Friday, December 18, 2020

കമ്പിപുസ്തകം

  എന്തൊരു വരണ്ട കാലമായിരുന്നു .. മൊബൈലും ഇന്റർനെറ്റും  ഇല്ല. കംപ്യുട്ടർ കണ്ടത്  പാഠപുസ്തകങ്ങളിൽ മാത്രം 

സ്‌കൂളിൽ  പഠിക്കുമ്പോഴാണ് . എട്ടാം ക്ളാസിലാണെന്നാണ്  ഓർമ്മ.  ഒരുത്തൻ ഒരു കൊച്ചുപുസ്തകവുമായി ക്‌ളാസിൽ വന്നു. കൈമാറി , കൈമാറി ഡെസ്കിനടിയിൽ വെച്ച്  അത് വായിച്ച് കൊണ്ടിരിക്കുകയാണ് , എന്റെയടുത്തതൊന്നും  അത് എത്തിയില്ല. അതിനു മുമ്പ് ഒരു ചങ്ങാതി കരിങ്കാലിപ്പണി കാണിച്ചു . ക്ലാസിൽ ഒരാൾ  അശ്ലീലപുസ്തകം കൊണ്ടു  വന്നു എന്നും അതിലെ   പറയാൻ പറ്റാത്ത ഒരു വാക്ക്  തന്റെ നേരെ അവൻ ഉപയോഗിച്ച് എന്നും ക്‌ളാസ് മാഷോട്  ചെന്ന് പരാതി പറഞ്ഞു.   

മാഷ്  ഒരു വടിയും എടുത്ത് ക്ളാസിലേക്ക് വന്നു .  ആരാണ് പുസ്തകം കൊണ്ട് വന്ന ആൾ എന്ന് ചോദിച്ചു . പുസ്തകം ആരോ  മാഷിന് എടുത്ത് കൊടുത്തു.   ആർക്കൊക്കെ ഇത് വായിക്കാൻ കിട്ടി എന്ന് മാഷ് ചോദിച്ചു.  അപ്പോൾ പുസ്തകത്തിന്റെ ഉടമസ്ഥൻ  പരാതിക്കാരൻ  കരിങ്കാലിയെ  ചൂണ്ടി പറഞ്ഞു - ഇവനാണ്  സാർ ആദ്യം വായിച്ചത്.

അപ്പോൾ പരാതിക്കാരനെ മാഷ്  എഴുന്നേൽപ്പിച്ച് നിർത്തി. അവനാകെ വിറച്ച് പോയി .  അവൻ വിറച്ച് കൊണ്ട് തന്നെ മാഷോട് പറഞ്ഞു - "അയ്യോ സാറേ .. ഞാനിതു  വായിച്ചൊന്നുമില്ല . കൈയിൽ കിട്ടിയപ്പോൾ അതിലെ പടങ്ങള്  നോക്കിയെന്നേയുള്ളൂ . സത്യമായിട്ടും വായിച്ചിട്ടില്ല ."

കൊണ്ട് വന്നവനും വായിച്ചവനും  പടം  നോക്കിയവനും എല്ലാം തല്ല് കിട്ടുമെന്നാണ് ഞങ്ങൾ കരുതിയത്. ഒരു ചൂരൽ വടി  മാഷിന്റെ കൈയിൽ കിടന്ന് വിറക്കുന്നുണ്ടായിരുന്നല്ലോ . പക്ഷെ മാഷ് അടിച്ചില്ല. പകരം അഞ്ചു മിനിറ്റ് പ്രഭാഷണം നടത്തി. ." നമ്മൾ വായിക്കുന്നത് എന്തോ അത് നമ്മൾക്ക് പ്രചോദനം തരും. അങ്ങനെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരമുണ്ടായത് . വായിച്ചിട്ടാണ് അബ്രഹാം ലിങ്കൺ മഹാത്മായത് .. അത് കൊണ്ട്  നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തത് വായിക്കണം .."

ഇനി ഇങ്ങനെയൊന്നും ചെയ്യരുത് എന്നും പറഞ്ഞ് മാഷ്  പുസ്തകവുമായി  സ്റ്റാഫ് റൂമിലേക്ക് പോയി. ആ പുസ്തകത്തിനു എന്ത് പറ്റിയോ ആവോ ? 

ഇത് ഇപ്പോൾ ഓർക്കാൻ കാരണമെന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ , അങ്ങനെ പ്രത്യേക കാരണമൊന്നുമില്ല.  

എന്തോ , ഭരണഘടന കൈയിൽ കിട്ടിയിട്ട്  അതിൽ എന്താണ് എഴുതിയിരിക്കുന്നത്  എന്ന് വായിച്ച് നോക്കാതെ - വായിച്ചതിന്റെ ഒരു ലക്ഷണവുമില്ല-  അതിലെ പടങ്ങൾ  മാത്രം ഓർത്തിരിക്കുന്ന  ചില സുഹൃത്തുക്കളെ കണ്ടപ്പോൾ  , ഓർത്തു പോയെന്നേയുള്ളൂ ..




Saturday, November 28, 2020

MENTAL RETARDATION

ഐ ക്യൂ ടെസ്റ്റ്  ഉപയോഗിച്ചാണ്  ബുദ്ധിശക്തി  അളക്കുന്നത്.  അതെ പ്രായമുള്ള ഒരു കുട്ടിക്കുണ്ടാകേണ്ട  ബുദ്ധിയുമായുള്ള താരതമ്യമാണ് ബുദ്ധിശക്തി പരിശോധനയുടെ അടിസ്ഥാനം.  മാനസിക വളർച്ച ചില  ടെസ്റ്റുകളിലൂടെ  കണ്ട് പിടിക്കുന്നു.  പരിശോധനയിൽ  ഐ ക്യൂ എഴുപതിൽ  താഴെ വരുമ്പോഴാണ്  ബുദ്ധിമാന്ദ്യം എന്ന രോഗനിർണ്ണയം  നടത്തുന്നത്.


ഐ ക്യൂ സ്‌കോർ അനുസരിച്ച്  ബുദ്ധിമാന്ദ്യത്തെ  നാല് വിഭാഗമായി തിരിച്ചിട്ടുണ്ട് .  ലഘുവായ ബുദ്ധിമാന്ദ്യം, ഇടത്തരം ബുദ്ധിമാന്ദ്യം, കടുത്ത ബുദ്ധിമാന്ദ്യം, അതിതീവ്രമായ ബുദ്ധിമാന്ദ്യം എന്നിങ്ങനെ.

അമ്പതിനും  എഴുപതിനും  ഇടക്ക്  ഐ ക്യൂ  ഉള്ള കുട്ടികളെയാണ്  ലഘുവായ  ബുദ്ധിമാന്ദ്യം - Mild mental retardation - എന്ന വിഭാഗത്തിൽ പെടുത്തിയിട്ടുള്ളത്. ഈ വിഭാഗത്തിൽ പെട്ടവർക്ക് ഏകദേശം  സാധാരണ ജീവിതം നയിക്കാൻ പറ്റുന്നു. സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തി ആര്ജിക്കെടുക്കാനും പറ്റുന്നു. പരിശീലനത്തിന്റെ  ആവശ്യം  ചില കാര്യങ്ങളിൽ  ഒരു സാധാരണ ബുദ്ധിശക്തി ഉള്ള കുട്ടിയേക്കാൾ  ഉണ്ടാകാം. അത് പോലെ മറ്റുള്ളവരുടെ പിന്തുണയും കൂടുതലായി ആവശ്യമായി വരാം. 


ഐ ക്യൂ   36  നും 49  നും ഇടയിൽ വരുന്ന കുട്ടികളാണ്  ഇടത്തരം ബുദ്ധിമാന്ദ്യം- Moderate mental retardation -  എന്ന വിഭാഗത്തിൽ വരുന്നത്. നിത്യ ജീവിത വൃത്തികൾ , അതായത്, ഭക്ഷണം കഴിക്കൽ, വസ്ത്രം ധരിക്കുന്നത് , ശരീരം ശുചിയാക്കുന്നത്   ഇവർക്ക് പരിശീലനം ലഭിച്ചാൽ സാധിക്കും. 

20  നും 35  നും ഇടയിൽ  ഐ ക്യൂ ഉള്ളവരാണ്  കടുത്ത ബുദ്ദ്ധിമാന്ദ്യം ഉള്ളവർ -Severe mental retardation -എന്ന വിഭാഗത്തിൽ പെടുന്നത് . ഈ വിഭാഗത്തിൽ പെടുന്നവർക്ക്  പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് വരെ മറ്റുള്ളവരുടെ സഹായം വേണ്ടി വരുന്നു.

ഇരുപതിൽ താഴെ ഐ ക്യൂ വരുന്നവർക്ക് - Profound mental retardation - എല്ലാ കാര്യങ്ങളിലും സഹായം വേണ്ടി വരും. 

ബുദ്ധിമാന്ദ്യത്തിന്റെ കൂടെ പല പ്രശ്നങ്ങളും കാണാറുണ്ട് . കുട്ടികളിൽ പലപ്പോഴും അമിതമായ  വികൃതി കാണപ്പെടുന്നു.
തലച്ചോറിന്റെ വളർച്ചയിലുണ്ടാകുന്ന തകരാറാണ്  ബുദ്ധിമാന്ദ്യത്തിന്റെ പ്രധാന കാരണമെന്നതിനാൽ  അപസ്മാരരോഗം  ഉൾപ്പെടെ പല രോഗങ്ങളും  ഇവരിൽ കാണാറുണ്ട് . സൈക്കോസിസ് ഉൾപ്പെടെ  മനോരോഗങ്ങളും ഉണ്ടാകാം. വിഷാദത്തിനും ഉൽക്കണ്ഠാ  രോഗങ്ങൾക്കും സാധ്യത കൂടുതലാണ് . 

ബുദ്ധിമാന്ദ്യമുള്ളവർക്ക് എപ്പോഴും  ശ്രദ്ധയും പരിചരണവും പരിശീലനവും വേണ്ട സ്ഥിതി  രക്ഷിതാക്കൾക്ക്  അതിയായ സമ്മർദ്ദം ഉണ്ടാക്കുന്നു. അതിനോടൊപ്പം  ബുദ്ധിമാന്ദ്യമുള്ളവരുടെ  ഭാവിജീവിതത്തെപ്പറ്റിയുള്ള ചിന്തകൾ  അടുപ്പമുള്ളവർക്ക്  കടുത്ത വേവലാതി ഉണ്ടാക്കുന്നതാണ് .
നിർഭാഗ്യവശാൽ , നമ്മുടെ സമൂഹം , അഥവാ സർക്കാർ , ബുദ്ധിമാന്ദ്യമുള്ളവരുടെ പ്രശ്നങ്ങളിൽ ആവശ്യമുള്ള ഇടപെടലുകൾ  നടത്തുന്നില്ല. ഉള്ള സൗകര്യങ്ങൾ പരിമിതമാണ് .


ഇത്തരം ഒരു സാഹചര്യത്തിൽ  കുട്ടികളുടെ ബുദ്ധിമാന്ദ്യം ഒളിച്ചു വെക്കരുതെന്ന് നാം പറയുന്നതിൽ അർത്ഥമില്ല.  ബുദ്ധിമാന്ദ്യം നേരത്തെ കണ്ടെത്തേണ്ടതിനാവശ്യമായ ബോധവൽക്കരണം പ്രധാനമാണ് .  ആവശ്യമായ ചികിത്സ ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ  ഉണ്ടാകേണ്ടതാണ്.  ബുദ്ധിമാന്ദ്യം ഉള്ള  എല്ലാ കുട്ടികളുടെയും  പുനരധിവാസം സമൂഹത്തിന്റെ ഉത്തരവാദിത്തം ആയിരിക്കേണ്ടതാണ് .










Saturday, November 21, 2020

ഒന്നും ചെയ്യാ സ്വാമി

 പണ്ടൊരു ദിവസം. ജോലിക്ക്  അവധിയായിരുന്നു. രാവിലെ പത്ത് മണി വരെ ഉറങ്ങി. കണ്ണ് തുറന്നു. എഴുന്നേൽക്കാൻ മടിച്ചു . കിടക്കയിൽ തന്നെ കിടന്നു. 

ഒരു പന്ത്രണ്ട് മണിയായപ്പോൾ  പതുക്കെ എഴുന്നേറ്റ്  , പല്ലു തേച്ച് , കുളിയും കഴിഞ്ഞ് , അവിടെയുള്ള ഹോട്ടലിൽ   ഭക്ഷണം കഴിക്കാൻ പോയി. 

അവിടെയപ്പോൾ  രണ്ട് സഹപ്രവർത്തകർ  ഭക്ഷണം കഴിക്കാൻ ഇരിക്കുന്നു. ചോറ്  എത്തിയിട്ടില്ല. 

അതിൽ ആത്മീയ സാധനകളിൽ  വലിയ താല്പര്യമുള്ള  ചങ്ങാതി , മറ്റെയാളോട് പറയുകയാണ് -" ഒന്നും ചെയ്യാതിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല . വലിയ വിഷമമുള്ള കാര്യമാണ് .."


ഞാൻ പിടുത്തം കിട്ടാത്ത മട്ടിൽ നോക്കിയപ്പോൾ  അദ്ദേഹം എന്നോട് ചോദിച്ചു .. " നിങ്ങൾക്ക് പറ്റുമോ ? ഒന്നും ചെയ്യാതിരിക്കാൻ ?"

അദ്ദേഹം കൂട്ടുകാരനെ നോക്കി തുടർന്നു -" എന്റെ വീട്ടിനടുത്ത്  പഴയ ഒരമ്പലമുണ്ട് . അവിടെ സിദ്ധികളുള്ള ഒരു മനുഷ്യനുണ്ട് . അമ്പലത്തിനടുത്തുള്ള ഒരു ചായ്പ്പിലാണ്  ഉറങ്ങുന്നത്. രാവിലെ തന്നെ അമ്പലത്തിനു മുന്നിലുള്ള ആൽത്തറയിൽ വന്നിരിക്കും. വെറുതെ ഇരിക്കുകയേയുള്ളൂ . ഒന്നും ചെയ്യാറില്ല. ഒന്നും സംസാരിക്കുകയുമില്ല. വെറുതെ അങ്ങനെ ഇരിക്കും. രാത്രി വരെ. 'ഒന്നും ചെയ്യാ സ്വാമി' എന്നാണ്  ആളുകൾ അദ്ദേഹത്തെപ്പറ്റി പറയുന്നത്. പക്ഷെ സ്വാമി വലിയ സിദ്ധികൾ ഉള്ള ആളാണ് . ജനങ്ങൾ തങ്ങളുടെ  ജീവിതത്തിലെ പ്രശ്നങ്ങൾ അവിടെ പോയി പറയും.. സ്വാമി ഒന്നും പറയാറില്ല. പക്ഷെ പ്രശ്നങ്ങൾക്ക്  പരിഹാരങ്ങൾ താനെയുണ്ടാകും.  ആത്മീയ ചൈതന്യങ്ങൾ ഉള്ള ആളാണ് . വൈരാഗിയാണ് . വല്ലപ്പോഴും ജനങ്ങൾ അവിടെ വെക്കുന്ന പഴങ്ങളെ കഴിക്കുള്ളൂ .." 

അപ്പോഴേക്കും ചോറ് വന്നതിനാൽ  കൂടുതൽ സ്വാമിയെപ്പറ്റി അറിയാനായില്ല. ഇയാളാണെങ്കിൽ  ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാത്തവനുമാണ് .

പിന്നീടൊരിക്കൽ  ഈ സ്വാമിയെപ്പറ്റി കൂടുതൽ അറിയണമെന്ന് തോന്നിയപ്പോൾ   സഹപ്രവർത്തകനോട്  അന്വേഷിച്ചു .  അതിനൊരു കാരണമുണ്ടായിരുന്നു. 


ആ സ്വാമി അവിടെ നിന്ന് പോയെന്നാണ് പറഞ്ഞത്.  ഒരു ദിവസം അതിലെ പാഞ്ഞു പോയ ഒരു നായ  സ്വാമിയെ കടിച്ചു കീറിയത്രെ .  അപ്പോഴും അയാൾ  നിര്മമനായി  അത് സഹിച്ച്‌ നിന്നു  എന്നാണ് പറഞ്ഞത്.  നായ്ക്കറിയില്ലല്ലോ  സ്വാമിക്ക് സിദ്ധികളുള്ള കാര്യം.  പക്ഷെ , നാട്ടുകാർ   സ്വാമിയെ പൊക്കിയെടുത്ത് ആശുപത്രിയിൽ കൊണ്ട് പോയി.  അവിടെ നിന്നും സ്വാമിയുടെ അനിയൻ വന്നു കൂട്ടിക്കൊണ്ടു പോയി  എന്നറിഞ്ഞു.


