Sunday, May 24, 2020

പ്രേതാനുഭവങ്ങൾ



കാട്ടിന്റെ  നടുക്കുള്ള  ആ വലിയ  വയലിന്റെ  ഒരു  അരുക്ക്  മരങ്ങളുടെ  ഇടയിൽ ഒരു പൊട്ടു പോലെ  ആ  പ്രാഥമികാരോഗ്യ കേന്ദ്രം കാണാം ..

ആരോഗ്യ വകുപ്പിൽ  ജോലിക്കാരനായിട്ട്   ഇന്ന് പത്ത് വർഷമാകുന്നു.  വൈകി സർക്കാർ സർവീസിലേക്ക്  കയറിയ ഒരാളാണ് ഞാൻ. പക്ഷെ അതിനു മുമ്പും  താൽക്കാലികമായി ജോലി ചെയ്തിരുന്നു ..

പത്ത് കൊല്ലത്തിൽ  മൂന്നു വർഷം  പി ജി  ക്കു വേണ്ടിയുള്ള  ഉപരിപഠനത്തിൽ ആയിരുന്നു.  ബാക്കിയുള്ള ഏഴു വർഷങ്ങളിൽ  നാലരക്കൊല്ലം വയനാട്ടിലും   ബാക്കി കോഴിക്കോട്ടും. ഇപ്പോൾ  കോഴിക്കോട്ട് തന്നെ.

 പത്ത് കൊല്ലം മുമ്പ് ജോലിയിൽ   ചേരാൻ പോയത് ഇന്നലത്തേത്  പോലെ ഓർക്കുന്നു. അന്ന്  മാനന്തവാടിയിൽ നിന്നും ബസ്  കയറി , അങ്ങോട്ടേക്കുള്ള  യാത്രയിൽ ആനക്കൂട്ടങ്ങളെ കണ്ടു .

പിന്നീടുള്ള  നാലഞ്ചു കൊല്ലം ആനകളുടെ  ഇടയിലായിരുന്നു .
അക്കാലങ്ങളിൽ ഞാൻ ആനകളുടെയും കാട്ടികളുടെയും  മാനുകളുടെയും  എത്രയോ  എത്രയോ  ഫോട്ടോകളും വീഡിയോകളും എടുത്തു .അന്ന്  ഒരു സോണി കാംകോർഡർ  ആണ്  കൈയിലുണ്ടായിരുന്നത് . പിന്നീട് ഒരു നിക്കോൺ ഡി 90  വാങ്ങി.

മെയ് മാസത്തിലെ  അവസാനത്തെ ആഴ്ചയിൽ തന്നെ അവിടെ മഴ തുടങ്ങിയിരുന്നു .  കോഴിക്കോട്ട്  നമ്മൾ കാണുന്ന ആർത്തലച്ചു  പെയ്യുന്ന മഴയായിരുന്നില്ല  അവിടെ .. പകരം നൂല്  നൂല് പോലങ്ങനെ ,  പെയ്തു പെയ്തു കൊണ്ടിരിക്കുന്ന  , കുളിരുള്ള  മഴ ..
സാമാന്യം തണുപ്പുമുണ്ടായിരുന്നു.

രണ്ട്  ദിവസം കഴിഞ്ഞ്   ഞാൻ അവിടെ ഒഴിഞ്ഞു കിടക്കുന്ന  ഒരു ക്വർട്ടേഴ്‌സിൽ  താമസം തുടങ്ങി. 

മഴ പെയ്താൽ പലപ്പോഴും അവിടെ കറന്റുണ്ടാകില്ല. കാട്ടിലൂടെ പോകുന്ന  വൈദ്യുത  കമ്പികളിൽ  മരങ്ങൾ മറിഞ്ഞു വീഴും . കറന്റു പോയാൽ രണ്ട് ദിവസം കഴിഞ്ഞേ വരുള്ളൂ. ഞാൻ അവിടെ മൂടിപ്പുതച്ചു  കിടന്നുറങ്ങി. 

