ഒരു പണി ഏൽപ്പിച്ചു . കൃഷ്ണൻ എന്ന രോഗിയുടെ  ബ്ലഡ് പരിശോധനാ റിസൾട്ട് ,  പുറത്തുള്ള  കൂട്ടിരിപ്പുകാരുടെ കൈയിൽ നിന്ന്  വാങ്ങിക്കൊണ്ട് വരണം.  ഞാൻ പോയി  തിയേറ്റർ കോംപ്ലക്‌സിന്റെ  വാതിൽ തുറന്ന്  അവിടെ ഇരിക്കുന്ന  ആളുകളോട്  വിളിച്ച് ചോദിച്ചു - ''കൃഷ്ണന്റെ  കൂടെയുള്ള ആളുണ്ടോ ?''

പെട്ടെന്ന് മറ്റൊരു  ഹൗസ് സർജൻ പുറകിൽ നിന്ന് അവിടെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട്  ഉറക്കെ വിളിച്ച് ചോദിച്ചു - " ഭഗവാന്റെ കൂടെയുള്ള  ആളുണ്ടോ ?'

ആളുകൾക്ക് ആദ്യം പിടി കിട്ടിയില്ല . പിന്നെ ചിരിക്കാൻ തുടങ്ങി.  ഭഗവാൻ  എന്ന പേരുള്ള  ഉത്തർ പ്രദേശ് കാരൻ  രോഗിയുടെ സർജറി അന്ന് നടക്കുന്നുണ്ട് . അയാൾക്ക്  ബ്ലഡ് എത്തിയിട്ടുണ്ടോ എന്നാണ്  അറിയേണ്ടത്.    ഹിന്ദി അറിയാവുന്ന സെക്യൂറിറ്റിയുടെ സഹായത്തോടെ  പ്രശ്‍നം  പരിഹരിച്ചു .  അവസാനം  ചങ്ങാതി തിയേറ്ററിലേക്ക്  തിരിഞ്ഞപ്പോൾ വീണ്ടും ചിരി.  മൂപ്പരുടെ   വസ്ത്രത്തിന്റെ പുറകിൽ വലിയൊരു തുളയുണ്ടായിരുന്നു ..

ഓർമ്മകൾക്കെന്ത്  സുഗന്ധം എന്ന മട്ടിൽ ഓർത്തതല്ല.  അന്നത്തെ ആ ഹൌസ്  സർജനെ ഓർത്തു . എന്റെ ബാച്ചിലെ ആളായിരുന്നില്ല.  എങ്കിലും ഒരുമിച്ച്   പല  വിഭാഗങ്ങളിലും   പോസ്റ്റിങ്ങ് ഉണ്ടായിരുന്നു . സുഹൃത്തായിരുന്നു . നല്ലൊരു മനുഷ്യൻ  ആയിരുന്നു.   കുറച്ച് കാലത്തിനു ശേഷം ഈ ലോകം വിട്ടു പോയി. 

Sunday, May 14, 2023

എന്നെ   തല്ലും  എന്നാണ്  അവൻ ഉദ്ദേശിച്ചത്  എന്നെനിക്ക്  പിന്നീടാണ്  മനസിലായത് .  ഒരു പത്തിരുപത് വയസായ ചെറുപ്പക്കാരൻ .   ''ഈ അവസ്ഥയിൽ  ഞാൻ  മുമ്പിൽ ആരാണെന്ന് എന്നൊന്നും നോക്കില്ല,  ആരായാലും  എന്തെങ്കിലും ചെയ്ത് പോകും.. അങ്ങനെ നടന്നിട്ടുണ്ട്. ഡോക്ടറോ നഴ്സോ എന്നൊന്നും നോക്കില്ല  ''- ഇങ്ങനെയാണ്  അവൻ പറഞ്ഞത്.  

കോവിഡിന്റെ  ആദ്യഘട്ടമാണ് . എല്ലാം   അടച്ച്  പൂട്ടിയ   ലോക് ഡൌൺ കാലം  .  ഞാൻ പി എച് സി യിലെ ഓ പി യിൽ ഇരിക്കുന്നു.

ചങ്ങാതി  കഞ്ചാവ് , ബ്രൗൺ ഷുഗർ , എന്നിവയൊക്കെ ഉപയോഗിച്ചിരുന്ന ആളാണ് . ഡീ അഡിക്ഷൻ  ട്രീറ്റുമെന്റ്  ഒക്കെ എടുത്തിട്ടുണ്ട് . അതിന്റെ കടലാസുകൾ കാണിച്ച് തന്നു.  അവന്റെ ആവശ്യം ലളിതമാണ് . ഉറക്കത്തിനുപയോഗിക്കുന്ന നൈറ്റ്  എന്നൊരു ഗുളിക അവൻ ഉപയോഗിക്കുന്നുണ്ട് .  ദിവസത്തിൽ പല വട്ടം. ആ ഗുളിക ഞാൻ പി എച് സി യിൽ നിന്ന് കൊടുക്കണം. 