കുറെ മുമ്പ് നടന്നതാണ് . പക്ഷെ,  എല്ലാ പരീക്ഷകൾക്കും റാങ്ക് കിട്ടിയ , ഒന്നും ചെയ്തതായി കേട്ടിട്ടില്ലാത്ത  ഒരു  സിവിൽ സർവീസ് കാരനെ സ്തുതിച്ച് കൊണ്ട്  ഒരു  വാട്സാപ്പ് മെസേജ് ഇന്നലെ അയച്ചു കിട്ടിയപ്പോൾ  എനിക്ക് ഈ സ്വാമിയെ ഓർമ്മ വന്നു. എന്തുകൊണ്ടായിരിക്കും  ഒന്നും ചെയ്യാ സ്വാമിമാരെ  ജനങ്ങൾ ആരാധിക്കുന്നത് ? 



Saturday, October 3, 2020

പുട്ട്

  പണ്ട്  കോളേജ് കാലമാണ് . തിങ്കളാഴ്ച  രാവിലെ. ഒരു സുഹൃത്ത്  ഹോസ്ടലിനടുത്തുള്ള  ചെറിയ ഹോട്ടലിൽ പോകുന്നു. കൂടെ രണ്ട്  സഹപാഠികളുമുണ്ട് .  സപ്ലൈ  ചെയ്യുന്ന പയ്യൻ ചോദിക്കുന്നു . "  നിങ്ങൾക്ക് എന്താണ് കഴിക്കാൻ വേണ്ടത് ?''

അപ്പോൾ  സുഹൃത്ത് പറഞ്ഞു - രണ്ട് പുട്ടും   ഒരു കടലക്കറിയും . 

ചൊവ്വാഴ്ച രാവിലെയും അവിടെത്തന്നെ പോയി.  സപ്ലയർ  പയ്യൻ ചോദിക്കുന്നു . എന്താണ്  വേണ്ടത് ? 

 "പുട്ടും കടലക്കറിയും " - ഇവൻ  പറഞ്ഞു. 

അടുത്ത ദിവസവും  അതിനടുത്ത ദിവസവും   പുട്ടു തന്നെ. 

അതിനുമടുത്ത ദിവസം , വെള്ളിയാഴ്ച , പയ്യൻ എന്താണ് വേണ്ടതെന്ന് ചോദിക്കാനൊന്നും നിന്നില്ല.  നിങ്ങൾ പുട്ടല്ലേ ? പിന്നെ കടലക്കറിയും  എന്ന് ചോദിച്ചു. അതങ്ങ് കൊണ്ട് കൊടുക്കുകയും  ചെയ്തു.

ഇതിനു ശേഷം ചങ്ങാതിമാർ   ഇവനെ പുട്ട്  എന്നു  വിളിക്കാൻ തുടങ്ങി.  അതിനു ശേഷം അവൻ പുട്ടു കഴിച്ചിട്ടില്ല. 


മറ്റൊരു ബാച്ചിലെ  മറ്റൊരു പയ്യൻ .  തന്റെ കൂട്ടുകാരനോട്  ചോദിക്കുകയാണ് .

" എടാ , ഫിസിയോളജി പരീക്ഷ എങ്ങനെയുണ്ടായിരുന്നു ?"

" അത് പുട്ടായിരുന്നു " - മറ്റവൻ പറഞ്ഞു.

"ബയോകെമിസ്ട്രി  എങ്ങനെയുണ്ടായിരുന്നു ? "

"അത് അതിനേക്കാൾ പുട്ടായിരുന്നു ." - ഇവൻ മറുപടി പറഞ്ഞു .

"അനാട്ടമിയോ ?"

"അത് ഭയങ്കരമാന  പുട്ടായിരുന്നു "

അതോടെ  അവനെ എല്ലാവരും പുട്ടെന്നു വിളിക്കാൻ തുടങ്ങി . പിന്നെ അവൻ പുട്ടെന്ന വാക്ക്  ഉച്ചരിച്ചിട്ടില്ല. പുട്ടു കഴിച്ചിട്ടുമില്ല.


 പുട്ട്  എന്ന് വട്ടപ്പേരുള്ള  ഒരു പാട് പേരെ കണ്ടിട്ടുണ്ട് . ഒരു പത്ത് പേരെ എനിക്ക്  അറിയാം. പക്ഷെ, അങ്ങനെ വിളിക്കുന്നതിന്റെ കാരണം പലപ്പോഴും മനസിലായില്ലായിരുന്നു.

സ്‌കൂളിൽ  സീനിയർ ബാച്ചിൽ ഉണ്ടായിരുന്ന ഒരു പയ്യനെ പൂട്ട്  എന്ന് വിളിക്കാനുണ്ടായിരുന്ന  കാരണം കഴുത്ത്  വളരെ കുറഞ്ഞ തടിച്ചുരുണ്ട  അവന്റെ  രൂപമായിരുന്നു എന്ന് തോന്നുന്നു . 

മറ്റൊരു പയ്യൻ ഷോട്ട് പുട്ട്  ഏറുകാരനായിരുന്നു . ആദ്യമൊക്കെ അവനെ ഷോട് പുട്  എന്നാണ്  വിളിച്ചിരുന്നത് . പിന്നെ അത്  വെറും പുട്ട്  ആയി.

പുട്ടിനെപ്പറ്റി, പുട്ടുണ്ടാക്കുന്നതിനെപ്പറ്റി , പുട്ടു കഴിക്കുന്നതിനെപ്പറ്റി , പുട്ടിന്റെ സ്വാദുകളെപ്പറ്റി , ഇടക്കിടെ പുട്ടു പോലെ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇടുന്ന , കോഴിക്കോട്ടെ ഒരു പ്രമുഖ സൈക്യാട്രിസ്റ്  ഉണ്ടായിരുന്നു .രാവിലെ ദിവസവും ഒരു കുറ്റി പുട്ട്  കഴിച്ചാണ് ദിവസവും ജോലിക്ക്  വരുന്നത് എന്ന് പറഞ്ഞപ്പോൾ  ഞാൻ അത് വിശ്വസിച്ചിരുന്നില്ല. നമ്മളെപ്പോലെ  നടക്കാത്ത സ്വപ്നങ്ങളാണ് ഫേസ്‌ബുക്ക്  പോസ്റ്റുകളായി വരുന്നതെന്നാണ് കരുതിയിരുന്നത്.

ഇന്നലെ ഞാൻ ഒരു സൂപ്പർ മാർക്കറ്റിൽ  പുട്ടുപൊടിയുടെ  ഒരു കിലോ പാക്ക്  ബില്ലാക്കാൻ നിൽക്കുമ്പോൾ , തൊട്ടു മുന്നിൽ  ഒരാൾ പുട്ടുപൊടിയുടെ  പത്ത് കിലോ പാക്കറ്റുമായി നിൽക്കുന്നു. നമ്മുടെ സൈക്യാട്രിസ്റ് തന്നെ.   ദിവസവും രാവിലെ ഒരു കുറ്റി  പുട്ടു തിന്നുമെന്നു പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. സൈക്യാട്രിയുടെ  ഇന്ധനം പുട്ടായിരിക്കാം ..


Monday, September 21, 2020

Mayiladuturai J to Mysore Junction - Mysore express leaving Kengeri Rai...

Frankenstein; or, The Modern Prometheus

  മേരി ഷെല്ലി എന്ന് വലിയ മലയാളം അക്ഷരങ്ങളിലും , അതിനു  കുറച്ച് താഴെ  ഫ്രാങ്കൻസ്റ്റീൻ  എന്ന് ചെറിയ മലയാളം അക്ഷരങ്ങളിലും എഴുതിയ ഒരു  പുസ്തകം എനിക്ക് ഒരു മാഷ്  വായിക്കാൻ തന്നപ്പോൾ ഞാൻ ആറാം ക്ളാസിലായിരുന്നു .

ഒരു ശാസ്ത്രജ്ഞൻ തന്റെ പരീക്ഷണശാലയിൽ  കൃത്രിമമായി ഒരു ജീവൻ സൃഷ്ടിക്കുകയും  , പിന്നീട് തന്റെ സൃഷ്ടിയാൽ തന്നെ  ഭയചകിതനാകുകയും  ചെയ്യുന്ന ഈ കഥ , എന്നെ പേടിപ്പെടുത്തി. ഫ്രാങ്കൻസ്റ്റീൻ  എന്റെ സ്വപ്നങ്ങളിൽ കടന്നു വന്നു  ഞെട്ടിച്ച് കൊണ്ടിരുന്നു.

അന്ന് ദൈവങ്ങളിലും പ്രേതങ്ങളിലും പിശാചുക്കളിലും ഭൂതങ്ങളിലുമൊക്കെ വിശ്വാസമുണ്ടായിരുന്നു  ഒരു കുട്ടിയായിരുന്നു . അത്  വായിച്ച എന്റെ സുഹൃത്തുക്കളും അങ്ങനെത്തന്നെയായിരുന്നു. 

അക്കാലത്ത് തന്നെ കുട്ടികൾക്ക് വേണ്ടിയുള്ള  ഒരു ശാസ്ത്ര മാസികയിൽ  പ്രസിദ്ധീകരിച്ച് വന്ന  ഫ്രാൻകസ്റ്റീൻ വിവർത്തനം , കുട്ടികൾ  പേടിക്കുന്നു എന്ന് രക്ഷിതാക്കൾ പരാതി പറഞ്ഞത് കാരണം നിർത്തിക്കളയുകയും ചെയ്തിരുന്നു .
കഴിഞ്ഞ ദിവസം ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ  ഫ്രാങ്കൻസ്റ്റീൻ  രാക്ഷസൻ എന്നു വായിച്ചപ്പോൾ ,അന്ന് നോവല് വായിച്ച് പേടിച്ച് പോയ കാര്യം ഓർത്തു പോയി.


പക്ഷെ, ഇപ്പോൾ തോന്നുന്നു , അതൊരു രാക്ഷസന്റെ കഥ ആയിരുന്നില്ല. ആരാലും സ്നേഹിക്കപ്പെടാതെ , എല്ലാവരാലും അകറ്റപ്പെട്ട് , സൃഷ്ടിച്ച ആളാൽ പോലും വെറുക്കപ്പെട്ട  സൃഷ്ടിയുടെ ദുരവസ്ഥയുടെ കഥ ആയിരുന്നു അത്. 
ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയായിരിക്കണം ആരാലും സ്നേഹിക്കപ്പെടാതിരിക്കുക എന്നത്.

ഫ്രാൻകസ്റ്റീൻ ഒന്ന് കൂടെ വായിക്കണമെന്നുണ്ട് , ഇപ്രാവശ്യം ഒറിജിനൽ ..  

Frankenstein; or, The Modern Prometheus




Sunday, September 6, 2020

PERIYA

  ഹൌസ് സർജൻസി പൂർത്തിയാക്കിയതിന്റെ  പിറ്റേ ദിവസം  ,  ഒരുമിച്ച്  ഇന്റേണ്ഷിപ്   പൂർത്തിയാക്കിയ  രണ്ട് സുഹൃത്തുക്കളോടൊപ്പം  , തിരുവനന്തപുരത്ത് പോയി , മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തു , കോവളത്തും പൊന്മുടിയിലും കന്യാകുമാരിയുമൊക്കെ  കറങ്ങി , പിറ്റേ ദിവസം  കോഴിക്കോട് തിരിച്ചെത്തി . അതിന്റെ അടുത്ത ദിവസം  ഞാൻ വയനാട്ടിലേക്ക് പോയി  ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തി  , ഡി എം ഓ യെ കണ്ട്  എനിക്ക് താൽക്കാലികമായി  എവിടെയെങ്കിലും ഒരു പോസ്റ്റിങ്ങ്  തരണമെന്ന്  വിനീതമായി അപേക്ഷിച്ചു . മറ്റു രണ്ട് പേരും അവരുടെ നാട്ടിലേക്ക്  വിട്ടിരുന്നു. 

ഒരു സുഹൃത്ത്  ജോലി ചെയ്തു കൊണ്ടിരുന്ന വൈത്തിരി ആയിരുന്നു ഞാൻ ആഗ്രഹിച്ചിരുന്ന സ്ഥലം. പക്ഷെ ഡി എം ഓ  എന്നോട് പറഞ്ഞു - " ഇവിടെ പെരിയ എന്നൊരു പി എച് സി ഉണ്ട് . നല്ല സ്ഥലമാണ് . അവിടെ  നാല്  ഒഴിവുകൾ ഉണ്ട് . അവിടെ പോസ്റ്റ് ചെയ്യാം.  ബഹിർഷൻ  ഡോക്ടർ  ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട് . പഞ്ചായത്തിൽ പോയി അവിടെ നിന്ന് ഒരു ലെറ്റർ വാങ്ങി വരണം" 


ഉടനെ തലപ്പുഴ പഞ്ചായത്ത് ഓഫീസിൽ പോയി. പ്രസിഡന്റിനെ കണ്ടു . എക്കണ്ടി മൊയിതുട്ടി  എന്നൊരാളാണ്  പ്രസിഡന്റ് . അദ്ദേഹത്തിന് സന്തോഷമായി .    അദ്ദേഹം പറഞ്ഞു. നിങ്ങൾ ഒരു പത്ത് കൊല്ലം ഇവിടെ നിൽക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷെ , ലെറ്റർ തരേണ്ടത് ഞാനല്ല. ഇത് സി എച് സി ആക്കിയതിനാൽ  ബ്ലോക്ക് പഞ്ചായത്തിൽ പോയി വാങ്ങണം . ഇന്ന് തന്നെ പോയി വാങ്ങിക്കൊള്ളൂ .. കാളേട്ടനെ  ഞാൻ വിളിച്ച് പറയാം.  അദ്ദേഹം ഉടനെ  ഫോൺ വിളിച്ച്  , കാളേട്ടാ  അവിടെ ഉണ്ടല്ലോ  , ഇപ്പോൾ തന്നെ ചെയ്തു കൊടുക്കുമല്ലോ  എന്ന്  ചോദിക്കുകയും ചെയ്തു .


ഈ  കാള  ആരാണെന്ന്  ആലോചിച്ച്  അവിടെയെത്തിയപ്പോഴാണ്  ,  പി കെ കാളൻ  എന്ന  മാർക്സിസ്റ് പാർട്ടി നേതാവാണ് , അവിടുത്തെ  ബ്ലോക്ക് പ്രസിഡന്റ് .  സെക്രട്ടറി  ഒരു ലെറ്റർ ഉണ്ടാക്കുകയും കാളേട്ടൻ  ഒപ്പിടുകയും ചെയ്തു. അപ്പോഴേക്കും സമയം വൈകിയതിനാൽ  ഞാൻ തിരിച്ചു പോയി. പിന്നീട്  ഒരു പുനർ വിചിന്തനമൊക്കെ നടത്തി , രണ്ടാളാഴ്ച കഴിഞ്ഞപ്പോഴാണ്  ഞാൻ അവിടെ  താൽക്കാലിക അസിസ്റ്റന്റ് സർജൻ ആയി ജോയിൻ ചെയ്തത്. കാണാൻ നല്ല രസമുള്ള സ്ഥലമായിരുന്നു . ഒരു വശത്ത് മുഴുവൻ തേയിലത്തോട്ടങ്ങളും  മറ്റേ  സൈഡിൽ കാടും .പിന്നെ ഡിസംബറിലെ കൊടും തണുപ്പും.

പത്ത് മാസം അവിടെ ജോലി ചെയ്തു. ചായത്തോട്ടങ്ങളിലൂടെയും  മലകളിലൂടെയും  കുറെ നടന്നു. 


അന്ന് എനിക്ക് 7500  രൂപയാണ് ശമ്പളം കിട്ടിയിരുന്നത്. അസിസ്റ്റന്റ് സർജന്റെ തുടക്ക ശമ്പളവും  ഏകദേശം അത്രയൊക്കെയായിരുന്നു .  പിന്നെ  ശമ്പളം കൂട്ടാനുള്ള സമരമൊക്കെ വന്നപ്പോഴാണ്  ശമ്പളം കൂട്ടിയത്. 


അസിസ്റ്റന്റ് സർജന്റെ യോഗ്യതയുള്ള ഒരാൾ , അസിസ്റ്റന്റ് സർജന്റെ ജോലി ചെയ്യുമ്പോൾ  ,  നമ്മൾ എന്ത് പേരിൽ അവരെ വിളിക്കുന്നുവെങ്കിലും , അവർക്ക്  അസിസ്റ്റന്റ്  സർജന് കിട്ടുന്ന വേതനം  കിട്ടണമെന്നത്  , തികച്ചും  ന്യായമായ ഒരു കാര്യമാണെന്നാണ്  തോന്നുന്നത്.. 