അന്നൊക്കെ കാട്ടിൽ  നടക്കാൻ  ഭയമായിരുന്നു .  പിന്നീട്  പേടി കുറഞ്ഞപ്പോൾ  നടക്കാൻ തുടങ്ങി.  അവിടെയുണ്ടായിരുന്ന  മുഴുവൻ കാലവും ചലിച്ചു  കൊണ്ടിരിക്കുകയും  ഫോട്ടോകൾ എടുക്കുകയുമായിരുന്നു.    ഭാഗ്യത്തിന്  ഇതേ താല്പര്യങ്ങളുള്ള  സഹപ്രവർത്തകർ  അവിടെയുണ്ടായിരുന്നു . 


 ഒരു  മൂന്നു മാസത്തിനു ശേഷം ആ ക്വർട്ടേഴ്‌സിൽ കാണാൻ  വന്ന ഒരാൾ പറഞ്ഞു , നിങ്ങൾ  ഇവിടെ  താമസിക്കുന്നത്  അദ്‌ഭുതമാണ് . ഇവിടെ പ്രേതങ്ങളുണ്ട് . വർഷങ്ങളായി  ഇവിടെ ആരും താമസിക്കാറില്ല. 

അന്വേഷിച്ചപ്പോൾ സംഗതി ശരിയാണ്. ആ  ക്വർട്ടേഴ്‌സിൽ   ഒരാൾ തൂങ്ങി മരിച്ചു.  അതിനു ശേഷം  പലർക്കും അവിടെ പല വിധ പ്രേതാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . അതിനാൽ ആരും അവിടെ താമസിക്കില്ല. 

അതിനു ശേഷവും  ഞാൻ അവിടെ താമസം തുടർന്നിരുന്നു .   

 പേടിയുണ്ടായിരുന്നോ   എന്ന് ചോദിച്ചാൽ ,  തീരെ ഇല്ലായിരുന്നു എന്നൊന്നും  പറയുന്നില്ല,  പ്രത്യേകിച്ചും  വൈദ്യുതിയില്ലാത്ത രാത്രികളിൽ ,  ഞാൻ ഒരു ടോർച്ച്  അല്ലെങ്കിൽ മെഴുകു തിരി കത്തിച്ച്‌  വെക്കുമായിരുന്നു.  പ്രേതം വരുകയാണെങ്കിൽ ശരിക്കും കാണണമല്ലോ ?

Sunday, May 17, 2020

cv balakrishnan

ഞാൻ ഒരു പതിനഞ്ച്  പി എസ്  സി ഇന്റർവ്യൂവിനു  പോയിട്ടുണ്ടാകും.

ഇന്റർവ്യൂവിനു മുമ്പ് ഒരു  ഫോം  പൂരിപ്പിച്ച് കൊടുക്കാനുണ്ടല്ലോ ? അതിൽ നമ്മുടെ ഹോബി ചോദിക്കുന്നുണ്ട് .

ഓരോ സമയത്തും  അപ്പോൾ തോന്നുന്നതാണ്  ഞാൻ അതിൽ എഴുതിക്കൊണ്ടിരുന്നത്. യാത്ര എന്നോ  , ഫോട്ടോഗ്രാഫി എന്നോ , പുസ്തക വായന എന്നോ ഒക്കെ.


സാധാരണ അതിനെപ്പറ്റി ഒന്നും ഇന്റർവ്യൂ ബോർഡ് ചോദിക്കാറില്ല. ഒരിക്കൽ പക്ഷി നിരീക്ഷണം എന്ന്  ഹോബി എഴുതിയപ്പോൾ , കാമ്പസിൽ  പക്ഷികളെത്തന്നെയാണോ  നോക്കിക്കൊണ്ടിരുന്നത് എന്നൊരു   ബോർഡ് മെമ്പർ ചോദിച്ചിരുന്നു.

പക്ഷെ റീഡിങ്  എന്ന്  എഴുതിയതിന്  ഒരു പി എസ്  സി മെന്പർ  അതിനെപ്പറ്റി കുറെ നേരം ചോദ്യം ചോദിച്ചു. ഇഷ്ടപ്പെട്ട എഴുത്തുകാരൻ  ആരെന്ന ചോദ്യത്തിന്  എസ്  കെ പൊറ്റേക്കാട്ട്  എന്ന് പറഞ്ഞപ്പോൾ പിന്നെ അതിൽ പിടിച്ചായി  ചോദ്യങ്ങൾ. പൊറ്റെക്കാട്ടിന്റെ  എല്ലാ പുസ്തകങ്ങളുടെയും പേര് പറയിപ്പിച്ചു. മൂടുപടം  എന്നത് ഓർമ്മ വരാഞ്ഞപ്പോൾ  ചില ക്ലൂ  തന്നു പറയിപ്പിച്ചു.  അതിരാണിപ്പാടം ശരിക്കും  എവിടെയുള്ള  സ്ഥലമാണ്  എന്ന് ചോദിച്ചു.