അത്  ഇല്ല  എന്ന്  പറഞ്ഞപ്പോൾ  അയാൾക്ക്  ദേഷ്യം പിടിച്ചു . ഇവിടെ നിന്ന് കിട്ടും എന്ന് പറഞ്ഞ്  അവനെ ഇങ്ങോട്ട് വിട്ടത്   നല്ല പ്രാക്ടീസ് ഉള്ള ഒരു ജനറൽ പ്രാക്ടീഷണർ ആണ്  . എന്റെ പേര്  എഴുതികൊടുക്കുക വരെ ചെയ്തിരിക്കുന്നു.  ഇത് വരെ ഒരു കേസ്  എനിക്ക് റെഫർ ചെയ്യാത്ത ആളാണ് .  വാഹനങ്ങൾ കിട്ടാത്ത ലോക് ഡൗൺ കാലമായതിനാൽ  ഇയാൾ കുറെ നടന്നു. പോലീസുകാർ വഴിയിൽ കണ്ടപ്പോൾ  ആശുപത്രിയിലേക്കാണ്  എന്ന് പറഞ്ഞു . അവർ ജീപ്പിൽ കയറ്റി  ഇവിടെ ഇറക്കിക്കൊടുത്തു .  

കുറച്ച് നേരം  അവൻ അവിടെ അസ്വസ്ഥനായി , ദേഷ്യം പിടിച്ച്  നടക്കുന്നുണ്ടായിരുന്നു.   ഞാൻ ചങ്ങാതിയെ   പണ്ട്  കാണിച്ച  സ്ഥലത്തേക്ക് റെഫർ ചെയ്ത വിട്ടു .

പിന്നീട് കുറച്ച് കാലം കഴിഞ്ഞ വേറൊരാൾ ഇത് പോലെ പ്രശ്നമുണ്ടാക്കി. കൂളിംഗ് ഗ്ളാസ് വെച്ച , നല്ല തടിയും വണ്ണവുമുള്ള  നന്നായി വസ്ത്രം ധരിച്ച ഒരാൾ . ഇംഗ്ളീഷാണ് പറയുന്നത്. സൈക്കോളജിസ്റ് ആണെന്ന്  പറഞ്ഞു . ഉറക്കത്തിന് ഗുളികകൾ വേണം.  ഒരു  പ്രിസ്‌ക്രിപ്‌ഷൻ  കൊടുത്താൽ മതി .  അയാളേയും  ഒഴിവാക്കി വിടാൻ  പറ്റി .  എങ്കിലും  ഇത്തവണ  എനിക്ക് നല്ല  നെഞ്ചിടിപ്പ് തോന്നിയിരുന്നു.  ഇയാൾ ഒരു തടിയനാണെന്നത്  മാത്രമല്ല  കാരണം. ആദ്യത്തെ  സംഭവത്തിൽ ആ മുറിക്ക് വേറൊരു വാതിൽ കൂടെ ഉണ്ടായിരുന്നു .  രണ്ടാമത്തെ സംഭവത്തിൽ  ഒരു വാതിലേ ഉള്ളൂ  . അത് കവർ  ചെയ്താണ് അയാൾ  നിൽക്കുന്നത്.  

പ്രിസ്‌ക്രിപ്‌ഷനുകളും  മരുന്നുകളും ചോദിച്ചു കൊണ്ടുള്ള  ഭീഷണികൾ  അതിനു മുമ്പും  ശേഷവും ഉണ്ടായിട്ടുണ്ട് . ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ഒരു തരം  മടുപ്പ് തോന്നും. അടുത്തിടെ  ഇത് കൂടി വരുന്നു എന്നും ഒരു തോന്നലുണ്ട്.  ഇത്തരം ഗുളികകൾ  ഫാർമസികളിൽ നിന്ന് കൊടുക്കുന്നത് കര്ശനമാക്കിയതാകാം  ഒരു കാരണം.  മയക്കുമരുന്നുകളുടെ ഉപയോഗം കൂടുന്നതിന്റെ ലക്ഷണവുമാകാം.   

ഇത്തരം സാഹചര്യങ്ങളിൽ  എന്ത് ചെയ്യണമെന്നതിന് പലരും പല ഉത്തരങ്ങളാണ് പറയാറുള്ളത്.  ഇവിടെ നമ്മളെ രക്ഷിക്കാൻ  ഒന്നുമുണ്ടാകില്ല .   ഒറ്റ വാതിലുള്ള  കൺസൾട്ടേഷൻ മുറികൾ കഴിയുന്നതും ഒഴിവാക്കുകയാണ്  നല്ലത്.  ഒരു പ്രശ്നമുണ്ടാകുമ്പോൾ  ഏതെങ്കിലും മിടുക്കൻ  പുറത്ത് നിന്ന്  മുറി പൂട്ടിയാൽ  പിന്നെ ദൈവം മാത്രമേ  നമ്മളെ രക്ഷിക്കുള്ളൂ .