Tuesday, August 11, 2020

   ഭാരതത്തിന്റെ  രണ്ടാമത്തെ   പ്രധാനമന്ത്രി  ആയിരുന്ന ലാൽ  ബഹാദൂർ ശാസ്ത്രി  അന്തരിച്ചത്  താഷ്‌കന്റിൽ  വെച്ചായിരുന്നു . പാക്കിസ്ഥാനുമായുള്ള  യുദ്ധസമയത്ത്   അവരുമായി  സമാധാന ഉടമ്പടി ഒപ്പിടാനായാണ്  ശാസ്ത്രിജി  അവിടെയെത്തിയത്.  അന്ന്  സോവിയറ്റു  യൂണിയന്റെ ഭാഗമായിരുന്നു താഷ്കണ്ട് . ഉസ്‌ബകിസ്ഥാന്റെ  തലസ്ഥാന  നഗരമാണ്   ഇത്.. 1966  ജനുവരി  പത്തിന്  വൈകിട്ട് താഷ്കന്റ്  ഉടമ്പടി  എന്ന വെടി നിർത്തൽ രേഖയിൽ  ഇന്ത്യൻ പ്രധാനമന്ത്രിയും  പാകിസ്ഥാൻ  പ്രസിഡന്റും   ഒപ്പിട്ടു.രാത്രി  ഭക്ഷണം  കഴിഞ്ഞു  കിടന്ന ശാസ്ത്രിജി ,   കുറച്ച്  മണിക്കൂർ  കഴിഞ്ഞപ്പോൾ തളർന്നു വീഴുകയും  മരണപ്പെടുകയും  ചെയ്തു. ഭക്ഷണം തയ്യാറാക്കിയവരും വിളമ്പിയവരും അറസ്റ്റിലായി . ശാസ്ത്രിയുടെ മരണം ഹൃദയാഘാതം മൂലമെന്ന്  ഡോക്ടർമാർ വിധിയെഴുതിയതിനാൽ  അറസ്റ്റിലായവരെ  ഉടൻ വിട്ടയച്ചു . ശാസ്ത്രിജിയുടെ  മൃതശരീരം പോസ്റ്റ് മോർട്ടം നടത്തിയിരുന്നില്ല. പക്ഷെ, പിന്നീട് ഒരു പാട് വിവാദങ്ങളും സംശയങ്ങളും ശാസ്ത്രിയുടെ മരണത്തെപ്പറ്റി ഉയർന്നു. ശാസ്ത്രിയുടെ മരണം കൊലപാതകമാണെന്ന്  ആരോപണമുയർന്നു. പാകിസ്താനാണ് അദ്ദേഹത്തെ കൊന്നത് , അമേരിക്കയാണ് കൊന്നത് ,  സോവിയറ്റു റഷ്യയാണ് , ഇന്ദിരാഗാന്ധിയാണ്  പുറകിൽ  എന്നൊക്കെ ആരോപണം ഉയർന്നു .

പ്രധാനമന്ത്രിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം പരിശോധനക്ക്  വിധേയമാക്കാത്തത്  ആണ്‌  ഇത്രയും വിവാദങ്ങൾ ഉണ്ടാകാൻ കാരണമായത്. പ്രധാനമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ  പ്രധാനപ്പെട്ട  ആളുകൾ ഉണ്ടാകും.

പക്ഷെ, നമ്മുടെ  നാട്ടിലെ ആശുപത്രികളിൽ , മരിച്ച നിലയിൽ ആശുപത്രിയിൽ  കൊണ്ട് വരുന്നത് ഡോക്ടർമാർക്ക് ഒരു തലവേദനയാണ് .പലപ്പോഴും മൃതദേഹം പോസ്റ്റ് മോർട്ടം  പരിശോധന ഒഴിവാക്കി മൃതശരീരം വിട്ടു കൊടുക്കാൻ ശക്തമായ സമ്മർദ്ദത്തിനു  ഡോക്ടർമാർ വിധേയരാകാറുണ്ട്. സത്യത്തിൽ പോലീസ് ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.   ഇങ്ങനെയൊരു സംഭവമേ  ഇല്ല, വീട്ടിൽ വെച്ച്  സ്വാഭാവികമായി  മരിച്ചതാണ് , എന്ന കളവിൽ  എത്രയോ മൃതദേഹങ്ങൾ വിട്ടുകൊടുക്കപ്പെടുന്നു.   ഇങ്ങനെ ചെയ്യുമ്പോൾ  ഡോക്ടർമാർ കുരുക്കിൽ പെടാനുള്ള സാധ്യത ഏറെയാണ് .

 


Sunday, August 2, 2020

ARSENIC ALBUM - PREVENTIVE MEDICINE FOR COVID 19

  ആഴ്സനിക്  ഒരു  ടോണിക് ആയി   ഉപയോഗിച്ചിരുന്ന ആളുകൾ ചില രാജ്യങ്ങളിൽ    പണ്ടുണ്ടായിരുന്നു.  ലൈംഗിക ഉത്തേജക വസ്തുവായും  ഉപയോഗിക്കപ്പെട്ടിരുന്നു. അത്  ദിനേന കഴിച്ച് കൊണ്ടിരുന്നവർക്ക് ആർസനിക്  വിഷമേൽക്കാൻ  മറ്റുള്ളവർ കഴിക്കുന്നതിനേക്കാൾ അളവ്  വേണ്ടി വരുന്നു. മുന്നൂറു മില്ലി ഗ്രാം ആർസനിക്  ഒക്കെ  ഒരു  ഡോസിൽ  കഴിക്കുന്നവരുണ്ട് .  ഇങ്ങനെ  ആർസനിക്  തിന്നുന്ന മനുഷ്യരെ arsenophagists  എന്ന്  അറിയപ്പെടുന്നു .  

 ആർസനിക്  കുതിരയുടെ  മരുന്നായി  ചിലയിടങ്ങളിൽ  കരുതപ്പെട്ടു. കുതിരകൾക്ക് അത് കൊടുക്കാറുണ്ടായിരുന്നു . കുതിര ശക്തി കിട്ടുമെന്ന് കരുതി  അത്  മനുഷ്യരാൽ ഉപയോഗിക്കപ്പെട്ടു. കാലുകളുടെ  മാംസപേശികൾ  ശക്തിപ്പെടുത്തുമെന്ന ധാരണയിൽ  മലകയറ്റക്കാർ  അത് ഉപയോഗിച്ചു .  ശ്വസനത്തിനുള്ള  ബുദ്ധിമുട്ടുകൾ കുറക്കുന്നതായും ഉന്മേഷ ദായകമായും  മലകയറ്റക്കാർക്ക്  അത് അനുഭവപ്പെട്ടു.  മലമുകളിലേക്ക് ഭാരങ്ങൾ ചുമലിലേറ്റി  കയറേണ്ടി വന്നിരുന്ന ഒരു ഭൂതകാല ജീവിതരീതിയിൽ   , ശക്തി കൂടാൻ  വേണ്ടി ആർസനിക്  ഉപയോഗിക്കപ്പെട്ടു .

ഒരു നൂറ്റാണ്ട് മുമ്പുള്ള പഴയൊരു  പുസ്തകത്തിൽ നിന്ന് -' They maintain that it imparts a sense of invigoration and enables them to carry enormous loads up perpendicualr mountains. According to one account it is resorted to by populations who live on vegetable food almost exclusively. "It strenthens the muscles" , an old indulger in the habit is reported to have said ,"helps to digest our coarse bread and potatoes , and allows us to breathe freely and easily.Meat eaters have no need for such athing , but with us it is a necessity."

ആഴ്സനിക് കടുത്ത   വിഷം  ആണ് . 100  മില്ലി ഗ്രാം  ആർസനിക്  തന്നെ  മാരകമാണ് .
മൂന്നു ഗ്രാം  ആർസനിക്   മൂന്നു മണിക്കൂറിനുള്ളതിൽ    മരണമുണ്ടാക്കുന്നു  . നല്ലൊരു  വിഭാഗത്തിന്  ദഹന വ്യവസ്ഥയുമായി  ബന്ധപ്പെട്ട  ലക്ഷണങ്ങൾ ആണ്  ഉണ്ടാകുന്നത് .   ആഴ്സനിക്  വിഷബാധ  കടുത്ത വയറിളക്കമുണ്ടാക്കുന്നതിനാൽ  ഭക്ഷ്യ വിഷബാധയായോ  കോളറയായോ  തെറ്റിദ്ധരിക്കപ്പെടാൻ  സാധ്യതയുണ്ട് . 


  ആഴ്സനിക്കിന്റെ ഓക്സൈഡുകളാണ്  വിഷം.  Metallic arsenic is not absorbed from the alimentary canal.











Monday, July 27, 2020

മരണം

ആത്മാവ്  ശരീരം വിട്ടു പോകുമ്പോഴാണ് മരണം സംഭവിക്കുന്നതെന്നാണ് പഴയ വിശ്വാസം. അതെന്തായാലും  ഒരാളുടെ  മരണം സംഭവിച്ച്  കുറച്ച് മണിക്കൂറുകൾ കൂടി ശരീരം ഇവിടെ നില നിൽക്കുന്നു. മരിക്കുന്നതിന് മുമ്പ് അയാൾക്കുണ്ടായിരുന്ന താല്പര്യത്തിനനുസരിച്ച്  അയാളുടെ ശരീരം എന്തെങ്കിലും ചെയ്യാൻ  അയാൾക്ക് പറ്റില്ല. അയാളുടെ മൃതദേഹം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് മറ്റുള്ളവർ ആണ് . ഇവിടെ ഒരു ധാർമിക പ്രശ്നമുണ്ട് . അയാളുടെ ഇഷ്ടമാണോ , അതോ  ബന്ധുക്കളുടെ ഇഷ്ടമാണോ  നടപ്പിലാക്കേണ്ടത് ? ഇക്കാര്യത്തിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് . 
സഖാവ്  സൈമൺ ബ്രിട്ടോ ഇത് സംബന്ധിച്ച് നിയമ സഭയിൽ ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചതായി കേട്ടിട്ടുണ്ട്.  പിന്നീട് നിയമങ്ങൾ  എന്തെങ്കിലും വന്നതായി അറിയില്ല.  നിയമങ്ങൾ എന്തെങ്കിലും നിലവിലുണ്ടോ എന്നും എനിക്കറിയില്ല.

എന്തായാലും മരണ ശേഷം തന്റെ ശരീരം  വൈദ്യ വിദ്യാര്ഥികൾക്ക് പഠിക്കാനായി  മെഡിക്കൽ കോളേജിന് കൈമാറണം എന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് കൊണ്ട് അത് നടക്കണമെന്നില്ല.  പകരം ഏറ്റവുമടുത്തവരെ  അത് ജീവിച്ചിരിക്കുമ്പോൾ ബോധ്യപ്പെടുത്തുകയാണ് ചെയ്യേണ്ടത്,  ..  നേത്രദാനം ചെയ്യണമോ , ബ്രെയിൻ ഡെത്ത് നടന്നാൽ അവയവങ്ങൾ ദാനം ചെയ്യണമോ , മരണാനന്തരം ശരീരം മെഡിക്കൽ കോളേജിന്   പഠനത്തിനു വേണ്ടി കൊടുക്കണമെന്നോ  എന്ന് .






Sunday, July 19, 2020

FLUOXETINE

" സന്യാസത്തിനു  പോകുന്നതിൽ  തൊണ്ണൂറ്റി ഒമ്പതു ശതമാനം ഡിപ്രഷൻ ബാധിച്ചവരായിരുന്നു. ചികിസ കൊടുത്താൽ ഭേദമാക്കാവുന്നവരായിരുന്നു  ഈ മഹാന്മാർ മുഴുവൻ. നമുക്കറിഞ്ഞു കൂടാത്തത് കൊണ്ടാണ്  അവിടെ പോയിരിക്കുന്നത് ..." 

(ഇതിനിടക്ക് പറഞ്ഞത് ഞാൻ മറന്നു)
" ബുദ്ധന് നല്ല ഡിപ്രഷൻ ഉള്ളത് കൊണ്ടാണ്  കാട്ടിൽ പോയത് ..   ഇന്ന് വേണ്ട.. ഇന്ന് നമ്മൾ ചികിൽസിച്ച്  ഭേദമാക്കും . ബുദ്ധനൊന്നും ആകാനൊക്കത്തില്ല , ഇനിയാർക്കും .."  - മൈത്രേയൻ 


വിഷാദത്തിനുപയോഗിക്കുന്ന  SSRI  വിഭാഗത്തിൽ പെട്ട മരുന്നുകൾ  പ്രചാരത്തിലായത്  1990 കളിലാണ് . മുമ്പ് നിലവിലുണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി  പാർശ്വഫലങ്ങൾ വളരെ കുറഞ്ഞ  ഈ വിഭാഗം മരുന്നുകൾ , വിഷാദരോഗത്തിന്റെ  ചികിത്സയിൽ  വിപ്ലവം സൃഷ്ടിച്ചു .1997  ഡിസംബറിലാണ്  ഫ്ലൂവോക്സെറ്റിന്  എന്ന മരുന്നിന്  FDA  അനുമതി  കിട്ടിയത്. പിന്നീട്   ഈ വിഭാഗത്തിൽ പെട്ട  കൂടുതൽ മരുന്നുകൾ  എത്തി.  ഒബ്സസീവ്  കംപൾസിവ് ഡിസോർഡർ , മറ്റു ഉത്കണ്ഠാ രോഗങ്ങൾ എന്നിവയിലും  ഇവ വളരെ ഫലപ്രദമാണ് .

ഫ്‌ളൂവോക്സറ്റീൻ  എത്രയോ പേരെ വിരക്തിയിൽ നിന്ന് വിമുക്തരാക്കുകയും സന്യാസത്തിലേക്ക് പോകാതെ മനുഷ്യരായി നില നിർത്തുകയും  ചെയ്തിരിക്കണം .

ബുദ്ധഭഗവാനെ പറ്റി എനിക്കൊന്നും അറിയില്ല.







Sunday, July 5, 2020

SYMPTOMS OF SCHIZOPHRENIA

മിക്കപ്പോഴും സ്കിസോഫ്രീനിയ  രോഗം തുടങ്ങുന്നത്  കൗമാരത്തിന്റെ  അവസാനത്തിലോ  യുവത്വത്തിന്റെ തുടക്കത്തിലോ ആണ് .  മുപ്പതു വയസിനു താഴെ. 

രോഗത്തിന്റെ ഗതിയാണെങ്കിൽ  പല തരത്തിലാണ് . ഒരു വിഭാഗത്തിന് ഒരു തവണ വന്നു പൂർണമായി സുഖപ്പെട്ട്  പിന്നീട് വരുന്നേയില്ല. ഒരു   വിഭാഗം ആളുകൾക്ക് പല പ്രാവശ്യം വരുന്നു. മറ്റൊരു വിഭാഗത്തിന്  തുടർച്ചയായി  ലക്ഷണങ്ങൾ ഉണ്ടെങ്കിലും മരുന്നുകൾ വഴി  അത് നിയന്ത്രിക്കാനും  സാധാരണ ജീവിതം നയിക്കാനും കഴിയുന്നു. കാലം പോകും തോറും രോഗം കൂടുതൽ മോശമായി വരുന്ന ഒരു വിഭാഗവുമുണ്ട് .ഒരു വിഭാഗം സ്വയം ജീവൻ അവസാനിപ്പിക്കുന്നു . ആത്മഹത്യാ നിരക്ക് സ്കിസോഫ്രീനിയ രോഗത്തിൽ  കൂടുതലാണ് .

സ്കീസോഫ്രീനിയ രോഗലക്ഷണങ്ങൾക്ക്  പല മുഖങ്ങളുണ്ട് . ലക്ഷണങ്ങളിൽ പോസിറ്റീവ്  ലക്ഷണങ്ങൾ , നെഗറ്റീവ് ലക്ഷണങ്ങൾ എന്നറിയപ്പെടുന്നവ ഉണ്ട് .