അവസാനം പി എസ്  സി മെന്പർ പറഞ്ഞു. - നിങ്ങൾ ഗുണ്ടടിക്കുകയല്ല  എന്ന് മനസിലായി. നിങ്ങൾ സി വി  ബാലകൃഷ്ണനെ  വായിക്കണം. നല്ല എഴുത്താണ് .
അതിനു ശേഷം  ഇയാളുടെ പുസ്തകം കാണുമ്പോൾ വാങ്ങാറുണ്ട്.  എല്ലാം വായിച്ചിട്ടൊന്നുമില്ല.




Wednesday, May 13, 2020

മദ്യാസക്തർ

റോഡിൽ  ബോധം  കെട്ട്  വീണു എന്ന് പറഞ്ഞാണ് കുറച്ച് പേര് ചേർന്ന്  താങ്ങിയെടുത്ത്  ഒരു ജീപ്പിൽ കയറ്റി  അയാളെ ആശുപത്രിയിൽ കൊണ്ട് വന്നത് .


അപ്പോഴും അയാളുടെ  ബോധം ക്ലിയറായിട്ടില്ല. മയക്കത്തിലാണ് .


ചോദിച്ചു നോക്കിയപ്പോൾ  ബോധക്കേട് മാത്രമല്ല,  അപസ്മാരവുമുണ്ടായിട്ടുണ്ട്.
വീണ് , കൈയും കാലുമൊക്കെ  ഇളക്കി , വായിൽ നിന്ന് നുരയും പതയുമൊക്കെ വന്ന് ..


ആരോ ഒരാൾ കടയിൽ നിന്നും  താക്കോൽ കൂട്ടമെടുത്ത്  അയാളുടെ കൈയിൽ പിടിപ്പിച്ചത്രേ.  അപ്പോൾ ഇളക്കവും നിന്നു ..  

അയാളുടെ  ബന്ധുക്കളൊന്നും അവിടെയുണ്ടായിരുന്നില്ല .  ആദ്യമായാണ്  ചുഴലിയുണ്ടാകുന്നതെങ്കിൽ  കൂടുതൽ പരിശോധനകൾ നടത്തേണ്ടതാണ് .  അയാളെ  അപ്പോൾ തന്നെ റെഫർ  ചെയ്തു വിടണമെന്നുണ്ടായിരുന്നു . പക്ഷെ, അയാൾക്ക് അപ്പോഴും പൂർണ്ണമായി  ബോധം വന്നിട്ടില്ല.   ആ  പി എച് സിയാണെങ്കിൽ  കുറച്ച്   ദുർഗമ സ്ഥലത്താണ് .  അടുത്ത ആശുപത്രി അവിടെ നിന്നും മുപ്പത്തഞ്ച്  കിലോമീറ്റർ  ദൂരെയും.. അതിനാൽ  തൽക്കാലം അയാളെ അവിടെത്തന്നെ  വെച്ച്  ചികിൽസിക്കാൻ തീരുമാനിച്ചു.  


 കുറച്ച് കൂടി കഴിഞ്ഞപ്പോൾ  അയാൾക്ക്  മുഴുവനായും ബോധം വന്നു.

 പക്ഷെ , ആകെ അസ്വസ്ഥനായിരുന്നു. ആകെ വിറച്ച് കൊണ്ടും  കുളിരു കൊണ്ടും.  മദ്യത്തിന്റെ  വിത്ഡ്രോവൽ  ആണെന്ന് തോന്നി. അയാളോട് ചോദിച്ചപ്പോൾ സമ്മതിച്ചു. 

