പനി കാണിക്കാൻ ധാരാളം ആളുകൾ വരും. ചിലർക്ക് തലവേദനയുണ്ടാകും.ചിലർക്ക് ചുമയുണ്ടാകും. നടുവേദന കാണിക്കാൻ കുറച്ച് പേര് . ഗ്യാസ്, വയറെരിച്ചിൽ , തരിപ്പ് , പെരുപ്പ് എന്നൊക്കെ പറഞ്ഞ് കുറെ പേര് . പ്രഷറും പ്രമേഹവുമായി സ്ഥിരമായി കാണിക്കുന്നവർ . സാധാരണ ഒരു പി എച് സി യിൽ ഇത്തരം കേസുകളാണ് വരാറുള്ളത്. മുറിവുകൾ ഡ്രസ് ചെയ്യാനും കുറച്ച് പേരുണ്ടാകും.
പക്ഷെ, ഒരു ദിവസം ഒരാൾ ഓ പി യിൽ വന്ന് എന്നോട് പറഞ്ഞത് ഇങ്ങനെയാണ് - '' എനിക്ക് ഭയങ്കര കോപമാണ് . അതിനെന്തെങ്കിലും മരുന്ന് തരണം." . അയാൾക്ക് ദേഷ്യം കൂടുതലാണ് . ഭാര്യയോട് ദേഷ്യം പിടിച്ച് ഇടക്ക് അവരെ തല്ലും. ചിലപ്പോൾ കുട്ടികളെ തല്ലും. കൈയിൽ കിട്ടുന്ന സാധനമൊക്കെ വലിച്ചെറിയും. കൈ ചുമരിടിക്കും . കുടിയും വലിയും ഒന്നുമില്ലാത്ത മനുഷ്യനാണ് . മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല.
അയാൾ ഇത് പറയുമ്പോഴാണ് പാദത്തിന്റെ മുകൾഭാഗത്ത് ഉരഞ്ഞത് പോലുള്ള ഒരു മുറിവ് ശ്രദ്ധയിൽ പെട്ടത് . അത് എന്ത് പറ്റിയതാണെന്ന് ചോദിച്ചു . അയാളുടെ ദേഷ്യവും ആ പരുക്കുമായി ബന്ധമുണ്ടെന്ന് തോന്നി.
" ഓട്ടോറിക്ഷ മറിഞ്ഞതാണ് " - അയാൾ പറഞ്ഞു .
ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ മറിഞ്ഞു .
ഇദ്ദേഹം നാട്ടിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്ക് 10000 രൂപ കടം കൊടുത്തു . ഒരു മാസം കഴിഞ്ഞ് പലിശ ഒന്നുമില്ലാതെ തിരിച്ചു കൊടുക്കണം. പക്ഷെ, പറഞ്ഞ സമയത്ത് പണം തിരിച്ച് കൊടുത്തില്ല. നാളെ , പിന്നീട് , എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറി . ആറു മാസം കഴിഞ്ഞു അതിനിടക്ക് ഇവർ തമ്മിലുള്ള ബന്ധം മോശമാക്കിയ മറ്റൊരു സംഭവവും ഉണ്ടായി.
ഒരു ദിവസം ഇദ്ദേഹം അങ്ങാടിയിലേക്കിറങ്ങിയപ്പോഴാണ് ഓട്ടോറിക്ഷക്കാരൻ അവിടെ നിർത്തിയിരിക്കുന്നത് കണ്ടത് . നേരെ ഓട്ടോറിക്ഷയിൽ കയറി ഇരുന്നു. പൈസ കിട്ടാതെ താൻ ഇതിൽ നിന്ന് ഇറങ്ങുന്ന പ്രശ്നമില്ല.
ഓട്ടോറിക്ഷക്കാരൻ ആദ്യം അനുനയിപ്പിക്കാൻ ശ്രമിച്ചു . ഇദ്ദേഹം വഴങ്ങിയില്ല. പിന്നീട് തർക്കമായി . അതിനിടയിൽ ഓട്ടോക്കാരൻ ഓട്ടോയുമെടുത്ത് ഓടിക്കാൻ തുടങ്ങി. ഓടിക്കുന്നതിനിടയിൽ ഓട്ടോക്കാരൻ ഒരു തെറി വാക്ക് പറഞ്ഞു . നിന്റെ തന്ത പറഞ്ഞാലും പൈസ തരില്ലെന്നും പറഞ്ഞു .
ഇത് കേട്ടപ്പോൾ ഇയാൾ പുറകിലെ സീറ്റിൽ നിന്നും മുന്നോട്ടാഞ്ഞ് മറ്റേയാളുടെ മോന്തക്ക് ഒന്ന് പൊട്ടിച്ചു . അതിന്റെ കൂടെ ഒന്ന് കൂടെ സംഭവിച്ചു . ഓട്ടോയുടെ നിയന്ത്രണം പോയി, അത് മറിഞ്ഞു .
ഇയാളുടെ കാലിൽ ചില മുറിവുകൾ ഉണ്ടായി . ഡ്രൈവർക്ക് ഒന്നും പറ്റിയില്ല. ഓട്ടോറിക്ഷക്ക് കുറച്ച് ചതവും ഒടിവും ഒക്കെ ഉണ്ടായി.
നാട്ടിലെ രാഷ്ട്രീയക്കാർ ഇടപെട്ട് ഒത്തു തീർപ്പ് ഉണ്ടാക്കി . അത് പ്രകാരം ഇയാൾ ഓട്ടോ റിക്ഷാ ഡ്രൈവർക്ക് 10000 രൂപ കൊടുത്ത് , കേസൊന്നും വേണ്ടെന്ന് വെച്ചു . അങ്ങനെ ആദ്യത്തെ പതിനായിരത്തിന്റെ കൂടെ , ഒരു പതിനായിരം കൂടെ പോയി.
' ഇതിൽ നിന്നും എന്ത് മനസിലായി ' - ഞാൻ ചോദിച്ചു .
ഞാൻ വിചാരിച്ച മറുപടി അല്ല, അയാൾ പറഞ്ഞത് .
''ഓട്ടോറിക്ഷക്കാർക്ക് പൈസ കടം കൊടുക്കരുത് എന്ന് മനസിലായി ''
പിന്നെന്ത് മനസിലായെന്ന് വെച്ചാൽ ഓടുന്ന വാഹനത്തിൽ വെച്ച് ഡ്രൈവറുമായി തല്ലു കൂടരുത്
കുറെ മുന്നെ നടന്ന സംഭവമാണ് . ഇന്ത്യ മുന്നണി എന്നൊരു സഖ്യമുണ്ടാക്കി അതിൽ തല്ലു കൂടുന്ന നേതാക്കളുടെ വാർത്ത വായിച്ചപ്പോൾ എനിക്ക് അയാളെ ഓർമ്മ വന്നു. ഈ വാഹനം മറിയാതെ നോക്കുകയെങ്കിലും ചെയ്യുമല്ലോ .