മിഥ്യാ ധാരണകളും മിഥ്യാ അനുഭവങ്ങളും സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങളിൽ പ്രധാനമാണ് . മിഥ്യാനുഭവ ങ്ങൾ  എന്നാൽ ശരിക്കും ഇല്ലാത്തത് അനുഭവിക്കലാണ് .ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നത് , ആളുകൾ  അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുന്നത്  അങ്ങനെയൊന്നില്ലാത്തപ്പോൾ  കേൾക്കുന്നത് , തന്നോട്  ഒരാൾ  സംസാരിക്കുന്നത് കേൾക്കുന്നത് , നിർദ്ദേശങ്ങളും ആജ്ഞകളും കേൾക്കുന്നത്  എന്നിങ്ങനെയുള്ള ശ്രവ്യാനുഭവങ്ങൾ സ്കിസോഫ്രീനിയയിൽ  സാധാരണമാണ് .ഇവ പലപ്പോഴും രോഗം ബാധിച്ചയാളെ  പേടിപ്പിക്കുന്നതാണ് .  മറ്റു ഇന്ദിയാനുഭവങ്ങളും സ്കിസോഫ്രീനിയയിൽ ഉണ്ടാകാം. പക്ഷെ ശ്രവ്യാനുഭവങ്ങളാണ്  സ്കീസോഫ്രീനിയയിൽ കൂടുതൽ  കാണുന്നത്.


ഒന്നിലും താല്പര്യമില്ലായ്മ , ഉൾ വലിയൽ , ദൈനം ദിന കാര്യങ്ങളിൽ താൽപര്യക്കുറവ് , ഗാഢ ചിന്തയിൽ മുഴുകുന്നത് പോലെ കാണപ്പെടൽ , ഉറക്കം കിട്ടായ്മ  എന്നിവ പല രോഗികളിലും കാണാറുണ്ട് .

ചില രോഗികളിൽ കാണപ്പെടുന്ന വിരക്തി , ഗാഢചിന്തയിൽ മുഴുകുന്നത് , അലഞ്ഞു തിരിയുന്നത് , വീട് വിട്ടു പോകുന്നത് ,  മിഥ്യാ അനുഭവങ്ങൾ , സംസാരത്തിൽ വരുന്ന അവ്യക്തതകളും  ബന്ധമില്ലായ്മകളും  വലിയ തത്വങ്ങളായി വ്യാഖ്യാനിക്കപ്പെടുന്നത്   എന്നിവയെല്ലാം പലപ്പോഴും അവരെ ആത്മീയവ്യക്തികളായും സിദ്ധന്മാരായും , സ്വാമിമാരായും  തെറ്റിദ്ധരിക്കപ്പെടാനും  ആരാധിക്കപ്പെടാനും ഇടയായിട്ടുണ്ട് .. നല്ല മാനേജർമാർ  പലരെയും ആൾദൈവങ്ങളായി  ഉയർത്തുകയും  ചെയ്തിട്ടുണ്ട് ...








Sunday, June 28, 2020

മാനസികരോഗത്തിന്റെ കാരണങ്ങൾ

മാനസിക രോഗങ്ങളുടെ കാരണങ്ങളെ  പ്രധാനമായി  ജീവ ശാസ്ത്രപരം, മനഃശാസ്ത്രപരം, സാമൂഹികം  എന്നിങ്ങനെ തിരിച്ചിട്ടുണ്ട് .

നമ്മുടെ വികാരങ്ങൾ , ചിന്തകൾ , അനുഭൂതികൾ , ഓർമ്മ  എന്നിവയുടെയൊക്കെ   അടിസ്ഥാനം  മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളാണല്ലോ .


നാഡീകോശങ്ങളുടെ ഇടയിലൂടെ സന്ദേശങ്ങൾ കടത്തി വിടാൻ സഹായിക്കുന്ന രാസവസ്തുക്കളായ      ന്യുറോ ട്രാൻസ്മിറ്ററുകളുടെ  അളവിലുള്ള ഏറ്റക്കുറച്ചിലാണ്  പല മനോരോഗങ്ങൾക്കും കാരണമാകുന്നത്. 

  അടുത്ത ബന്ധുക്കൾക്ക്  മാനസികരോഗമുണ്ടെങ്കിൽ  , രോഗമുണ്ടാകാനുള്ള സാധ്യത പല മാനസികരോഗങ്ങളിലും  മറ്റുള്ളവരെക്കാൾ  കൂടുതലാണെന്ന് പഠനങ്ങൾ കാണിക്കുന്നു.സ്കീസോഫ്രീനിയ , വിഷാദരോഗം , മറ്റു മൂഡ് ഡിസോര്ഡറുകൾ , വ്യക്തിത്വ വൈകല്യ രോഗങ്ങൾ  എന്നിങ്ങനെ പല രോഗങ്ങളും  അച്ഛനമ്മമാരിൽ നിന്നും മക്കളിലേക്ക്   പകരാനുള്ള സാധ്യത  കാണുന്നു.  

സജാതീയ ഇരട്ടകളിൽ  ഒരാൾക്ക് രോഗമുണ്ടെങ്കിൽ  , മറ്റെയാള്ക്കും  രോഗമുണ്ടാകാനുള്ള സാധ്യത  , വേറൊരു സ്ഥലത്തും സാഹചര്യത്തിലുമാണ്  ജീവിക്കുന്നതെങ്കിൽ പോലും  കൂടുതലാണെന്നത്  ജനിതക ഘടകങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു .

അപകടങ്ങളിൽ തലച്ചോറിന്  പറ്റുന്ന ക്ഷതങ്ങൾ ,  ബ്രെയിൻ  റ്റിയൂമറുകൾ  , മസ്തിഷ്ക്കത്തിലെ രക്ത ഓട്ടത്തിലെ തകരാറുകൾ , തലച്ചോറിനെ ബാധിക്കുന്ന ചില അണുബാധകൾ  എന്നിവ മനോരോഗങ്ങൾക്ക് കാരണമാകുന്നുണ്ട് .  

 മനുഷ്യ ശരീരത്തിലെ ഹോര്മോണുകളുടെ ഏറ്റക്കുറച്ചിൽ ചില മാനസികരോഗങ്ങൾക്ക്  കാരണമാകുന്നുണ്ട് . തൈറോയ്ഡ്  ഹോർമോണിന്റെ അളവിലെ കുറവ്  പലപ്പോഴും വിഷാദമുണ്ടാക്കുന്നു . 

ഗർഭാവസ്ഥയിലെ തകരാറുകൾ ബുദ്ധിമാന്ദ്യവും  ചില മാനസികരോഗവും ഉണ്ടാക്കാൻ കാരണമാകാം. 
പ്രസവസമയത്ത്  തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങൾ ബുദ്ധിമാന്ദ്യത്തിനും അപസ്മാരത്തിനും  മനോരോഗങ്ങൾക്കും കാരണമാകാം. 


ചില വിറ്റാമിനുകളുടെ കുറവ്  മറവി രോഗത്തിന് കാരണമാകുന്നു. 

ശാരീരികമായ  പല രോഗങ്ങളും മാനസികരോഗങ്ങൾക്ക്  കാരണമാകുന്നുണ്ട്.  ഉദാഹരണമായി  പാർക്കിൻസോണിസം,  അപസ്മാരരോഗങ്ങൾ എന്നിവ.

ചില മരുന്നുകളുടെ ഉപയോഗം  പാർശ്വഫലമായി  മാനസികരോഗങ്ങൾ ഉണ്ടാക്കാം. രക്താതിസമ്മർദ്ദത്തിനുപയോഗിക്കുന്ന  ചില മരുന്നുകൾ വിഷാദരോഗമുണ്ടാക്കുന്നതായി  കണ്ടിട്ടുണ്ട് . 

  സാമൂഹികമായ കാരണങ്ങളും  മാനസിക രോഗങ്ങൾക്ക്  കാരണമാകുന്നു. 
ദാരിദ്ര്യത്തിലുള്ള , വളരെയധികം പേര്  ഇടതിങ്ങി  താമസിക്കേണ്ടി വരുന്ന സാഹചര്യത്തിൽ  ഉള്ള ജനവിഭാഗങ്ങളിൽ പല മാനസികരോഗങ്ങളും കൂടുതലാണ് .


മയക്കു മരുന്നുപയോഗവും വ്യക്തിത്വ വൈകല്യ രോഗങ്ങളും  ചില സാമൂഹ്യ സാഹചര്യങ്ങളിൽ  കൂടുതലാണ് .

 മദ്യത്തിന്റെ ഉപയോഗം കൂടുതലാകുമ്പോൾ  ചിലപ്പോൾ  മാനസികരോഗങ്ങൾ  വരുന്നുണ്ട് . സംശയരോഗം  മദ്യാസക്തരിൽ കൂടുതലായി കാണുന്നു.  

കഞ്ചാവിന്റെ ഉപയോഗം ചിലപ്പോൾ മാനസികരോഗങ്ങളെ  പ്രത്യക്ഷപ്പെടുത്താറുണ്ട് . മറ്റു വഴികളിലൂടെ  സാധ്യത കൂടുതലുള്ളവർക്ക്  കഞ്ചാവിന്റെ ഒരു തവണ  ഉപയോഗത്തിൽ പോലും   സൈക്കോട്ടിക്  രോഗങ്ങൾ  വന്നതായി കണ്ടിട്ടുണ്ട്. 


   കടുത്ത മാനസികരോഗങ്ങൾ  ബാധിച്ച പലർക്കും  രോഗത്തിന്റെ തുടക്കം  ജീവിതത്തിലെ സമർദമുണ്ടാക്കുന്ന  ചില സംഭവങ്ങളെത്തുടർന്നായിരുന്നു. അടുത്ത ഒരാളിന്റെ മരണം ,  പ്രണയത്തിന്റെ  തകർച്ച,  ജോലി നഷ്ടം , വിവാഹം , വിവാഹമോചനം എന്നിങ്ങനെ..

ഇങ്ങനെ   മനോരോഗങ്ങൾക്ക്  പല വിധ കാരണങ്ങൾ ഉണ്ട് .  ഇപ്പോഴും ഗവേഷണങ്ങൾ  നടന്നു കൊണ്ടിരിക്കുന്നു. 

 എല്ലാവരും മനോരോഗ വിദഗ്ദരായ ഇക്കാലത്ത്  , മാനസികരോഗങ്ങൾ തടയാനാകാത്തതാണെന്ന്   ഒരു കുറിപ്പിൽ കണ്ടത് കൊണ്ട് എഴുതിയെന്നേയുള്ളൂ . മനുഷ്യന്റെ നിയന്ത്രണത്തിൽ  വരുന്ന ഒരു പാട് കാര്യങ്ങളും ഇതിൽ വരുന്നുണ്ട്.  ഉദാഹരണത്തിന്  ലഹരി മരുന്നുകൾ ഉപയോഗിക്കുമ്പോൾ ഇങ്ങനെയൊരു സാധ്യതയെ ആലോചിക്കാം.  മദ്യപാനം  , മദ്യാസക്തിയിലേക്ക്  നീങ്ങുമ്പോൾ   ,  സൈക്കോട്ടിക് രോഗങ്ങൾ , വിഷാദരോഗങ്ങൾ , ആത്മഹത്യാ പ്രവണത  എന്നിവയൊക്കെ അതിന്റെ  ഭാഗമായി വരാം. 
രക്ത സമ്മർദ്ദത്തിന്  ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്ന  റുവോൾഫിയ  തുള്ളിമരുന്ന്  വിഷാദവും ആത്മഹത്യയും ഉണ്ടാക്കാം ..


Thursday, June 4, 2020

PANIC DISORDER

രണ്ട്  തടിയൻ മാർ .. അവർക്കിടയിൽ  ഒരു നീണ്ടു മെലിഞ്ഞ  ചെറുപ്പക്കാരൻ നിൽക്കുന്നു.

രാവിലെ ആശുപത്രിയിൽ   വന്നതും  കണ്ടത്  ഇതാണ് .
തല്ലാൻ നിൽക്കുന്നത്  പോലെയാണ്  അവർ നിൽക്കുന്നത് . എന്താണ്  സംഭവം എന്നാലോചിക്കുകയായിരുന്നു.  പിന്നീട്  അതിൽ ഒരാൾ  വന്നു പറഞ്ഞു - " രാവിലെ പൊക്കിയതാണ് . അല്ലാതെ വഴിയില്ല. അടുത്ത സുഹൃത്താണ് . വെള്ളമടിയാണ്  പ്രശനം.. വെള്ളമടി കൂടിക്കൂടി  വന്നു  ഇപ്പോൾ ഒരു രക്ഷയുമില്ല.. രാവിലെ തന്നെ രണ്ടടിച്ചിട്ടാണ്  പണിക്ക് പോകുന്നത്. "

ഒരു ഓ പി ടിക്കറ്റുമെടുത്ത്   വരാൻ പറഞ്ഞു.   ആ നടുക്കുണ്ടായിരുന്ന  ചെറുപ്പക്കാരൻ  ഓ പി ശീട്ടുമായി  കയറി വന്നു.  മദ്യപാനം തന്നെ പ്രശ്നം .  വിസ്കിയുടെ മണമുണ്ടായിരുന്നു . ചോദിച്ചപ്പോൾ  സമ്മതിക്കുകയും ചെയ്തു. രാവിലെ കുടിച്ചിട്ടുണ്ട് .

അയാളുടെ  ആവശ്യം ലളിതമായിരുന്നു. വെള്ളമടി നിർത്തണമെന്ന്  ആഗ്രഹമുണ്ട് . അതിനാൽ മെഡിക്കൽ കോളേജിലെ  ആ വിഭാഗത്തിലേക്ക്  റെഫറൽ കത്ത് കൊടുക്കണം..  എങ്കിലേ  അവിടെ നോക്കുള്ളൂ ..

അങ്ങനെ കത്തെഴുതുമ്പോൾ  സാധാരണ  അധികമൊന്നും ചോദിക്കാറില്ല.

എങ്കിലും ഞാൻ  റെഫറൽ ലെറ്റർ  എഴുതുമ്പോൾ  ഒന്ന് രണ്ട് കാര്യങ്ങൾ ചോദിച്ചു - എത്ര കുടിക്കും , എത്ര കാലമായി കുടിക്കും , എങ്ങനെ കുടിക്കും ,  എന്നൊക്കെ. ഇതൊക്കെ ചോദിച്ചത് കൊണ്ടാണെന്ന്  തോന്നുന്നു , അയാൾ എന്നോട് പറഞ്ഞു .. " മദ്യം  എനിക്ക്  വലിയൊരു  പ്രശ്നമല്ല . അത് ഒഴിവാക്കാൻ  പാടൊന്നുമില്ല.  എനിക്കത് നിർത്താൻ പറ്റും.."

സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന പലരും ഇങ്ങനെ പറയാറുണ്ട് . ഒരു നിഷേധാവസ്ഥയാണ്  ഇത്.  മിക്കപ്പോഴും നല്ല മദ്യാസക്തിയിലുള്ളവരും  ആയിരിക്കും.

അതിനാൽ ഞാൻ അത് കാര്യമായെടുത്തില്ല .       പക്ഷെ അയാൾ  തുടർന്ന്  പറഞ്ഞ കാര്യമാണ്  അത്ഭുതപ്പെടുത്തിയത് ..

" എനിയ്ക്കു  ചിലപ്പോൾ പെട്ടെന്ന് നെഞ്ചിടിപ്പ് കൂടും. ഒരു അഞ്ചു , പത്ത് , പതിനഞ്ചു മിനിറ്റൊക്കെ. ആ സമയങ്ങളിൽ ഭയങ്കര അസ്വസ്ഥതയാണ് .ഒരു മാതിരി വിറയൽ മേലൊട്ടാകെ  വന്നു കയറും.. ശ്വാസം കിട്ടില്ല . തൊണ്ട വരളും .   മരിക്കാൻ പോകുകയാണെന്നൊക്കെ തോന്നും. നെഞ്ചത്ത്  ഒരു കനം  വന്നു കയറും. ചിലപ്പോൾ വേദനയും ഉണ്ടാകും. വല്ലാത്ത പരവേശമാണ് .ഇങ്ങനെ  വെപ്രാളം ഇടക്കിടക്ക് വന്നു കൊണ്ടിരിക്കും..

ഹാർട്ടിന്റെ പ്രശ്നമാണെന്ന് തോന്നി. ഇ സി ജിയും സകല പരിശോധനകളും നടത്തി. ഒന്നിലും ഒരു കുഴപ്പവുമില്ല. മനസിന്റെ ഒരു തോന്നലാണെന്ന്  പറഞ്ഞ്  ഡോക്ടർ ടെൻഷൻ  കുറക്കാൻ  ഒരു മരുന്ന് തന്നു . ഒരാഴ്ച കഴിച്ച് അത്  നിർത്തി.ആയുർവേദവും ഹോമിയോവും  കഴിച്ചു . എന്നിട്ടും മാറിയില്ല.