 നന്നായി മദ്യപിക്കുന്ന ആളായിരുന്നു. രാവിലെ മദ്യം കുടിക്കാൻ കിട്ടിയില്ല. ചായ  കുടിക്കാൻ റോഡിലേക്കിറങ്ങിയതാണ് . അയാൾക്ക് കൃത്യമായി ഓർമ്മയില്ല. ബോധം  കെട്ട്   വീണതും  കൈയും കാലുമിട്ടടിച്ചതും , ആളുകൾ   പൊക്കിയെടുത്ത് മണ്ടിയതും , ഒന്നും.. 

 അയാളുടെ തൊഴിൽ ഒരു ആശാരിയുടേതായിരുന്നു. എന്തോ പിണക്കത്തെത്തുടർന്ന്  ഭാര്യ അയാളെ വിട്ടു താമസിക്കുകയാണ് . കുട്ടികളും ഭാര്യയുടെ കൂടെയാണ്. 


അയാൾ ഒറ്റക്ക് ഒരു വീട്ടിൽ താമസിക്കുന്നു. രാവിലെ പണിക്കു പോയി , വൈകുന്നേരങ്ങളിൽ കുടിച്ച് ,ചിലപ്പോൾ ഭക്ഷണമുണ്ടാക്കി .. എല്ലാം ഒറ്റക്ക് തന്നെ ..


അയാളുടെ വീട്ടിനടുത്ത് കാടുണ്ട് .  ആനയൊക്കെ   വരുന്ന കാടു തന്നെ. ഒരു ദിവസം രാവിലെ അയാൾ  അവിടെ പോയപ്പോൾ രണ്ട് പെട്ടി നിറയെ  വിദേശ മദ്യം കണ്ടു . നോക്കിയപ്പോൾ  വിസ്കിയാണ്.  ആരോടും പറഞ്ഞില്ല. അയാൾ അതെടുത്ത്  വീട്ടിൽ കൊണ്ട് പോയി വെച്ചു . ആരും  അതിനെപ്പറ്റി പറയുന്നതും കേട്ടില്ല. 



ആദ്യമൊക്കെ വൈകുന്നേരങ്ങളിൽ  അതിൽ നിന്ന് കുറച്ചെടുത്ത് കുടിക്കാൻ തുടങ്ങി. കുറച്ച് ദിവസം കഴിഞ്ഞ്  രാവിലെയും കുടിച്ചു . പിന്നീട് പണിക്ക് പോകുന്നത് നിർത്തി. രാവിലെയും ഉച്ചക്കും രാത്രിയും കുടി തുടങ്ങി. ഭക്ഷണം ചിലപ്പോൾ ഉണ്ടാക്കി. ചിലപ്പോൾ പുറത്ത് പോയി , മുട്ടയോ , പഴമോ , അങ്ങനെയെന്തെങ്കിലും.. അങ്ങനെ കുടിയോട്  കൂടിയായി. പണിക്ക് തീരെ പോകാതായി.

പക്ഷെ , ഈ ലോകത്ത് എല്ലാ സാധനങ്ങളും തീരുമല്ലോ . അക്ഷയപാത്രം എന്നൊക്കെ പറയുന്നത്  പുണ്യ പുരാണങ്ങളിൽ മാത്രമല്ലേ ഉള്ളൂ. ഒരു ദിനം അവസാനത്തെ കുപ്പിയിലെ അവസാനത്തെ തുള്ളിയും തീർന്നു. അയാൾക്ക്  വലിയ അസ്വസ്ഥതയായി . വിറയ ലോട്  വിറ . വിയർക്കലും . വെള്ളം കുടിക്കുമ്പോൾ ഛർദ്ദിക്കാൻ  വരുന്നു.  രാത്രിയിൽ ഒട്ടും ഉറക്കം കിട്ടിയില്ല. രാവിലെ ഒരു ചായ കുടിക്കാൻ വേണ്ടി പുറത്തേക്ക് ഇറങ്ങിയതാണ് . അപ്പോഴാണ് ചുഴലിയും , വീഴ്ചയും , ആശുപത്രിയും.. 

 ദൂരെയെങ്ങോ ആയിരുന്ന അയാളുടെ ഒരു പെങ്ങളെ വിവരമറിയിക്കാൻ ആളുകളെ ഏൽപ്പിച്ചു. പിറ്റേ ദിവസമാണ് അവർ എത്തിയത്. അവർക്ക് അയാളുടെ കൂടെ നിൽക്കാൻ സാധിക്കില്ല. ഒരു പാട് പ്രശ്നങ്ങളിലാണ് അവർ. ആളെ മറ്റെങ്ങോട്ടും റെഫർ ചെയ്യരുതെന്നും അവർ നിർബന്ധിച്ചു ..