അവസാനം ഒരു ചങ്ങാതിയുടെ കൂടെ ഒരു   കുപ്പി ബിയർ കുടിച്ചപ്പോഴാണ് മനസിലായത്.  ബിയർ  കുടിക്കുമ്പോൾ സമാധാനമുണ്ട് . പിന്നീട് ബ്രാണ്ടിയും വിസ്‌കിയുമൊക്കെ കുടിക്കാൻ തുടങ്ങി. കൂടുതൽ കൂടുതൽ കുടിച്ചു .
 ഇപ്പോൾ  കുടിച്ചാലും കുടിച്ചില്ലെങ്കിലും  പ്രശ്നമാണ് . വെള്ളമടിക്കാതെ രാവിലെ ജോലിക്ക് പോകാൻ പറ്റില്ല. ഇറച്ചി വെട്ടാണ്  പണി. കുടിച്ചാലും പ്രശ്നമാണല്ലോ ? "

കൂടുതൽ കാര്യങ്ങൾ ചോദിക്കേണ്ടിയിരുന്നു . സമയമുണ്ടായിരുന്നില്ല.  എനിക്ക് തോന്നിയത്   ഒരു മാനസിക രോഗ വിദഗ്ധനെ  കാണിച്ചിരുന്നെങ്കിൽ  എളുപ്പത്തിൽ സുഖപ്പെടുത്താവുന്ന  അസുഖമാണ്  അയാൾക്ക് ഉണ്ടായിരുന്നത് എന്നാണ് . റെഫറൽ ലെറ്റർ എഴുതി  അയാളെ വിട്ടു.  എന്തായി റിസൾട്ട്  എന്നറിഞ്ഞില്ല.  പിന്നീട് അയാളെ കണ്ടിട്ടില്ല.

 പലപ്പോഴും കണ്ടിട്ടുണ്ട് , ഉൽക്കണ്ടാ രോഗമുള്ളവർ  , പ്രത്യേകിച്ച്  സോഷ്യൽ  ആൻക്സൈറ്റി  ഡിസോർഡർ , പാനിക് ഡിസോർഡർ , ജെനറലൈസ്ഡ്  ആന്കസൈറ്റി  ഡിസോർഡർ  എന്നിവയുള്ളവർ ,  സ്വയം ചികിത്സക്കായി  മദ്യമുപയോഗിച്ച്  തുടങ്ങുന്നതും  പിന്നീട്  അതിനോട്  വിധേയത്വ അവസ്ഥയിൽ എത്തുന്നതും..  വിഷാദ രോഗികളും ചിലപ്പോൾ  ഇതിൽ പെടാറുണ്ട് .
സൈക്കോസിസ് തുടങ്ങിയ ഗൗരവമേറിയ  മാനസിക രോഗങ്ങളിലും അസ്വസ്ഥതകൾ  കുറക്കാൻ മദ്യത്തിൽ  അഭയം തേടുന്നതും  കണ്ടിട്ടുണ്ട് .


മാനസിക രോഗങ്ങളെപ്പറ്റിയും  അതിന്റെ  ചികിത്സയെപ്പറ്റിയും  സമൂഹത്തിൽ നില നിൽക്കുന്ന  ചില തെറ്റിദ്ധാരണകളാണ്  , ആളുകൾക്ക്  ശരിയായ ചികിത്സ തേടാൻ തടസമുണ്ടാക്കുന്നതും , അപകടമുണ്ടാക്കുന്ന സ്വയം ചികിത്സയിലേക്ക് നയിക്കുന്നതും..


Sunday, May 24, 2020

പ്രേതാനുഭവങ്ങൾ



കാട്ടിന്റെ  നടുക്കുള്ള  ആ വലിയ  വയലിന്റെ  ഒരു  അരുക്ക്  മരങ്ങളുടെ  ഇടയിൽ ഒരു പൊട്ടു പോലെ  ആ  പ്രാഥമികാരോഗ്യ കേന്ദ്രം കാണാം ..

ആരോഗ്യ വകുപ്പിൽ  ജോലിക്കാരനായിട്ട്   ഇന്ന് പത്ത് വർഷമാകുന്നു.  വൈകി സർക്കാർ സർവീസിലേക്ക്  കയറിയ ഒരാളാണ് ഞാൻ. പക്ഷെ അതിനു മുമ്പും  താൽക്കാലികമായി ജോലി ചെയ്തിരുന്നു ..

പത്ത് കൊല്ലത്തിൽ  മൂന്നു വർഷം  പി ജി  ക്കു വേണ്ടിയുള്ള  ഉപരിപഠനത്തിൽ ആയിരുന്നു.  ബാക്കിയുള്ള ഏഴു വർഷങ്ങളിൽ  നാലരക്കൊല്ലം വയനാട്ടിലും   ബാക്കി കോഴിക്കോട്ടും. ഇപ്പോൾ  കോഴിക്കോട്ട് തന്നെ.

 പത്ത് കൊല്ലം മുമ്പ് ജോലിയിൽ   ചേരാൻ പോയത് ഇന്നലത്തേത്  പോലെ ഓർക്കുന്നു. അന്ന്  മാനന്തവാടിയിൽ നിന്നും ബസ്  കയറി , അങ്ങോട്ടേക്കുള്ള  യാത്രയിൽ ആനക്കൂട്ടങ്ങളെ കണ്ടു .

പിന്നീടുള്ള  നാലഞ്ചു കൊല്ലം ആനകളുടെ  ഇടയിലായിരുന്നു .
അക്കാലങ്ങളിൽ ഞാൻ ആനകളുടെയും കാട്ടികളുടെയും  മാനുകളുടെയും  എത്രയോ  എത്രയോ  ഫോട്ടോകളും വീഡിയോകളും എടുത്തു .അന്ന്  ഒരു സോണി കാംകോർഡർ  ആണ്  കൈയിലുണ്ടായിരുന്നത് . പിന്നീട് ഒരു നിക്കോൺ ഡി 90  വാങ്ങി.

മെയ് മാസത്തിലെ  അവസാനത്തെ ആഴ്ചയിൽ തന്നെ അവിടെ മഴ തുടങ്ങിയിരുന്നു .  കോഴിക്കോട്ട്  നമ്മൾ കാണുന്ന ആർത്തലച്ചു  പെയ്യുന്ന മഴയായിരുന്നില്ല  അവിടെ .. പകരം നൂല്  നൂല് പോലങ്ങനെ ,  പെയ്തു പെയ്തു കൊണ്ടിരിക്കുന്ന  , കുളിരുള്ള  മഴ ..
സാമാന്യം തണുപ്പുമുണ്ടായിരുന്നു.

രണ്ട്  ദിവസം കഴിഞ്ഞ്   ഞാൻ അവിടെ ഒഴിഞ്ഞു കിടക്കുന്ന  ഒരു ക്വർട്ടേഴ്‌സിൽ  താമസം തുടങ്ങി. 

മഴ പെയ്താൽ പലപ്പോഴും അവിടെ കറന്റുണ്ടാകില്ല. കാട്ടിലൂടെ പോകുന്ന  വൈദ്യുത  കമ്പികളിൽ  മരങ്ങൾ മറിഞ്ഞു വീഴും . കറന്റു പോയാൽ രണ്ട് ദിവസം കഴിഞ്ഞേ വരുള്ളൂ. ഞാൻ അവിടെ മൂടിപ്പുതച്ചു  കിടന്നുറങ്ങി. 

അന്നൊക്കെ കാട്ടിൽ  നടക്കാൻ  ഭയമായിരുന്നു .  പിന്നീട്  പേടി കുറഞ്ഞപ്പോൾ  നടക്കാൻ തുടങ്ങി.  അവിടെയുണ്ടായിരുന്ന  മുഴുവൻ കാലവും ചലിച്ചു  കൊണ്ടിരിക്കുകയും  ഫോട്ടോകൾ എടുക്കുകയുമായിരുന്നു.    ഭാഗ്യത്തിന്  ഇതേ താല്പര്യങ്ങളുള്ള  സഹപ്രവർത്തകർ  അവിടെയുണ്ടായിരുന്നു . 


 ഒരു  മൂന്നു മാസത്തിനു ശേഷം ആ ക്വർട്ടേഴ്‌സിൽ കാണാൻ  വന്ന ഒരാൾ പറഞ്ഞു , നിങ്ങൾ  ഇവിടെ  താമസിക്കുന്നത്  അദ്‌ഭുതമാണ് . ഇവിടെ പ്രേതങ്ങളുണ്ട് . വർഷങ്ങളായി  ഇവിടെ ആരും താമസിക്കാറില്ല. 

അന്വേഷിച്ചപ്പോൾ സംഗതി ശരിയാണ്. ആ  ക്വർട്ടേഴ്‌സിൽ   ഒരാൾ തൂങ്ങി മരിച്ചു.  അതിനു ശേഷം  പലർക്കും അവിടെ പല വിധ പ്രേതാനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് . അതിനാൽ ആരും അവിടെ താമസിക്കില്ല. 

അതിനു ശേഷവും  ഞാൻ അവിടെ താമസം തുടർന്നിരുന്നു .   

 പേടിയുണ്ടായിരുന്നോ   എന്ന് ചോദിച്ചാൽ ,  തീരെ ഇല്ലായിരുന്നു എന്നൊന്നും  പറയുന്നില്ല,  പ്രത്യേകിച്ചും  വൈദ്യുതിയില്ലാത്ത രാത്രികളിൽ ,  ഞാൻ ഒരു ടോർച്ച്  അല്ലെങ്കിൽ മെഴുകു തിരി കത്തിച്ച്‌  വെക്കുമായിരുന്നു.  പ്രേതം വരുകയാണെങ്കിൽ ശരിക്കും കാണണമല്ലോ ?

Sunday, May 17, 2020

cv balakrishnan

ഞാൻ ഒരു പതിനഞ്ച്  പി എസ്  സി ഇന്റർവ്യൂവിനു  പോയിട്ടുണ്ടാകും.

ഇന്റർവ്യൂവിനു മുമ്പ് ഒരു  ഫോം  പൂരിപ്പിച്ച് കൊടുക്കാനുണ്ടല്ലോ ? അതിൽ നമ്മുടെ ഹോബി ചോദിക്കുന്നുണ്ട് .

ഓരോ സമയത്തും  അപ്പോൾ തോന്നുന്നതാണ്  ഞാൻ അതിൽ എഴുതിക്കൊണ്ടിരുന്നത്. യാത്ര എന്നോ  , ഫോട്ടോഗ്രാഫി എന്നോ , പുസ്തക വായന എന്നോ ഒക്കെ.


സാധാരണ അതിനെപ്പറ്റി ഒന്നും ഇന്റർവ്യൂ ബോർഡ് ചോദിക്കാറില്ല. ഒരിക്കൽ പക്ഷി നിരീക്ഷണം എന്ന്  ഹോബി എഴുതിയപ്പോൾ , കാമ്പസിൽ  പക്ഷികളെത്തന്നെയാണോ  നോക്കിക്കൊണ്ടിരുന്നത് എന്നൊരു   ബോർഡ് മെമ്പർ ചോദിച്ചിരുന്നു.

പക്ഷെ റീഡിങ്  എന്ന്  എഴുതിയതിന്  ഒരു പി എസ്  സി മെന്പർ  അതിനെപ്പറ്റി കുറെ നേരം ചോദ്യം ചോദിച്ചു. ഇഷ്ടപ്പെട്ട എഴുത്തുകാരൻ  ആരെന്ന ചോദ്യത്തിന്  എസ്  കെ പൊറ്റേക്കാട്ട്  എന്ന് പറഞ്ഞപ്പോൾ പിന്നെ അതിൽ പിടിച്ചായി  ചോദ്യങ്ങൾ. പൊറ്റെക്കാട്ടിന്റെ  എല്ലാ പുസ്തകങ്ങളുടെയും പേര് പറയിപ്പിച്ചു. മൂടുപടം  എന്നത് ഓർമ്മ വരാഞ്ഞപ്പോൾ  ചില ക്ലൂ  തന്നു പറയിപ്പിച്ചു.  അതിരാണിപ്പാടം ശരിക്കും  എവിടെയുള്ള  സ്ഥലമാണ്  എന്ന് ചോദിച്ചു.


അവസാനം പി എസ്  സി മെന്പർ പറഞ്ഞു. - നിങ്ങൾ ഗുണ്ടടിക്കുകയല്ല  എന്ന് മനസിലായി. നിങ്ങൾ സി വി  ബാലകൃഷ്ണനെ  വായിക്കണം. നല്ല എഴുത്താണ് .
അതിനു ശേഷം  ഇയാളുടെ പുസ്തകം കാണുമ്പോൾ വാങ്ങാറുണ്ട്.  എല്ലാം വായിച്ചിട്ടൊന്നുമില്ല.




Wednesday, May 13, 2020

മദ്യാസക്തർ

റോഡിൽ  ബോധം  കെട്ട്  വീണു എന്ന് പറഞ്ഞാണ് കുറച്ച് പേര് ചേർന്ന്  താങ്ങിയെടുത്ത്  ഒരു ജീപ്പിൽ കയറ്റി  അയാളെ ആശുപത്രിയിൽ കൊണ്ട് വന്നത് .


അപ്പോഴും അയാളുടെ  ബോധം ക്ലിയറായിട്ടില്ല. മയക്കത്തിലാണ് .


ചോദിച്ചു നോക്കിയപ്പോൾ  ബോധക്കേട് മാത്രമല്ല,  അപസ്മാരവുമുണ്ടായിട്ടുണ്ട്.
വീണ് , കൈയും കാലുമൊക്കെ  ഇളക്കി , വായിൽ നിന്ന് നുരയും പതയുമൊക്കെ വന്ന് ..


ആരോ ഒരാൾ കടയിൽ നിന്നും  താക്കോൽ കൂട്ടമെടുത്ത്  അയാളുടെ കൈയിൽ പിടിപ്പിച്ചത്രേ.  അപ്പോൾ ഇളക്കവും നിന്നു ..  

അയാളുടെ  ബന്ധുക്കളൊന്നും അവിടെയുണ്ടായിരുന്നില്ല .  ആദ്യമായാണ്  ചുഴലിയുണ്ടാകുന്നതെങ്കിൽ  കൂടുതൽ പരിശോധനകൾ നടത്തേണ്ടതാണ് .  അയാളെ  അപ്പോൾ തന്നെ റെഫർ  ചെയ്തു വിടണമെന്നുണ്ടായിരുന്നു . പക്ഷെ, അയാൾക്ക് അപ്പോഴും പൂർണ്ണമായി  ബോധം വന്നിട്ടില്ല.   ആ  പി എച് സിയാണെങ്കിൽ  കുറച്ച്   ദുർഗമ സ്ഥലത്താണ് .  അടുത്ത ആശുപത്രി അവിടെ നിന്നും മുപ്പത്തഞ്ച്  കിലോമീറ്റർ  ദൂരെയും.. അതിനാൽ  തൽക്കാലം അയാളെ അവിടെത്തന്നെ  വെച്ച്  ചികിൽസിക്കാൻ തീരുമാനിച്ചു.  


 കുറച്ച് കൂടി കഴിഞ്ഞപ്പോൾ  അയാൾക്ക്  മുഴുവനായും ബോധം വന്നു.

 പക്ഷെ , ആകെ അസ്വസ്ഥനായിരുന്നു. ആകെ വിറച്ച് കൊണ്ടും  കുളിരു കൊണ്ടും.  മദ്യത്തിന്റെ  വിത്ഡ്രോവൽ  ആണെന്ന് തോന്നി. അയാളോട് ചോദിച്ചപ്പോൾ സമ്മതിച്ചു. 

 നന്നായി മദ്യപിക്കുന്ന ആളായിരുന്നു. രാവിലെ മദ്യം കുടിക്കാൻ കിട്ടിയില്ല. ചായ  കുടിക്കാൻ റോഡിലേക്കിറങ്ങിയതാണ് . അയാൾക്ക് കൃത്യമായി ഓർമ്മയില്ല. ബോധം  കെട്ട്   വീണതും  കൈയും കാലുമിട്ടടിച്ചതും , ആളുകൾ   പൊക്കിയെടുത്ത് മണ്ടിയതും , ഒന്നും.. 

 അയാളുടെ തൊഴിൽ ഒരു ആശാരിയുടേതായിരുന്നു. എന്തോ പിണക്കത്തെത്തുടർന്ന്  ഭാര്യ അയാളെ വിട്ടു താമസിക്കുകയാണ് . കുട്ടികളും ഭാര്യയുടെ കൂടെയാണ്. 


അയാൾ ഒറ്റക്ക് ഒരു വീട്ടിൽ താമസിക്കുന്നു. രാവിലെ പണിക്കു പോയി , വൈകുന്നേരങ്ങളിൽ കുടിച്ച് ,ചിലപ്പോൾ ഭക്ഷണമുണ്ടാക്കി .. എല്ലാം ഒറ്റക്ക് തന്നെ ..


അയാളുടെ വീട്ടിനടുത്ത് കാടുണ്ട് .  ആനയൊക്കെ   വരുന്ന കാടു തന്നെ. ഒരു ദിവസം രാവിലെ അയാൾ  അവിടെ പോയപ്പോൾ രണ്ട് പെട്ടി നിറയെ  വിദേശ മദ്യം കണ്ടു . നോക്കിയപ്പോൾ  വിസ്കിയാണ്.  ആരോടും പറഞ്ഞില്ല. അയാൾ അതെടുത്ത്  വീട്ടിൽ കൊണ്ട് പോയി വെച്ചു . ആരും  അതിനെപ്പറ്റി പറയുന്നതും കേട്ടില്ല. 



ആദ്യമൊക്കെ വൈകുന്നേരങ്ങളിൽ  അതിൽ നിന്ന് കുറച്ചെടുത്ത് കുടിക്കാൻ തുടങ്ങി. കുറച്ച് ദിവസം കഴിഞ്ഞ്  രാവിലെയും കുടിച്ചു . പിന്നീട് പണിക്ക് പോകുന്നത് നിർത്തി. രാവിലെയും ഉച്ചക്കും രാത്രിയും കുടി തുടങ്ങി. ഭക്ഷണം ചിലപ്പോൾ ഉണ്ടാക്കി. ചിലപ്പോൾ പുറത്ത് പോയി , മുട്ടയോ , പഴമോ , അങ്ങനെയെന്തെങ്കിലും.. അങ്ങനെ കുടിയോട്  കൂടിയായി. പണിക്ക് തീരെ പോകാതായി.

പക്ഷെ , ഈ ലോകത്ത് എല്ലാ സാധനങ്ങളും തീരുമല്ലോ . അക്ഷയപാത്രം എന്നൊക്കെ പറയുന്നത്  പുണ്യ പുരാണങ്ങളിൽ മാത്രമല്ലേ ഉള്ളൂ. ഒരു ദിനം അവസാനത്തെ കുപ്പിയിലെ അവസാനത്തെ തുള്ളിയും തീർന്നു. അയാൾക്ക്  വലിയ അസ്വസ്ഥതയായി . വിറയ ലോട്  വിറ . വിയർക്കലും . വെള്ളം കുടിക്കുമ്പോൾ ഛർദ്ദിക്കാൻ  വരുന്നു.  രാത്രിയിൽ ഒട്ടും ഉറക്കം കിട്ടിയില്ല. രാവിലെ ഒരു ചായ കുടിക്കാൻ വേണ്ടി പുറത്തേക്ക് ഇറങ്ങിയതാണ് . അപ്പോഴാണ് ചുഴലിയും , വീഴ്ചയും , ആശുപത്രിയും.. 

 ദൂരെയെങ്ങോ ആയിരുന്ന അയാളുടെ ഒരു പെങ്ങളെ വിവരമറിയിക്കാൻ ആളുകളെ ഏൽപ്പിച്ചു. പിറ്റേ ദിവസമാണ് അവർ എത്തിയത്. അവർക്ക് അയാളുടെ കൂടെ നിൽക്കാൻ സാധിക്കില്ല. ഒരു പാട് പ്രശ്നങ്ങളിലാണ് അവർ. ആളെ മറ്റെങ്ങോട്ടും റെഫർ ചെയ്യരുതെന്നും അവർ നിർബന്ധിച്ചു ..



അതിനു മുമ്പ് തന്നെ അയാൾക്ക് മരുന്നുകൾ കൊടുക്കാൻ തുടങ്ങിയിരുന്നു. തുടക്കത്തിൽ  തന്നെ  ചികിത്സ തുടങ്ങിയത് കൊണ്ടാകാം. അയാൾക്ക് പ്രതീക്ഷിച്ചിരുന്ന വിത്‌ഡ്രോവൽ ലക്ഷണങ്ങൾ  ഒന്നും ഉണ്ടായില്ല.  ചെറിയ അസ്വസ്ഥതകൾ  മാത്രം. ലിവർ ഫങ്ഷൻ ടെസ്റ്റുകൾ ആകെ അലമ്പായിരുന്നു. ഒരാഴ്ച കൊണ്ട് തന്നെ  കാര്യമായ പ്രശ്നങ്ങൾ  ഒന്നുമില്ലാതെ  അയാൾ  ആശുപത്രി വിട്ടു.  സൈക്യാട്രിസ്റ്റിനെയും മെഡിസിന്റെ ഡോക്ടറെയും കാണണമെന്ന് നിർദ്ദേശിച്ചു.  അയാൾ അത് ചെയ്തോ എന്നറിയില്ല.

ഞാൻ അയാളെ പിന്നെ കണ്ടില്ല. പക്ഷെ ഒന്നോ രണ്ടോ കൊല്ലത്തിനു ശേഷം  അയാളുടെ പെങ്ങളെ  ഒരിക്കൽ  കണ്ടു  . അയാൾ പിന്നെ കുടിച്ചില്ല. അപസ്മാരം വന്നത് കൊണ്ട്  അയാൾ ആകെ പേടിച്ച്  പോയി എന്നാണ് പെങ്ങൾ പറഞ്ഞത്. പണിക്കു പോയി സുഖമായി ജീവിക്കുന്നു. സുഖമായിട്ടോ എന്നുറപ്പില്ല. അയാളുടെ ഭാര്യ തിരിച്ചു വന്നിട്ടില്ല.

ഒരു നാല് കൊല്ലം മുമ്പ്  അപസ്മാരം വന്നിരുന്നെങ്കിൽ  നന്നായിരുന്നു എന്ന്  സഹോദരി. എങ്കിൽ ഭാര്യ പിണങ്ങി പോകില്ലായിരുന്നു എന്ന് .



  എന്തായാലും  മദ്യം നിർത്തിയപ്പോൾ  ചുഴലി വന്ന ഒരാളെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വെച്ച്  ചികില്സിക്കാനുള്ള അഹങ്കാരമൊന്നും ഇന്നെനിക്കില്ല.   ഇപ്പോൾ  ഞാൻ ജോലി ചെയ്യുന്ന പി എച് സി യിൽ നിന്നും  മെഡിക്കൽ കോളേജിലേക്കുള്ള  ദൂരം  പത്ത് കിലോമീറ്റർ  മാത്രമേ ഉള്ളൂ   എന്നത് കൊണ്ട്  മാത്രമല്ല  അത് . 










Thursday, May 7, 2020

malayalam motivational speech

താമസിക്കുന്ന വീട്ടിൽ നിന്നും നാൽപ്പതു  കിലോമീറ്റർ  ദൂരെയാണ്  ഞാൻ ജോലി ചെയ്യുന്ന സ്ഥാപനം.  ലോക്  ഡൌൺ തുടങ്ങിയതിൽ പിന്നെ ദിവസവും കാറോടിച്ചാണ്  പോകുന്നത്. ഏകദേശം അമ്പത് മിനിറ്റെടുക്കും അവിടെയെത്താൻ.  അതിനിടക്ക് കുറച്ച് വിവരം വെച്ചോട്ടെ  എന്ന് കരുതി  ഏതെങ്കിലും യു ട്യൂബ്  പ്രഭാഷണം കേൾക്കും.  ഒരു മാസം കഴിഞ്ഞിട്ടും വലിയ വിവരമൊന്നും വെച്ചില്ല.

ഇന്ന്  ഒരു മോട്ടിവേഷണൽ  പ്രഭാഷണമാണ് കേട്ടത്.  മുൻ ഡി ജി പി ,  റിട്ടയർഡ്  ഐ പി എസ് കാരൻ...  കുട്ടികളുടെ തലച്ചോറിന്റെ കഴിവുകളും ഓർമ്മ ശക്തിയും എങ്ങനെ കൂട്ടാം  എന്നാണ്  വിഷയം..   ഓർമ്മശക്തി കൂട്ടാൻ പല മാര്ഗങ്ങളും  പ്രഭാഷകൻ പറഞ്ഞു തരുന്നുണ്ട്  .. ഇടക്ക്  അതിന്റെ കെമിസ്ട്രിയുമൊക്കെ  കൂട്ടി.. ബയോളജിയും..




"ഇനി നിങ്ങളുടെ പരീക്ഷയുടെ ദിവസം , നിങ്ങടെ വീട്ടിലോ , നിങ്ങടെ അയല്പക്കത്തെ  വീട്ടിലോ ,കുഞ്ഞുങ്ങൾക്ക് മുലയൂട്ടൂന്ന ഏതെങ്കിലും അമ്മമാരുണ്ട്  എന്ന് നിങ്ങൾക്ക് മനസ്സിലായാൽ , ഒരു സ്പൂണുമായി  ആ സ്ത്രീയുടെ അടുത്ത് പോണം..  'അമ്മാ - ഒരു സ്പൂണ്  പാല് തരുമോ എന്ന് ചോദിക്കണം..  ഒരു സ്പൂണ് മുലപ്പാല്  കുടിച്ചിട്ട്  പരീക്ഷക്ക് കയറിയാൽ ,അഞ്ചു മാർക്ക് ഉറപ്പ് എന്ന് ശാസ്ത്രജ്ഞൻമാർ പറയുന്നു.. കാരണം മുലപ്പാളിനകത്തുള്ള സിസ്റ്റീനും ടോറിനും  നിങ്ങളുടെ തലച്ചോറിന്  അസാധാരണ ബുദ്ധിശക്തി  നൽകുകയാണ് .. എന്ന് പറഞ്ഞു  ആ സ്ത്രീയോട് വഴക്കൊന്നും ഉണ്ടാക്കാൻ പൊയ്ക്കളയരുത്..  തലേന്നേ സോപ്പിടണം .. തലേന്നേ സോപ്പിട്ടിട്ട്  രാവിലെ ഒരു സ്പൂണുമായി പോയാൽ  ആ സ്ത്രീ ഒരു സ്പൂൺ പാല് പിഴിഞ്ഞിങ്ങു തരും.. അത് കുടിച്ചങ്ങ് പോയാൽ  അഞ്ചു  മാർക്ക് ഉറപ്പെന്നാണ്  ശാസ്ത്രജ്ഞന്മാരുടെ  അഭിപ്രായം...  "

   കുറച്ച് കൂടി  കേട്ടപ്പോൾ  , പുതിയ അറിവുകൾ  എന്റെ തലച്ചോറ്  താങ്ങാതാവുകയും ,  വണ്ടിയുടെ കൺട്രോൾ പോയി കുഴപ്പത്തിലാകുകയും ചെയ്തു. .  

Monday, May 4, 2020

ഷുഗർ

 "ചുണങ്ങുണ്ട് .. മേലാകെ  പടരുകയാണ്  ഡോക്ടറെ .."

പ്രമേഹത്തിനു  മരുന്ന് വാങ്ങാൻ  ഓ പി യിൽ വന്ന അയാൾ  പറഞ്ഞു.  അയാളെന്നു പറഞ്ഞാൽ  അമ്പത് അമ്പത്തഞ്ച്  വയസുള്ള ഒരാൾ..

 "നിങ്ങളുടെ  ഷുഗറു  കുറഞ്ഞില്ലെങ്കിൽ  ആ ചുണങ്ങ്  പടർന്ന്  കൊണ്ടിരിക്കുമെന്നാണ്  തോന്നുന്നത് .. " ഞാൻ പറഞ്ഞു.

"ഷുഗര് കുറയുന്നുണ്ടല്ലോ  സാർ .. രണ്ടാഴ്ച മുമ്പ്  നാനൂറായിരുന്നു.  ഇപ്പോൾ ഇരുനൂറ്റി അമ്പത് .. മരുന്നുകൾ കൃത്യമായി കഴിക്കുന്നുമുണ്ട് .."

"ഇത്രയും കുറഞ്ഞാൽ പോരല്ലോ .. മരുന്ന് കൊണ്ട് മാത്രമല്ല  കുറയുന്നത് .. ദിവസവും അര  മണിക്കൂർ ...  വ്യായാമം .. "ഞാൻ പറഞ്ഞു കഴിഞ്ഞില്ല

" ഇപ്പോൾ ഞാൻ ദിവസവും അര മണിക്കൂർ  പറമ്പിൽ കിളക്കുന്നുണ്ട് ..  "

"--മുമ്പൊക്കെ ഷുഗർ  കുഴപ്പമില്ലാതെ പോയതായിരുന്നു..
  മൂന്നു കൊല്ലം.. കഴിഞ്ഞ മൂന്നു കൊല്ലം  ഞാൻ ഗൾഫിലായിരുന്നു..  അക്കാലം മരുന്നൊന്നും കഴിക്കാൻ  പറ്റിയില്ല."

എന്ത് കൊണ്ടെന്നൊന്നും ഞാൻ ചോദിച്ചില്ല. പക്ഷെ അതെന്റെ മനസ്സിൽ ഉണ്ടെന്ന് അയാൾക്ക് മനസ്സിലായിക്കാണും..

"എനിക്ക് ഇക്കാമ ഇല്ലായിരുന്നു.  അതിനാൽ മരുന്ന് വാങ്ങാൻ പറ്റില്ല .  ആദ്യമൊക്കെ കിട്ടിയിരുന്നു. പിന്നെ കിട്ടാതായി. 
അവിടെ ഇവിടുത്തെ മാതിരി  മെഡിക്കൽ ഷോപ്പിൽ ചെന്ന്  കൂക്കി വിളിച്ചാൽ മരുന്നൊന്നും കിട്ടില്ല. ഡോക്ടറുടെ  എഴുത്ത് വേണം. നിര്ബന്ധമായും.."

"എനിക്ക് ഇക്കാമ ഇല്ലാത്തതിനാൽ  ഡോക്ടറെ കാണിക്കാൻ പോകാൻ പറ്റില്ല. "


ഇക്കാമ എന്തെന്ന് എനിക്ക് പിടിയില്ലായിരുന്നു .. ജോലി അനുമതി  ആണെന്ന് ഊഹിച്ചു..

"അപ്പോൾ നിങ്ങൾക്ക് അവിടെ ജോലിയൊക്കെ കിട്ടിയോ ?" ഞാൻ ചോദിച്ചു..
 
"ഒരു കൊല്ലം ജോലി ഉണ്ടായിരുന്നു. പിന്നീട് ഒന്നരക്കൊല്ലം ജോലി ഇല്ലായിരുന്നു. റൂമിൽ തന്നെയായിരുന്നു. പിന്നീട്  കീഴടങ്ങി. നാല് മാസം ജയിലിൽ. പിന്നെ ഇങ്ങോട്ട് കേറ്റിയയച്ചു.  പിന്നെ വീട്ടിൽ തടവിൽ. ഇരുപത്തെട്ടു ദിവസം .. ക്വറന്റൈനിൽ ..  പുറത്തിറങ്ങിയിട്ടാണ്  ആശുപത്രിയിൽ വന്നു മരുന്ന് വാങ്ങിയത്..
ഇനി ഷുഗറൊക്കെ  കുറഞ്ഞോളും.. "


  പഞ്ചസാര കുറയുമോ എന്തോ ?  ഇതൊക്കെ കേട്ടപ്പോൾ , ഞാൻ രണ്ട് ദിവസം മുമ്പ് വായിച്ച  ഒരു പോസ്റ്റ് ഉണ്ടായിരുന്നു,  ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ  ദാരിദ്ര്യവും കഷ്ടപ്പാടുമൊക്കെ  വിവരിക്കുന്ന ഒരു പോസ്റ്റ്..  അതിനെ ഞാൻ ലൈക് ചെയ്തു  പിന്തുണക്കുകയും ചെയ്തിരുന്നല്ലോ ..  

Sunday, April 26, 2020

ARSENIC ALB

 സർക്കാർ ഹോമിയോ  ആശുപത്രികൾ വഴി കോവിഡ്   ഹോമിയോ പ്രതിരോധ മരുന്ന് ആയ  ആർ സനിക്കം  ആൽബം 30  ഇപ്പോൾ കൊടുക്കപ്പെടുന്നു.

മരുന്ന് ഒരു ഡോസ് രാവിലെ മൂന്നു ദിവസം അടുപ്പിച്ച്  കഴിക്കേണ്ടതാണ് . മരുന്ന് കൊടുക്കുമ്പോൾ  ആളുകളുടെ  വിശദ വിവരങ്ങൾ രേഖപെടുത്തുന്നു .  ഒരു മാസം കഴിഞ്ഞ്   മൂന്നു ദിവസം വീണ്ടും കഴിക്കുന്നു. ആ കഴിച്ചവർക്ക്  കോവിഡ്  രോഗം വരുന്നുണ്ടോ  എന്ന്  ഫോളോ അപ് ചെയ്യുന്നു.