അതിനു മുമ്പ് തന്നെ അയാൾക്ക് മരുന്നുകൾ കൊടുക്കാൻ തുടങ്ങിയിരുന്നു. തുടക്കത്തിൽ  തന്നെ  ചികിത്സ തുടങ്ങിയത് കൊണ്ടാകാം. അയാൾക്ക് പ്രതീക്ഷിച്ചിരുന്ന വിത്‌ഡ്രോവൽ ലക്ഷണങ്ങൾ  ഒന്നും ഉണ്ടായില്ല.  ചെറിയ അസ്വസ്ഥതകൾ  മാത്രം. ലിവർ ഫങ്ഷൻ ടെസ്റ്റുകൾ ആകെ അലമ്പായിരുന്നു. ഒരാഴ്ച കൊണ്ട് തന്നെ  കാര്യമായ പ്രശ്നങ്ങൾ  ഒന്നുമില്ലാതെ  അയാൾ  ആശുപത്രി വിട്ടു.  സൈക്യാട്രിസ്റ്റിനെയും മെഡിസിന്റെ ഡോക്ടറെയും കാണണമെന്ന് നിർദ്ദേശിച്ചു.  അയാൾ അത് ചെയ്തോ എന്നറിയില്ല.

ഞാൻ അയാളെ പിന്നെ കണ്ടില്ല. പക്ഷെ ഒന്നോ രണ്ടോ കൊല്ലത്തിനു ശേഷം  അയാളുടെ പെങ്ങളെ  ഒരിക്കൽ  കണ്ടു  . അയാൾ പിന്നെ കുടിച്ചില്ല. അപസ്മാരം വന്നത് കൊണ്ട്  അയാൾ ആകെ പേടിച്ച്  പോയി എന്നാണ് പെങ്ങൾ പറഞ്ഞത്. പണിക്കു പോയി സുഖമായി ജീവിക്കുന്നു. സുഖമായിട്ടോ എന്നുറപ്പില്ല. അയാളുടെ ഭാര്യ തിരിച്ചു വന്നിട്ടില്ല.

ഒരു നാല് കൊല്ലം മുമ്പ്  അപസ്മാരം വന്നിരുന്നെങ്കിൽ  നന്നായിരുന്നു എന്ന്  സഹോദരി. എങ്കിൽ ഭാര്യ പിണങ്ങി പോകില്ലായിരുന്നു എന്ന് .



  എന്തായാലും  മദ്യം നിർത്തിയപ്പോൾ  ചുഴലി വന്ന ഒരാളെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വെച്ച്  ചികില്സിക്കാനുള്ള അഹങ്കാരമൊന്നും ഇന്നെനിക്കില്ല.   ഇപ്പോൾ  ഞാൻ ജോലി ചെയ്യുന്ന പി എച് സി യിൽ നിന്നും  മെഡിക്കൽ കോളേജിലേക്കുള്ള  ദൂരം  പത്ത് കിലോമീറ്റർ  മാത്രമേ ഉള്ളൂ   എന്നത് കൊണ്ട്  മാത്രമല്ല  അത് . 










Thursday, May 7, 2020

malayalam motivational speech

താമസിക്കുന്ന വീട്ടിൽ നിന്നും നാൽപ്പതു  കിലോമീറ്റർ  ദൂരെയാണ്  ഞാൻ ജോലി ചെയ്യുന്ന സ്ഥാപനം.  ലോക്  ഡൌൺ തുടങ്ങിയതിൽ പിന്നെ ദിവസവും കാറോടിച്ചാണ്  പോകുന്നത്. ഏകദേശം അമ്പത് മിനിറ്റെടുക്കും അവിടെയെത്താൻ.  അതിനിടക്ക് കുറച്ച് വിവരം വെച്ചോട്ടെ  എന്ന് കരുതി  ഏതെങ്കിലും യു ട്യൂബ്  പ്രഭാഷണം കേൾക്കും.  ഒരു മാസം കഴിഞ്ഞിട്ടും വലിയ വിവരമൊന്നും വെച്ചില്ല.