ആർ സനിക്  ട്രയോക്സൈഡ്  ആണ്  ആര്സനിക് ആൽബം  എന്ന  ഹോമിയോ മരുന്ന്.


 മാരകമായ വിഷമാണ് ഇത്. കീടനാശിനികൾ ഉണ്ടാക്കുന്നതിനും കളനാശിനികൾ ഉണ്ടാക്കുന്നതിനും  മരം കേട്  വരാതിരിക്കാനുള്ള  സംരക്ഷകങ്ങൾ  ഉണ്ടാക്കാനും  ആര്സനിക് ട്രയോക്സൈഡ്  ഉപയോഗിക്കപ്പെടുന്നു .


ആര്സനിക് ട്രയോക്സൈഡ് ശരീരത്തിന്  ദോഷകരമാണ് . ദഹനേന്ദ്രിയങ്ങളിൽ  നിന്നും പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നു. ദഹന വ്യവസ്ഥയെയാണ്  ഈ വിഷം ആദ്യം ബാധിക്കുന്നത്.

ആഴ്സനിക്  വിഷബാധയുണ്ടാകുമ്പോൾ  ആദ്യമുണ്ടാകുന്ന ലക്ഷണങ്ങൾ  ഛർദ്ദി , വയറു വേദന, വയറിളക്കം  എന്നിവയാണ് . പലപ്പോഴും രക്ത സ്രാവവുമുണ്ടാകുന്നു. കരളിനേയും  വൃക്കകളെയും ബാധിക്കുന്നു. രക്ത സംക്രമണ വ്യവസ്ഥക്കും പ്രശ്നങ്ങളുണ്ടാകാം . രക്തം കട്ട പിടിക്കുന്നതിനെ ബാധിക്കുന്നു. മുടി കൊഴിച്ചിൽ , നഖങ്ങളെ  ബാധിക്കുന്നത്  എന്നിവ കുറച്ച്  ദിവസങ്ങൾക്ക് ശേഷം  കാണുന്നതാണ് .


നേരിയ അളവിൽ  ദീർഘകാലം കൊണ്ട് ഉള്ളിൽ ചെന്നും  ആഴ്സനിക്  വിഷബാധ ഉണ്ടാകാം.

കൊലപാതകങ്ങൾക്ക്  ആഴ്‌സനിക്  ഉപയോഗിക്കപ്പെടുന്നു . ആത്മഹത്യക്കും ഉപയോഗിക്കപ്പെടാറുണ്ട് .


ത്വക്കിലൂടെയും  ശ്വാസത്തിലൂടെയും ആഴ്‌സനിക്ക്  ആഗിരണം ചെയ്യപ്പെടാം . ത്വക്കിലുള്ള  അർബുദം ആഴ്‌സനിക് ഉള്ളിൽ ചെല്ലുന്നവരിൽ കൂടുതലായി കാണുന്നു.


ആഴ്സനിക്കിന്റെ  ഓക്സിഡേഷൻ വഴിയാണ്  ആഴ്സനിക് ട്രയോക്സൈഡ്  ഉണ്ടാകുന്നത് . അയിരുകളിൽ  നിന്ന് ലോഹങ്ങൾ വേർ തിരിക്കപ്പെടുമ്പോൾ പലപ്പോഴും ആഴ്സനിക് ട്രയോക്സൈഡ്  ഒരു ഉപോല്പന്നമായി  ഉണ്ടാകുന്നു. ഇത് പലപ്പോഴും വിഷബാധ ഉണ്ടാക്കാറുണ്ട്.


പരമ്പരാഗത ചൈനീസ് വൈദ്യത്തിലെ  ചില ഔഷധങ്ങളിൽ  ആഴ്‌സനിക്  ട്രയോക്സൈഡ്  ചേർന്നിട്ടുണ്ട് .

ഹോമിയോപ്പതി മെറ്റീരിയ മെഡിക്കകൾ നോക്കിയിട്ട്  ആഴ്‌സനിക് , കോവിഡ്  പ്രതിരോധത്തിനുപയോഗിക്കുന്നതിന്റെ സൂചനകൾ ഒന്നും കാണുന്നില്ല.

പ്രസിദ്ധമായ ക്ലാർക്കിന്റെ മെറ്റീരിയ മെഡിക്ക ( A Dictionary of practical materia medica - John Henry Clarke) ആഴ്സനിക് ആൽബം  എന്ന മരുന്നിന്റെ വിവരണം  തുടക്കം ഇങ്ങനെയാണ് - " Arsenic is the horse's remedy , as puls in sheep's.."

ആഴ്‌സനിക്  മാരകമായ ഒരു വിഷമാണെന്ന്  ക്ലെർക്  ഈ പുസ്തകത്തിലും പറയുന്നു.

ആഴ്‌സനിക്  ഹോമിയോപ്പതിക്കാരുടെ  ഒരു പരീക്ഷണമാണെന്ന് തോന്നുന്നു.


Friday, April 17, 2020

പെരുന്നാൾ

ഏറെയേറെ  കൊല്ലങ്ങൾക്ക്  മുമ്പാണ് .  ഞാൻ  മെഡിക്കൽ കോളേജിൽ  ഹൌസ് സർജൻ .  കൂടെയുണ്ടായിരുന്ന  ഹൌസ് സർജൻ  ഒരു ദിവസം വളരെ സ്നേഹപൂർവ്വം  ചോദിക്കുന്നു.  പിറ്റേന്നത്തെ ഡ്യൂട്ടി  ഒന്നെടുത്ത് തരണം . പിറ്റേന്ന് വലിയ പെരുന്നാൾ ആണ് .  അയാൾക്ക്  ജി പി ക്ക് പോകണമെന്ന് തോന്നുന്നു   .

ഞാൻ അത് സ്നേഹപൂർവ്വം തന്നെ ഏറ്റെടുത്തു . തിരക്ക് പിടിച്ച സർജറി കാഷ്വാലിറ്റിയാണ് . ഇരുപത്തി നാല് മണിക്കൂറും  അതിനു ശേഷം വാർഡിലെ പണികളും ഉണ്ടാകും .

ഞാനാലോചിച്ചത് ഇങ്ങനെയായിരുന്നു. ഓണത്തിന്റെയന്ന്  ഡ്യൂട്ടിയെടുത്താൽ  മുഴുവൻ കുടിയന്മാരുടെ  ബഹളമായിരിക്കും. ക്രിസ്ത്മസിന്റെയന്നാണെങ്കിൽ  അതുക്കും മേലെയായിരിക്കും  വെള്ളമടിയുടെ  പ്രശ്നങ്ങൾ .  പക്ഷെ,വലിയ പെരുന്നാൾ അങ്ങനെയല്ല. ആരും കള്ളൂ  കുടിക്കില്ല.  തിരക്കുമുണ്ടാകില്ല. രാത്രി ചിലപ്പോൾ ഉറങ്ങാനും പറ്റും..

അതൊരു മിഥ്യയാധാരണയാണെന്ന്  പെട്ടെന്ന് തന്നെ മനസിലായി.  ഞാനെന്തൊരു മണ്ടനായിരുന്നില്ല ?
 ബോധം  പോകുന്ന വരെ കുടിച്ചവർ ,   എന്നിട്ട്  വീണു തല പൊട്ടിയവർ , തല കറങ്ങി വീണ്  മുറിഞ്ഞവർ , ഛർദ്ദിച്ച് , ഛർദ്ദിച്ച്  ചോര ഛർദ്ദിച്ചവർ , വയറു വേദന വന്നവർ ,  വെള്ളമടിച്ച്  വണ്ടിയോടിച്ച്  അപകടം പറ്റിയവർ .. ഇങ്ങനെ കാഷ്വാലിറ്റിയിലേക്ക്  ആളുകൾ ഇടക്കിടക്ക് വരുന്നു..

രാത്രി ഒരു പതിനൊന്നു മണിക്കാണ് തലയിൽ നിന്ന് ചോരയൊലിക്കുന്ന ഒരാളെ കുറച്ച് പേര് ചേർന്ന് കൊണ്ട് വന്നത്. ഒരു തോർത്ത് മുണ്ട് കൊണ്ട് തല കെട്ടിയിരിക്കുന്നു. അതാണെങ്കിൽ ചോര നിറഞ്ഞിരിക്കുന്നു ..

നോക്കുമ്പോൾ ആള്  നല്ല ലഹരിയിലാണ് . റാക്കിന്റെ  മണമുണ്ട്.  ഇരിപ്പോ നിൽപ്പോ  ഉറക്കുന്നില്ല ..
തലക്കാണെങ്കിൽ നീളമുള്ള ഒരു മുറിവ്..  വീണ്  പാറ ക്കടിച്ചതാണ് . ചോര ഒലിക്കുന്നു..

 പക്ഷെ, അയാളുടെ മുടികൾ  നീക്കി , ആ മുറിവ് തുന്നിക്കെട്ടുമ്പോഴൊക്കെ  , അയാൾ നിശബ്ദനായി , അനങ്ങാതെ കിടന്നിരുന്നു..

അതിനു ശേഷം അയാളെ  ഒബ്‌സർവേഷൻ  മുറിയിലേക്ക്  പറഞ്ഞയച്ചു. രാവിലെ   സാറിന്റെ റൗണ്ട്സ്  കഴിഞ്ഞതിനു ശേഷമേ  വീട്ടിലേക്ക് വിടുകയുള്ളൂ ..

കുറച്ച് സമയം കൂടെ കഴിഞ്ഞു . ഒരു മണിയായിക്കാണും . 
തലയിൽ ഡ്രസിങ്  ഉള്ള ഒരാൾ ഒരു പത്രവുമെടുത്ത്  കാഷ്വാലിറ്റിയിലേക്ക്  വരുന്നു.
അയാൾ തന്നെ.

കൈയിലുള്ളത്  ഇന്ത്യൻ  എക്സ്പ്രസ്  പേപ്പർ . അയാൾ പത്രം മേശപ്പുറത്ത് വെച്ചു .

 കുടിച്ചത് തലയിൽ   നിന്നും 
അപ്പോഴും ഇറങ്ങിയിട്ടില്ല.

"ഡോക്ടർമാർക്ക് വായിക്കാനാണ് .  ഡോക്ടർമാർ ഇതൊക്കെ വായിക്കണം "

  വേണ്ടെന്ന്  പറഞ്ഞിട്ട് അയാൾ സമ്മതിക്കുന്നില്ല. അപ്പോൾ എത്തിയ പത്രമാണ് . എല്ലാ സാറന്മാരും  വായിക്കണമത്രേ .

"ഇപ്പോൾ  ഇതൊന്നും വായിക്കാറില്ല.  ഇംഗ്ലീഷ് പേപ്പർ തീരെ വായിക്കാറില്ല.   അതിനാൽ  വേണ്ട.." -  ഞാൻ പറഞ്ഞു.

ഇത് കേട്ടതും  അയാൾ ധൃതിയിൽ പോയി.  ഉറങ്ങാനായിരിക്കും.  പക്ഷെ പത്രം എടുക്കാൻ  അയാൾ മറന്നു.

ഒരു പത്ത് മിനിറ്റ്  കഴിഞ്ഞതേയുള്ളൂ . അയാൾ വേറൊരു പേപ്പറുമായി വരുന്നു.  മാതൃഭൂമിയാണ്  കൈയിൽ ..

നിങ്ങൾ ആളുകളെ പേപ്പര് വായിപ്പിക്കാതെ  അവിടെയെങ്ങാൻ പോയിക്കിടക്കൂ - കുറച്ച് ദേഷ്യത്തിലാണ്  ഞാൻ പറഞ്ഞത്. മനുഷ്യൻ ആകെ പരിക്ഷീണനാണ് .

എന്തോ പിറു പിറുത്ത്  അയാൾ പോയി.

പിന്നെ ഞാൻ അയാളെ കാണുന്നത് രാവിലെ ഒരു എട്ടു മണിക്കാണ് . അപ്പോഴേക്കും  അയാളുടെ ലഹരിയൊക്കെ ഇറങ്ങിക്കഴിഞ്ഞിരുന്നു . ഒരു സുമുഖനായ  യുവാവ് . അയാൾ മടിച്ച്  മടിച്ച് പതുക്കെ പറഞ്ഞു..

''ഞാൻ രാത്രിയിൽ ഒരു പേപ്പർ ഇവിടെ വെച്ചിരുന്നു. അത് വേണമായിരുന്നു ''

ഒന്നല്ല . രണ്ടെണ്ണം .
പക്ഷെ നോക്കിയിട്ട് കാണുന്നില്ല.

"ഈ മേശപ്പുറത്ത് തന്നെയാണ്  വെച്ചത് " - അയാൾ വിടാൻ ഉദ്ദേശമില്ലെന്ന് തോന്നി .

ഞാൻ ഒന്ന് തിരഞ്ഞു വരാം എന്ന് പറഞ്ഞു വാർഡിലേക്ക് മുങ്ങി .  അയാൾ വാർഡിലൊന്നും തെരഞ്ഞു വരില്ലെന്ന്  ഉറപ്പായിരുന്നു.

കഴിഞ്ഞ ദിവസം ഒരു കുടിയനെപ്പറ്റിയുള്ള  അഭിലാഷിന്റെ പോസ്റ്റ്  വായിച്ചപ്പോൾ   ഞാൻ കണ്ട പല കുടിയന്മാരെയും  ഓർത്തു പോയി.

അപരന്റെ ശബ്ദം സംഗീതം പോലെ  ആസ്വദിക്കണമെന്നൊക്കെ  നമ്മൾ പറയുമെങ്കിലും  പലരുടെയും ഉള്ളിൽ ആ വികാരമുണ്ടാക്കുന്നത്  ഈതൈൽ ആൽക്കഹോൾ  എന്ന കെമിക്കൽ ആണെന്ന് തോന്നുന്നു .



Sunday, March 22, 2020

ALCOHOL WITHDRAWAL

ചെറിയ ഒരളവിൽ  മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവർ ഉണ്ട് .  ഇടക്കൊക്കെ , സുഹൃത്തുക്കളെ  കാണുമ്പോഴോ ആഘോഷങ്ങളുടെ  ഭാഗമായോ കുടിക്കുന്നവരുണ്ട് .  സ്ഥിരമായി  നല്ല അളവിൽ  കഴിക്കുന്നവരുമുണ്ട് .

മദ്യം   ഉപയോഗിക്കുന്നവരിൽ മദ്യത്തോടുള്ള  അടിമത്തം എന്ന അവസ്ഥയിൽ എത്തിയ വലിയൊരു വിഭാഗമുണ്ട് .

ഇവരിൽ  മിക്കവാറും പേർക്ക് മദ്യം കിട്ടാത്ത  സാഹചര്യത്തിൽ  ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ ഉണ്ടാകുന്നു.
എന്തെങ്കിലും കാരണവശാൽ മദ്യപാനം നിർത്തേണ്ടി വരുമ്പോൾ ഇത്തരം പ്രശ്നങ്ങൾ കാണുന്നു. വലിയ അളവിൽ മദ്യം ഉപയോഗിച്ച് കൊണ്ടിരുന്നവർ അതിന്റെ അളവ്  കുറക്കുമ്പോഴും  ഇത്തരം വിത് ഡ്രോവൽ  ലക്ഷണങ്ങൾ നേരിടേണ്ടി വരാം.

 എത്ര അളവിൽ മദ്യം ഉപയോഗിക്കാറുണ്ട് ,  എത്ര കാലമായി മദ്യം ഉപയോഗിക്കാറുണ്ട് എന്നിവയനുസരിച്ച്  വിത്‌ഡ്രോവൽ  ലക്ഷണങ്ങളുടെ  തീവ്രത വ്യത്യാസപ്പെടാറുണ്ട് .   ഇത് കൂടാതെ  പല ശാരീരിക ഘടകങ്ങളും   ലക്ഷണങ്ങളെ സ്വാധീനിക്കുന്നു.

 മദ്യം നിർത്തുമ്പോഴുണ്ടാകുന്ന  പ്രശ്നങ്ങളിൽ ഏറ്റവും ഗൗരവമേറിയത്  ഡെലീറിയം ട്രമൻസ്  എന്ന അവസ്ഥയാണ് . വിദഗ്ദമായി  കൈകാര്യം ചെയ്തില്ലെങ്കിൽ മരണം  സംഭവിക്കാവുന്ന ഒന്നാണ് ഇത്. അടിയന്തിരമായ ചികിത്സ ഈ അവസ്ഥക്ക് ആവശ്യമാണ് . സ്ഥിരമായി മദ്യപിക്കുന്ന ചിലർ  പോലീസ് കേസിലൊക്കെ പെട്ട്  ജയിലിൽ അടക്കപ്പെടുമ്പോൾ  ചിലപ്പോൾ   മരണപ്പെടുന്നത് ഇത് മൂലമാണ് .

ഈ അവസ്ഥയിൽ രോഗിക്ക്  സ്ഥലകാല വിഭ്രാന്തി  ഉണ്ടാകും. ശരീരം മുഴുവൻ ബാധിക്കുന്ന ശക്തമായ വിറയൽ ഉണ്ടാകാം. പിച്ചും പേയും പറയുന്നതും ജോലി സ്ഥലത്ത്  സ്ഥിരം ജോലി ചെയ്യുന്നതു  പോലെയുള്ള ചേഷ്ടകളും ഉണ്ടാകാം.

വിഭ്രമമുണ്ടാക്കാവുന്ന  മായക്കാഴ്ചകൾ , അശരീരി  ശബ്ദങ്ങൾ എന്നിവ രോഗിക്ക്  അനുഭവപ്പെടാം .  ഹൃദയമിടിപ്പ് , ശ്വാസനിരക്ക് , രക്തസമ്മർദ്ദം എന്നിവ കൂടുന്നു. ശരീര ഊഷ്മാവും കൂടാം .
ബോധനിലയിൽ  വ്യതിയാനങ്ങൾ കാണുന്നു.  അമിതമായ വിയർപ്പ്,  ഓക്കാനം ,  ഛർദ്ദി  എന്നിവയും വരാം. വിദഗ്ധമായ  ചികിത്സ നൽകിയില്ലെങ്കിൽ  ആളുടെ മരണം സംഭവിക്കാം. 


മദ്യം ഉപയോഗിക്കുന്ന ഒരാൾ മദ്യത്തിന്റെ  ഉപയോഗം നിർത്തുമ്പോൾ  സാധാരണ ആദ്യമുണ്ടാകുന്ന പ്രശ്നങ്ങൾ  ഉറക്കക്കുറവ് , വിറയൽ ,  തലവേദന, ഹൃദയമിടിപ്പ്  അനുഭവപ്പെടുക, അസ്വസ്ഥതയും  ദേഷ്യവും തോന്നുക , ഛർദ്ദി, ക്ഷീണം ,  എന്നിവയാണ് . എല്ലാം  ഉണ്ടാകണമെന്നില്ല. ഉറക്കക്കുറവ്  ദിവസങ്ങൾ നീണ്ടു നിൽക്കാം.

മറ്റൊരു വിത്‌ഡ്രോവൽ  ലക്ഷണം  മിഥ്യാഭ്രമങ്ങളാണ് . ഭയപ്പെടുത്തുന്ന അശരീരി ശബ്ദങ്ങൾ  പല രോഗികളും  അനുഭവിക്കുന്നു. അസ്വസ്ഥതയുണ്ടാക്കുന്ന  സ്പര്ശനാനുഭവങ്ങളും  പലർക്കും ഉണ്ടാകുന്നു.


 ഒരു  വിഭാഗം മദ്യാസക്തർക്ക്  മദ്യോപയോഗം  പെട്ടെന്ന്  നിർത്തുമ്പോൾ  ചുഴലി വരാറുണ്ട് . ചിലപ്പോൾ ആവർത്തിച്ച് വരാം. 

 കുടി  നിർത്തണമെന്ന് വിചാരിക്കുന്ന പലർക്കും  അതിന്  സാധിക്കാത്തത്  പലപ്പോഴും ഇത്തരം വിത്‌ഡ്രോവൽ  ലക്ഷണങ്ങൾ മൂലമാണ് . സ്വയം നിർത്താൻ ശ്രമിക്കുന്ന പലരും  ഈ ലക്ഷണങ്ങൾ മൂലം മദ്യത്തിലേക്ക് തിരിച്ചു നടക്കുന്നു. ഇതിന് ഫലപ്രദമായ ചികിത്സ  നിലവിലുണ്ട് .

ബീവറേജസ്  ഷോപ്പുകൾ പെട്ടെന്നൊരു ദിവസം അടച്ചാൽ  ആളുകൾ മദ്യപാനം നിർത്തുമെന്നോ  വിത്‌ഡ്രോവൽ ലക്ഷണങ്ങൾ  വരുമെന്നോ കരുതുന്നില്ല. പകരം മദ്യം ലഭിക്കാനുള്ള വഴികൾ എളുപ്പത്തിൽ കണ്ടെത്തും ..മദ്യം ഉണ്ടാക്കുക ബുദ്ധിമുട്ടുള്ള  ഒരു കാര്യമേയല്ല. .   ഇന്നത്തെ സാഹചര്യത്തിൽ  അത് കൂടുതൽ കുഴപ്പമുണ്ടാക്കാം.. 




Tuesday, February 11, 2020

wayanad

  ഞാൻ വയനാട്ടിൽ  ആയിരുന്നപ്പോൾ  നാട്ടിൽ നിന്നും ഒരു സുഹൃത്ത്  കാണാൻ വന്നു.

ആനയെ കാണിച്ച് തരാം  എന്ന് പറഞ്ഞ്  ഞാൻ ചങ്ങാതിയെയും കൊണ്ട്  കാറിൽ തിരുനെല്ലിക്ക്  വിട്ടു..

 ഭംഗിയുള്ള കുറച്ച്  പുള്ളിമാനുകളെയൊക്കെ കണ്ട് , വനഭംഗിയൊക്കെ  ആസ്വദിച്ച് , പതുക്കെ പോകവേ ,
എതിർ വശത്ത് നിന്നും ഒരു ജീപ്പ്  വന്ന് നിർത്തി.

ജീപ്പുകാരൻ പറഞ്ഞു - " സൂക്ഷിക്കണം , വളവിനപ്പുറം ഒരാനയും  ചെറിയ ഒരാനക്കുട്ടിയും  ഉണ്ട് "..ഒന്ന്  കാളി .

 വളവിൽ  ഒരാന തന്നെ കുഴപ്പമാണ് .. ആനയും കുട്ടിയും ഭയങ്കരമാന ട്രബിളാണ് .. ആനക്കുട്ടിക്ക് ഭീഷണിയുണ്ടെന്ന്  തോന്നിയാൽ  'അമ്മ  എന്തും ചെയ്യും...

മുഖത്തുണ്ടായ പകപ്പ്‌ കണ്ടിട്ട്  ആയിരിക്കണം , ജീപ്പ് ഡ്രൈവർ  പറഞ്ഞു - "ഒന്ന് ശ്രദ്ധിച്ചാൽ മതി.. ഹോണടിക്കാതെ പതുക്കെയങ്ങ് ഓടിക്കുക.. പ്രശ്നമൊന്നും ഉണ്ടാകില്ല. . ആന റോഡിന്റെ നടുക്കാണ് എങ്കിൽ റിവേഴ്‌സ്  വരുക.."

മറ്റു ചോയ്‌സ്  ഒന്നുമില്ല . അങ്കലാപ്പോടെ  കാർ  മുന്നോട്ടെടുത്ത് വളവ് തിരിഞ്ഞു ..

 ശരിയാണ് .. ആനയും  ചെറിയ ഒരു കുട്ടിയും ... റോഡരുകിൽ തന്നെ.. പക്ഷെ രണ്ട് പേരും  പുറത്തുള്ളതൊന്നും ശ്രദ്ധിക്കുന്നില്ല .പുല്ലു തിന്നുന്നു .

പതുക്കെ ഓടിച്ച് പോയി.. കുഴപ്പമൊന്നും ഉണ്ടായില്ല.

അടുത്ത വളവ്  കഴിഞ്ഞപ്പോൾ ഒരു കാറുകാരൻ എതിരെ വരുന്നത് കണ്ടു.. കാറ് നിർത്തി. അയാളോട് പറഞ്ഞു.." ആനയും ആനക്കുട്ടിയും.. റോഡിന്റെ സൈഡിൽ തന്നെ..
ശ്രദ്ധിക്കണം.."

അയാൾ വേറെ ഏതോ നാട്ടുകാരൻ ആണെന്ന് തോന്നുന്നു..  ഇത് കേട്ടതും വല്ലാതെ പരിഭ്രമിച്ചു..

അപ്പോൾ അയാളെ സമാധാനിപ്പിച്ചു.  "പേടി വേണ്ട.. ജാഗ്രത മതി.  ഒന്ന് ശ്രദ്ധിച്ച്  ഹോണടിക്കാതെ പതുക്കെ പോകുക..  "അയാൾ കാർ  പതുക്കെയെടുത്ത് മുന്നോട്ട് പോയി.

എല്ലാം കഴിഞ്ഞ് തിരുനെല്ലിയെത്തിയപ്പോൾ  ഞാൻ കൂട്ടുകാരനോട്  ചോദിച്ചു.. "ആനയെ കണ്ട് പേടിച്ചോ ? "

" ഏയ് .. ഞാൻ പേടിച്ചോന്നുമില്ല .. " അവൻ പറഞ്ഞു..

" ഞാൻ ഒന്ന് പേടിച്ച് " - ഞാൻ സുഹൃത്തിനോട് പറഞ്ഞു..

" ഞാൻ അതിന്  ആന എന്ന് കേട്ടതും കണ്ണടച്ച് കളഞ്ഞു..  പിന്നെ കണ്ണ് തുറന്നത്  ഇപ്പോഴാണ് .. പിന്നെ ഞാൻ എങ്ങനെ പേടിക്കും ? "  - സുഹൃത്ത് പറയുകയാണ് .
എനിക്ക് ലേശം ചൊറിച്ചിൽ വന്നു .. ആനയെയും ആനക്കുട്ടിയെയും  ഒരുമിച്ച്  കാണാനുള്ള  അവസരമാണ് . അത് നഷ്ടപ്പെടുത്തുന്നു.


ഇക്കഴിഞ്ഞ ദിവസം ആ സുഹൃത്ത്  എനിക്കൊരു ഫോർവേർഡ്  വിട്ടപ്പോൾ ഞാൻ ആ സംഭവം ഓർത്തു പോയി . വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു.
 ആ പോസ്റ്റ് ഏകദേശം ഇതായിരുന്നു.. ' ജാതിയെപ്പറ്റി ചിന്തിക്കുന്നത് കൊണ്ടും  ജാതിയെപ്പറ്റി പറയുന്നത് കൊണ്ടുമാണ്  ജാതി നില നിൽക്കുന്നത്.  ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം  അനാവശ്യമാണ് . സമൂഹത്തിൽ ജാതി എപ്പോഴും നില നിൽക്കാൻ  മാത്രമേ അത് ഉപകരിക്കുള്ളൂ  ..'

  അതായത്  കണ്ണടച്ച്  പിടിച്ച് കൊണ്ടിരുന്നാൽ  പ്രശ്നങ്ങൾ  ഇല്ലാതാകുന്നത് കാണാം..









Saturday, January 4, 2020

നോവൽ

 മാനസികാരോഗ്യകേന്ദ്രത്തിൽ  സാദിഖ്  ഡോക്ടറുടെ ഓ പി  യിൽ  അയാൾ കാണിക്കാൻ വന്നപ്പോഴാണ്  ഞാൻ അയാളെ ആദ്യം കാണുന്നത്. .

കുറെ കാലത്തിനു ശേഷം അയാളെ ഇന്നലെ കാണുന്നത് ഒരു  പത്രക്കടലാസിലായിരുന്നു .

എന്തോ പൊതിഞ്ഞു കൊണ്ട് വന്ന  ഒരു കഷ്ണം പേപ്പറിലെ ചരമക്കോളത്തിൽ  അയാളുമുണ്ടായിരുന്നു..

എന്നത്തേതെന്നറിയില്ല. എന്ത് പറ്റിയെന്നും കുറിപ്പിലില്ല.

   എല്ലാ മരണങ്ങളും വിഷമമുണ്ടാക്കുന്നു. മരണം ജീവിതത്തിന്റെ അനിവാര്യതയാണെങ്കിലും ..

ഇദ്ദേഹത്തിന്റെ  മരണത്തിന്റെ കൂടെ അദ്ദേഹത്തിന്റെ തലയിലുണ്ടായിരുന്ന  ആ നോവലും മരിച്ചു കാണുമല്ലോ , മണ്ണോട് ചേർന്ന് കാണുമല്ലോ  എന്നും ആലോചിച്ചു ...

  പണ്ടൊരു ദിവസം , സാദിഖ്  ഡോക്ടർ അവിടെ ഇല്ലാതിരുന്ന ഒരു ദിവസം - അങ്ങേര് അന്ന് കൽപറ്റയിൽ കോടതി ഡ്യുട്ടിക്ക് പോയതായിരുന്നു എന്ന് തോന്നുന്നു -
അയാൾ ഓ പി യിൽ വന്ന് സാദിക്ക് ഡോക്ടറെ കാണാൻ സാധിക്കുമോ എന്ന് ചോദിച്ചത് ..

സാദിക്കില്ല എന്ന് ഞാൻ മറുപടി പറഞ്ഞത് ..

സാദിക്കിനെ കാണാൻ സാധിക്കില്ലെങ്കിൽ നിങ്ങളെ കാണിക്കാം  എന്നയാൾ പറഞ്ഞത് ..

അന്നാണ്  അയാൾ   തന്റെ മനസിലെ നോവലിനെപ്പറ്റി എന്നോട് പറഞ്ഞത്

 " എന്റെ മനസ്സിൽ ഒരു നോവലുണ്ട് .. പക്ഷെ , എനിക്കത് എഴുതാനുള്ള കോപ്പില്ല .."  അയാൾ  എന്നോട് പറഞ്ഞു ..

നല്ലത് , എഴുതാൻ ശ്രമിക്കൂ  എന്ന് ഞാനും പറഞ്ഞു ..

അത് സ്വാഭാവികമായ ഒന്നാണെന്ന്  എനിക്ക് തോന്നി. തികച്ചും സത്യസന്ധമായ  ഒന്ന് .  ഒരു സൈക്കോപാത്തോളജിയുടെ  ഫലമാണ് അതെന്നും തോന്നിയില്ല.

" ഏതെങ്കിലും എഴുത്തുകാരുടെ കൂടെ ചേർന്ന് എഴുതാനാണ് ഞാൻ ആഗ്രഹിക്കുന്നത് " - അയാൾ പറഞ്ഞു .

എം ടി യെ ഒന്ന് സമീപിച്ചാലോ ?-  അയാൾ കാര്യമായിത്തന്നെ ചോദിച്ചതാണ് ..
" വലിയ എഴുത്തുകാരൊന്നും നമ്മളെ പരിഗണിക്കാനേ പോകുന്നില്ല " - ഞാൻ പറഞ്ഞു.
അവർക്ക് പല തിരക്കുകളുണ്ടാകും . ചെറിയ ആളുകളെയാരെങ്കിലും നോക്കൂ --

നോക്കണം എന്ന് പറഞ്ഞ് അയാൾ പോയി.

 അയാളുടെ തലയിൽ ഒരു നല്ല നോവൽ ഉറങ്ങിക്കിടക്കുന്നു എന്ന് തന്നെ എനിക്ക് തോന്നി.

അടുത്ത മാസം വീണ്ടും അയാൾ എന്നെ കാണാൻ വന്നു. അപ്പോഴും അയാൾ  നോവലിനെപ്പറ്റി എന്നോട്  പറഞ്ഞു

- അയാൾക്ക്   അത് എങ്ങനെയെങ്കിലും എഴുതണമെന്നുണ്ട്.

" ഒഴിവുള്ള ഒരു ദിവസം വന്നാൽ  നമുക്ക് ഇവിടെയിരുന്ന് ഒന്നെഴുതാം "- ഞാൻ അയാളെ ഒന്ന് പ്രോത്സാഹിപ്പിച്ചു.

അയാളുടെ മുഖമൊന്ന് തെളിഞ്ഞു. എങ്കിലും അയാൾ വന്നില്ല. ഞാൻ കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ  അവിടുന്ന് മാറിപ്പോകുകയും ചെയ്തു..

    അയാൾ ഈ ലോകത്തിൽ നിന്ന് പോയി. അയാളുടെ നോവൽ ഇപ്പോൾ മണ്ണിൽ ലയിച്ച് കാണും..

അങ്ങനെ എത്രയെത്ര പേർ , മനസ്സിൽ നോവലുകളും കഥകളും കവിതകളുമൊക്കെ ഉള്ളവർ ..  ഈ ലോകം വിട്ടു പോകുമ്പോൾ അവരുടെ കഥകളും നോവലുകളും  അവരുടെ കൂടെ പോകുന്നു..
അതിനാൽ  അവർക്കും എഴുതാൻ സഹായിക്കാൻ  എന്തെങ്കിലുമൊക്കെ വേണ്ടതാണ് ..