ഇന്ന്  ഒരു മോട്ടിവേഷണൽ  പ്രഭാഷണമാണ് കേട്ടത്.  മുൻ ഡി ജി പി ,  റിട്ടയർഡ്  ഐ പി എസ് കാരൻ...  കുട്ടികളുടെ തലച്ചോറിന്റെ കഴിവുകളും ഓർമ്മ ശക്തിയും എങ്ങനെ കൂട്ടാം  എന്നാണ്  വിഷയം..   ഓർമ്മശക്തി കൂട്ടാൻ പല മാര്ഗങ്ങളും  പ്രഭാഷകൻ പറഞ്ഞു തരുന്നുണ്ട്  .. ഇടക്ക്  അതിന്റെ കെമിസ്ട്രിയുമൊക്കെ  കൂട്ടി.. ബയോളജിയും..




"ഇനി നിങ്ങളുടെ പരീക്ഷയുടെ ദിവസം , നിങ്ങടെ വീട്ടിലോ , നിങ്ങടെ അയല്പക്കത്തെ  വീട്ടിലോ ,കുഞ്ഞുങ്ങൾക്ക് മുലയൂട്ടൂന്ന ഏതെങ്കിലും അമ്മമാരുണ്ട്  എന്ന് നിങ്ങൾക്ക് മനസ്സിലായാൽ , ഒരു സ്പൂണുമായി  ആ സ്ത്രീയുടെ അടുത്ത് പോണം..  'അമ്മാ - ഒരു സ്പൂണ്  പാല് തരുമോ എന്ന് ചോദിക്കണം..  ഒരു സ്പൂണ് മുലപ്പാല്  കുടിച്ചിട്ട്  പരീക്ഷക്ക് കയറിയാൽ ,അഞ്ചു മാർക്ക് ഉറപ്പ് എന്ന് ശാസ്ത്രജ്ഞൻമാർ പറയുന്നു.. കാരണം മുലപ്പാളിനകത്തുള്ള സിസ്റ്റീനും ടോറിനും  നിങ്ങളുടെ തലച്ചോറിന്  അസാധാരണ ബുദ്ധിശക്തി  നൽകുകയാണ് .. എന്ന് പറഞ്ഞു  ആ സ്ത്രീയോട് വഴക്കൊന്നും ഉണ്ടാക്കാൻ പൊയ്ക്കളയരുത്..  തലേന്നേ സോപ്പിടണം .. തലേന്നേ സോപ്പിട്ടിട്ട്  രാവിലെ ഒരു സ്പൂണുമായി പോയാൽ  ആ സ്ത്രീ ഒരു സ്പൂൺ പാല് പിഴിഞ്ഞിങ്ങു തരും.. അത് കുടിച്ചങ്ങ് പോയാൽ  അഞ്ചു  മാർക്ക് ഉറപ്പെന്നാണ്  ശാസ്ത്രജ്ഞന്മാരുടെ  അഭിപ്രായം...  "

   കുറച്ച് കൂടി  കേട്ടപ്പോൾ  , പുതിയ അറിവുകൾ  എന്റെ തലച്ചോറ്  താങ്ങാതാവുകയും ,  വണ്ടിയുടെ കൺട്രോൾ പോയി കുഴപ്പത്തിലാകുകയും ചെയ്തു. .  

Monday, May 4, 2020

ഷുഗർ

 "ചുണങ്ങുണ്ട് .. മേലാകെ  പടരുകയാണ്  ഡോക്ടറെ .."

പ്രമേഹത്തിനു  മരുന്ന് വാങ്ങാൻ  ഓ പി യിൽ വന്ന അയാൾ  പറഞ്ഞു.  അയാളെന്നു പറഞ്ഞാൽ  അമ്പത് അമ്പത്തഞ്ച്  വയസുള്ള ഒരാൾ..

 "നിങ്ങളുടെ  ഷുഗറു  കുറഞ്ഞില്ലെങ്കിൽ  ആ ചുണങ്ങ്  പടർന്ന്  കൊണ്ടിരിക്കുമെന്നാണ്  തോന്നുന്നത് .. " ഞാൻ പറഞ്ഞു.

"ഷുഗര് കുറയുന്നുണ്ടല്ലോ  സാർ .. രണ്ടാഴ്ച മുമ്പ്  നാനൂറായിരുന്നു.  ഇപ്പോൾ ഇരുനൂറ്റി അമ്പത് .. മരുന്നുകൾ കൃത്യമായി കഴിക്കുന്നുമുണ്ട് .."

"ഇത്രയും കുറഞ്ഞാൽ പോരല്ലോ .. മരുന്ന് കൊണ്ട് മാത്രമല്ല  കുറയുന്നത് .. ദിവസവും അര  മണിക്കൂർ ...  വ്യായാമം .. "ഞാൻ പറഞ്ഞു കഴിഞ്ഞില്ല

" ഇപ്പോൾ ഞാൻ ദിവസവും അര മണിക്കൂർ  പറമ്പിൽ കിളക്കുന്നുണ്ട് ..  "

"--മുമ്പൊക്കെ ഷുഗർ  കുഴപ്പമില്ലാതെ പോയതായിരുന്നു..
  മൂന്നു കൊല്ലം.. കഴിഞ്ഞ മൂന്നു കൊല്ലം  ഞാൻ ഗൾഫിലായിരുന്നു..  അക്കാലം മരുന്നൊന്നും കഴിക്കാൻ  പറ്റിയില്ല."

എന്ത് കൊണ്ടെന്നൊന്നും ഞാൻ ചോദിച്ചില്ല. പക്ഷെ അതെന്റെ മനസ്സിൽ ഉണ്ടെന്ന് അയാൾക്ക് മനസ്സിലായിക്കാണും..

"എനിക്ക് ഇക്കാമ ഇല്ലായിരുന്നു.  അതിനാൽ മരുന്ന് വാങ്ങാൻ പറ്റില്ല .  ആദ്യമൊക്കെ കിട്ടിയിരുന്നു. പിന്നെ കിട്ടാതായി. 
അവിടെ ഇവിടുത്തെ മാതിരി  മെഡിക്കൽ ഷോപ്പിൽ ചെന്ന്  കൂക്കി വിളിച്ചാൽ മരുന്നൊന്നും കിട്ടില്ല. ഡോക്ടറുടെ  എഴുത്ത് വേണം. നിര്ബന്ധമായും.."

"എനിക്ക് ഇക്കാമ ഇല്ലാത്തതിനാൽ  ഡോക്ടറെ കാണിക്കാൻ പോകാൻ പറ്റില്ല. "


ഇക്കാമ എന്തെന്ന് എനിക്ക് പിടിയില്ലായിരുന്നു .. ജോലി അനുമതി  ആണെന്ന് ഊഹിച്ചു..

"അപ്പോൾ നിങ്ങൾക്ക് അവിടെ ജോലിയൊക്കെ കിട്ടിയോ ?" ഞാൻ ചോദിച്ചു..
 
"ഒരു കൊല്ലം ജോലി ഉണ്ടായിരുന്നു. പിന്നീട് ഒന്നരക്കൊല്ലം ജോലി ഇല്ലായിരുന്നു. റൂമിൽ തന്നെയായിരുന്നു. പിന്നീട്  കീഴടങ്ങി. നാല് മാസം ജയിലിൽ. പിന്നെ ഇങ്ങോട്ട് കേറ്റിയയച്ചു.  പിന്നെ വീട്ടിൽ തടവിൽ. ഇരുപത്തെട്ടു ദിവസം .. ക്വറന്റൈനിൽ ..  പുറത്തിറങ്ങിയിട്ടാണ്  ആശുപത്രിയിൽ വന്നു മരുന്ന് വാങ്ങിയത്..
ഇനി ഷുഗറൊക്കെ  കുറഞ്ഞോളും.. "


  പഞ്ചസാര കുറയുമോ എന്തോ ?  ഇതൊക്കെ കേട്ടപ്പോൾ , ഞാൻ രണ്ട് ദിവസം മുമ്പ് വായിച്ച  ഒരു പോസ്റ്റ് ഉണ്ടായിരുന്നു,  ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ  ദാരിദ്ര്യവും കഷ്ടപ്പാടുമൊക്കെ  വിവരിക്കുന്ന ഒരു പോസ്റ്റ്..  അതിനെ ഞാൻ ലൈക് ചെയ്തു  പിന്തുണക്കുകയും ചെയ്തിരുന്നല്ലോ ..